Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുപക്ഷം ആരുടെ പക്ഷം ?

ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ പരാജയം ഉയർ‌ത്തുന്ന ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഏതെങ്കിലും മേഖലയിൽ ഇടതുപക്ഷത്തിനു പ്രസക്തി ഉണ്ടെങ്കിൽ അതുകൂടി നഷ്ടപ്പെട്ട അവസ്ഥയാണ് അതു സൃഷ്ടിച്ചത്. ഇന്ത്യ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനു പകരം രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലേക്കു ചുരുങ്ങാൻ പാർട്ടി സ്വയം അനുവദിക്കുകയും അതിന്റെ സുഖലോലുപതയിൽ കഴിയുകയും ചെയ്തതിന്റെ ഫലം.   

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആകമാനം സ്വാധീനം ചെലുത്തുന്ന പദവിയിൽ നിന്ന് ഇടതുപക്ഷം നിഷ്കാസിതമായി എന്നതു ദുഃഖകരമാണ്. ഇത്രയേറെ സാധുക്കളുള്ള ഒരു രാജ്യത്ത് അവർ ഇങ്ങനെയൊരവസ്ഥ സ്വയമുണ്ടാക്കിയെന്നതാണ് കൂടുതൽ ഖേദകരം. 

ഇന്ത്യയ്ക്ക് അടിസ്ഥാന ഇടതു പ്രത്യയശാസ്ത്രം എപ്പോഴും ആവശ്യമാണ്. എന്നാൽ, അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സിപിഎം അടക്കം ഇടതുവീക്ഷണമുള്ള രാഷ്ട്രീയ പാർട്ടികൾ ശോഷിക്കുമ്പോൾ രാജ്യത്തെ ഇടതുപക്ഷം എന്ന ആശയം തന്നെ ദുർബലമാകുന്നു. കേരളത്തിൽ ഇടതുപക്ഷം വെള്ളക്കോളർ പാർട്ടിയായി മാറി. ബംഗാളിലും മുഖ്യ കമ്യൂണിസ്റ്റ് പാർട്ടി അലസരുടെ പാർട്ടിയായി. 

കമ്യൂണിസ്റ്റ് പാർട്ടിയുടെ ജൈവപരമായ സ്വത്വമെന്നതു പാവപ്പെട്ടവരെ പ്രതിനിധീകരിക്കുമ്പോഴാണു നിലനിൽക്കുക. എന്നാൽ, ഇന്ത്യയുടെ ഹൃദയഭാഗത്തെ സാധുക്കളെ ഇന്ത്യൻ ഇടതുപക്ഷം പ്രതിനിധീകരിക്കുന്നേയില്ല. മൊത്തത്തിൽ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആത്മശക്തി ഇല്ലാതായി. 

തുടർഭരണം മോശം കാര്യമല്ല. പക്ഷേ, സ്വയം നവീകരിക്കാനുള്ള ശേഷി ഉണ്ടാകണം. ആത്മപരിശോധന നടത്താനും തെറ്റു തിരുത്താനുമുള്ള സന്നദ്ധത ഏതു രാഷ്ട്രീയ പാർട്ടിക്കും പ്രധാനമാണ്. മാറുന്ന കാലത്തിനും പുതിയ അറിവുകൾക്കും അനുസരിച്ചു പുനർ നിർവചിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല. കമ്യൂണിസ്റ്റ് പാർട്ടികൾ പഴഞ്ചനായിപ്പോയി. പലതരത്തിലും യാഥാസ്ഥിതികമായി പാർട്ടി. സ്ത്രീ–പുരുഷ പ്രശ്നങ്ങളിലാകട്ടെ മറ്റു കാര്യങ്ങളിലാകട്ടെ ഇതാണ് യാഥാർഥ്യം. 

ഇന്ത്യയിലെ ഇടതുപാർട്ടികൾ ആധുനികതയുടെ വക്താക്കൾ അല്ലാതായി. പാർട്ടിക്കുള്ളിലെ അറിവിന്റെ സംഭരണി ശുഷ്കമായിപ്പോയി. അധികാരം പിടിച്ചെടുക്കുക, എങ്ങനെയും തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും പാർട്ടികൾക്ക് ഇല്ലാതായി. വലിയ ഉള്ളടക്കം ഉണ്ടായിരുന്ന മഹത്തായ ഒരു സംരംഭം ഇങ്ങനെയായത് ഈ കാലത്തിന്റെ ദുരന്തമാണ്. 

അൻപതുകളിലും അറുപതുകളിലും കരുത്താർജിച്ച പാർട്ടി പിൽക്കാലത്തു കരിയറിസ്റ്റുകളുടെ കയ്യിൽ അകപ്പെട്ടുപോയി. പ്രമാണിത്തവും ദുഷ്പ്രഭുത്വവും അതിൽ വന്നടിഞ്ഞു. ഈ മസിലുപിടിത്തമാണ് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കുന്നത്. കൊളോണിയൽ അഹങ്കാരമാണു ജനങ്ങളുടെ ഇടയിൽ പോകുമ്പോൾ വലിയ പൊലീസ് അകമ്പടിക്കായി ആഗ്രഹിക്കുന്നത്. 

ഈ പാർട്ടി ആരെ പ്രതിനിധീകരിക്കുന്നു എന്നതു മറന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം.

(യുഎഇയിലെ റേഡിയോ മാംഗോയുടെ വാർത്താവലോകന പരിപാടിയായ ‘പേപ്പർ ക്യാപ്‌സൂളി’നു നൽകിയ അഭിമുഖത്തിൽ നിന്ന്)