Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഴയാതെ പറക്കട്ടെ, മെട്രോ ചിറകുകൾ

Kochi Metro

മലയാളികൾ ഏറെ പ്രതീക്ഷയോടെ വരവേറ്റ കൊച്ചി മെട്രോ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്ന വാർത്ത ഒട്ടും ആശാവഹമല്ല. പ്രതിമാസം 6.60 കോടി രൂപയുടെ നഷ്ടം വരുത്തുന്ന മെട്രോയുടെ പ്രതിസന്ധി കേരളത്തിന്റെതന്നെ ആശങ്കയാവേണ്ടതുണ്ട്. യാത്രക്കാർ കുറവാണെന്നതും മറ്റു മെട്രോകളിൽനിന്നു വ്യത്യസ്തമായി ടിക്കറ്റ് നിരക്കിനു പുറമേയുള്ള വരുമാനമാർഗങ്ങൾ ഇല്ലെന്നതുമാണു കൊച്ചി മെട്രോ ഇപ്പോൾ നേരിടുന്ന പ്രശ്നം. 

ആലുവ മുതൽ മഹാരാജാസ് കോളജ് സ്റ്റേഷൻവരെ വെറും 18 കിലോമീറ്റർ മാത്രം ഓടുന്ന മെട്രോ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ഇപ്പോൾ പര്യാപ്തമല്ല. തൃപ്പൂണിത്തുറവരെ നീളുമ്പോഴേക്കും സ്ഥിരം യാത്രക്കാരുടെ എണ്ണം കൂടും. രണ്ടാംഘട്ടത്തിൽ കാക്കനാട് ഇൻഫോപാർക്കിലേക്കും മൂന്നാംഘട്ടത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അങ്കമാലിയിലേക്കും ദീർഘിപ്പിക്കുമ്പോൾ സുഗമമായ പൊതുഗതാഗത സംവിധാനമായി മാറുകയും ചെയ്യും.

രാജ്യത്തെ എല്ലാ മെട്രോകളിലും തുടക്കത്തിൽ യാത്രക്കാർ കുറവായിരുന്നു; വരുമാനവും. ലോകത്തുതന്നെ ചുരുക്കം ചില മെട്രോകൾ മാത്രമേ യാത്രാനിരക്കുകൊണ്ടു മാത്രം നഷ്ടമില്ലാതെ പ്രവർത്തിക്കുന്നുള്ളൂ. ഇന്ത്യയിൽ ഒരു മെട്രോയും യാത്രക്കാരിൽ നിന്നുള്ള വരുമാനംകൊണ്ടു മാത്രം ലാഭകരമായി പ്രവർത്തിക്കുന്നില്ല. പ്രതിദിനം 70,000 യാത്രക്കാർ ഉണ്ടെങ്കിൽ മാത്രമേ കൊച്ചി മെട്രോയ്ക്കു വലിയ പരുക്കില്ലാതെ മുന്നോട്ടുപോകാൻ കഴിയൂ. എന്നാൽ, ശരാശരി 42,000 പേർ മാത്രമാണ് ഇപ്പോൾ യാത്രചെയ്യുന്നത്. പ്രതിദിന ടിക്കറ്റ് വരുമാനം 12 ലക്ഷം രൂപ മാത്രമാണ്. പരസ്യങ്ങളിൽനിന്നും മറ്റുമായി 5.16 ലക്ഷം രൂപ ലഭിക്കുന്നു. അപ്പോഴും പ്രതിദിന നഷ്ടം 22 ലക്ഷം വരും. 

രാജ്യത്തെ മറ്റു മെട്രോകൾക്കെല്ലാം ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ അതതു സംസ്ഥാന സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡൽഹി മെട്രോയുടെ വരുമാനത്തിന്റെ 20% വിവിധ മെട്രോ കൺസൽട്ടൻസികളിൽനിന്നു ലഭിക്കുമ്പോഴും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സ്വന്തമായി രണ്ട് ഐടി പാർക്കുകൾ നടത്തുന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ മെട്രോകൾക്കു വാണിജ്യാവശ്യത്തിനു വികസിപ്പിക്കാനുള്ള സ്ഥലം സർക്കാരുകൾ നൽകിയിട്ടുണ്ട്. 

ഇത്തരത്തിൽ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) മുൻ സർക്കാരിന്റെ കാലത്തു കാക്കനാട്ട് 17 ഏക്കർ സ്ഥലം കൈമാറിയിരുന്നു. എൽഡിഎഫ് സർക്കാർ വന്നതോടെ ഇതു മരവിപ്പിച്ചു. വീണ്ടും മന്ത്രിസഭ ചർച്ച ചെയ്യണമെന്നാണു നിലപാട്. സർക്കാർ കൈമാറുന്ന 17 ഏക്കർ സ്ഥലത്തിനു 84 കോടി രൂപ വിലനൽകാൻ കെഎംആർഎൽ തയാറാണ്. ഇവിടെ ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്തരം അപ്പാർട്ടുമെന്റുകളും വാണിജ്യാവശ്യത്തിനുള്ള സ്ഥലങ്ങൾ, മൾട്ടിപ്ലക്സ്, സൂപ്പർമാർക്കറ്റ്, പാർക്ക് എന്നിവയും നിർമിച്ചു ചുരുങ്ങിയത് 250 കോടി രൂപ കണ്ടെത്താനായിരുന്നു കെഎംആർഎലിന്റെ തീരുമാനം. ഇക്കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ മെട്രോയുടെ അനുദിന നഷ്ടം െപരുകി പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തും. 17 ഏക്കർ സ്ഥലം നൽകാൻ കഴിഞ്ഞില്ലെങ്കിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകളും കെഎംആർഎലും തമ്മിലുള്ള കരാർ അനുസരിച്ചു മെട്രോയുടെ നഷ്ടം നികത്തേണ്ട ഉത്തരവാദിത്തം സർക്കാരിനു തന്നെയാണ്. 

ഓരോ സംസ്ഥാനത്തും നിലവിലുള്ള മെട്രോ നഷ്ടത്തിലല്ലെന്നു ബോധ്യപ്പെടുത്തിയാൽ മാത്രമേ പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി നൽകാൻ പാടുള്ളൂവെന്നു പുതിയ മെട്രോ നയത്തിലുണ്ട്. അതിനാൽ, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെയും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്റെയും കേന്ദ്രാനുമതി സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ലോകോത്തര നിലവാരത്തിൽ, ചെലവു കുറച്ച്, നിശ്ചിത സമയത്തുതന്നെ പൂർത്തിയാക്കിയ കൊച്ചി മെട്രോ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാരിനും കേരളീയ സമൂഹത്തിനുമുണ്ട്.