ADVERTISEMENT

വാഷിങ്ടൻ ഡിസിയിലെ ചരിത്രസൗധമായ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ ഇന്നു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിൽ ആദ്യം സത്യവാചകം ചൊല്ലുന്നത് ജോ ബൈഡനല്ല, കമല ഹാരിസാണ്. പ്രസിഡന്റിനു മുൻപേ വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ അമേരിക്കൻ പാരമ്പര്യത്തിന് പഴുതടച്ചുള്ള ദീർഘവീക്ഷണവുമുണ്ട് – പ്രസിഡന്റ് സത്യവാചകം ചൊല്ലി അധികാരമേറ്റയുടൻ അനിഷ്ടസംഭവങ്ങളെന്തെങ്കിലും ഉണ്ടായി പദവി ശൂന്യമായി ശേഷിക്കാൻ പാടില്ല. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് തിരികെയെത്തി അവകാശവാദം ഉന്നയിക്കാൻ പാടില്ല.

പുതിയ വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചൊല്ലി ആദ്യം അധികാരമേൽക്കുന്നതിന്റെ ഈ യുക്തി മറ്റൊരു കാരണത്താൽ ഇത്തവണ കൂടുതൽ ശ്രദ്ധേയമാകും– വനിത ആദ്യം എന്ന പെരുമാറ്റമര്യാദ. സത്യപ്രതിജ്ഞയിലെ കീഴ്‌വഴക്കം പാലിക്കുന്നത് അമേരിക്കയുടെ അത്യുന്നത അധികാരക്കസേരയിലെത്തുന്ന വനിതയ്ക്കുള്ള സവിശേഷ ആദരം കൂടിയായി മാറുന്നു.

അമേരിക്കൻ സെനറ്റിലേക്കു കന്നിയങ്കത്തിൽ ജയിച്ച്, കാലാവധി പൂർത്തിയാക്കും മുൻപു രാജിവയ്ക്കേണ്ടി വന്ന ഭാഗ്യവതിയെ കമല ഹാരിസ് എന്നു വിളിക്കാം. കാരണം, കമല സെനറ്റ് അംഗത്വം തിങ്കളാഴ്ച കയ്യൊഴിഞ്ഞത് അതേ സഭയുടെ അധ്യക്ഷയായി, പൂർവാധികം ശക്തിയോടെ തിരിച്ചെത്താനാണ്. അമേരിക്കയുടെ വൈസ് പ്രസിഡന്റായി പാർലമെന്റ് ഉപരിസഭയുടെ അധ്യക്ഷപദവി കൂടി ഏൽക്കുമ്പോൾ ചരിത്രനിയോഗം പൂർത്തിയാക്കുകയാണു കമല. കലിഫോർണിയയിൽനിന്നുള്ള സെനറ്റ് അംഗമായിരുന്ന അലൻ ക്രാൻസ്റ്റന്റെ ഇന്റേണായാണ് ഏകദേശം 35 കൊല്ലം മുൻപു കമല ഹാരിസ് യുഎസ് സെനറ്റിന്റെ പടികടന്നെത്തിയത്. കലിഫോർണിയ അറ്റോർണി ജനറലായി തീപ്പൊരി പ്രകടനം കാഴ്ചവച്ച ശേഷം 2017ൽ സെനറ്റ് അംഗമായി. 6 വർഷ കാലാവധി പൂർത്തിയാക്കും മുൻപേ വൈസ് പ്രസിഡന്റും.

എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ബ്രാഞ്ചുകളിൽ രണ്ടിലും പെടുത്താവുന്ന ഏക അധികാരപദവി യുഎസ് വൈസ് പ്രസിഡന്റിന്റേതാണെന്ന് മുൻ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ വാൾട്ടർ മൊൻഡേൽ പറഞ്ഞതു കമല കഴിഞ്ഞ ദിവസം പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. സെനറ്റ്  അധ്യക്ഷയെന്ന നിലയിൽ ടൈ ബ്രേക്കിങ് വോട്ട് എന്ന സവിശേഷ അധികാരം ഡമോക്രാറ്റുകാരിയായ കമലയ്ക്കാണ്. 100 അംഗ സെനറ്റിൽ ഇപ്പോഴത്തെ ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ കക്ഷിനില 50–50 എന്ന സമാസമ ശക്തിയുടെ ത്രാസിലിരിക്കുമ്പോൾ കമലയുടെ വോട്ട് സുപ്രധാനമാകും. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ 268 ടൈ ബ്രേക്കിങ് വോട്ടുകളേ അധ്യക്ഷർ പ്രയോഗിച്ചിട്ടുള്ളൂ. നിർണായക വിഷയങ്ങളിലെ സമാസമ വോട്ടെന്ന പ്രതിസന്ധിക്കു പരിഹാരം കാണാനാകുന്ന ഏക വ്യക്തിയായിട്ടും ടൈ സാഹചര്യത്തെ കമല ഇഷ്ടപ്പെടുന്നില്ല. പാർട്ടിഭേദമില്ലാതെ അമേരിക്കൻ ജനതയുടെ നന്മയ്ക്കായി സെനറ്റർമാർ ചിന്തിക്കണമെന്നാണ് അവരിലെ പ്രായോഗികവാദി ആവശ്യപ്പെടുന്നത്.

 യുഎസ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, അധികാരത്തി‍ൽ തന്റെ കൂട്ടാളിയായി കമലയെ ക്ഷണിക്കാൻ ബൈഡനു പ്രചോദനമായ വസ്തുതകൾ പലതുണ്ട്. പ്രതിസന്ധിഘട്ടത്തിലെ ക്ഷണനിർദേശത്തിൽ പ്രസിഡന്റാകാൻ കെൽപും കരുത്തുമുള്ള ഒരു വൈസ് പ്രസിഡന്റ് എന്ന യോഗ്യത തന്നെയാണ് ഏറ്റവും പ്രധാനം. ഔദ്യോഗിക ജീവിതത്തിലെ വിവാദങ്ങളെ നേരിട്ടപ്പോഴും പ്രണയം ഉൾപ്പെടെ വ്യക്തിജീവിത വഴിത്തിരിവുകൾ സംസാരവിഷയമായിത്തീർന്നപ്പോഴും കമലയുടെ ചിരിക്ക് കൽവിളക്കിന്റെ പ്രകാശസൗന്ദര്യം നഷ്ടമാകാത്തത് നർമബോധവും പ്രത്യാശ നിറഞ്ഞ കാഴ്ചപ്പാടും മൂലമാണ്. അമേരിക്കയുടെ ഈ പുഞ്ചിരി തുടരട്ടെയെന്ന് ലോകം പ്രത്യാശിക്കുന്നു.

Content Highlights: US new Vice President Kamala Harris 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com