Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തനിവാരണത്തിന് സർവസജ്ജമാകണം

ഓരോ ദുരന്തവും അതിനെ നേരിടാനുള്ള നമ്മുടെ ശേഷി അളക്കുന്ന പരീക്ഷ കൂടിയാണ്. അടുത്ത കാലത്തു കേരളം അനുഭവിച്ച ചെറുതും വലുതുമായ പല പ്രകൃതിദുരന്തങ്ങളെയും പ്രതിരോധിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്തുവാനും വേണ്ടവിധം സാധിച്ചോ എന്ന ചോദ്യത്തിനുമുന്നിൽ ആത്മവിശ്വാസത്തോടെ മറുപടി പറയാൻ നമുക്കു സാധിക്കില്ലെന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ, ദുരന്തങ്ങളുടെ അപായമുനമ്പിലേക്കു കേരള തീരം നീങ്ങുകയാണെന്നും സമഗ്രമായ ദുരന്തനിവാരണ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പു നൽകുമ്പോൾ അതു കേൾക്കാതിരുന്നുകൂടാ.

അറുന്നൂറു കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളം, കാലാവസ്ഥാവ്യതിയാനം ഈ തോതിൽ തുടരുന്ന സാഹചര്യത്തിൽ ഇനിയും അലംഭാവം കാട്ടരുതെന്ന മുന്നറിയിപ്പും ശാസ്ത്രസമൂഹം നൽകുന്നു. കടലോര മേഖലയെ കണ്ണീരിലാഴ്ത്തിയ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദുരന്തരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനത്തെക്കുറിച്ചു മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടത്തിലാണ് ഇതു സംബന്ധിച്ച ആശങ്കകളും ആശയങ്ങളും ഉയർന്നുവന്നത്.

കേരളത്തിന്റെ തീരമേഖലയിൽ നാശംവിതച്ച് ചുഴലിക്കാറ്റും കടൽക്ഷോഭവും പോലുള്ള ദുരന്തങ്ങൾ ഇടയ്ക്കിടെ ഭാവിയിൽ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പു തള്ളിക്കളയാനാവില്ല. തീരദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താനും ആ അറിവു സാധാരണക്കാർക്കു  പ്രയോജനകരമാക്കാനുമുള്ള സജ്ജീകരണങ്ങൾ വേണമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.

അടുത്തകാലത്തായി കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ പഠനവിധേയമാക്കണം. കടൽത്തീരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഗൗരവവിഷയമാകേണ്ടതുണ്ട്. വിദഗ്ധപഠനങ്ങളുടെ അടിസ്ഥാനത്തിൽ തീരങ്ങളുടെ പ്രത്യേകതകൾകൂടി പരിഗണിച്ച് പുലിമുട്ടു പോലുള്ള സംരക്ഷണ സൗകര്യങ്ങൾ നിർ‌മിക്കണമെന്നും നിർദേശം ഉയരുകയുണ്ടായി. ശാസ്ത്രീയ പഠനങ്ങളിൽ വിദഗ്ധരുടെ അഭിപ്രായം തേടുന്നതിനൊപ്പം കടലിനെ അടുത്തറിയുന്ന സാധാരണക്കാരുടെ നിർദേശങ്ങളും സ്വീകരിക്കണം. കടൽ സംരക്ഷണത്തിനും ദുരന്തരക്ഷാ പ്രവർത്തനങ്ങൾക്കും കടലോരത്തെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം.

രക്ഷാപ്രവർത്തനങ്ങളെല്ലാം ഒട്ടും വൈകാതെ, മലമുകളിലും ആഴക്കടലിലുമൊക്കെ ഫലപ്രദമായി എത്തുന്നതരത്തിൽ നമുക്കു ക്രമീകരിക്കാനാകണം. അതേസമയം, എത്ര ചെറിയ കാലാവസ്ഥാമാറ്റമായാലും അതു മുൻകൂട്ടി കാണാനുള്ള സൗകര്യങ്ങൾ നമുക്കുണ്ടെന്നു ശാസ്ത്രസമൂഹം ഉറപ്പു നൽകുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. കേന്ദ്രസേനയുടെ മാതൃകയിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രൂപീകരണം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഏകോപിത പ്രവർത്തനം, ഉപയോഗിക്കാൻ എളുപ്പമുള്ള ലൈഫ് ജാക്കറ്റുകളുടെ രൂപകൽപന തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം കേരളത്തിലെ തീരദേശ മേഖലയ്ക്ക് അനുയോജ്യമായ ബോട്ടുകൾ വേണമെന്നും അപകടത്തിൽ പെട്ടാൽ സ്വയം സന്ദേശം കൈമാറുന്ന സംവിധാനം ബോട്ടുകളിൽ സജ്ജമാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

ദുരന്തങ്ങൾ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ എല്ലാ ജില്ലകളിലും പ്രതിരോധസേന രൂപീകരിക്കുമെന്നും ജില്ലാതലത്തിൽ അടിയന്തരപ്രതികരണകേന്ദ്രങ്ങൾ തുടങ്ങുമെന്നുമുള്ള സർക്കാരിന്റെ ഉറപ്പു പ്രതീക്ഷ പകരുന്നതാണ്. കടലിൽ പോകുന്നവർക്കു മുന്നറിയിപ്പുകൾ നൽകുന്നതു ലളിതമാക്കുമെന്നും ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാതല ദുരന്തനിവാരണ പ്ലാനിൽ തിരുത്തലുകൾ വരുത്തുമെന്നും സർക്കാർ പ്രതിനിധികൾ ആശയക്കൂട്ടത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്.

ഏതു ദുരന്തരക്ഷാ പ്രവർത്തനത്തിലും സാധാരണക്കാർക്കാണ് ഏറ്റവും നിർണായക ദൗത്യം നിർവഹിക്കാനുള്ളതെന്നതിനാൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതടക്കമുള്ള നാടുണർത്തലിനു വൈകിക്കൂടാ. പ്രാദേശിക സവിശേഷതകൾ മനസ്സിലാക്കി, അനുയോജ്യ ദുരന്തനിവാരണമാർഗങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ ഉണ്ടാവുകയും വേണം.