ADVERTISEMENT

ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ ഓഫ് ഡ്രൈവ് ഡീപ് ലോങ് ഓഫ് ബൗണ്ടറി കടന്നതിനു പിന്നാലെ തുടങ്ങിയ കരഘോഷം ഇപ്പോഴും തുടരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയം ലോകം ഒന്നടങ്കമാണ് ആഘോഷിക്കുന്നത്. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കാര്യത്തിൽ ജീവിതത്തിന്റെ കണ്ണാടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന്റെ സർവചാരുതയും ആവേശവും നിറഞ്ഞ ഈ പരമ്പര കളിചരിത്രത്തിലെ തന്നെ ഏറ്റവും സമ്മോഹന മുഹൂർത്തങ്ങളുടെ വിരുന്നാണ് ആരാധകർക്ക് ഒരുക്കിയത്. 

ഓസ്ട്രേലിയയ്ക്ക് ഏറ്റവും മേധാവിത്തമുള്ള ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയ ടെസ്റ്റ് വിജയത്തിലൂടെ 2–1ന് ബോർഡർ – ഗാവസ്കർ ട്രോഫി ഇന്ത്യ നിലനിർത്തിയതു ചരിത്രമാവുന്നു. കംഗാരുപ്പടയുടെ കരുത്തുറ്റ ബോളിങ് നിര ശരീരത്തിലും വംശവെറിയന്മാരായ ചില കാണികൾ മനസ്സിലുമേൽപിച്ച മുറിവുകളൊക്കെ മറികടന്നു നേടിയ ഈ വിജയത്തോടെ ലോകക്രിക്കറ്റിലെ ഒന്നാം നമ്പർ ടീം ആരെന്ന ചോദ്യത്തിനും ടീം ഇന്ത്യ മറുപടി നൽകിക്കഴിഞ്ഞു. വിദേശമണ്ണിൽ പകരക്കാരൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ പരമ്പരവിജയത്തിനു പകരംവയ്ക്കാൻ സമീപകാല ക്രിക്കറ്റ് ചരിത്രത്തിൽ മാതൃകകൾ വേറെയില്ല. 

വെല്ലുവിളികളുടെ ബൗൺസറുകൾ ഒട്ടേറെ അതിജീവിച്ചാണ് ഓസ്ട്രേലിയയിൽ ഇന്ത്യൻ സംഘം വിജയക്കൊടി നാട്ടിയത്. പക്ഷേ, ഏകദിന പരമ്പര തോറ്റു. പിന്നാലെയെത്തിയ ട്വന്റി20 പരമ്പര സ്വന്തമാക്കി ആത്മവിശ്വാസത്തോടെ ടെസ്റ്റിലേക്ക്. എന്നാൽ, ഐപിഎൽ ട്വന്റി20 ചാംപ്യൻഷിപ്പിനിടെ പരുക്കു പറ്റിയ ഇഷാന്ത് ശർമയുടെയും ഭുവനേശ്വർ കുമാറിന്റെയും അഭാവം ടെസ്റ്റ് പരമ്പര തുടങ്ങും മുൻപേ പേസ് നിരയുടെ ശക്തി കുറച്ചു. അഡ്‍ലെയ്ഡിലെ ആദ്യ ടെസ്റ്റിന്റെ 2–ാം ഇന്നിങ്സിൽ വെറും 36 റൺസിനു പുറത്തായി നാണക്കേടിന്റെ കുട ചൂടിയതോടെ വിമർശകർ ഇന്ത്യയുടെ വിധിയെഴുതി. ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്കു മടങ്ങുകയും പേസർ മുഹമ്മദ് ഷമിക്കു പരുക്കേൽക്കുകയും ചെയ്തതോടെ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലായി ടീം ഇന്ത്യ.

എന്നാൽ, ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ചേറ്റവും ഗംഭീരമായ തിരിച്ചുവരവിന്റെ വീരഗാഥയാണു പിന്നീട് ഓസ്ട്രേലിയൻ പിച്ചുകളിൽ അരങ്ങേറിയത്. അജിൻക്യ രഹാനെയെന്ന ക്യാപ്റ്റനു കീഴിൽ ഇന്ത്യൻ യുവനിര അതിഗംഭീരമായി പോരാടി. മെൽബണിലെ 2–ാം ടെസ്റ്റിൽ സെഞ്ചുറിയുമായി ക്യാപ്റ്റൻ മുന്നിൽനിന്നു നയിച്ചു. ഫലമോ, 8 വിക്കറ്റ് ജയവുമായി മനോഹരമായ പ്രതികാരം. സിഡ്നിയിലെ 3–ാം ടെസ്റ്റിൽ ഹനുമ വിഹാരിയും ആർ.അശ്വിനും കെട്ടിപ്പൊക്കിയ പ്രതിരോധക്കോട്ടയിൽ ഓസീസ് കുടുങ്ങി; സമനില. ഒടുവിൽ, ബ്രിസ്ബെയ്നിൽ ഋഷഭ് പന്തിലൂടെ ആവേശോജ്വലമായ ജയത്തിന്റെ ക്ലൈമാക്സും.

ഇന്ത്യൻ താരങ്ങൾക്കു പരുക്കേറ്റപ്പോൾ ട്രോളുകളിലൂടെ പരിഹസിച്ചവരേറെയാണ്. ടീം സിലക്‌ഷനെ കുറ്റം പറഞ്ഞ് വീര്യം കെടുത്താൻ നോക്കിയവരുമേറെ. അനുഭവസമ്പത്തുള്ള ഓസീസ് ആക്രമണത്തിനെതിരെ പോരാടാൻ പുതുരക്തം മാത്രമായിരുന്നു ഇന്ത്യയുടെ അവസാന ആശ്രയം. പിതാവു മരിച്ചതിന്റെ വേദനയ്ക്കിടയിലും മനഃസാന്നിധ്യത്തോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജും പരിചയക്കുറവിന്റെ ആശങ്ക പുറത്തുകാട്ടാതെ കളംനിറഞ്ഞ വാഷിങ്ടൻ സുന്ദറും ശാർദൂൽ ഠാക്കൂറും ടി.നടരാജനും നവ്‌ദീപ് സെയ്നിയും പരുക്കിന്റെ വേദന മറികടന്നു ബാറ്റുപിടിച്ച ഋഷഭ് പന്തും അശ്വിനും ഹനുമ വിഹാരിയുമൊക്കെ ഇന്ത്യൻ വിജയത്തിലെ മഴവിൽക്കാഴ്ചകളൊരുക്കി. 

കാലങ്ങൾ കടന്നുപോകും, തലമുറകൾ ബാറ്റ് കയ്യിലെടുക്കും, ബൗണ്ടറികൾ ഇനിയുമിനിയും പിറക്കും. പക്ഷേ, ഇന്ത്യയുടെ ഈ പ്രകടനം ക്രിക്കറ്റുള്ള കാലത്തോളം മായ്ക്കാനാവാത്ത ഇന്നിങ്സായി ഓർമകളുടെ പിച്ചിൽ നോട്ടൗട്ടായി നിൽക്കും. ക്രിക്കറ്റിന്റെ സൗന്ദര്യം വീണ്ടും ക്രീസുകളിൽ നിറച്ചതിന്, അവിസ്മരണീയമായ കളിയാവേശം വീണ്ടും ഞരമ്പുകളിൽ പടർത്തിയതിന്, അത്യുജ്വലമായ ക്രിക്കറ്റ് കാഴ്ചകൾക്കു സാക്ഷ്യം വഹിക്കാൻ ഈ തലമുറയ്ക്ക് അവസരമൊരുക്കിയതിന്... നന്ദി രഹാനെ, നന്ദി ടീം ഇന്ത്യ.

Content Highlights: Indian cricket team historic victory

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com