ADVERTISEMENT

പരിസ്ഥിതി - വനസംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോഴും സ്വാഭാവിക വനം നശിപ്പിക്കുന്നതിൽ വനംവകുപ്പിനും സർക്കാരിനുമുള്ള പങ്ക് കാണാതിരിക്കാനാവില്ലെന്നു കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഏക്കർകണക്കിനു സ്ഥലത്താണു സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക്, യൂക്കാലിപ്റ്റസ് അടക്കമുള്ള പ്ലാന്റേഷനുകളാക്കിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ വന്യമൃഗ - മനുഷ്യ സംഘർഷം ഏറ്റവുമധികമുള്ള മേഖലകളിലൊന്നാണു വയനാട് വന്യജീവിസങ്കേതത്തോടു ചേർന്ന ജനവാസകേന്ദ്രങ്ങൾ. കാടിന്റെ സ്വാഭാവികത നഷ്ടമാകുന്നതിനാലും എണ്ണം പെരുകുന്നതിനാലും മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നു. നോർത്ത് വയനാട് വനം ഡിവിഷനിൽ മാത്രം സ്വാഭാവിക വനം വെട്ടിമാറ്റി 11,549 ഹെക്ടർ സ്ഥലത്താണു തേക്കുമരങ്ങൾ വച്ചുപിടിപ്പിച്ചത്. ഇതു കാട്ടാനയുടെയും മാനുകളുടെയുമെല്ലാം ഭക്ഷണലഭ്യത ഇല്ലാതാക്കി.

വയനാട്ടിൽ തേക്ക്, യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകൾ 20,255 ഹെക്ടറിലുണ്ട്. ഈയിടെ ബേഗൂർ റേഞ്ചിലും 32 ഹെക്ടർ സ്ഥലത്ത് ഏകവിളത്തോട്ടം രൂപപ്പെടുത്താൻ വനംവകുപ്പു തീരുമാനമെടുത്തിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിലാണു പിൻവാങ്ങിയത്. ഏകവിളത്തോട്ടങ്ങൾ മാറ്റി സ്വാഭാവിക വനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പു സ്വീകരിക്കുന്നുണ്ടെങ്കിലും ഫലം കാണാൻ ഏറെക്കാലമെടുക്കും.

ചൂണ്ടയും മാരകായുധം!

‘94 വയസ്സായി. കണ്ണൂർ കേളകത്തെത്തിയത് 1956ൽ. പറമ്പിന്റെ അതിരിൽ പുഴയ്ക്കപ്പുറം ആറളം വനമാണ്. പുഴയിൽ ചൂണ്ടയിട്ടതിന് എന്റെ കൊച്ചുമകനെതിരെ കേസെടുത്ത വനംവകുപ്പാണ് ഇവിടെയുള്ളത്. ആനശല്യം തടയാൻ വേലി കെട്ടാൻ സ്വന്തം സ്ഥലം വിട്ടുകൊടുത്തവരാണു ഞങ്ങൾ. ഇപ്പോൾ വനംവകുപ്പു പറയുന്നു അതും അവരുടേതാണെന്ന്. തലമുറകളായി കഴിയുന്ന ഇവിടം വിട്ടിറങ്ങണമെന്നാണോ ഇവരൊക്കെ പറയുന്നത്?’’ – പാലത്തിങ്കൽ ഫിലിപ് ചോദിക്കുന്നു.

പറമ്പിന്റെ അരികിലെ ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ടതിനാണു ഫിലിപ്പിന്റെ കൊച്ചുമകനും മുൻ സൈനികനുമായ പൂക്കുണ്ട് സ്വദേശി പ്രിൻസ് ദേവസ്യയ്ക്കെതിരെ കേസെടുത്തത്. എന്നാൽ, ജണ്ട കെട്ടി അതിർത്തി തിരിച്ചിരിക്കുന്നതു പുഴയുടെ അക്കരെയാണെന്നാണു നാട്ടുകാരുടെ വാദം. ജാമ്യം ലഭിക്കാൻ ഹൈക്കോടതി വരെ പോകേണ്ടിവന്നു. ഡിസംബർ 26നാണ് പ്രിൻസിനെതിരെ ആറളം വന്യജീവിസങ്കേതം ഫോറസ്റ്റ് സ്റ്റേഷനിൽ‍ കേസ് റജിസ്റ്റർ ചെയ്തത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനുള്ള മാരകായുധമാണു ചൂണ്ട എന്നു രേഖപ്പെടുത്തി വനംവകുപ്പു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിവാദമായിരുന്നു. 1972ലെ വന്യജീവി സംരക്ഷണനിയമം, 1961ലെ വനസംരക്ഷണ നിയമം എന്നിവ പ്രകാരമാണു കേസെടുത്തത്.

അതേസമയം, 1972ലെ കേന്ദ്ര വനസംരക്ഷണ നിയമം 50സി പ്രകാരം വന്യജീവിസങ്കേതത്തിന്റെയോ ദേശീയോദ്യാനങ്ങളുടെയോ 10 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കു മീൻ പിടിക്കുന്നതിനോ ബോട്ട് ഉൾപ്പെടെയുള്ള മീൻപിടിത്ത ഉപകരണങ്ങൾ സഹിതം പാർക്കിനുള്ളിലോ വനത്തിലോ പ്രവേശിക്കുന്നതിനോ തടസ്സമില്ല എന്നാണു കർഷകരുടെ വാദം. എന്നാൽ, പ്രിൻസ് വനമേഖലയിൽ കടന്നുവെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചുനിൽക്കുകയാണ്. ഇത്തരത്തിൽ നിസ്സാര കാര്യങ്ങൾ‍ക്കു വരെ നടപടികൾ നേരിടേണ്ടി വരുന്നയിടങ്ങളിൽ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം കൂടി വന്നാൽ എന്താകും അവസ്ഥയെന്ന ആശങ്കയിലാണു കർഷകർ.

ഇനി എന്താകും, അറിയില്ല!

Krishnankutty-JPG
കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ വാടകവീട്ടിൽ കഴിയുന്ന കൃഷ്ണൻകുട്ടിയും ഭാര്യ രത്നമ്മയും.

‘‘ജീപ്പ് എത്തുന്ന റോഡും കഴിഞ്ഞ് ഒരു കിലോമീറ്റർ നടന്നെത്തേണ്ട സ്ഥലത്തായിരുന്നു താമസം. ഒക്കെ ജീവിക്കാൻ വേണ്ടി. ഇനി എന്താകുമെന്നറിയില്ല’’ – കണ്ണൂർ കൊട്ടിയൂർ ചപ്പമല കൃഷ്ണൻകുട്ടി പറയുന്നു. കുടിയേറ്റത്തിന്റെ സുവർണകാലമൊക്കെ കഴിഞ്ഞ് 1995ലാണ് കോതമംഗലത്തിനടുത്തു നിന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം കൊട്ടിയൂരിലെത്തിയത്. അഞ്ചേക്കർ നിലത്തു കൃഷിയിറക്കി. മൂന്നു മക്കളെ പഠിപ്പിച്ചു, വിവാഹം നടത്തി. ആനകൾ കാടു വിട്ടിറങ്ങിത്തുടങ്ങിയതോടെ കഷ്ടകാലമായി. കൃഷി നശിച്ചു. ആനത്താരയ്ക്കായി ഭൂമി വിട്ടുകൊടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വിട്ടുകൊടുത്തെങ്കിലും അതിന്റെ നഷ്ടപരിഹാരത്തുക ഇന്നും ലഭിച്ചിട്ടില്ല; കൃഷ്ണൻകുട്ടിക്ക് അടക്കം മേഖലയിലെ പലർക്കും. വേറെ കുറച്ചുപേർക്കു നിസ്സാരതുക ലഭിച്ചെങ്കിലും അതു പോരെന്നു പറഞ്ഞു നൽകിയ കേസിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടായിട്ടും അധികതുക ലഭിച്ചിട്ടില്ല. ആരു നൽകണമെന്ന തർക്കത്തിലാണു റവന്യു വകുപ്പും വനംവകുപ്പും.

‘‘വാടകവീട്ടിലാണു താമസം. കുറച്ചു കുരുമുളകുണ്ട്. കാടിനോടു ചേർന്നായിരുന്നു സ്ഥലം. രേഖകളുള്ള നമ്മുടെ സ്ഥലം കാട്ടുമൃഗങ്ങൾ കയ്യേറിയപ്പോൾ വനംവകുപ്പ് അതിനൊപ്പം നിൽക്കുകയാണ്. മറ്റു വരുമാനമാർഗങ്ങളില്ല’’ – കൃഷ്ണൻകുട്ടിയുടെയും ഭാര്യ രത്നമ്മയുടെയും ശബ്ദമിടറുന്നു.

പ്രതിസന്ധിക്കിടയിലെ ഇരട്ടപ്രഹരം

ഹൃദ്രോഗിയായ കോഴിക്കോട് മാവട്ടം പുതുവേലിൽ ജോർജിനു പറയാനുള്ളതു പഴയ കുടിയേറ്റ കർഷകന്റെ കണ്ണീരുണങ്ങാത്ത കഥയാണ്. ചങ്ങനാശേരി കങ്ങഴയിൽനിന്ന് 1965ൽ കുറത്തിപ്പാറയിലേക്കു ജീവിതമാർഗം തേടിയെത്തിയതാണു ജോർജ്. 1971ൽ ജോർജടക്കം നാൽപതോളം കർഷകർ മാവട്ടത്തു കൃഷി തുടങ്ങി. പൂഴിത്തോടു വരെയാണ് ഇന്നും ബസ് എത്തുന്നത്. പിന്നെയും നാലു കിലോമീറ്ററുണ്ട് മാവട്ടത്തേക്ക്. കൃഷിവിളകൾ പൂഴിത്തോട് അങ്ങാടിയിലോ ചെമ്പനോടയിലോ എത്തിക്കണമെങ്കിൽ ഓട്ടോയോ ജീപ്പോ വിളിക്കണം.

125 തെങ്ങുണ്ടായിരുന്നിടത്ത് ഇപ്പോൾ 12 തെങ്ങു മാത്രം. മലഞ്ചെരിവിലെ കാറ്റിൽ കവുങ്ങുകളും നശിച്ചു. മരപ്പട്ടിശല്യം കാരണം കൊക്കോക്കൃഷിയും നശിച്ചു. മുള്ളൻപന്നിയും പെരുച്ചാഴിയും കപ്പയടക്കമുള്ള കൃഷികൾക്കും പ്രതിസന്ധിയാകുന്നു. കൃഷി ചെയ്തു ജീവിക്കാൻ കഴിയാതെ നട്ടംതിരിയുന്നതിനിടെയാണു പരിസ്ഥിതിലോല മേഖലാ കരടു വിജ്ഞാപനം വരുന്നത്. ജോർജും ഭാര്യ മേരിയും ആശങ്കയിലാണ്.‌

George-JPG
മാവട്ടം പുതുവേലിൽ ജോർജ്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

കൃഷിക്ക് തടസ്സമുണ്ടാകില്ലെന്ന് വിദഗ്ധസമിതി

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളിൽ (ഇഎസ്‌സെഡ്) കൃഷിക്കു തടസ്സമുണ്ടാകില്ലെന്നു പരിസ്ഥിതി മന്ത്രാലയ വിദഗ്ധസമിതി. ഇഎസ്‌സെഡ് വിദഗ്ധസമിതിയുടെ കഴിഞ്ഞ മാസത്തെ യോഗത്തിലും കേരളത്തോട് ഇതു വ്യക്തമാക്കിയിട്ടുണ്ട്. കൃഷിക്കും അനുബന്ധകാര്യങ്ങൾക്കും പ്രശ്നമുണ്ടാകുമെന്ന തെറ്റിദ്ധാരണ നീക്കേണ്ടതു സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അറിയിച്ചിരുന്നു.

ആവശ്യമായ വിവരങ്ങൾ നിശ്ചിതസമയത്തു സംസ്ഥാന സർക്കാർ ലഭ്യമാക്കാതിരുന്നതിനാലാണ് 2016ൽ ഇറക്കിയ കരട് ഇഎസ്‌സെഡ് വിജ്ഞാപനങ്ങൾ മിക്കതും കഴിഞ്ഞ വർഷം വീണ്ടും ഇറക്കിയത്.

മതികെട്ടാൻചോലയ്ക്കു പുറമേ, സൈലന്റ്‌വാലി, കൊട്ടിയൂർ, ശെന്തുരുണി, മംഗളവനം എന്നിവയുടെ ഇഎസ്‌സെഡിനും അന്തിമരൂപം നൽകാൻ സമിതി തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ കഴിഞ്ഞ യോഗത്തിൽ കേരളത്തിലെ 6 ഇഎസ്‌സെഡുകൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങൾ ഇങ്ങനെ:

∙ തട്ടേക്കാട്: ഇഎസ്‌സെഡ് വിസ്തീർണം 28.444 ചതുരശ്ര കിലോമീറ്ററിൽനിന്ന് 16 ചതുരശ്ര കിലോമീറ്റർ ആക്കണമെന്നു സംസ്ഥാന സർക്കാർ. കിഴക്ക്, തെക്കുകിഴക്ക് ഉയർന്ന ജനസാന്ദ്രത കണക്കിലെടുത്തു വിസ്തീർണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതു ഭാഗികമായി അംഗീകരിക്കാമെന്നാണു സമിതി നിലപാട്.

∙ സൈലന്റ്‌വാലി: കരടു വിജ്ഞാപനം അന്തിമമാക്കും.

∙ ആറളം: ഇഎസ്‌സെഡ് വിസ്തീർണം 10.136 ചതുരശ്ര കിലോമീറ്ററിൽനിന്ന് 7.136 ചതുരശ്ര കിലോമീറ്റർ ആക്കണമെന്നു സംസ്ഥാന സർക്കാർ. തെക്കുപടിഞ്ഞാറു വശത്തെ കൃഷിസ്ഥലങ്ങളും ആദിവാസി ഭവനമേഖലകളും പരിഗണിക്കണമെന്നും ആവശ്യം. നിയന്ത്രണങ്ങൾ കൃഷിക്കു തടസ്സമല്ലെന്നും ആവശ്യം അംഗീകരിക്കാനാവില്ലെന്നും സമിതി.

∙ ഇടുക്കി: ഇഎസ്‌സെഡ് വിസ്തീർണം 88.238 ചതുരശ്ര കിലോമീറ്ററിൽനിന്ന് 20.0714 ചതുരശ്ര കിലോമീറ്ററാക്കണമെന്നു സംസ്ഥാന സർക്കാർ. വടക്കുപടിഞ്ഞാറ് വശത്തു മാത്രം ഇഎസ്‌സെഡ് മതിയെന്നും ആവശ്യം. അംഗീകരിക്കാനാവില്ലെന്നും വികസനാവശ്യങ്ങൾ പരിഗണിക്കുമ്പോൾ ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത ഏറെയെന്നതുകൂടി കണക്കിലെടുക്കണമെന്നും സമിതി.

∙ കൊട്ടിയൂർ: ഇഎസ്‌സെഡ് വിസ്തീർണം 12.91 ചതുരശ്ര കിലോമീറ്ററിൽനിന്ന് 10.87 ചതുരശ്ര കിലോമീറ്ററാക്കണമെന്നു സംസ്ഥാന സർക്കാർ. തെക്ക്, തെക്കുപടിഞ്ഞാറ് വശങ്ങളിൽ വിസ്തീർണം കുറയ്ക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാമെന്നു സമിതി.

∙ മലബാർ: ഇഎസ്‌സെഡ് വിസ്തീർണം 53.60 ചതുരശ്ര കിലോമീറ്ററിൽനിന്ന് 42.815 ചതുരശ്ര കിലോമീറ്ററാക്കണമെന്നു സംസ്ഥാന സർക്കാർ. തെക്കുഭാഗത്തെ ജലവൈദ്യുത പദ്ധതി, പടിഞ്ഞാറും വടക്കുപടിഞ്ഞാറുമുള്ള ആദിവാസിമേഖലകളും പരിഗണിക്കണമെന്ന് ആവശ്യം. പരിഗണിക്കാമെന്നു സമിതി.

പരിസ്ഥിതിലോല മേഖല: നമ്മുടെ അയൽസംസ്ഥാനങ്ങളുടെ നിലപാടെന്ത്? അതെക്കുറിച്ചു നാളെ.

തയാറാക്കിയത്: ജോമി തോമസ്, സന്തോഷ് ജോൺ തൂവൽ, രമേഷ് എഴുത്തച്ഛൻ, എസ്.വി.രാജേഷ്, ജെറിൻ ജോയ്, വി.മിത്രൻ, ഷിന്റോ ജോസഫ്, എസ്.അഖിൽ, ആൽബിൻ രാജ്. സങ്കലനം: ജിജീഷ് കൂട്ടാലിട

Content Highlights: Forest department, deforestation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com