Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനല്ല, മയിലല്ല, മധുരക്കരിമ്പല്ല...

notes-visual

തന്നെ വിജയേട്ടാ എന്നു വിളിക്കേണ്ടെന്നു പിണറായി സഖാവ് ശൈലജ ടീച്ചറോടു പറഞ്ഞെന്നാണു കേട്ടുകേൾവി. മന്ത്രിസഭാ യോഗത്തിലാണു ടീച്ചർ പിണറായിയെ വിജയേട്ടാ എന്നു സംബോധന ചെയ്തത്. പാർട്ടി കമ്മിറ്റികളിലായിരുന്നു സംബോധനയെങ്കിൽ സഖാവ് വിജയൻ എന്നു വിളിച്ചാൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. പാർട്ടി കമ്മിറ്റി വേറെ, മന്ത്രിസഭായോഗം വേറെ. ടീച്ചറോട് എന്തെങ്കിലും വിരോധമുണ്ടായിട്ടല്ല തന്നെ വിജയേട്ടൻ എന്നു വിളിക്കേണ്ടെന്നു പിണറായി പറഞ്ഞത്.

ഏട്ടൻ വിളി അനുവദിച്ചാൽ (ഹാഫ് സഖാവ്) കെ.ടി.ജലീൽ അടുത്ത മന്ത്രിസഭായോഗത്തിൽ പിണറായിക്ക എന്നു വിളിച്ചാൽ എന്തു ചെയ്യുമെന്നതു ന്യായമായ സംശയം. പാലക്കാട്ടുനിന്നുള്ള എംഎൽഎമാരോ മന്ത്രിമാരോ ‘ഏട്ടേ’ എന്നു വിളിച്ചാൽ വിളി കേൾക്കാതിരിക്കാൻ പറ്റുമോ? മധ്യകേരളത്തിൽ എത്തിയാൽ വിളി ‘ചേട്ടാ’ എന്നായിരിക്കും. തിരുവനന്തപുരത്തെ മന്ത്രിമാർ ‘വിജയണ്ണാ’ എന്നു വിളിച്ചാലും കാതു കൊടുക്കാതിരിക്കാൻ പറ്റില്ല. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് ഏട്ടൻവിളിക്കു പിണറായി നിരോധനം പ്രഖ്യാപിച്ചത്.

കണ്ണൂരുകാരനായ പിണറായിക്ക് ഏട്ടൻ വിളിയുടെ പ്രശ്നങ്ങൾ നന്നായി അറിയാം. പന്ന്യൻ രവീന്ദ്രനെ പന്ന്യേട്ടനെന്നും പാമ്പൻ മാധവനെ പാമ്പേട്ടനെന്നും വിളിക്കുന്നത് അദ്ദേഹം പലവട്ടം കേട്ടുകാണുമെന്നു തീർച്ച. അതുകൊണ്ടു സ്വന്തം കാര്യത്തിൽ അൽപം ജാഗ്രത പുലർത്തണമെന്നു പിണറായിക്കു തോന്നിയതിൽ ഒരു കുറ്റവും പറയാൻ കഴിയില്ല.

ഈയിടെ മധുരപ്പതിനേഴു കടക്കാത്ത രാമചന്ദ്രൻ കടന്നപ്പള്ളി മമ്മൂട്ടിയെ ‘ചേട്ടാ’എന്നു വിളിച്ചതിന്റെപേരിൽ ഉണ്ടായ പുകിൽ കെട്ടടങ്ങിയിട്ടില്ല. തന്റെ മകൻ ദുൽഖറിനെയും കടന്നപ്പള്ളി ചേട്ടനെന്നാണു വിളിക്കുന്നതെന്നാണു മമ്മൂട്ടി വെളിപ്പെടുത്തിയ മഹാസത്യം. സംഗതി സത്യമാണെങ്കിൽ കടന്നപ്പള്ളി, ഗാന്ധിജിയെ കണ്ടുമുട്ടിയാൽ ഗാന്ധിയേട്ടൻ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ സാധ്യതയില്ല.

കേരളത്തിൽ ഇതാ വരുന്നു, സാംസ്കാരിക വിപ്ലവം

മന്ത്രി ബാലൻ സഖാവു പറയുന്നതു വിശ്വസിക്കാമെങ്കിൽ കേരളത്തിൽ സാംസ്കാരിക വിപ്ലവം അരങ്ങേറാൻ പോകുകയാണ്. 14 ജില്ലകളിലും സാംസ്കാരിക സമുച്ചയം. അതിലാണെങ്കിൽ സോപ്പ്, ചീപ്പ്, കണ്ണാടി മുതൽ ആനമയിലൊട്ടകം വരെ വിപണനം ചെയ്യാനുള്ള സംവിധാനം. കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും കുളിച്ചുണ്ടുതാമസിക്കാനുള്ള ഏർപ്പാട്. പോരാത്തതിനു നൂറു ഗ്രാമങ്ങളിൽ തിയറ്ററുകൾ.

അവയിൽ മൾടിപ്ലെക്സുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, അനാദിക്കടകൾ, അങ്ങാടിമരുന്നു വിൽപനശാലകൾ... ചൈനയിൽ നടത്തിയ സാംസ്കാരിക വിപ്ലവം അതുപോലെ പറിച്ചുനടാൻ പോകുകയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ചൈനയിലെ വിപ്ലവത്തിന്റെ തെറ്റുകളും കുറ്റങ്ങളും അപ്പടി ഇല്ലാതാക്കി കേരള മോഡലാണ് ഇവിടെ നടപ്പാക്കുക.

അതുകൊണ്ടു കേരളത്തിലെ ബുദ്ധിജീവികൾ ഒരുകാരണവശാലും പേടിക്കേണ്ടതില്ല. ബുദ്ധിജീവികളെയും ശാസ്ത്രജ്ഞരെയും പാടത്തു പണിയെടുക്കാനും വരമ്പിൽനിന്നുതന്നെ കൂലി വാങ്ങാനും പറഞ്ഞുവിടാൻ ബാലൻ മന്ത്രി ഉദ്ദേശിക്കുന്നില്ല. ആവക കാര്യങ്ങൾ പുരോഗമന കലാസാഹിത്യ സംഘക്കാരെയും ഗ്രന്ഥശാലാ സംഘക്കാരെയും ഏൽപിക്കാനാണ് ആലോചന. അഞ്ചു വർഷത്തിനകം സാംസ്കാരിക വിപ്ലവം യാഥാർഥ്യമാകുമെന്ന കാര്യത്തിൽ ഇനി ആർക്കുമൊരു സംശയവും ഉണ്ടാകാൻ സാധ്യതയില്ല.

ഇത്തരം പരിപാടികൾ ജില്ലാതലത്തിൽ അവസാനിക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കണം എന്നാണു മന്ത്രിയുടെ മനസ്സിലിരിപ്പ്.
ഇതിനൊന്നും പണത്തിനു പഞ്ഞം വരില്ലെന്നു ബാലൻ മന്ത്രി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. കാരണം കിഫ്ബിയെന്നൊരു അദ്ഭുതക്കുടുക്ക വന്നുകഴിഞ്ഞിട്ടുണ്ട്. ‘അല്ലാഹ് കി കസം, അബു കി ഹുക്കും, എടുക്കൂ കിഫ്ബി പണം’ എന്ന് ആജ്ഞാപിച്ചാൽ മാത്രം മതി കിഫ്ബിപ്പൂതം ഹാജർ. പൂതം പിന്നെ ഒരേയൊരു ചോദ്യം മാത്രമേ ചോദിക്കൂ: കിത്‌നാ?

എന്നുവച്ചാൽ എത്രയെന്ന്. പറയുന്ന മുറയ്ക്കു പറകൊണ്ടാണു പണം അളന്നു നൽകുക. അപ്പപ്പോൾ തികഞ്ഞില്ലെങ്കിൽ അലിബാബയുടെ ഗുഹയിൽ പോയിട്ടായാലും പൊന്നായോ പണമായോ ദ്രവ്യം സംഭരിക്കും.

കിഫ്ബി ഉള്ളതുകൊണ്ട് അടുത്ത അഞ്ചു വർഷം കേരളത്തിൽ പണത്തിനു മാത്രം ഒരു പഞ്ഞവും ഉണ്ടാവില്ലെന്ന് ഐസക് മന്ത്രിയും ബജറ്റ് പ്രസംഗത്തിൽ ആണയിട്ടിട്ടുണ്ട്. കിഫ്ബിയെ അപ്പടി വിശ്വസിച്ചാണു സുധാകരമന്ത്രിയും ബാലൻമന്ത്രിയും കരുക്കൾ നീക്കുന്നതും പദ്ധതികൾ തട്ടിമൂളിക്കുന്നതും.

അവരുടെ വിശ്വാസം അവരെ പൊറുപ്പിക്കട്ടെ എന്നല്ലാതെ എന്തു പറയാൻ? പണ്ടൊക്കെ കിം ഫിൽബിക്കായിരുന്നു മാർക്കറ്റ്. ബ്രിട്ടിഷ് ഇന്റലിജൻസ് സർവീസിൽ ജോലി ചെയ്യുമ്പോൾത്തന്നെ സോവിയറ്റ് ചാരനായും പ്രവർത്തിച്ച പാരമ്പര്യമുള്ള മാന്യനാണു കിം ഫിൽബി. കിഫ്ബിയെക്കുറിച്ചു മന്ത്രിമാരുടെ ആവേശം കാണുമ്പോൾ കിം ഫിൽബിയുടെ പുതിയ പതിപ്പാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

വിശ്വാസം വീട്ടിലാകാം, പുറത്തു വേണ്ട

നമ്മുടെ സുധാകരമന്ത്രിയുടെ റേഞ്ച് അപാരം തന്നെ. പ്രസംഗം, കവിത, സാമൂഹിക പരിഷ്കരണം തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ തുലോം കുറവാണ്. വന്നുവന്നു ഹിന്ദു പുരോഹിതൻമാരുടെ വസ്ത്രധാരണ രീതി, നിലവിളക്കു കൊളുത്തൽ തുടങ്ങി തന്ത്രവിദ്യാപരമായ കാര്യങ്ങളിലും സുധാകരമന്ത്രി കൈവച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അവഗാഹം ആരു വിചാരിച്ചാലും ചോദ്യം ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല. പ്രത്യേകിച്ചു വസ്ത്രധാരണ ശൈലിയുടെ കാര്യത്തിൽ.

സെക്രട്ടേറിയറ്റിൽ അണ്ടർവെയർ ഇടാത്ത കുറെ അണ്ടർ സെക്രട്ടറിമാർ ഉണ്ടെന്നു നിയമസഭയിൽ സഖാവു പറഞ്ഞതു രേഖകളിൽനിന്നു നീക്കം ചെയ്തിട്ടില്ലെങ്കിൽ ഇപ്പോഴും കാണും. ഹിന്ദു പുരോഹിതൻമാരുടെ കാര്യവും അങ്ങനെതന്നെ.
പ്രാർഥന, നിലവിളക്കു കൊളുത്തൽ തുടങ്ങിയ ഇടപാടുകൾ കമ്യൂണിസ്റ്റുകാർക്കു പറഞ്ഞതല്ല. എന്നാൽ ദേവസ്വം വകുപ്പു കൈകാര്യം ചെയ്യുന്നതു പാർട്ടി വിലക്കിയിട്ടുമില്ല. അഞ്ചു വർഷം സുധാകരൻ സഖാവുതന്നെ അമ്പലം കാര്യസ്ഥനായിരുന്നത് ആരും മറന്നിട്ടില്ല.

ആദ്യ തിരഞ്ഞെടുപ്പിൽ അദ്ദേഹം ജയിച്ചപ്പോൾ അമ്മ ഓച്ചിറ അമ്പലത്തിൽനിന്നു കിണ്ടിയിൽ വെള്ളം കൊണ്ടുവന്നു തലയിൽ ഒഴിക്കാൻ ശ്രമിച്ചപ്പോൾ കുനിഞ്ഞുനിന്നുകൊടുത്തതു വേറെകാര്യം. അതിനെയാണു വിശ്വാസമെന്നു വിളിക്കുന്നത്. അതല്ലേ എല്ലാം! ആ സാധനം വീട്ടിൽ ആകാം. പുറത്തുവേണ്ടെന്നാണു സുധാകരൻ സഖാവു പറയുന്നത്. വിവാദങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിലും സഖാവിനു കർശനമായ കണക്കും കാര്യവുമുണ്ട്. ആറ്റിൽ കളഞ്ഞാലും അളന്നുകളയണമല്ലോ? 100 ദിവസംകൊണ്ടു നാലു വിവാദമുണ്ടാക്കി എന്നാണ് അദ്ദേഹംതന്നെ പറയുന്നത്.

സത്യത്തിൽ 100 വിവാദം ഉണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഭരണപരമായ തിരക്കുകൾ മൂലം അതിനു സമയം കിട്ടാത്തതാണ്. എന്നാൽ ഇനിയുള്ളകാലം ഓവർടൈം പണിയെടുത്തു വിവാദങ്ങളുടെ എണ്ണം പരമാവധി വർധിപ്പിക്കും.
പിന്നെ മന്ത്രിയല്ല ഏതു തമ്പുരാൻ പറഞ്ഞാലും നിലവിളക്കു കൊളുത്തുമെന്നു പറയാനുള്ള അവകാശം എംഎൽഎമാർക്കു പാർട്ടി നൽകിയിട്ടുണ്ട്.

സിപിഎമ്മിൽ ഇപ്പോഴും തമ്പ്രാനും വാല്യക്കാരും ഉണ്ടെന്ന കാര്യം ഷൊർണൂർ എംഎൽഎ പറഞ്ഞപ്പോഴാണു ബോധ്യമായത്. പറഞ്ഞു നാക്കെടുക്കും മുമ്പു തന്നെ അദ്ദേഹം പ്രസ്താവന തിരുത്തുകയും ചെയ്തു. മന്ത്രി പറയുന്നതിനു വിരുദ്ധമായി പറയാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, നേരത്തോടു നേരം കഴിയുന്നതിനു മുമ്പ് അതു തിരുത്താനുള്ള സ്വാതന്ത്ര്യവും പാർട്ടി എംഎൽഎമാർക്കു നൽകിയിട്ടുണ്ട്.

സ്റ്റോപ് പ്രസ്:

ജിഷവധക്കേസിൽ യഥാർഥ പ്രതിയെത്തന്നെയാണോ പൊലീസ് അറസ്റ്റ് ചെയ്തതെന്ന കാര്യത്തിൽ തനിക്കു സംശയമുണ്ടെന്ന് റിച്ചാർഡ് ഹേ എംപി. വേറെയും സംശയങ്ങൾ പലതുണ്ടല്ലോ ഹേ!

Your Rating: