Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുകാലത്തിലേക്ക് കോൺഗ്രസ്

കോൺഗ്രസിന്റെ ആധുനികചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികാലത്താണ് ആ പാർട്ടിയുടെ അധ്യക്ഷനായി രാഹുൽ ഗാന്ധി ഇന്നു സ്ഥാനമേൽക്കുന്നത്. 132 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയുടെ അമരത്ത് നാൽപത്തിയേഴുകാരനായ രാഹുൽ ഗാന്ധി എത്തുമ്പോൾ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പ്രതീക്ഷയിലാവുന്നതു സ്വാഭാവികം. ഈ പദവിയിലേക്കെത്താൻ രാഹുൽ ഗാന്ധിക്ക് ഒരു വെല്ലുവിളിയും നേരിടേണ്ടിവന്നില്ലെങ്കിലും ഇനി അദ്ദേഹത്തിനു മുന്നിലുള്ളതു വെല്ലുവിളികൾ മാത്രമാണ്.

ഒരുകാലത്ത് ഇന്ത്യ എന്ന രാജ്യത്തോളം വലുപ്പമുണ്ടായിരുന്ന ഒരു പാർട്ടിക്കുണ്ടായ അപചയം ചെറുതല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വേലിയിറക്ക പരമ്പരകളിലൂടെ കടന്നുപോവുകയുമാണ്. ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷം പോലും ആകാനാവാത്ത പാർട്ടിക്ക് രാജ്യത്ത് ആറിടത്തു മാത്രമാണിപ്പോൾ സ്വന്തം മുഖ്യമന്ത്രിമാരുള്ളത്. പ്രശ്നങ്ങൾ മറികടന്ന്, പ്രവർത്തകർക്ക് ആത്മവീര്യം തിരിച്ചുനൽകിവേണം രാഹുൽ ഗാന്ധിക്ക് അധ്യക്ഷനെന്ന നിലയിലുള്ള തന്റെ വിജയം തെളിയിക്കാൻ.

രാജ്യമാകട്ടെ, മതത്തിന്റെയും ജാതിയുടെയും പേരിൽ മുൻപെങ്ങുമില്ലാത്ത വിധം ആശങ്കകളുമായി നിൽക്കുന്നു. മതനിരപേക്ഷകക്ഷികൾ ഒരു പൊതുവേദിയില്ലാതെ പരുങ്ങുന്ന കാഴ്ചയാണു ചുറ്റിലും. അസഹിഷ്ണുതയുടെയും അധികാരഗർവിന്റെയും മുന്നിൽ മറ്റുള്ളവർ അടിയറവു പറയേണ്ടിവരുന്ന സാഹചര്യവും, എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന പുതിയ ശൈലിയും രാജ്യത്തു നിഴൽ വീഴ്ത്തുന്നുണ്ട്. ഈ കഷ്ടസന്ധിയിൽ മതനിരപേക്ഷശക്തികളുടെ പുതിയൊരു ജനാധിപത്യമുന്നേറ്റത്തിനു നേതൃത്വം നൽകുക എന്ന ദുഷ്കരമായ കർത്തവ്യമാണ് രാഹുലിനു മുന്നിലുള്ളത്. 

യൗവനം പ്രതിഫലിക്കുന്ന ഇടപെടലുകളാണ് രാഹുലിന്റെ മുഖമുദ്ര. പകുതിയിലേറെ യുവജനങ്ങളുള്ള ഒരു രാജ്യത്ത് ഒരു വലിയ രാഷ്ട്രീയകക്ഷിയുടെ നേതാവിന് അതു ഗുണകരമാണ്. ഗുണപരമായ മാറ്റം ആഗ്രഹിക്കുന്ന യുവാക്കളുടെ വിശ്വാസ്യത നേടിയെടുക്കാൻ രാഹുൽ സമർപ്പിതബുദ്ധിയോടെതന്നെ ഇടപെടേണ്ടതുണ്ട്. മികച്ച ജീവിതവും തൊഴിലവസരങ്ങളും തേടുന്ന യുവത എപ്പോഴും കോൺഗ്രസ് പ്രസിഡന്റിന്റെ പ്രഥമ പരിഗണനകളിലൊന്നാവണം.

പത്തൊൻപതു വർഷം കോൺഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ച് സോണിയ ഗാന്ധി പടിയിറങ്ങുന്നതു മാതൃകാപരവും കളങ്കരഹിതവുമായ പ്രവർത്തനശൈലി ശേഷിപ്പിച്ചുകൊണ്ടാണെന്നതു മകൻ രാഹുലിന്റെ മുന്നിലുണ്ടാവുകതന്നെ വേണം. തനിക്കെതിരെ നീണ്ടകാലം നീണ്ടുനിന്ന വിദേശ പൗരത്വ പ്രചാരണത്തെ പ്രധാനമന്ത്രിപദത്തിന്റെ നിരാകരണത്തിലൂടെയും മറ്റും ദുർബലമാക്കിയ സോണിയ, രാഹുലിനു പകർന്ന പാഠങ്ങൾ കുറച്ചൊന്നുമല്ല. മുന്നണി സർക്കാരുകളെ രൂപപ്പെടുത്തുകയും സഫലമായി ഇഴചേർത്തു മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത അമ്മയിൽനിന്ന് പ്രായോഗിക രാഷ്ട്രീയമെന്തെന്നു രാഹുൽ ഇതിനകം പഠിച്ചുകാണണം.

രാഹുലിനെപ്പോലെ പാർട്ടി അധ്യക്ഷ പദവിയിലെത്തുന്നതിനുമുൻപേ ഇത്രയധികം ആരോപണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു നേതാവുണ്ടാകില്ല. രാഷ്ട്രീയരംഗത്തും ലോക്സഭയിലും ഇടയ്ക്കിടെയുണ്ടാവുന്ന അസാന്നിധ്യം വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. നേതൃഗുണത്തിലൂടെ പ്രവർത്തകർക്കു കരുത്തും ആത്മവിശ്വാസവും പകരാൻ അദ്ദേഹം ഇനിയും വൈകിക്കൂടാ.

സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ സജ്ജമാക്കുക, ഒരുമിച്ചുപോകാവുന്ന സഖ്യകക്ഷികളെ കണ്ടെത്തി കൂടെനിർത്തുക, അരികിലെത്തിയ പൊതുതിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക എന്നിവയൊക്കെയാണു രാഹുലിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളികൾ. ഒപ്പം, അനുഭവസമ്പന്നരായ നേതാക്കളെയും യുവത്വം തുളുമ്പുന്ന നേതൃനിരയെയും ഒരുമിച്ചുചേർത്തുനിർത്തി പാർട്ടിയെ മുന്നോട്ടുനയിക്കുക എന്ന ദൗത്യവും മുന്നിലുണ്ട്.

കോൺഗ്രസിന്റെ ഈ വിഷമസന്ധിയിൽ പാർട്ടിക്കു നവോന്മേഷം നൽകി, വിജയപരമ്പരകളിലേക്ക് നയിക്കാനായാൽ അതാവും രാഹുൽ ഗാന്ധിയെ ചരിത്രത്തിലെത്തിക്കുക.