Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം കുടുംബം ശരിയാക്കാം!

jayarajan-cartoon

ഒരാൾ നന്നായാൽ ഒരു കുടുംബം നന്നാകും. ഒരു കുടുംബം നന്നായാൽ ഒരു ഗ്രാമം നന്നാകും. ഓരോ ഗ്രാമവും നന്നായാൽ ഒരു രാജ്യം നന്നാകും. ഇ.പി.ജയരാജൻ സ്വജനപക്ഷപാതം എന്ന മഹാപാതകം ചെയ്തുവെന്ന് ആക്രോശിക്കുന്നവർ ഇതൊന്നും കേട്ടിരിക്കില്ല. ‘ചാരിറ്റി ബിഗിൻസ് അറ്റ് ഹോം’ എന്നും അവർ കേട്ടിരിക്കാൻ ഇടയില്ല. കേട്ടിട്ടുണ്ടെങ്കിൽ തന്നെ ഇതിന്റെയൊന്നും അർഥം അവർക്കു മനസ്സിലായിക്കാണില്ല.

ഓണം ബംപർ ലോട്ടറിയുടെ ടിക്കറ്റ് നമ്മുടെ വീട്ടുകാരും ബന്ധക്കളുമെല്ലാം എടുത്തെന്നു വയ്ക്കുക. എട്ടു കോടിയുടെ ബംപർ നമുക്ക് അടിക്കണമെന്നല്ലേ എല്ലാവരും കരുതുക. അല്ലെങ്കിൽ നമ്മുടെ ഭാര്യയ്ക്ക്, അതുമല്ലെങ്കിൽ മക്കൾക്ക്, ഇതൊന്നുമല്ലെങ്കിൽ ബന്ധുക്കൾക്ക്.
ഇതിനെ അഴിമതിയും ആശ്രിത നിയമനവും സ്വജനപക്ഷപാതവുമായി കാണുന്നവരുടെ തല അടിയന്തരമായി പരിശോധനയ്ക്ക് അയയ്ക്കുകയാണു വേണ്ടത്.

ഓണം ബംപർ അടിക്കുന്നതു പോലെയാണു പൊതുമേഖലാ സ്ഥാപനങ്ങളിൽ എംഡിയും ജിഎമ്മുമായി നിയമനം കിട്ടുന്നത്. അതുകൊണ്ടു നമുക്കു കിട്ടിയില്ലെങ്കിൽ ഭാര്യയ്ക്കോ മക്കൾക്കോ ബന്ധുക്കൾക്കോ കിട്ടണമെന്ന് ആരും ആഗ്രഹിച്ചു പോകും. ഇതിലപ്പുറമൊന്നും ജയരാജൻമന്ത്രിയും ശ്രീമതിടീച്ചറുമൊന്നും ചെയ്തിട്ടില്ല. അതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു ശഠിച്ചാൽ മന്ത്രിപ്പണി ചെയ്യാൻ ആളെക്കിട്ടാതെ വരും.

അല്ലെങ്കിൽ തന്നെ മന്ത്രിപ്പണി വല്ലാത്ത അലമ്പു പണിയാണ്. ജീവിതം രാപകൽ ജനസേവനത്തിനായി ഉഴിഞ്ഞുവയ്ക്കണം. ഉഴിയാനുള്ള എണ്ണ വാങ്ങാൻ തന്നെ കനത്ത തുക ചെലവാകും. കല്യാണത്തിനും ചാവടിയന്തരത്തിനും മുടങ്ങാതെ പോകണം. മരണവീട്ടിൽ ചെന്നാൽ ജഡമാകുകയും കല്യാണവീട്ടിൽ ചെന്നാൽ വരനാകുകയും ചെയ്യുന്ന അപൂർവ സിദ്ധി സ്വായത്തമാക്കണം.

ഇനി മുതൽ ഈ വക ഏടാകൂടങ്ങളൊന്നും ജയരാജനണ്ണൈയെ അലട്ടില്ല.
മന്ത്രിസ്ഥാനം ഉപേക്ഷിച്ചെന്നു കരുതി പൊതുജീവിതത്തിൽ നിന്നു വിരമിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല. തീം പാർക്, കണ്ടൽ പാർക്, അഡ്വാൻസ്, ഡിബെഞ്ചർ, ഷെയർ തുടങ്ങി അദ്ദേഹത്തിനു വ്യാപരിക്കാവുന്ന ഒട്ടേറെ മേഖലകൾ ഇനിയും ബാക്കിയിരിപ്പുണ്ട്. ഇടതുപക്ഷ വ്യാപാരി സംഘടനയ്ക്കു വ്യക്തമായ ദിശാബോധം നൽകിയ നേതാവ് എന്ന നിലയ്ക്ക് അദ്ദേഹം വ്യാപാരത്തിലും വ്യവസായത്തിലും രാഷ്ട്രീയത്തെക്കാൾ നന്നായി ശോഭിക്കുമെന്നു തീർച്ചയാണ്.

മെഴുകുപ്രതിമകളും കരിഞ്ചന്തയും

സംസ്ഥാനത്തു മെഴുകിന് അതിരൂക്ഷമായ ക്ഷാമവും വിലക്കയറ്റവും വരാൻ പോകുകയാണ്. മുൻകരുതൽ എന്ന നിലയ്ക്കു പൗരജനങ്ങൾ അത്യാവശ്യത്തിനു മെഴുകുതിരി മുൻകൂർ വാങ്ങിവയ്ക്കുന്നതു നന്നായിരിക്കും. മീഡിയ അക്കാദമി തുടങ്ങാൻ പോകുന്ന മീഡിയ മ്യൂസിയത്തിൽ 100 മാധ്യമപ്രവർത്തകരുടെ പ്രതിമ സ്ഥാപിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പ്രസ്താവിച്ചതോടെയാണു വിപണിയിൽ നിന്നു മെഴുക് അപ്രത്യക്ഷമാകാൻ തുടങ്ങിയത്. നൂറു പ്രതിമകൾക്കു വേണ്ട മെഴുക് അക്കാദമി ഒറ്റയടിക്കു വിപണിയിൽ നിന്നു വാങ്ങുമെന്നും അങ്ങനെ വരുമ്പോൾ മെഴുകിന്റെ വില കുതിച്ചുയരുമെന്നും കണക്കുകൂട്ടിയാണു ചില കുശാഗ്രബുദ്ധികൾ മെഴുകു കരിഞ്ചന്തയ്ക്ക് ഇറങ്ങിയിരിക്കുന്നത്.

കേരളത്തിൽ നിന്നു മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നും ഇക്കൂട്ടർ ചുളുവിലയ്ക്കു മെഴുകു വാങ്ങുന്നുണ്ട്. ഇക്കണക്കിനു പോയാൽ മീഡിയ മ്യൂസിയത്തിന്റെ ചെലവ് അക്കാദമി കണക്കുകൂട്ടുന്ന 125 കോടി രൂപയിൽ ഒതുങ്ങുന്ന ലക്ഷണമില്ല. പിന്നെ വട്ടിപ്പലിശക്കാരനെപ്പോലെ ആരു ചോദിച്ചാലും കോടികൾ വാരി വിതറുന്ന കിഫ്ബിയെന്ന അന്യഗ്രഹ ജീവിയെ കണ്ടെത്തിയതു കൊണ്ടു പ്രശ്നമില്ല. അത്യാവശ്യം വന്നാൽ സെക്യൂരിറ്റി പ്രസ് സ്ഥാപിച്ചു നോട്ട് അടിക്കാനുള്ള വിദ്യയും കിഫ്ബിയുടെ കൈവശമുണ്ട്.

മാധ്യമപ്രവർത്തകരുടെ മെഴുകുപ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം എന്തുകൊണ്ടും ഉചിതമാണ്. ഉരുക്കു കൊണ്ടും വെങ്കലം കൊണ്ടുമൊന്നും പ്രതിമ സ്ഥാപിക്കാനുള്ള ചങ്കുറപ്പൊന്നും അവർക്കില്ലെന്നു തീർച്ച. പ്രത്യേകിച്ച് ഇക്കാലത്തുള്ളവർ. അവർ ലോലഹൃദയരും ചഞ്ചലചിത്തരുമാണ്. ആർക്കു വേണമെങ്കിലും മെഴുകുപോലെ രൂപപ്പെടുത്തിയെടുക്കാം. പോരാത്തതിന് ഇളംചൂടു വന്നാൽ ഉരുകിയൊലിക്കുകയും ചെയ്യും.

കരകുളത്തിന്റെ കുമ്പസാരം

ഇതു കാലം പഴയതല്ല. മുക്കൂട്ടു പെരുവഴിയിൽ ഇറങ്ങി ‘നാഷനൽ കോൺഗ്രസ്’ എന്നു വിളിച്ചാൽ ‘സിന്ദാബാദ്’ എന്നു ചേർക്കാൻ ആയിരങ്ങളും പതിനായിരങ്ങളും തൊള്ളായിരങ്ങളും എവിടെയും ഉണ്ടാവില്ല. ജാഥയ്ക്കും സമരത്തിനുമെല്ലാം ആളെക്കൂട്ടണമെങ്കിൽ ഇപ്പോൾ അതിന്റേതായ ചിട്ടവട്ടങ്ങൾ ഉണ്ടെന്ന് ആർക്കാണറിയാത്തത്‌?

കഥയിൽ പറയുന്നതു പോലെ മലയാളിയാണെങ്കിൽ ആയിരം, തമിഴനാണെങ്കിൽ 700, ബംഗാളിയാണെങ്കിൽ 500, ബിഹാറിയാണെങ്കിൽ 300 എന്നതാണു നിരക്ക്. ഒഡീഷക്കാരനാണെങ്കിൽ കയ്യിലുള്ളതു കൊടുത്താൽ മതി. പ്രകടനത്തിനു വരാൻ എത്രയാളെ വേണമെങ്കിലും കിട്ടും. ഇതിനു പുറമേയാണു ബിരിയാണി നേർച്ച. തുറന്നു പറയാൻ പറ്റാത്ത ചില ഒഴിപ്പും കഴിപ്പുമെല്ലാം ഇതിനു പുറമേയാണ്.

ഇക്കാര്യം തുറന്നുപറഞ്ഞതാണു തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ചെയ്ത ഏക കുറ്റം. ഒളിച്ചും പതുങ്ങിയൊന്നുമല്ല അദ്ദേഹം ഈ പ്രാപഞ്ചിക സത്യം വെളിപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശശി തരൂർ എംപി എന്നിവരുടെ സാന്നിധ്യത്തിൽ ഡിസിസി ഓഫിസിൽ നടന്ന ചടങ്ങിലാണു കരകുളത്തിന്റെ കുമ്പസാരം.
ഒരു കാര്യം പറയണമല്ലോ, പാർട്ടി പരിപാടിക്ക് ആളെക്കൂട്ടാൻ ദിവസക്കൂലി നൽകേണ്ട അവസ്ഥയിലാണു കോൺഗ്രസ് എന്ന് അദ്ദേഹം പറ‍ഞ്ഞിട്ടില്ല. എന്നാൽ, ദിവസക്കൂലിക്കു പകരം വണ്ടിക്കൂലി നൽകിയെന്നു പറയുകയും ചെയ്തു.

ബിരിയാണിയും വണ്ടിക്കൂലിയും നൽകിയതോടെ മലപ്പുറത്തു നിന്നു വന്ന അഞ്ചു പാർട്ടി പ്രവർത്തകർ ആഹ്ലാദതുന്ദിലരാകുകയും തന്നെക്കുറിച്ചും തിരുവനന്തപുരം ഡിസിസിയെക്കുറിച്ചും മലപ്പുറം ഡിസിസി പ്രസിഡന്റിനോടു നല്ല അഭിപ്രായം പറയുകയും ചെയ്തതു ചടങ്ങിൽ വെളിപ്പെടുത്താൻ കരകുളം മറന്നില്ല. തിരുവനന്തപുരത്തെ കോൺഗ്രസുകാർക്കു കരകുളത്തോടു വലിയ ബഹുമാനമുണ്ടാവില്ലെന്നു വരാം. എന്നാൽ മലപ്പുറത്തെ കോൺഗ്രസുകാർക്ക് അദ്ദേഹം കൺകണ്ട ദൈവമാണ്.

ഗ്രഹണകാലത്തെ ഞാഞ്ഞൂലുകൾ

ഗ്രഹണകാലത്തു ഞാഞ്ഞൂലുകൾ തലപൊക്കുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സംഗതി ശരിയായിരിക്കാം. കാരണം, കഴിഞ്ഞ ദിവസം സിപിഎമ്മിനെ രാഷ്ട്രീയ ഗ്രഹണം ബാധിച്ചപ്പോൾ ചില ഞാഞ്ഞൂലുകൾ തലപൊക്കുകയും അതിലും ചെറിയ കീടങ്ങൾ രാജവെമ്പാല ചമഞ്ഞു പത്തി വിടർത്തുകയും ചെയ്തതു കണ്ടപ്പോൾ ശരിക്കും അന്തംവിട്ടു പോയി. വല്യേട്ടനൊരു ക്ഷീണം വന്നപ്പോൾ തുണയ്ക്കെത്തേണ്ട ചെറ്യേട്ടൻമാരും കുട്ട്യേട്ടൻമാരും പുരപ്പുറത്തു കയറി ഉപദേശങ്ങളും നിർദേശങ്ങളും സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.

എൽഡിഎഫിന്റെ മേൽ കരിനിഴൽ വീണുവെന്നാണു മുന്നണിയിലെ ചെറ്യേട്ടനായ സിപിഐയുടെ പത്രം മുഖപ്രസംഗത്തിൽ പറഞ്ഞത്. കുട്ട്യേട്ടൻ പോലുമാകാൻ പ്രാപ്തിയില്ലാത്ത എൻസിപിയുടെ ധൈര്യമാണു ശരിക്കും ഞെട്ടിച്ചത്. കരിനിഴൽ, തിളക്കം മങ്ങൽ തുടങ്ങിയ പ്രയോഗങ്ങളൊന്നും പാർട്ടി നടത്തിയില്ല. പാർട്ടിയുടെ മന്ത്രി എ.കെ. ശശീന്ദ്രൻ മൂന്നുനാലു ചാനലുകാരെ വിളിച്ചു വരുത്തി ഇ.പി. ജയരാജൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതു കണ്ടപ്പോൾ ശരിക്കും അന്തംവിടുകയും കോരിത്തരിക്കുകയും ചെയ്തു.

ഗാന്ധിജിയുടെ കോൺഗ്രസിന്റെ പാരമ്പര്യം അവകാശപ്പെടാൻ എൻസിപിക്കു മാത്രമേ അർഹതയുള്ളൂ എന്നു തികച്ചും ബോധ്യപ്പെടാൻ ഈയൊരു സംഭവം മാത്രം മതി.
മറ്റൊന്നു കൂടി ബോധ്യപ്പെട്ടു. ഗ്രഹണസമയത്തു തലപൊക്കാനും രാജവെമ്പാലയാകാനും ഞാഞ്ഞൂൽ പോലും ആകണമെന്നില്ല. തോട്ടപ്പുഴു ആയാൽ തന്നെ ധാരാളം.

സ്റ്റോപ് പ്രസ്:
യുവാക്കൾ തെങ്ങിൽ കയറാത്തത് സൗന്ദര്യം പോകുമെന്ന് പേടിച്ചാണെന്ന് ഇ.പി. ജയരാജൻ.

പണി പോയ ബന്ധുക്കൾക്കൊരു കയറ്റം നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.