ADVERTISEMENT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ കൺവീനർ എം.എം.ഹസൻ ഔദ്യോഗികമായി ഒരു ആവശ്യം മുന്നോട്ടുവച്ചു: ‘‘കെപിസിസിക്കും യുഡിഎഫിനും വേണ്ടി ഒരു കാര്യം അഭ്യർഥിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ നേതൃത്വം താങ്കൾ ഏറ്റെടുക്കണം’’. പി.കെ.കുഞ്ഞാലിക്കുട്ടി ഉടൻ പിന്താങ്ങി: ‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ സാന്നിധ്യം ഇവിടെയുണ്ടാക്കിയ മാറ്റം പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല. കേരളത്തിലെ മതനിരപേക്ഷ സമൂഹം താങ്കളിലർപ്പിക്കുന്ന വിശ്വാസം വളരെ വലുതാണ്’’. രാഹുലും കൂടെ പ്രിയങ്കയും കേരളത്തിൽ കേന്ദ്രീകരിക്കണം എന്നായിരുന്നു എൻ.കെ.പ്രേമചന്ദ്രന്റെ നിർദേശം.

1200-rahul-ganhdi-pinarayi-vijayan
രാഹുൽ ഗാന്ധി ((Photo by Prakash SINGH / AFP) പിണറായി വിജയൻ (ഫയൽ ചിത്രം)

ഗൗനിക്കാത്ത ബംഗാൾ സഖ്യം 

പ്രചാരണം നയിക്കണം എന്ന ആവശ്യത്തിന് ‘യെസ്, അല്ലെങ്കിൽ ‘നോ’ എന്ന മറുപടിക്കു രാഹുൽ മുതിർന്നില്ല. പകരം ‘ഞാൻ കൂടെത്തന്നെ ഉണ്ടാകും’ എന്ന ഉറപ്പുനൽകിയെന്നു മാത്രമല്ല, തുടർന്നു തിരുവനന്തപുരത്തും കൊല്ലം തങ്കശേരിയിലും ഒപ്പമുള്ളവരെ  അമ്പരപ്പിച്ച ചില നാടകീയതകൾക്കു മുതിരുകയും ചെയ്തു.

കേരള സർക്കാരിനോടു വയനാട് എംപി ഇതുവരെ പുലർത്തിയിരുന്ന നയതന്ത്രജ്ഞതയും അദ്ദേഹം കൈവിട്ടു. കേന്ദ്ര ഏജൻസികളോടു കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് നേതൃത്വങ്ങൾക്കു വിരുദ്ധ സമീപനമാണ് എന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

ബംഗാളിലെ സിപിഎം സഖ്യത്തിന്റെ പേരിൽ കേരളത്തിൽ ആ പാർട്ടിക്കെതിരെ നാവു പൊന്താൻ ഇടയില്ല എന്ന സിപിഎം വ്യാമോഹം കൂടിയാണ് ശംഖുമുഖം പ്രസംഗത്തിൽ രാഹുൽ അസ്ഥാനത്താക്കിയത്.

ബിജെപിയുടെ കേന്ദ്ര നേതൃത്വമാകെ ബംഗാളിൽ തമ്പടിക്കുമ്പോൾ എന്തുകൊണ്ട് രാഹുൽ അവിടെ പോകുന്നില്ല എന്ന് ദേശീയ രാഷ്ട്രീയത്തിൽ ഉയരുന്ന ചോദ്യത്തിനു കൂടി അതുവഴി അദ്ദേഹം മറുപടി നൽകി. വയനാട് എംപി ആയിരിക്കെ നിലവിൽ സ്വന്തം സംസ്ഥാനമായ കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനും അവിടെ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രത്തിനുമാണു മുൻഗണന നൽകുന്നതെന്ന് ഈ സന്ദർശനത്തിലൂടെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നു. ബംഗാളിൽ ഇനിയും ക്ഷീണിക്കാതെ പിടിച്ചുനിൽക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; കേരളത്തിൽ അധികാരത്തിലേക്കു തിരിച്ചുവരാനും.

പ്രകടനപത്രികയിലും രാഹുൽ ടച്ച് 

നിലമ്പൂരിൽ ചോലനായ്ക്കർ ഉൾപ്പെടെ ആദിവാസി വിഭാഗത്തിലുള്ളവരെയും കൊല്ലത്തു മത്സ്യത്തൊഴിലാളികളെയും രാഹുൽ നേരിൽ കണ്ടത് യുഡിഎഫ് പ്രകടനപത്രിക രൂപപ്പെടുത്തലുമായിക്കൂടി ബന്ധപ്പെട്ടാണ്. കേരളത്തിൽ ഒരു ജനകീയ മാനിഫെസ്റ്റോ തയാറാക്കണമെന്നത് യഥാർഥത്തിൽ രാഹുലിന്റെ ആശയമാണ്.

ശശി തരൂർ നടത്തുന്ന സംവാദങ്ങളും 140 നിയോജക മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ വിളിക്കാനുള്ള യുഡിഎഫ് തീരുമാനവും രാഹുലിന്റെ നിർദേശപ്രകാരമായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സമരപ്പന്തൽ സന്ദർശനം അദ്ദേഹത്തിന്റെ യാത്രാപരിപാടിയിൽ ആ ദിവസം ഉച്ചവരെ ഉൾപ്പെടുത്തിയിരുന്നില്ല. യുഡിഎഫ്, കോൺഗ്രസ് നേതൃയോഗങ്ങൾക്കു ശേഷം നേതാക്കൾ ശംഖുമുഖത്തേക്കു പോകാൻ ഒരുങ്ങുന്ന ഘട്ടത്തിലാണ് അതു സ്ഥിരീകരിക്കുന്നത്. കേരളത്തിലെ മന്ത്രിമാർ ആരും തിരിഞ്ഞുനോക്കാത്ത സമരവേദിയിലേക്ക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാണ് എത്തിച്ചേർ‍ന്നത്. 

ഇതോടെ രാഹുലിനെ മുന്നിൽ നി‍ർത്തിയുള്ള കളിക്കാണ് കേരളത്തിലെ കോൺഗ്രസ് ഒരുങ്ങുന്നതെന്നു സിപിഎം തിരിച്ചറിഞ്ഞു. അല്ലെങ്കിൽ, കേരളത്തിലെ തിരഞ്ഞെടുപ്പിന് എഐസിസി നൽകുന്ന മുൻഗണന അവർക്കു ബോധ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രോഷാകുലമായ പ്രസ്താവനയ്ക്കു പിന്നിൽ ആ രാഷ്ട്രീയ ബോധ്യമാണുള്ളത്. ഇതുവരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയിൽ ബിജെപി ബന്ധം ആരോപിച്ച് അദ്ദേഹത്തെ തിരുത്താൻ രാഹുൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്ന സിപിഎം, പൊടുന്നനെ രാഹുലിനെത്തന്നെ ബിജെപി ഏജന്റായി മുദ്രകുത്തി; കോൺഗ്രസ് മുഖപത്രമായിരുന്ന ‘നാഷനൽ ഹെറൾഡു’മായി ബന്ധപ്പെട്ട കേസിനെ ഉദ്ദേശിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ടയാളാണെന്നു പരിഹസിച്ചു.

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ ഉണ്ടായ വൻ തിരിച്ചടിയോടാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ 1–19 തോൽവിയെ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) താരതമ്യപ്പെടുത്തിയത്. ‘കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന യുഡിഎഫിന്റെ പ്രചാരണമാണു ജനം വിശ്വസിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചത് അതിനെ ശക്തിപ്പെടുത്തി’ – സിസി വിലയിരുത്തി. 

ചാടിക്കടക്കേണ്ട ഒരു രാഷ്ട്രീയ കടമ്പയായി കേരളത്തിലെ എൽഡിഎഫിനു മുന്നിൽ രാഹുൽ ഗാന്ധി വീണ്ടും ഉയരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com