Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൂരതയ്ക്കുള്ള മുന്നറിയിപ്പുകൾ

സ്‌ത്രീകളെ അപമാനിക്കുന്നവർക്കു മാതൃകാപരമായ കടുത്ത ശിക്ഷ നൽകണമെന്നു രാജ്യം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്ന കാലമാണിത്. പെരുമ്പാവൂർ കുറുപ്പംപടിയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ ഘാതകന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ അതുകൊണ്ടുതന്നെ പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. കേസിലെ പ്രതി അസം സ്വദേശി അമീറുൽ ഇസ്‌ലാം കുറ്റക്കാരനാണെന്നു വിചാരണ കോടതി കണ്ടെത്തിയ ചൊവ്വാഴ്ച തന്നെ ശ്രദ്ധേയമായ മറ്റൊരു ശിക്ഷാവിധി നാം കേട്ടു; മകളെ വിവാഹം കഴിച്ച അന്യജാതിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ പിതാവ് അടക്കം ആറുപേർക്ക് ഇരട്ട വധശിക്ഷ തിരുപ്പൂർ ജില്ലാ ജഡ്ജി വിധിച്ചത്. വധശിക്ഷയെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും, മനുഷ്യത്വത്തിന്റെ അവസാനകണികയും മറക്കുന്നവർക്കെല്ലാമുള്ള മുന്നറിയിപ്പായി മാറുന്നുണ്ട് ഈ രണ്ടു ശിക്ഷകളും.

കുറുപ്പംപടിയിൽ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടിനുള്ളിൽ നിയമ വിദ്യാർഥിനി അതിക്രൂരമായി കൊല ചെയ്യപ്പെട്ടതിലുള്ള പ്രതിഷേധം നാടെങ്ങും അലയൊലികൾ ഉണ്ടാക്കിയിരുന്നു. ആൺക്രൂരതയുടെ അങ്ങേയറ്റമാണ് ആ പെൺകുട്ടി ശരീരത്തിലനുഭവിച്ചത്. പെൺകുട്ടിയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രിൽ 28നു കൊല നടത്തിയെന്നാണു കേസ്. പൊലീസിലും രാഷ്ട്രീയത്തിലും ഒട്ടേറെ വാദ പ്രതിവാദങ്ങൾക്ക് ഈ കേസ് കാരണമായി. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലും പ്രതിയെ കണ്ടെത്തി പിടികൂടി പഴുതടച്ച കുറ്റപത്രം സമർപ്പിക്കുന്നതിലും പൊലീസ് കാണിച്ച മിടുക്കാണു പ്രതിക്കു കടുത്ത ശിക്ഷതന്നെ വാങ്ങിക്കൊടുത്തത്. 

ഇതുപോലെ, തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2016 മാർച്ച് 13ന് ഉദുമൽപ്പേട്ട ബസ് സ്റ്റാൻഡിൽ നടന്ന ദുരഭിമാനക്കൊല. എൻജിനീയറിങ് വിദ്യാർഥിയായ ശങ്കറിനെ (22) ഭാര്യ കൗസല്യയുടെ (19) പിതാവ് ചിന്നസ്വാമിയടക്കമുള്ള പ്രതികൾ വെട്ടിക്കൊല്ലുകയായിരുന്നു. തടയാൻ ശ്രമിച്ച കൗസല്യയ്ക്കും മാരകമായി പരുക്കേറ്റിരുന്നു. കോളജിൽ പരിചയപ്പെട്ട കൗസല്യയും ശങ്കറും കൗസല്യയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണു വിവാഹിതരായത്. രാജ്യത്തു പലയിടത്തും ദുരഭിമാനക്കൊലയും ശിക്ഷയുമുണ്ടാ‌കാറുണ്ടെങ്കിലും ആറു പേർക്ക് ഇരട്ട വധശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്.

നിർഭയയുടെ ഡൽഹിയിൽനിന്നു നിയമ വിദ്യാർഥിനിയുടെ പെരുമ്പാവൂരിലേക്കു തീരെ ദൂരമില്ലായിരുന്നു. രാജ്യത്തെ മുഴുവൻ നടുക്കിയ ആ ഓർമയ്ക്ക് അഞ്ചു വർഷം തികയാൻ ഇനിയൊരു ദിവസംകൂടിയേയുള്ളൂ. ഡിസംബർ പതിനാറിന് ഡൽഹിനഗരമധ്യത്തിൽ, ഓടുന്ന ബസിൽ കൂട്ടമാനഭംഗത്തിനിരയായി പിന്നീടു മരണമടഞ്ഞ പെൺകുട്ടിക്കു നാം തിരിച്ചുകൊടുത്തതെന്താണ്?

ആ പെൺകുട്ടി അന്നു മരണത്തിനു കീഴടങ്ങിയപ്പോൾ ‘ഞങ്ങളുടെ കുഞ്ഞിന്റെ മരണം രാജ്യത്തു സ്‌ത്രീസുരക്ഷയ്‌ക്കു വഴിയൊരുക്കട്ടെ’ എന്നായിരുന്നു അവളുടെ മാതാപിതാക്കൾ പറഞ്ഞത്. ആ പെൺകുട്ടിയുടെ മരണം പാഴായില്ലെന്ന് നമുക്ക് ഉറപ്പുപറയാനാവുമോ? ഡൽഹി സംഭവത്തിനുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൂട്ടമാനഭംഗങ്ങളുടെയും പീഡനങ്ങളുടെയും നിർഭാഗ്യ വാർത്തകൾ തുടർച്ചയായി കേട്ടുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.  

ഇത്തരം സംഭവങ്ങളിൽ കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങൾക്കു കൂടുതൽ ഊർജം പകരുകയാണ് രണ്ടു കേസുകളിൽ ഇപ്പോഴുണ്ടായ വിധികൾ. പന്ത്രണ്ടു വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ വ്യവസ്‌ഥ ചെയ്‌ത് മധ്യപ്രദേശ് നിയമസഭ പാസാക്കിയ ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതി രാഷ്‌ട്രപതിയുടെ അംഗീകാരത്തിനു നൽകുകയാണ്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബിൽ പാസാക്കുന്നത്. ഏകകണ്ഠമായി ആയിരുന്നു അവിടത്തെ നിയമസഭയുടെ അംഗീകാരമെന്നത് ഇക്കാര്യത്തിൽ നാട് എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ കൃത്യമായ സൂചന നൽകുന്നുമുണ്ട്.