Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരന്റെ ജയം അപായമണി മുഴക്കുന്നത് അണ്ണാ ഡിഎംകെ ക്യാംപിൽ

dinakaran-OPS-EPS

അരിയുടെ വേവറിയാൻ ഒരു വറ്റെടുത്തു ചവച്ചാൽ മതി. രാഷ്ട്രീയത്തിൽ പക്ഷേ, ഒറ്റ മണ്ഡലത്തിൽനിന്നു സംസ്ഥാനത്തിന്റെ മൊത്തം മനസ്സിലിരിപ്പ് ഗണിച്ചെടുക്കാനാവില്ല. ജാതിയും പണവും പ്രാദേശിക വികാരങ്ങളും ചുഴികളും പിരിവുകളും തീർക്കുന്ന തമിഴകത്ത് ഓരോ തിരഞ്ഞെടുപ്പുഫലവും ഒറ്റപ്പെട്ട തുരുത്തുകളാണ്. ഒന്നിനെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന സൂചനകൾ കണ്ടെടുക്കുക എളുപ്പമല്ല. എങ്കിലും, ആർകെ നഗർ ഫലം ചിലതു പറയുന്നുണ്ട്.

നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ, തമിഴകത്ത് അപൂർവമായി മാത്രം കാണുന്ന ചിലത് അവിടെ സംഭവിച്ചു - സംസ്ഥാന ചരിത്രത്തിലാദ്യമായി ഉപതിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്രൻ ജയിച്ചു; പതിറ്റാണ്ടിനുശേഷം ഭരണകക്ഷി സ്ഥാനാർഥി ഉപതിരഞ്ഞെടുപ്പിൽ തോറ്റു; മൂന്നു പതിറ്റാണ്ടിനിടെ അണ്ണാ ഡിഎംകെ സ്ഥാനാർഥി ആർകെ നഗറിൽ തോറ്റു! ടി.ടി.വി.ദിനകരന്റെ ജയം അപായമണി മുഴക്കുന്നത് അണ്ണാ ഡിഎംകെ ക്യാംപിലാണ്. മുൻ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണന്റെ പേരിലുള്ള മണ്ഡലം ഡിഎംകെയ്ക്കും ബിജെപിക്കുംകൂടി ചില പാഠങ്ങൾ ബാക്കിവയ്ക്കുന്നു.

രണ്ടിലത്തണൽ ആർക്ക്?

വ്യക്തിപ്രഭാവമുള്ള നേതാവിനു ചുറ്റും കറങ്ങുന്ന ആൾക്കൂട്ടമാണ് എക്കാലവും അണ്ണാ ഡിഎംകെ. സിനിമ കാണാൻ പോകുന്ന മനസ്സോടെയാണ് അണികൾ രാഷ്ട്രീയ പൊതുയോഗങ്ങൾക്കു പോകുന്നത്. എംജിആറിനും ജയലളിതയ്ക്കും ചുറ്റും കറങ്ങിയ പാർട്ടിക്കു ജയയുടെ മരണത്തോടെ, കഴിഞ്ഞ ഡിസംബർമുതൽ നാഥനില്ലാതായി. ശശികല, ഒ.പനീർസെൽവം, എടപ്പാടി പളനിസാമി എന്നിവരെല്ലാം പകരക്കാരാകാൻ കച്ചമുറുക്കിയെങ്കിലും ആ വേഷം ചേർന്നില്ല. ഒടുവിൽ, എടപ്പാടിയും പനീർസെൽവവും ഇരുമെയ്യും ഒറ്റ മനസ്സുമെന്ന് അവകാശപ്പെട്ട് ആ കുറവു നികത്താൻ ശ്രമിച്ചു.

പാർട്ടിയുടെ നട്ടെല്ലായ രണ്ടില ചിഹ്നവും തിരികെ ലഭിച്ചു. ഭരണയന്ത്രംകൊണ്ടു മണ്ഡലമാകെ ഉഴുതുമറിച്ചിട്ടും ആർകെ നഗറിൽ വിളവു ലഭിച്ചില്ല. ഫലം പറഞ്ഞുവയ്ക്കുന്ന സൂചന വ്യക്തമാണ് - അണ്ണാ ഡിഎംകെ അണികൾ പ്രതീക്ഷിക്കുന്ന വ്യക്തിപ്രഭാവം ദിനകരനുണ്ട്. നിലവിൽ 18 എംഎൽഎമാരാണ് അദ്ദേഹത്തിനൊപ്പമുള്ളത്. സ്പീക്കർ അവരെയെല്ലാം അയോഗ്യരാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശശികല ടിക്കറ്റ് നൽകിയ അൻപതോളംപേർ ജയിച്ചു കയറിയിട്ടുണ്ട്. ദിനകരന്റെ നിയമസഭാപ്രവേശം ഇവരിൽ ഭൂരിഭാഗത്തിന്റെയും മനസ്സിളക്കും. പളനിസാമി – പനീർസെൽവം പക്ഷത്തിന്റെ ആശീർവാദത്തോടെ ദിനകരൻ അണ്ണാ ഡിഎംകെയുടെ കടിഞ്ഞാൺ ഏന്തിയാലും അദ്ഭുതപ്പെടാനില്ല. പക്ഷേ, മന്നാർഗുഡി മാഫിയയ്ക്കുമേലുള്ള അഴിമതിയുടെ നിഴലാണു പ്രധാന പ്രശ്നം. 

നിറംകെട്ട് മഴവിൽ സഖ്യം

കേരളത്തിലെ സിപിഎംപോലെയാണു തമിഴകത്തു ഡിഎംകെ. ഏതു ഭൂകമ്പത്തിലും പെട്ടിയിൽ വീഴുന്ന കേഡർ വോട്ടുകളുണ്ട്. ആ മിത്തും ആർകെ നഗർ തിരുത്തി. മണ്ഡലം നിലവിൽവന്നശേഷമുള്ള ഏറ്റവും മോശം പ്രകടനത്തിൽ പാർട്ടിക്കു കെട്ടിവച്ച കാശ് പോയി. ദിനകരന്റെ ജയം പണമൊഴുക്കിയാണെന്നു ഡിഎംകെ കുറ്റപ്പെടുത്തുന്നു. എന്നാൽ, പണത്തിനനുസരിച്ചു കേഡർ വോട്ടുകളും ഒഴുകുമെന്നത് അപായസൂചനയാണ്. 2ജി കേസിലെ വിധി സമ്മാനിച്ച മധുരത്തിനു പിന്നാലെ ജനവിധികൂടി അനുകൂലമായിരുന്നെങ്കിൽ ഇടക്കാല തിരഞ്ഞെടുപ്പിനു വഴിയൊരുക്കാനുള്ള നീക്കങ്ങൾക്ക് ആധികാരികതയുണ്ടായിരുന്നു.

യുപിഎ ഘടകകക്ഷികളായ കോൺഗ്രസിനും മുസ്‍ലിം ലീഗിനും പുറമേ എംഡിഎംകെ, ഇടതു പാർട്ടികൾ, വിസികെ എന്നിവയെല്ലാം പിന്തുണ പ്രഖ്യാപിച്ചു പ്രചാരണം നടത്തിയിട്ടും തലകുത്തിവീണതു വിശദീകരിക്കാൻ നേതൃത്വം പാടുപെടും. അതേസമയം, ആർകെ നഗറിലേത് ഒറ്റപ്പെട്ട പ്രതിഭാസമെന്നു ഡിഎംകെ വിശദീകരിക്കുമ്പോൾ അവിശ്വസിക്കേണ്ടതില്ല. 2010ൽ ഡിഎംകെ അധികാരത്തിലിരിക്കെ പെണ്ണഗരത്തു നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയാണു ജയിച്ചത്. അണ്ണാ ഡിഎംകെയ്ക്കു കെട്ടിവച്ച പണം പോയി. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ജയിച്ചുകയറി. എങ്കിലും, കരുണാനിധിക്കുശേഷം പാർട്ടിയെ നയിക്കുന്ന സ്റ്റാലിന്റെ നേതൃശേഷിയെക്കുറിച്ചു സഹോദരൻ അഴഗിരിതന്നെ സംശയമുയർത്തിക്കഴിഞ്ഞു. കൂടുതൽ എതിർസ്വരങ്ങൾ പാർട്ടിയിലും സഖ്യകക്ഷികൾക്കിടയിലും രൂപപ്പെട്ടുവരാം. 

ബിജെപിയുടെ ഗെയിം പ്ലാൻ

പാർട്ടിയുടെ ഔദ്യോഗിക കണക്കുപ്രകാരം ബിജെപിക്കു തമിഴ്നാട്ടിൽ അരക്കോടി അംഗങ്ങളുണ്ട്. ആർകെ നഗറിൽ സംസ്ഥാന ഉപാധ്യക്ഷൻ മൽസരിച്ചിട്ടും ലഭിച്ചതു നോട്ടയിലും കുറച്ചു വോട്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ റഡാറിലുള്ള സംസ്ഥാനമാണു തമിഴ്നാട്. എഴുന്നേറ്റു നിൽക്കണമെങ്കിൽ ദ്രാവിഡ പാർട്ടിയുടെ താങ്ങ് വേണമെന്നു വീണ്ടും വ്യക്തമായിരിക്കുന്നു. കരുണാനിധിയെ നരേന്ദ്ര മോദി വീട്ടിൽ പോയി കണ്ടതോടെ നയം വ്യക്തം - പാർട്ടിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു.

മോദിക്കെതിരായ വിമർശനത്തിൽ മയം വരുത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസുമായി സഖ്യം വേർപ്പെടുത്തുമെന്ന സൂചനയൊന്നും ഡിഎംകെ നൽകിയിട്ടില്ല. അണ്ണാ ഡിഎംകെ തന്നെയായിരിക്കും ബിജെപിയുടെ സ്വാഭാവിക പങ്കാളി. എങ്കിലും, ജയലളിതയുടെ സീറ്റ് പോലും സംരക്ഷിക്കാൻ കഴിയാത്ത പാർട്ടി തിരഞ്ഞെടുപ്പു ജയിക്കാവുന്ന സഖ്യകക്ഷിയല്ലെന്നു വ്യക്തമായിരിക്കുന്നു. അതിനാൽ, പളനിസാമിയെയും പനീർസെൽവത്തെയും യോജിപ്പിക്കാൻ നടത്തിയതിനു സമാനമായ അണിയറ നീക്കങ്ങൾ ദിനകരനെ അണ്ണാ ഡിഎംകെയിലെത്തിക്കാനും ബിജെപി നടത്തിക്കൂടെന്നില്ല. അതിനു മറുപക്ഷം വഴങ്ങുമോ എന്നു പക്ഷേ, കണ്ടുതന്നെ അറിയണം. എന്തായാലും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി മൽസരിക്കുന്നത് ഒറ്റയ്ക്കായിരിക്കില്ല.

rajani

വരുമോ ഒരു  തലൈവർ?

രാഷ്ട്രീയ മോഹവുമായി വരിയിൽ നിൽക്കുന്ന സിനിമാതാരങ്ങൾക്ക് അശുഭസൂചന നൽകുന്ന രണ്ടു വാർത്തകൾ കഴിഞ്ഞയാഴ്ച തമിഴകത്തുണ്ടായി - 2ജി കേസ് വിധിയും ആർകെ നഗർ ഫലവും. കമൽഹാസനെപ്പോലെ രാഷ്ട്രീയക്കണ്ണുള്ള താരങ്ങളുടെയെല്ലാം പ്രധാന മുദ്രാവാക്യം അഴിമതിവിരുദ്ധതയാണ്. 2ജി കേസ് വിധി അതിന്റെ തിളക്കം കുറച്ചിരിക്കുന്നു. കപ്പിത്താൻ നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയിലെ ആശയക്കുഴപ്പമായിരുന്നു താരങ്ങളുടെ മറ്റൊരു പ്രതീക്ഷ. ദിനകരന്റെ രംഗപ്രവേശം ആ സാധ്യതയും അടയ്ക്കുന്നു. 

രണ്ടിലയ്ക്കും ഉദയസൂര്യനും മുകളിലായി ദിനകരന്റെ പ്രഷർ കുക്കർ വന്നതോടെ തമിഴ് രാഷ്ട്രീയത്തിൽ ചിഹ്നങ്ങളുടെ പ്രതാപകാലവും അവസാനിക്കുകയാണ്. പണത്തിനുമേലേ വോട്ടും പറക്കില്ലെന്ന വിശ്വാസത്തിന് അടിവരയിടുന്നുണ്ട്, ദിനകരവിജയം. ജയലളിതയുടെ മരണശേഷം തമിഴക രാഷ്ട്രീയത്തിൽ രൂപംകൊണ്ട കാറും കോളും ആർകെ നഗർ ഫലത്തിലൂടെ അടങ്ങുമെന്നായിരുന്നു വിലയിരുത്തൽ. ദിനകരന്റെ വിജയത്തോടെ പക്ഷേ, പുതിയ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നു. 

എങ്കിലും, തമിഴ്നാട് കാതോർക്കുന്നുവോ സിനിമാ മേഖലയിൽനിന്ന് ഒരു തലൈവരുടെ വരവിനായി? രജനീകാന്തിന്റെയും കമൽഹാസന്റെയും രാഷ്ട്രീയ പ്രവേശന വാർത്തകൾ ഹിറ്റാകുന്നതും അതുകൊണ്ടുതന്നെയാവാം. 31നു രജനി രാഷ്ട്രീയ നിലപാടു പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. കമലിന്റെ രാഷ്ട്രീയ റിലീസിനെക്കുറിച്ചും പുതുവർഷം വ്യക്തത നൽകും.