Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ പിച്ചിലാകരുത് ഏകദിന ക്രിക്കറ്റ്

മുൻനിര രാജ്യാന്തര കായിക മൽസരങ്ങളൊന്നും കേരളത്തിലേക്ക് എത്തിനോക്കാതിരുന്ന ഒരുകാലം ഉണ്ടായിരുന്നു. കൊച്ചിയുടെ ആകാശത്തിലേക്ക് ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ശിരസ്സുയർത്തിയ 1996നു ശേഷം ചരിത്രം മാറുകയായി. ഏകദിന നിയന്ത്രിത ഓവർ രാജ്യാന്തര ക്രിക്കറ്റും പുതിയ നൂറ്റാണ്ടിനെ വരവേറ്റ മിലെനിയം കപ്പ് രാജ്യാന്തര ഫുട്ബോളുമെല്ലാം കലൂ‍ർ സ്റ്റേഡിയംവഴി കേരളത്തിലേക്ക് എത്തി. ഇന്ത്യ ആദ്യമായി ഫുട്ബോൾ അണ്ടർ 17 ലോകകപ്പിന് ആതിഥ്യമരുളിയപ്പോൾ പന്തുരുണ്ട വേദികളിലൊന്നുമാണിത്. ഇന്ത്യയുടെ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയ ടീമുകൾ പലവട്ടം മൽസരിച്ച ഈ കളിത്തട്ടിനു മുകളിൽ ഇപ്പോൾ വിവാദത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നതു നിർഭാഗ്യകരംതന്നെ.

ക്രിക്കറ്റും ഫുട്ബോളും തമ്മിലുള്ള പങ്കുവയ്ക്കലിന്റെ ഉദാഹരണവുമാണ് കൊച്ചി സ്റ്റേഡിയം. അതുകൊണ്ടാണു സ്റ്റേഡിയം ഉടമകളായ ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) യിൽ നിന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ദീർഘകാലത്തേക്കു പാട്ടത്തിനെടുത്ത കളിക്കളവും അനുബന്ധ സൗകര്യങ്ങളും കേരള ബ്ലാസ്റ്റേഴ്സിനു വീടും അണ്ടർ 17 ലോകകപ്പിനു വേദിയുമായത്. ഫുട്ബോളിന്റെ നല്ലതിനുവേണ്ടി കെസിഎ വിശാലമനസ്കതയോടെ സ്റ്റേഡിയം വിട്ടുകൊടുക്കുകയായിരുന്നു. 

നവംബറിൽ ഇന്ത്യ–വെസ്റ്റിൻഡീസ് രാജ്യാന്തര ക്രിക്കറ്റ് കേരളത്തിന് അനുവദിച്ച ഘട്ടത്തിലാണു വിവാദം മൈതാനത്തിലിറങ്ങിക്കളിക്കുന്നത്. ഏകദിന രാജ്യാന്തര ക്രിക്കറ്റിനു കൊച്ചി വേദിയാകണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കം ചൂടുപിടിച്ചുകഴിഞ്ഞു. കൊച്ചി വേദിയാകണമെങ്കിൽ, അണ്ടർ 17 ലോകകപ്പിനായി രാജ്യാന്തര നിലവാരത്തിൽ നിർമിച്ച ഫുട്ബോൾ പ്രതലം മാറ്റിപ്പണിയേണ്ടിവരും. അതെന്തിന് എന്നാണു ചോദ്യം.

രാജ്യാന്തര ക്രിക്കറ്റിനു യോജിച്ച നിലവാരമുള്ള പിച്ചും മൈതാനവും ആധുനികസൗകര്യങ്ങളുമെല്ലാമുള്ള സ്പോർട്സ് ഹബ് സ്റ്റേഡിയം തിരുവനന്തപുരം കാര്യവട്ടത്തുണ്ട്. ക്രിക്കറ്റ് അവിടെ നടത്തിയാൽ പോരേ എന്ന ചോദ്യം ന്യായമാണ്. എന്തിനു കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ പ്രതലം കുഴിച്ചു ക്രിക്കറ്റ് പിച്ച് നിർമിക്കണം? ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തു തന്നെ നടക്കട്ടെ എന്ന് അഭിപ്രായപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയുടെയും രാജ്യാന്തര ക്രിക്കറ്റ് സംഘടനയുടെയും (ഐസിസി) മാനദണ്ഡങ്ങൾ പാലിച്ച് 375 കോടി രൂപ ചെലവിട്ടാണു സ്പോർട്സ് ഹബ്  സ്റ്റേഡിയം യാഥാർഥ്യമായത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന, സമാപന ചടങ്ങും സാഫ് ഫുട്ബോളുമൊക്കെ നടത്തിയെങ്കിലും രാജ്യാന്തര ക്രിക്കറ്റ് രംഗത്തെ അരങ്ങേറ്റത്തിനു രണ്ടുവർഷത്തോളം കാത്തിരിക്കേണ്ടിവന്നു വെന്നുമാത്രം. കഴിഞ്ഞ നവംബറിൽ നാലുദിവസം തുടർച്ചയായി മഴ പെയ്തതോടെ സ്പോർട്സ് ഹബ്ബിലെ ട്വന്റി–20 കളി നടക്കുമോ എന്ന സംശയം പോലുമുണ്ടായി.

ഇന്ത്യയിലെ പല വേദികളിലും മൽസരം ഉപേക്ഷിക്കുമെന്നുറപ്പുള്ള ആ കഷ്ടസാഹചര്യത്തിൽ പക്ഷേ, ഈ സ്റ്റേഡിയത്തിന്റെ രാജ്യാന്തരമികവ് വെളിപ്പെട്ടു. മഴ നിലച്ച് അരമണിക്കൂറിനകമാണു മൽസരം തുടങ്ങാൻ സ്റ്റേഡിയം സജ്ജമാക്കിയത്. അന്നത്തെ കളിയനുനുഭവം ആവോളം ആസ്വദിച്ചവരാണു നമ്മുടെ ക്രിക്കറ്റ് പ്രേമികൾ. കൊച്ചിയിൽത്തന്നെ ക്രിക്കറ്റ് നടത്തണമെന്ന വാശി അവർക്കില്ല. 

നവംബറിലെ ഒറ്റ മൽസരത്തിനുവേണ്ടി കലൂരിൽ ഫുട്ബോൾ പ്രതലം ഇളക്കുകയും പിന്നീടു വീണ്ടും നിർമിക്കുകയും ചെയ്യുന്നതു പണച്ചെലവും പ്രയത്നവും കാലതാമസവും ഏറെയുള്ളതാണെന്ന് എല്ലാവരും തിരിച്ചറിയണം. െഎഎസ്എൽ അ‍ഞ്ചാം പതിപ്പ് ഒക്ടോബറിൽ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മൽസരസജ്ജമാക്കി നവംബർ ഒന്നിന് ഏകദിന ക്രിക്കറ്റ് കൊച്ചിയിൽ നടത്തുന്നതു മറ്റൊരു വെല്ലുവിളിയുമാകും. ദീർഘകാലം കലൂർ സ്റ്റേഡിയം കുറ്റമറ്റ രീതിയിൽ പരിപാലിച്ച കെസിഎ ഈ ഘട്ടത്തിലും വിശാലമനസ്കതയോടെ ഉചിതതീരുമാനമെടുക്കുകയാണു വേണ്ടത്.