Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിഗ്രഹമുടയ്ക്കുന്ന’ ഫോർവേഡുകൾ

N-S-Madhavan

രാജ്യങ്ങളുടെ ചരിത്രഗതികളെ ശരിക്കും സ്വാധീനിച്ച വ്യക്തിത്വങ്ങളായിരുന്നു മഹാത്മാ ഗാന്ധിയും ഏബ്രഹാം ലിങ്കണും. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും അവരുടെ ജീവചരിത്രങ്ങൾ തുടർച്ചയായി വിമർശകർ ചിക്കിച്ചിനക്കിക്കൊണ്ടിരുന്നു. അമേരിക്കയിലെ കറുത്തവർഗക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചിരുന്നതു നിർത്തലാക്കിയ ലിങ്കനെതിരെ വെളുത്ത അധീശവാദി എന്ന തരത്തിലുള്ള ആക്രമണങ്ങൾ വന്നു. 1964ൽ ആഫ്രിക്കൻ-അമേരിക്കക്കാരുടെ ആദ്യകാല വിപ്ലവനായകരിൽ പ്രമുഖനായിരുന്ന മാൽക്കോം എക്സ് ലിങ്കനെ ‘നീഗ്രോകളെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പറ്റിച്ച ആൾ’ എന്നു വിശേഷിപ്പിച്ചതിൽനിന്നു ലിങ്കന്റെ രാഷ്ട്രീയപൈതൃകം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി.  

ഇത്തരം പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾ പലപ്പോഴും രാഷ്ട്രീയത്തിൽനിന്നു വ്യക്തിജീവിതത്തിലേക്ക് - പ്രത്യേകിച്ച് അവരുടെ ലൈംഗിക ജീവിതത്തിലേക്ക് - മാറും. ലിങ്കന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ പുറത്തുവന്ന ചില പുസ്തകങ്ങളിലും ലേഖനങ്ങളിലും അദ്ദേഹത്തെ ഒരു സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്ന ‘പഠനങ്ങൾ’ വന്നു. ഗാന്ധിജിയുടെ കാര്യത്തിലും അതേ കാര്യം ധ്വനിപ്പിക്കുന്നരീതിയിൽ ജോസഫ് ലെലിവെൽഡ് എഴുതിയ ‘ഗ്രേറ്റ് സോൾ: മഹാത്മാ ഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ ഫോർ ഇന്ത്യ’ എന്ന പുസ്തകം 2011ൽ പ്രസിദ്ധീകരിച്ചു. 

നെഹ്‍റുവും ലേഡി മൗണ്ട് ബാറ്റനുമായുള്ള പ്രേമം ആവർത്തിച്ചാവർത്തിച്ച് ഏതാണ്ടു സത്യത്തിന്റെതലത്തിൽ എത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ മാധ്യമങ്ങൾ മിതത്വം പാലിക്കാറില്ലെന്നു മാത്രമല്ല, പലപ്പോഴും ആളുകളുടെ അശ്ലീലമായ ഔത്സുക്യത്തിനു ചൂട്ടു പിടിക്കാറും ഉണ്ട്. വിശ്വാസ്യതയ്‌ക്കു പേരുകേട്ട ബിബിസിതന്നെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെക്കുറിച്ചുള്ള ‘ദ് ക്രൗൺ’ എന്ന ടെലിവിഷൻ സീരിസിൽ തന്റെ ഭാര്യയുടെ വഴിവിട്ടജീവിതത്തെക്കുറിച്ചു സംസാരിക്കുന്ന ലോർഡ് മൗണ്ട് ബാറ്റനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നുണ്ട്: “ഇന്ത്യയിൽ എന്റെ എതിരാളി മറ്റാരും അല്ല, നെഹ്‌റുതന്നെയായിരുന്നു.” ലിങ്കൻ, ഗാന്ധിജി, നെഹ്‌റു ഈ മൂന്നുപേരുടെ ബന്ധങ്ങളുടെ കാര്യത്തിൽ ഇന്നുവരെ ചരിത്രപരമായ യാതൊരു തെളിവും ലഭിച്ചിട്ടില്ല എന്നതാണു സത്യം.

ഇതെല്ലാം പഴയ കാര്യം; വളരെ മുമ്പു മരിച്ചവരെപ്പറ്റിയുള്ള കഥകൾ. ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിൽ ഈ ആരോപണങ്ങൾ മാരകമായ മൂർച്ച കൈവരിക്കും. ഈയിടെ പുറത്തുവന്ന സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ മിക്കവാറും സോളർ വിവാദത്തിന്റെ നടുവിൽ നിൽക്കുന്ന സരിതയുടെ കത്ത് മാത്രമാണെന്നു വ്യക്തമായി. ഉപോദ്ബലമായി മറ്റൊരു തെളിവും അവയിൽ ഇല്ല. ഗുരുതരമായ ലൈംഗികാരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ ഇനി ഒരു കോടതിവിധി കൂടി വേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ റിപ്പോർട്ട് തയാറാക്കിയതു ചരിത്രകാരനോ പത്രപ്രവർത്തകനോ അല്ല, മറിച്ച് ഒരു ജഡ്ജിയാണെന്നത്, ഇന്നത്തെ കാലത്തെക്കുറിച്ചു കൂടുതൽ അഗാധമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.    

വിഗ്രഹങ്ങളെയോ സാധാരണക്കാരെയോ തച്ചുടയ്ക്കാൻ ഉപയോഗിക്കാവുന്നതിൽ ഏറ്റവും നല്ല ചുറ്റിക ലൈംഗികാരോപണമാണെന്ന തിരിച്ചറിവിനു വളരെ പഴക്കമുണ്ട്. എന്നാൽ, ഇന്നത്തെ കാലത്ത് അതിനു സഹായകമായി രണ്ടു സാഹചര്യങ്ങൾകൂടി നിലവിൽവന്നിരിക്കുന്നു. ഒന്നാമത്തേത്, നുണയ്‌ക്കും അർധസത്യത്തിനും പുറമെ മറ്റൊരു കാപട്യം കൂടി നിലവിൽവന്നിരിക്കുന്നു: വാസ്തവാനന്തരം എന്നു തർജ്ജമ ചെയ്യാവുന്ന പോസ്റ്റ് ട്രൂത്ത്. വസ്തുനിഷ്ഠമായ കാര്യങ്ങൾക്കു പ്രാധാന്യം നൽകാതെ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ വൈകാരികവും വൈയക്തികവുമായി ആകർഷകമായ കാര്യങ്ങൾ പറയുക. പറയുന്ന കാര്യങ്ങൾക്കു വിശ്വാസ്യത കൈവരുത്താൻ ഇത്തരക്കാർ ചെയ്യുന്ന ഒരു കാര്യം ചില വസ്തുതകൾ മാത്രം പെറുക്കിയെടുത്ത് അവതരിപ്പിക്കും. അവർക്കു വേണ്ടതു ചർച്ചകളാണ്; അവയിൽ എപ്പോഴും രണ്ടു പക്ഷങ്ങൾ ഉണ്ടാകുമല്ലോ. 

രണ്ടാമത്തെ കാര്യം 2017 ഒക്ടോബർ മാസം മുതൽ ലോകം എമ്പാടും സ്ത്രീപീഡനത്തിനെതിരായി ഉയർന്ന സ്ത്രീകളുടെ ശബ്ദമാണ്. ഹാർവീ വിൻസ്റ്റീൻ എന്ന പ്രസിദ്ധനായ അമേരിക്കയിലെ സിനിമാ നിർമാതാവു നടത്തിയ പീഡനത്തിനെതിരായി അലൈസ മിലാനോ എന്ന നടി തുടങ്ങിവച്ച മീ ടൂ (എനിക്കും സംഭവിച്ചിട്ടുണ്ട്) എന്ന സമൂഹമാധ്യമങ്ങളിലെ ഹാഷ് ടാഗ് പ്രചാരണത്തിൽ ആയിരക്കണക്കിനു സ്ത്രീകൾ അവർക്കു നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചു. പല പ്രശസ്തരുടെയും പഴയ കഥകളും പുറത്തുവന്നു. ടൈം മാസിക അവരുടെ ‘കഴിഞ്ഞ വർഷത്തിലെ വ്യക്തികൾ’ ആയി മീ ടൂ പ്രസ്ഥാനം നയിച്ച ആറു സ്ത്രീകളെ മുഖചിത്രമായി കൊടുത്തു.

സ്ത്രീപീഡനത്തിനെതിരെ പൊതുജനാഭിപ്രായം വൻതോതിൽ മാറ്റിയ ഒരു സംഘർഷമായിരുന്നു മീ ടൂ ഹാഷ് ടാഗ് പ്രചാരണം. ഏതൊരു ആണിനെതിരായും അത്തരത്തിലൊരു ആരോപണം ഉന്നയിച്ചാൽ വിശ്വസിക്കുന്ന ഒരു അന്തരീക്ഷം നിലവിൽവന്നു. ഇത്തരുണത്തിലാണു വി. ടി. ബൽറാം എ.കെ.ജിയെ ബാലപീഡ നടത്തിയ ആൾ എന്നുതന്നെ പറഞ്ഞുകൊണ്ടു ഫെയ്സ്ബുക്കിൽ കമന്റ് ഇട്ടത്. നാൽപതു വർഷങ്ങൾക്കു മുമ്പു മരിച്ച അദ്ദേഹം ലിങ്കൻ, ഗാന്ധിജി തുടങ്ങിയവരെപ്പോലെ പലരുടെയും ആരാധനാപാത്രം ആയിരുന്നു. ചേരി ചേർന്നുനിന്നു ചർച്ചകൾ ഉണ്ടായി. വി. ടി. ബൽറാം അറിഞ്ഞുകൊണ്ടോ അല്ലാതെയോ വാസ്തവാനന്തര രാഷ്ട്രീയം എന്താണെന്നു കേരളത്തിനു മനസ്സിലാക്കിക്കൊടുത്തു. ബൽറാം പറഞ്ഞതു വാസ്തവാനന്തരം എന്നു വിവക്ഷിക്കുന്നതു വെള്ളംചേർക്കലാണോ എന്നുകൂടി സംശയം ഉണ്ട്. കാരണം, അദ്ദേഹം ചൂണ്ടിക്കാണിച്ച എ.കെ.ജിയുടെ ആത്മകഥയിലെ ഭാഗം അപ്രകാരമല്ല അതിൽ കൊടുത്തിട്ടുള്ളത്. 

വിഗ്രഹങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഇനിയും കൂടുവാനേ ഇടയുള്ളൂ. പ്രത്യേകിച്ചു വാട്സാപ് ഫോർവേഡുകളിലൂടെ ചരിത്രം രചിക്കപ്പെടുമ്പോൾ. അതിനെ നേരിടേണ്ടതു ചീമുട്ടകൊണ്ടല്ല, ക്ഷമയോടെ സത്യം ആവർത്തിച്ചു പറഞ്ഞുകൊണ്ടുതന്നെയാണ്. പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്ന (ഫാക്ട് ചെക്കിങ്) ഒരു വെബ്‌സൈറ്റ് ബുദ്ധിമുട്ടി ഗവേഷണം നടത്തി കണ്ടെത്തിയത് അമേരിക്കയുടെ പ്രസിഡന്റ് കഴിഞ്ഞ വർഷം രണ്ടായിരത്തോളം നുണ പറഞ്ഞിട്ടുണ്ടെന്നാണ് !