Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചരിത്രം തിരുത്താം

വിലപ്പെട്ട സ്വത്തായ പാർട്ടിക്കൊടി ഓരോ സ്ഥലത്തും കൊണ്ടുപോയി നാട്ടുന്നതു നല്ലതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറ‍ഞ്ഞു.  വ്യവസായം തുടങ്ങുന്നവരെ തടസ്സപ്പെടുത്താനായി കൊടിനാട്ടുന്നതും നോക്കുകൂലി വാങ്ങുന്നതും ഏതു പാർട്ടിയാണെങ്കിലും അവസാനിപ്പിച്ചേ തീരൂ എന്നും മുഖ്യമന്ത്രി പറയുന്നു.  അദ്ദേഹത്തിന്റേതടക്കമുള്ള പാർട്ടികൾ ഇക്കാര്യം മുൻകാല പ്രാബല്യത്തോടെ ഉൾക്കൊള്ളുമെന്നു കരുതാം.  

നാലു പതിറ്റാണ്ടു വിദേശത്തു കഷ്ടപ്പെട്ടു സമ്പാദിച്ച പണവുമായി നാട്ടിൽ സംരംഭം തുടങ്ങാനെത്തിയ പുനലൂർ സ്വദേശി സുഗതൻ ജീവനൊടുക്കിയ സംഭവം നിയമസഭയിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പാട്ടത്തിനെടുത്ത ഭൂമിയിൽ വർക്‌ഷോപ് തുടങ്ങാൻ ഷെഡ് നിർമിച്ച സ്ഥലത്ത് സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് കൊടികുത്തി സമരം ആരംഭിച്ചതാണ് സുഗതന്റെ ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. വയൽ നികത്തൽ നിയമലംഘനമാണെങ്കിൽ പൊതുജന പ്രസ്ഥാനങ്ങൾക്ക് അവിടെ കൊടി നാട്ടാൻ അവകാശമുണ്ടെന്നാണ് സിപിഎമ്മിനൊപ്പം ഭരണം പങ്കിടുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്.

നിയമവാഴ്ചയുടെ നെഞ്ചത്ത് കൊടി കുത്തരുതെന്നു സഹോദരപാർ‌ട്ടിയെ മുഖ്യമന്ത്രി ഓർമിപ്പിച്ചപ്പോൾ സിപിഎമ്മിൽ നിന്നുണ്ടായ അത്തരം ചില കൊടികുത്തലുകളുടെ ഫ്ലാഷ്ബാക്ക് ദൃശ്യങ്ങൾ പലരുടെയും ഓർമയിൽ വന്നിട്ടുണ്ടാവണം.

മുൻപ് ആലപ്പുഴ ജില്ലയിൽ സിപിഎമ്മിന്റെ പോഷകസംഘടനയായ കേരള സംസ്‌ഥാന കർഷകത്തൊഴിലാളി യൂണിയൻ വ്യാപകമായി വിളകൾ വെട്ടിനിരത്തി. 2005ൽ വീണ്ടും പാലക്കാട് ജില്ലയിൽ ശ്രീകൃഷ്‌ണപുരത്തിനു സമീപവും കൊടികുത്തി വെട്ടിനിരത്തലുണ്ടായി. 2010ൽ വയനാട്ടിൽ സിപിഎമ്മും പോഷകസംഘടനകളും രണ്ടാം ഭൂസമരം എന്ന പേരിൽ ഭൂമികയ്യേറ്റ സമരം നടത്തി.

ഏതാണ്ടു 10 മാസം മുൻപ് ദേവികുളത്ത് സർക്കാർഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു സംഘർഷമുണ്ടാക്കിയത് സിപിഎം പഞ്ചായത്തംഗത്തിന്റെയും ലോക്കൽ സെക്രട്ടറിയുടെയും നേതൃത്വത്തിലാണ്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പൊലീസ് വാഹനം തടഞ്ഞും സ്റ്റേഷനിൽ ആൾക്കൂട്ടവുമായെത്തിയും മോചിപ്പിച്ച സംഭവങ്ങൾ കേരളത്തിൽ ഒട്ടേറെയാണ്. മിക്കവാറും രാഷ്ട്രീയകക്ഷികൾ ഇക്കാര്യത്തിൽ മടിച്ചുനിന്നിട്ടില്ല. ഇവിടെയൊക്കെ നിയമമല്ല നടപ്പായത്, കയ്യൂക്കും അക്രമവുമാണ്.

നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യജീവിതരീതിയെ നിലനിർത്തുന്നത്. ഹർത്താലിനും തിരഞ്ഞെടുപ്പ് ആഘോഷത്തിനും സമരങ്ങൾക്കും മാത്രം നേതൃത്വം നൽകേണ്ടവരല്ല രാഷ്ട്രീയ പാർട്ടികൾ. ജനാധിപത്യത്തെ നിലനിർത്തേണ്ട ഉത്തരവാദിത്തം കൂടി അവർക്കുണ്ട്. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും തൊഴിലെടുക്കേണ്ടെന്നു പറഞ്ഞും പാർട്ടിക്കൊടികൾ ജനത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്ന സ്ഥിതി നല്ലതല്ല.

ഭയത്തിന്റെയല്ല, ജനങ്ങളുടെ പ്രതീക്ഷയുടെ നിറമാകണം പാർട്ടി കൊടികൾക്ക്. കുറ്റം വിധിക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും പാർട്ടികളോ ആൾക്കൂട്ടമോ ആകരുത്. നിയമം കയ്യിലെടുക്കുന്നവരെ  നിയമം കൊണ്ടുതന്നെ കർശനമായി നേരിടാൻ കഴിയണം. ഇതു സംബന്ധിച്ച കോടതി വിധികളും പാലിക്കണം. ആൾക്കൂട്ടവും സംഘടനകളും നീതിനടപ്പാക്കുന്നത് ജനാധിപത്യത്തെ എന്നത്തേക്കുമായി പരാജയപ്പെടുത്തും. 

മുഖ്യമന്ത്രി പറഞ്ഞത് എല്ലാ പാർട്ടിക്കാരും ശരിയായ അർഥത്തിൽ ഉൾക്കൊള്ളേണ്ടതാണ്. പറഞ്ഞത് ഇച്ഛാശക്തിയോ‌ടെ നടപ്പാക്കാൻ അദ്ദേഹത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാം.