ADVERTISEMENT

കേരളത്തിന്റെ പൊതുകടം 3.2 ലക്ഷം കോടി രൂപ. കഴിഞ്ഞദിവസവും 2000 കോടി വായ്പയെടുത്തു. കിഫ്ബി വഴിയുള്ള വായ്പയെടുക്കൽകൂടി താങ്ങേണ്ട അവസ്ഥയിലാണ് സർക്കാർ. മറുവശത്ത്, കോവിഡ് പ്രതിസന്ധി കാരണം നികുതി വരുമാനം കുറയുന്നു. ജിഎസ്ടി നഷ്ടപരിഹാരം നിലയ്ക്കുന്നതും റവന്യു കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് അടുത്ത വർഷം മുതൽ കുത്തനെ കുറയുന്നതും വലിയ ആശങ്കയാണ്. വരവു കുറയുകയും ചെലവു കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ തുടരുന്ന കടമെടുപ്പ് കേരളത്തെ കടക്കെണിയിലാക്കുമോ?

എൽ.അനിതാ കുമാരി (അസോഷ്യേറ്റ് പ്രഫസർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ), ഡോ.സി.എസ്.ഷൈജുമോൻ (അസോഷ്യേറ്റ് പ്രഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, വലിയമല, തിരുവനന്തപുരം) എന്നിവർ പറയുന്നു.

∙ കടമെടുക്കാതെ ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സ്ഥിതിയിലാണു കേരളമെന്നു പറയുന്നല്ലോ. ഇത് കേരളത്തെ വലിയ കടക്കെണിയിലാക്കില്ലേ?

എൽ.അനിതാ കുമാരി: സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 5% വരെ കടമെടുക്കാൻ കേന്ദ്രം തന്നെ അനുമതി നൽകിയിട്ടുണ്ട്. ആ കടമെടുപ്പു പരിധിക്കപ്പുറം സംസ്ഥാനങ്ങൾക്കു കടമെടുക്കാൻ കഴിയില്ല. അതിനാൽ കേരളം കടക്കെണിയിലേക്കു പോകുന്ന അവസ്ഥയിലേക്ക് ഇനിയും എത്തിയിട്ടില്ലെന്നുതന്നെ പറയാം. 2018–19ൽ ജിഎസ്ഡിപിയുടെ 3.41 ശതമാനമാണു കേരളം കടമെടുത്തത്. 2019–20ൽ 2.79 ആയി കുറഞ്ഞു. എന്നാൽ, 2020–21ൽ 4.25% വരെ ഉയർന്നു. അതിനു കാരണമുണ്ട്. കോവിഡ് മൂലം എല്ലാ സംസ്ഥാനങ്ങൾക്കും വരുമാനത്തിൽ വലിയ ഇടിവു വന്നു. അതിനാൽ കടമെടുക്കാവുന്ന പരിധി 5% വരെയാക്കി കേന്ദ്രം വർധിപ്പിച്ചു. അതിനു ചില വ്യവസ്ഥകൾ കേന്ദ്രം വച്ചപ്പോൾ കേരളം അതെല്ലാം പാലിക്കുകയും ചെയ്തു. ഇൗ വർഷം 3.5% കടമെടുക്കുമെന്നാണു ബജറ്റിൽ കേരളം പറയുന്നത്. ഇത് 5% വരെ ഉയർന്നാലും പരിധിക്കുള്ളിൽ തന്നെയായിരിക്കും നമ്മൾ. എന്നാൽ, കേന്ദ്രം ജിഎസ്ഡിപിയുടെ 9% വരെയാണു കടമെടുക്കുന്നതെന്ന കാര്യം മറക്കരുത്.

ഡോ.സി.എസ്.ഷൈജുമോൻ: എടുത്ത കടം തിരിച്ചടയ്ക്കാനുള്ള മാർഗങ്ങൾ അവലംബിക്കാതെയുള്ള കടമെടുപ്പും വീണ്ടും വീണ്ടും വായ്പയെടുത്തുള്ള കടംവീട്ടലും കേരളത്തെ വലിയ കടക്കെണിയിലേക്ക് എത്തിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, കടബാധ്യതയുടെ പൂർണകാരണം സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ 60 ശതമാനത്തോളം തുക ചെലവിടുന്നതു കൊണ്ടാണെന്നു കരുതുന്നതു ശരിയല്ല. കാരണം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റത്തിൽ സർക്കാർ ജീവനക്കാരുടെ പങ്ക് വളരെ വലുതാണ്. പ്രളയവും കോവിഡുമൊക്കെ വന്നപ്പോൾ അതിൽനിന്നു കരകയറാൻ സാധിച്ചതു സർക്കാർ ജീവനക്കാർ നടത്തിയ ഏകോപന പ്രവർത്തനങ്ങൾകൊണ്ടു കൂടിയാണ്. കാലാകാലങ്ങളിലെ ശമ്പള, പെൻഷൻ വർധനയ്ക്ക് അവർ അർഹരാണ്. എന്നാൽ, ഉൽപാദനമേഖലയെ ഉത്തേജിപ്പിച്ചു നികുതി, നികുതി ഇതര വരുമാനം എന്നിവ വർധിപ്പിക്കുന്നതിൽ മാറി മാറി വന്ന സർക്കാരുകൾക്ക് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ട്.

indian-currency

∙ വികസനപദ്ധതികൾ നടപ്പാക്കാനെന്ന പേരിലാണ് ഓരോ തവണയും റിസർവ് ബാങ്ക് വഴി സർക്കാർ കടമെടുക്കുന്നത്. എന്നാൽ, ഇൗ പണം ചെലവിടുന്നതു ദൈനംദിന ആവശ്യങ്ങൾക്കും മുൻപു കടം വാങ്ങിയ തുക തിരിച്ചടയ്ക്കാനും വേണ്ടി. ഈ രീതി ശരിയാണോ?

അനിതാ കുമാരി: അരക്കോടിയോളംപേർക്കു സർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നു. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഭക്ഷ്യക്കിറ്റ് നൽകുന്നു. ബജറ്റിന്റെ കാൽഭാഗത്തിലേറെ തുക തദ്ദേശ സ്ഥാപനങ്ങൾക്കു വിതരണം ചെയ്യുന്നു. ഇൗ പണം ചെലവഴിക്കുന്നതു വികസന പ്രവർത്തനങ്ങൾക്കാണ്. വികസനപദ്ധതികൾക്ക് ഒട്ടും പണം ചെലവിടുന്നില്ലെങ്കിലേ കടമെടുക്കുന്ന തുക തെറ്റായ ആവശ്യങ്ങൾക്കു ചെലവഴിക്കുന്നു എന്നു കുറ്റപ്പെടുത്താൻ കഴിയൂ. വരുമാനത്തിന്റെ നല്ലൊരുപങ്കും പദ്ധതി നടത്തിപ്പിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ്.

ഷൈജുമോൻ: ശരിയല്ല. കടമെടുക്കുന്ന പണം മൂലധന ചെലവുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മാത്രം ചെലവാക്കുമ്പോഴാണു സാമ്പത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും അതുവഴി സർക്കാരിനു ഭാവിയിൽ കൂടുതൽ വരുമാനം സമാഹരിക്കാനും കഴിയുക. സുസ്ഥിരമായ വരുമാന സ്രോതസ്സില്ലാതെ നിത്യനിദാന ചെലവുകൾക്കായി ബാങ്കുകളിൽ നിന്നും വിപണിയിൽ നിന്നും വായ്പയെടുത്താൽ ഒരുവ്യക്തിക്കോ കുടുംബത്തിനോ സംഭവിക്കുന്നതുപോലെ തന്നെ സർക്കാരും കടക്കെണിയിലാകും.

∙ കിഫ്‌ബി വഴിയും ഇപ്പോൾ കടമെടുക്കുന്നു. ജിഎസ്ടി നഷ്ടപരിഹാര വായ്പയും വാങ്ങുന്നു. ഇതെല്ലാം തിരിച്ചടയ്ക്കണം. ഒരു ചെറിയ സംസ്ഥാനത്തിനു താങ്ങാവുന്നതാണോ ഈ അനിയന്ത്രിത കടമെടുപ്പ്?

അനിതാ കുമാരി: പണം വകമാറ്റാതെ വികസന പദ്ധതികൾക്കു വേണ്ടി മാത്രം ചെലവഴിക്കുന്നെന്ന് ഉറപ്പാക്കുന്ന ഏജൻസി കൂടിയാണു കിഫ്ബി. മോട്ടർ വാഹന നികുതിയുടെ 50% സർക്കാർ കിഫ്ബിക്കു നൽകുന്നുണ്ട്. ഇന്ധനസെസും കൈമാറുന്നുണ്ട്. 1750 കോടിയിലേറെ രൂപ ഒരു വർഷം കിഫ്ബിക്കു നൽകുമ്പോൾ ആ പണം മുഴുവൻ ചെലവിടുന്നത് അടിസ്ഥാനസൗകര്യ വികസനപaദ്ധതികൾക്കു വേണ്ടിയാണ്. ഇതെല്ലാം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തും. കിഫ്ബി വഴി എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാൻ ഫോർമുല തയാറാക്കിയിട്ടുണ്ട്. അതനുസരിച്ചു മുന്നോട്ടു നീങ്ങിയാൽ പ്രതിസന്ധിയുണ്ടാകില്ല.

ഷൈജുമോൻ: അനിയന്ത്രിതമായ കടമെടുപ്പ് സമ്പന്ന സംസ്ഥാനങ്ങൾക്കുപോലും നല്ലതല്ല. വരുമാനം നോക്കിയേ കടമെടുക്കാവൂ. കടമെടുക്കാൻ കിഫ്ബിയെന്ന ആശയം നല്ലതാണ്. പക്ഷേ, കിഫ്‌ബിയെ ഉപയോഗിച്ച് ഉയർന്ന പലിശയ്ക്കു കടമെടുക്കുന്ന പണം എങ്ങനെ തിരിച്ചടയ്ക്കും? കിഫ്ബിക്കു കീഴിലെ പദ്ധതികൾ ഒന്നും വരുമാനം ഉണ്ടാക്കിത്തരുന്നവയല്ല. ഇതു പരോക്ഷമായി വലിയ ബാധ്യത വരുത്തിവയ്ക്കും. പരമാവധി വികസന പദ്ധതികൾ ഇപ്പോൾ നടപ്പാക്കിയാൽ ഭാവിയിൽ ഭീമമായ മൂലധനച്ചെലവ് ഒഴിവാക്കാൻ സാധിക്കുമെന്നതാണു സർക്കാർ വാദം. ഭാവിയിലെ മാറ്റങ്ങളെ ഇപ്പോൾ വിലയിരുത്തുന്നതു പ്രായോഗികമല്ല.

gst--

∙ നികുതിവരുമാനം വർധിപ്പിക്കാൻ ശ്രമിക്കാതെ കഴിഞ്ഞ 5 വർഷവും ജിഎസ്ടി നഷ്ടപരിഹാരത്തെയും മറ്റും ആശ്രയിച്ചതാണോഈ പ്രതിസന്ധിക്കു കാരണം?

അനിതാ കുമാരി: നികുതി വരുമാനം വർധിക്കാത്തതിനു പല കാരണങ്ങളുണ്ട്. ജിഎസ്ടി നടപ്പാക്കിയതിലെ പ്രശ്നങ്ങൾ, നോട്ടുനിരോധനം, പ്രളയം, കോവിഡ് ഇതൊക്കെ തടസ്സമായി. ഏതു സർക്കാരായാലും ദുരിതകാലത്ത് ഇത്രയൊക്കെയേ സാധിക്കൂ. റവന്യു വരുമാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കുറവു വന്നിട്ടുണ്ട്. ചെലവുകളൊന്നും അതിനനുസരിച്ചു കുറഞ്ഞിട്ടുമില്ല. കോവി‍ഡ് വ്യാപനം തുടങ്ങിയശേഷം നമ്മുടെ ആരോഗ്യമേഖലയിലെ ചെലവ് കാര്യമായി വർധിപ്പിച്ചു. കൂടാതെ കേന്ദ്രത്തിൽനിന്നു കിട്ടുന്ന വിഹിതം വലിയതോതിൽ കുറഞ്ഞു. 9824 കോടി രൂപയാണ് 2020–21ൽ കിട്ടിയത്. മുൻ വർഷം 16,000 കോടി വരെ കിട്ടിയിടത്താണ് ഇൗ കുറവ്. പ്രതിസന്ധികാലത്തു വരുമാനം കുറയുക ആഗോള പ്രതിഭാസമാണ്.

ഷൈജുമോൻ: കേരളത്തിനു നികുതി, നികുതി ഇതര വരുമാനങ്ങൾ വർധിപ്പിക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, അവയുടെ വളർച്ച കുറയുകയും ചെയ്തു. പ്രളയവും കോവിഡുമൊക്കെ ഇതിനു കാരണങ്ങളായി പറയാമെങ്കിലും ആഭ്യന്തര വളർച്ചയ്ക്കനുസരിച്ചുപോലും വരുമാനം വർധിപ്പിക്കാൻ കഴിയാത്തതിനെ എങ്ങനെ ന്യായീകരിക്കും? നികുതി കുടിശിക പിരിക്കുന്നതിലും പരാജയപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയപ്പോൾ‌ ഉണ്ടായ ആശയക്കുഴപ്പം വ്യാപകനികുതി വെട്ടിപ്പിനു വഴിയൊരുക്കി. ജനങ്ങൾക്കു താങ്ങാവുന്ന തരത്തിലുള്ള പുതിയ നികുതി മാർഗങ്ങൾ സർക്കാർ കണ്ടെത്തണം. സർക്കാർ സേവനങ്ങൾ, മോട്ടർ വാഹന സൗകര്യങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഉയർന്ന സൗകര്യങ്ങൾ നൽകുന്ന സ്വകാര്യ ആശുപത്രികൾ എന്നിവയെല്ലാം വരുമാന വർധനയ്ക്കുള്ള മാർഗങ്ങളാണ്.

∙ കടംപെരുകുന്നു. ചെലവുകൾ നിയന്ത്രിക്കാനാകുന്നില്ല. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ രഹസ്യമായി വെട്ടിക്കുറച്ചാണു സർക്കാർ പിടിച്ചുനിൽക്കുന്നത്. ഇതു ജനങ്ങളെ കബളിപ്പിക്കലല്ലേ?

അനിതാ കുമാരി: ശമ്പള ഇനത്തിൽ 2019–20ൽ 38,626 കോടി രൂപയാണു ചെലവായത്. 2020–21ൽ 28,000 ആയി കുറഞ്ഞു. കോവിഡ് പ്രതിസന്ധി കാരണം ശമ്പളം പിടിച്ചുവച്ചതു കൊണ്ടും മറ്റുമാണ് ഇൗ കുറവുണ്ടായത്. എന്നാൽ, ശമ്പള പരിഷ്കരണം നടപ്പാക്കിയതിനാൽ ശമ്പള, പെൻഷൻ ചെലവ് ഇൗ വർഷം ഉയരും. പ്രതിസന്ധികളുണ്ടാകുമോൾ ചെലവു കുറയ്ക്കുകയല്ല; കൂട്ടുകയാണു വേണ്ടത്. വിപണിയിലേക്കു പണം പമ്പ് ചെയ്താൽ മാത്രമേ ജനങ്ങളുടെ വാങ്ങൽ ശേഷി നിലനിർത്തി സംസ്ഥാനം സാമ്പത്തിക വളർച്ച നേടൂ.

ഷൈജുമോൻ: കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കാൻ വിപണിയിൽ സർക്കാർ പണമെത്തിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. പണവും വരുമാനവും ഉള്ളവർക്കു വീണ്ടും പണം നൽകുന്ന രീതിയും ശരിയല്ല. പലപ്പോഴും ബജറ്റിൽ പ്രഖ്യാപിക്കുന്ന നല്ലൊരു ശതമാനം പദ്ധതികളും അതതു വർഷങ്ങളിൽ നടപ്പാക്കുന്നില്ല. വരവുചെലവ് കണക്കുകൾ ശരിയായി അവതരിപ്പിക്കേണ്ട രേഖയാണു ബജറ്റ് എന്നുപോലും സർക്കാരുകൾ മറക്കുന്നു.

money-cash-rupees

∙ വരുമാനം വർധിപ്പിക്കാനും ചെലവുചുരുക്കാനും സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ?

അനിതാ കുമാരി: 2022 ജൂലൈ വരെയേ ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിനു ലഭിക്കൂ. അതു കഴിഞ്ഞു തരാം, തരാതിരിക്കാം. അടുത്ത വർഷം തനതു വരുമാനം നന്നായി വർധിപ്പിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ. റവന്യു കമ്മി ഗ്രാന്റിൽ 4000 കോടിയുടെ കുറവു വരും. എന്നാൽ, ഇൗ ദുരിതകാലത്ത് നികുതി നിരക്കുകൾ വർധിപ്പിക്കുക പ്രായോഗികമാണോ എന്നു ചിന്തിക്കണം. പ്രതിസന്ധി അവസാനിച്ചാൽ വരുമാന വർധനയ്ക്കുള്ള നടപടികൾ കൈക്കൊള്ളുമെന്നു ധനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനായി പെൻഷൻ പ്രായം വർധിപ്പിക്കുന്നതടക്കം ഒട്ടേറെ ശുപാർശകൾ സർക്കാരിനു മുന്നിലുണ്ട്.

ഷൈജുമോൻ: ജനങ്ങൾ സമ്പന്നരും സർക്കാർ ദരിദ്രവുമെന്നാണു കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു പറയാറുള്ളത്. വരുമാനം വർധിപ്പിക്കാൻ നിരക്കുകൾ കൂട്ടുന്നതിൽ വലിയ തെറ്റില്ല. നികുതി കൃത്യമായി നൽകാത്തവർക്കെതിരെ നിയമനിർമാണം നടത്തി കർശന നടപടി കൈക്കൊള്ളണം. ജനങ്ങൾക്കു നികുതികളും ഫീസുകളുമൊക്കെ അടയ്ക്കാൻ ഫലപ്രദമായ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കണം. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചു വരുമാനം വർധിപ്പിക്കണം.

തയാറാക്കിയത്: വി.ആർ.പ്രതാപ്

Content Highlight: Public debt of Kerala, Kerala Economy, Financial crisis, Kerala's fiscal crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com