Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്ത് ഉയർത്തുന്ന ചോദ്യങ്ങൾ

സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 766 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് കേരളത്തിനുമുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ കണ്ടില്ലെന്നു നടിക്കാനുള്ളതല്ല. സിബിഐ അന്വേഷണം നടത്തുമെന്ന് ഇന്നലെ കേന്ദ്രം സമ്മതം അറിയിച്ചതു നല്ലതുതന്നെ. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടത് ഇപ്പോൾ കേരളത്തിന്റെ ആവശ്യമായിക്കഴിഞ്ഞു.

കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ക്രൂര മർദനത്തിലാണു ശ്രീജീവിന്റെ (25) മരണമെന്നു പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ സംഭവത്തിലാണ് സിബിഐ അന്വേഷണം ഇത്രയും വൈകുന്നതെന്നുകൂടി ഓർക്കണം. 2014 മേയ് പത്തൊൻപതിനാണു ശ്രീജിവിനെ മോഷണക്കേസിലെ പ്രതിയെന്ന് ആരോപിച്ചു പാറശാല പൊലീസ് പൂവാറിൽ നിന്നു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തതിന്റെ മൂന്നാം ദിവസമായിരുന്നു മരണം. 

ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ യുവാവിന്റെ മരണം പൊലീസ് മർദനത്തെത്തുടർന്നാണെന്ന് പൊലീസ് കംപ്ലെയ്ന്റ്‌ അതോറിറ്റി കണ്ടെത്തിയതു നിർണായകമായി. കൊല്ലപ്പെട്ട ശ്രീജിവിന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു. അതിനുമുൻപേതന്നെ, മറ്റൊരാൾക്കും ഈ ഗതി വരരുതെന്ന നിശ്ചയദാർഢ്യത്തോടെ, കർശനനടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടങ്ങിയിരുന്നു.

ശ്രീജീവിന്റെ മരണം പൊലീസ് മർദനത്തെത്തുടർന്നാണെങ്കിൽ കേരളത്തിനുമേൽ പ്രാകൃതമായ നാണക്കേടായി അതെന്നും ശേഷിക്കും. കസ്‌റ്റഡിയിൽ ക്രൂരമായി പെരുമാറുക, കടുത്ത മർദനമേൽപിക്കുക തുടങ്ങിയ പ്രാകൃതരീതികളെ തടയാൻ രാജ്യത്തു നിയമമുണ്ട്; അതിനുള്ള ചട്ടക്കൂടുമുണ്ട്. കേസ് അന്വേഷണത്തിന്റെ കാര്യത്തിൽ വ്യക്‌തമായ പെരുമാറ്റച്ചട്ടം സുപ്രീം കോടതി പലതവണ പൊലീസിനു നൽകിയിരുന്നു. പൊലീസ് അതിക്രമങ്ങൾക്കെതിരെയുള്ള നിരീക്ഷകന്റെ റോളിൽ മനുഷ്യാവകാശ കമ്മിഷനുകൾ എല്ലാ സംസ്‌ഥാനങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുണ്ട്. 

കേരളത്തിൽ കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കു കോടതി കടുത്ത ശിക്ഷ നൽകിയ അനുഭവമുണ്ടെങ്കിലും പൊലീസിന് ഈ കളങ്കം കുടഞ്ഞുകളയാൻ കഴിയുന്നില്ല. മൂല്യബോധമുള്ളവരും സേവനപ്രതിബദ്ധത അങ്ങേയറ്റം പുലർത്തുന്നവരുമായ ബഹുഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരിൽ കേരളം അഭിമാനം കൊള്ളുന്നു. ചുരുക്കം ചിലരേ കാക്കിക്കുപ്പായത്തിൽ കാട്ടാളന്മാരായി കാണുകയുള്ളൂ. പക്ഷേ, പൊലീസ് സേനയ്‌ക്ക് ആകമാനം കടുത്ത അപമാനമാണ് അവർ വരുത്തിവയ്‌ക്കുന്നത്. ‌കോടതികളുടെ താക്കീതുകളോ സർക്കാരുകളുടെ മുന്നറിയിപ്പോ ഇങ്ങനെയുള്ളവരെ നേരായ പാതയിൽ കൊണ്ടുവരുന്നില്ലെന്നതു ദുഃഖകരം തന്നെ.

പൊലീസിന്റെ പ്രവർത്തനശൈലി തുടർച്ചയായി അവലോകനം ചെയ്‌തും തുടർപരിശോധനകൾ നടത്തിയും മാത്രമേ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ തടയാനാവൂ. പൊലീസ് സേനാംഗങ്ങളെ ബോധവൽക്കരിച്ച്, അവരുടെ നിലവാരവും അന്വേഷണശേഷിയും വർധിപ്പിച്ചുകൊണ്ട് കേസ് അന്വേഷണം ശാസ്‌ത്രീയമാക്കുകയുംവേണം. കസ്‌റ്റഡിമരണങ്ങൾക്ക് ഉത്തരവാദികളായ പൊലീസുകാർ സ്വന്തം കൈക്കുറ്റത്തിനു കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു വന്നാൽ തന്നെ കാര്യങ്ങൾക്കു മാറ്റമുണ്ടാവും. തങ്ങളുടെ കീഴിലുള്ളവർ മനുഷ്യത്വപരമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഉന്നതോദ്യോഗസ്‌ഥർ നിറവേറ്റുകയും വേണം.

ശ്രീജിവിന്റെ മരണവും ശ്രീജിത്തിന്റെ സമരവും കേരളത്തിനു മറന്നുപോകാനുള്ളതല്ല.