Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താങ്ങും തണലുമാകേണ്ടവർ തന്നെ ഉയിരെടുക്കുന്നു; നമുക്ക് സംഭവിക്കുന്നതെന്ത്?

LP-Series-1

മകനാണെന്നു പറഞ്ഞ് എന്റെ ഒപ്പം കഴിയുന്നത് എന്റെ മോനല്ല. അവന്റെരൂപമുള്ള മറ്റൊരാളാണ്. എന്റെ മോൻ സൂനാമിയിൽ ഒലിച്ചുപോയി. അന്നുമുതൽ കയറിപ്പറ്റിയതാണ് ഇവൻ. തരം കിട്ടിയാൽ എന്നെ കൊല്ലും. രണ്ടുമൂന്നു തവണ ശ്രമിച്ചെങ്കിലും ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടു. സ്വയരക്ഷയ്ക്കുവേണ്ടി ഒരിക്കൽ അവന്റെ തലയിൽ ഇരുമ്പുവടികൊണ്ട് അടിച്ചിട്ടുണ്ട്.

പതിനൊന്നു വയസ്സുള്ള മകനെ മറ്റൊരാളായി തെറ്റിദ്ധരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ പറഞ്ഞ വാക്കുകൾ. ഇടുക്കി സ്വദേശിനിയായ വീട്ടമ്മ (36) രണ്ടുവർഷം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തിലെത്തിയപ്പോഴാണു വിചിത്രമായ ഇക്കാര്യങ്ങൾ പുറംലോകമറിഞ്ഞത്. 

യുവതിയെ ബാധിച്ചിരുന്നത്, ഏറെ അടുപ്പമുള്ളയാളെ ശത്രുവായി കരുതുന്ന ക്യാപ്ഗ്രാസ് സിൻഡ്രോം. ലഘുമനോരോഗ വിഭാഗത്തിൽപെടുന്ന ഇതു കാലം ചെല്ലുംതോറും ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്തതരത്തിലേക്കെത്തും. ആറുമാസത്തോളം ചികിൽസിച്ചു രോഗം മാറിയശേഷമാണ് ഇവരെ വിട്ടയച്ചത്.

മകന് ഒരുവയസ്സുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയതായിരുന്നു ഇവരുടെ മനസ്സിനേറ്റ ആഘാതം. അമിതമായ കരുതലും ആശങ്കകളുമായാണു മകനെ വളർത്തിയത്. ഭർത്താവിനെപ്പോലെ മകൻ നഷ്ടപ്പെടുമോ എന്ന അമിതഭയം അവരുടെ മനസ്സിന്റെ താളം തെറ്റിക്കുകയും ചെയ്തു.

അമ്മയെ പൂട്ടിയിടും, ആഴ്ചകളോളം

അച്ഛൻ വീടുപേക്ഷിച്ചു പോകാൻ കാരണം അമ്മയാണോ? അമ്മയ്ക്കു മറ്റു ബന്ധങ്ങളുണ്ടോ? – അടിസ്ഥാനരഹിതമായ സംശയങ്ങൾ പിടിമുറുക്കിയപ്പോൾ ഇരുപത്തിനാലുകാരൻ അമ്മയെ പിന്തുടരാൻ തുടങ്ങി. അനുവാദമില്ലാതെ പുറത്തുപോയാൽ ക്രൂരമായി ഉപദ്രവിച്ചു. ആരോടെങ്കിലും സംസാരിക്കുന്നതുപോലും മകന്റെ നിരീക്ഷണത്തിലായി. 

ഒടുവിൽ, പഠനത്തിനും ജോലിക്കുമായി വീടുവിട്ടുപോകേണ്ടിവരുമ്പോൾ അമ്മയെ പൂട്ടിയിടാൻ തുടങ്ങി. ഭക്ഷണംപോലുമില്ലാതെ ആ സ്ത്രീ ‘തടവറ’യിൽ കഴിഞ്ഞ ദിവസങ്ങൾ ഒട്ടേറെ. ഉപദ്രവവും പൂട്ടിയിടലും കൂടിയപ്പോൾ ബന്ധുക്കളെത്തി അമ്മയെയും മകനെയും കോഴിക്കോട് ഇംഹാൻസിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസസ്) ചികിൽസയ്ക്കായി എത്തിക്കുകയായിരുന്നു. 

അമ്മയോടുള്ള അമിതമായ അടുപ്പവും അച്ഛനെപ്പോലെ അമ്മയും കൈവിട്ടുപോകുമെന്ന ഭയവുമായിരുന്നു ഇവിടെയും വില്ലൻ. അച്ഛൻ വീടുവിട്ടുപോയതു കുഞ്ഞുമനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. ഭർത്താവു പോയതിന്റെ മാനസിക പ്രയാസം മൂലം അമ്മയാകട്ടെ കുട്ടിയോട് അമിതമായി ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

പ്രായമായപ്പോൾ ഇതെല്ലാം മകനിൽ മാറ്റത്തിനു കാരണമായി. വിശ്വസിക്കുന്നവർ ഉപേക്ഷിക്കുമെന്ന ഭയം വളർന്നതോടെ മനോരോഗമായി.

ഇത്തരം കേസുകളിൽ ഇംഹാൻസിൽ ചികിൽസതേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരം സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും മൂടിവയ്ക്കാതെ പലരും ചികിൽസ തേടുന്നതുമാകാം കാരണം. 

ആളുകളിൽ നാർസിസിസം കോംപ്ലക്സ് (അവനവനെ അമിതമായി സ്നേഹിക്കുക) കൂടിവരുന്നെന്നു മനോരോഗവിദഗ്ധർ. തന്നോടുതന്നെയുള്ള സ്നേഹത്തിൽ മാത്രം മുഴുകിയിരിക്കുകയാണു പലരും. ക്ലാസ് മുറികളിൽപോലും അവർ പണ്ടത്തേപ്പോലെ പിണങ്ങിനിൽക്കുകയല്ല; അക്രമോൽസുകരായി കാര്യങ്ങൾ നേടിയെടുക്കാനാണു നോക്കുന്നത്. 

മന്ത്രവാദിപ്പേടിയിൽ അച്ഛനു തല്ല്

തന്നെ കൊലപ്പെടുത്താനായി പല വേഷങ്ങളിൽ ഒരു മന്ത്രവാദി എത്തുന്നുണ്ടെന്നു വിശ്വസിച്ച് അച്ഛനെയും സുഹൃത്തിനെയും ക്രൂരമായി മർദിച്ച കൊല്ലം സ്വദേശിയായ ഇരുപത്തിനാലുകാരന്റെ രോഗവും സമാനമാണ്. ഫ്രിഗോളി  സിൻഡ്രോം എന്നറിയപ്പെടുന്ന  രോഗം ബാധിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്ക്കെത്തിച്ചു. 

പ്രശസ്ത ബാലെ നർത്തകനായ ഫ്രിഗോളി നൃത്തത്തിനിടെ ഒറ്റക്കാലിൽ വട്ടംകറങ്ങുമായിരുന്നു. ഓരോ കറക്കത്തിനിടയിലും തന്റെ മുഖംമൂടി മാറ്റും. അസാമാന്യ വേഗത്തിലുള്ള കറക്കത്തിനിടെ നർത്തകന്റെ മുഖം മാറുന്നതായാണു കാണികൾക്കു തോന്നുക. പല ഛായയാണെങ്കിലും എല്ലാം ഒരാൾതന്നെയാണെന്നു വിശ്വസിക്കുന്ന രോഗത്തിന് അതുകൊണ്ടാണു ഫ്രിഗോളിയുടെ പേരു വന്നത്.

LP-series-3

അവൻ കരഞ്ഞു, അമ്മ അരുതെന്നു പറഞ്ഞില്ലല്ലോ

കിടപ്പുമുറിയിൽ അമ്മയ്ക്കൊപ്പം മറ്റൊരു പുരുഷനെ കണ്ട എട്ടാം ക്ലാസുകാരൻ. ‘അക്രമി’യിൽനിന്ന് അമ്മയെ രക്ഷിക്കാൻ ഓടിച്ചെന്ന അവനെ അമ്മയുടെ കാമുകൻ എടുത്തെറിഞ്ഞു. ചുമരിൽ തലയിടിച്ചു ഗുരുതരമായി പരുക്കേറ്റു. അബോധാവസ്ഥയിലായ കുട്ടിയെ കുളിമുറിയിൽ തലയിടിച്ചുവീണതാണെന്നു പറഞ്ഞ് അമ്മതന്നെ ആശുപത്രിയിൽ എത്തിച്ചു. ആ മുറിവു കരിഞ്ഞെങ്കിലും അവന്റെ മനസ്സിലെ മുറിവ് ഉണങ്ങിയില്ല.

മനോരോഗവിദഗ്ധന്റെ അടുത്തെത്തിയപ്പോൾ അവൻ പൊട്ടിക്കരഞ്ഞു. ‘അയാൾ എന്നെ ഉപദ്രവിച്ചപ്പോൾ അമ്മ ഒന്നു തടയുകപോലും ചെയ്തില്ലല്ലോ. അച്ഛനും അമ്മയും എന്നും വഴക്കാണ്, എന്നും മദ്യപിച്ചെത്തി ഉപദ്രവവും ബഹളവും. അമ്മയ്ക്കു മോശം കൂട്ടുകെട്ടുണ്ടെങ്കിൽപോലും അതുമാറി എല്ലാം ശരിയാക്കിയെടുക്കാമെന്നു ഞാൻ കരുതി. അതില്ലാതായി.’ കരഞ്ഞുതളർന്ന അവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനേ ഡോക്ടർക്കു കഴിഞ്ഞുള്ളൂ.

LP-Series-2

കൊണ്ടുപൊയ്ക്കോ, അവനെ ഇനി തിരിച്ചയയ്ക്കേണ്ട...

മലപ്പുറത്തെ വീട്ടിൽ അർധരാത്രി പൊലീസും ചൈൽഡ്‌‌ലൈൻ പ്രവർത്തകരും എത്തുമ്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥി അമ്മയുടെ കഴുത്തിൽ കത്തിവച്ചുകൊണ്ടു നിൽക്കുന്നു. കഞ്ചാവു വാങ്ങാൻ പണം ചോദിച്ചു വലിയ ബഹളം. രാത്രി വൈകിയാണ് അവൻ വീട്ടിൽവന്നുകയറിയിരുന്നത്. അച്ഛൻ നേരത്തെ മരിച്ചു. മിക്കദിവസങ്ങളിലും മകന്റെ അടികൊണ്ട് അമ്മയുടെ മുഖം വീർത്തിരുന്നു. പൊലീസിനോട് അവർ കരഞ്ഞുകൊണ്ടു പറഞ്ഞു, ‘ അവനെ കൊണ്ടുപൊയ്ക്കോ, തിരിച്ചയയ്ക്കേണ്ട’. 

മുതിർന്ന സുഹൃത്തുക്കൾ, ലഹരി നൽകി പകരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിക്കൊണ്ടിരിക്കുകയായിരുന്നു അവനെയെന്ന വിവരം കൗൺസലിങ്ങിനിടെയാണ് അറിഞ്ഞത്. ലഹരിക്കു പണം കിട്ടാൻ അമ്മയെ തല്ലി, ബൈക്ക് മോഷ്ടിച്ചു. ഒടുവിൽ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി ജുവനൈൽ ഹോമിലെത്തി. ഇപ്പോൾ കൗൺസലങ്ങിലൂടെയും മറ്റും പഴയ ശീലങ്ങൾ മാറ്റിയെടുത്തു മിടുക്കനായി പഠിക്കുന്നു. ചീത്ത കൂട്ടുകെട്ടിലേക്ക് ഇനിയും വീണുപോകാതെ അവനെ സംരക്ഷിക്കുകയാണ് ഒരുപറ്റം സന്നദ്ധപ്രവർത്തകർ.

നാളെ:

കൈവിട്ടുപോകുന്ന കുട്ടികളും യുവാക്കളും, മക്കളുമായി ജീവനൊടുക്കുന്ന അമ്മമാർ; എന്താണു പരിഹാരം?

വിവരങ്ങൾ:

ഡോ. അരുൺ ബി.നായർ (അസിസ്റ്റന്റ് പ്രഫസർ, മനഃശാസ്ത്രവിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളജ്), ‍ഡോ. സി.ജെ. ജോൺ (മനഃശാസ്ത്ര വിദഗ്ധൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി), ഡോ. കെ.പി. അബ്ദുൽ സലാം (ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി, ഇംഹാൻസ്, കോഴിക്കോട്), മുഹ്സിൻ പരി (ചൈൽ‌ഡ്‌ലൈൻ കൗൺസലർ, മലപ്പുറം).

related stories