Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷക മാർച്ചിന്റെ പാഠങ്ങൾ

മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ച കർഷകപ്രക്ഷോഭം നേടിയ ചരിത്ര വിജയം കാർഷികമേഖലയ്ക്കാകെ ആത്മവിശ്വാസം പകരുന്നു; കർഷകരുടെ മൂല്യം രാജ്യത്തെയാകെ അറിയിക്കുകയും ചെയ്യുന്നു. 

ആദിവാസികളും കർഷകരുമടക്കം അരലക്ഷത്തോളം പേർ പങ്കെടുത്ത സമരം ശേഷിപ്പിച്ച പാഠങ്ങൾ കുറച്ചൊന്നുമല്ല. കർഷകർ ഒരു സാഹചര്യത്തിലും അവഗണിക്കപ്പെടരുതെന്ന പാഠംതന്നെയാണ് അതിലേറ്റവും പ്രധാനം. കഴിഞ്ഞ വർഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കർഷക പ്രക്ഷോഭങ്ങൾ നടക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 184 സംഘടനകളുടെ നേതൃത്വത്തിൽ കർഷകർ കഴിഞ്ഞ വർഷം ഡൽഹിയിൽ വന്നു തമ്പടിച്ചതു ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇവയുടെയെല്ലാം  തുടർച്ചയാണു മഹാരാഷ്്ട്രയിലുണ്ടായത്.

നാസിക്കിൽനിന്നു മുംെബെയിലേക്കു മാർച്ച് ചെയ്ത പ്രക്ഷോഭകരുടെ ആവശ്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം: ഇവയൊന്നുംതന്നെ മഹാരാഷ്്ട്രയിലുള്ളവരുടെ മാത്രം പ്രശ്നങ്ങളല്ല, ഇന്ത്യയൊട്ടാകെ കർഷകർ നേരിടുന്നതാണ്. രാജ്യത്തു കാർഷികമേഖലയിൽ നിലവിലുള്ള അശാന്തിക്കും കർഷകരുടെ നൈരാശ്യത്തിനും അടിയന്തര പരിഹാരം കാണണമെന്നു കൂടി വിളംബരം ചെയ്യുന്നുണ്ട് ഈ ‘ലോങ് മാർച്ച്’. ജനത്തെ കഷ്ടപ്പെടുത്താതെ എങ്ങനെ സമരം ചെയ്യാമെന്നതിലും കർഷക മാർച്ച് വേറിട്ട മാതൃകയാണു സമ്മാനിച്ചത്. 

ഉൽപാദനം, വിപണനം, വില എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അസ്ഥിരതയും പോരായ്മകളുമാണു കൃഷിമേഖലയുടെ തകർച്ചയ്ക്കു വഴിയൊരുക്കുന്നത്. കീട–രോഗബാധകൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി വിപണിയിലെ ചൂഷണവും വിലസ്ഥിരതയില്ലായ്മയുംവരെയുള്ള എണ്ണമറ്റ വെല്ലുവിളികളാണു നമ്മുടെ കർഷകർ േനരിടുന്നത്. പണ്ടത്തെപ്പോലെ ഇന്നും ഇന്ത്യയിൽ കൃഷി പ്രകൃതിയുമായുള്ള ചൂതാട്ടംതന്നെ. കാലാവസ്ഥാവ്യതിയാനം സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു. ഈ ചൂതാട്ടത്തിൽ കർഷകൻ വിജയിക്കുകയും വമ്പിച്ച വിളവു നേടുകയും ചെയ്താലും വിപണിയിലെ ഇടനിലക്കാരുടെ ചൂഷണത്തിൽ തട്ടി പ്രതീക്ഷകളെല്ലാം തകിടംമറിയുന്നു.

ഒരു വശത്ത് ഉൽപന്നവില വർഷങ്ങളോളം സ്ഥിരമായി നിൽക്കുകയോ ഇടിയുകയോ ചെയ്യുമ്പോൾ വിത്തും വളവും ഉൾപ്പെടെയുള്ള എല്ലാ കാർഷികോപാധികൾക്കും വില പല മടങ്ങായി കുതിച്ചുയരുകയാണ്. ഒപ്പം, ഉൽപാദനച്ചെലവും തൊഴിൽകൂലിയും വർഷംതോറും കുത്തനെ കൂടുന്നു. വ്യവസായികൾക്കും ഉദ്യോഗസ്ഥർക്കും ഉദാരമായി വായ്പ െകാടുക്കാൻ മടിക്കാത്ത ബാങ്കുകൾ കർഷകനു മുന്നിൽ െകെമലർത്തുകയാണ്. ഫലമോ, കർഷകനു കൊള്ളപ്പലിശക്കാർക്കു മുന്നിൽ െകെനീട്ടേണ്ടിവരുന്നു. ഉൽപാദനച്ചെലവിന്റെ ഒന്നരമടങ്ങ് വില വിളകൾക്ക് ഉറപ്പാക്കുന്നതടക്കമുള്ള ഡോ. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് മഹാരാഷ്ട്രയിലെ കർഷകർ ആവശ്യപ്പെട്ടിരുന്നു.

കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്നതായിരുന്നു അവർ ഉന്നയിച്ച ആവശ്യങ്ങളിൽ പ്രധാനം. ബാങ്ക് വായ്പ എഴുതിത്തള്ളൽപോലുള്ളവ സ്ഥിരംപരിഹാരമല്ല. പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെങ്കിൽ കുറഞ്ഞപക്ഷം മാന്യമായി ജീവിക്കാനുള്ള പ്രതിഫലമെങ്കിലും കൃഷിക്കാരന് ഉറപ്പാക്കണം.

ഉൽപാദനച്ചെലവു കുറയ്ക്കാനും ഉൽപാദനം വർധിപ്പിക്കാനും യന്ത്രവൽക്കരണവും പുതു സാങ്കേതിക വിദ്യകളും പ്രചരിപ്പിക്കുക, ഉൽപാദനശേഷിയേറിയതും രോഗപ്രതിരോധശക്തിയുള്ളതുമായ ഇനങ്ങളുടെ നടീൽവസ്തുക്കൾ ലഭ്യമാക്കുക, വിപണന സംവിധാനം കർഷകർക്ക് അനുകൂലമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങി മൂല്യവർധിത വ്യവസായങ്ങൾ വ്യാപകമാക്കുകവരെയുള്ള സമഗ്ര നടപടികളിലൂടെ ഈ ലക്ഷ്യം നേടാൻ നമുക്കാകണം. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് ഇൻഷുറൻസ് പരിരക്ഷയും അത്യാവശ്യം.

തെലങ്കാനപോലെ ചില സംസ്ഥാനങ്ങൾ കാർഷിക മേഖലയിൽ പുത്തനാശയങ്ങളുമായി മുന്നോട്ടുവരുന്നുവെന്നതു സ്വാഗതാർഹമാണ്. കർഷകർക്കു പ്രവർത്തന മൂലധനം നൽകാനുള്ള പദ്ധതിയാണു തെലങ്കാനയിൽ രൂപം കൊള്ളുന്നത്. ഇത്തരം പദ്ധതികൾ രൂപീകരിക്കാൻ മറ്റു സംസ്ഥാനങ്ങളും തയാറാകണം; േകന്ദ്ര സർക്കാർ നിറഞ്ഞ പിന്തുണ നൽകുകയും വേണം.