Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഫലം ഈ ചൊറിതണസദ്യ!

azchakuripukal-iamge-03-10-2016

എംഎൽഎമാർക്കു സ്പീക്കർ വക ഒൗഷധസദ്യ നടത്തിയത് എന്തുകൊണ്ടും നന്നായി. സദ്യയിൽ വിളമ്പിയ വിഭവങ്ങൾ അതിലും നന്നായി. ചൊറിതണമായിരുന്നു മുഖ്യവിഭവം. ചൊറിതണം ഫ്രൈ, ചൊറിതണം കിഴങ്ങ് സ്റ്റൂ തുടങ്ങിയ വിഭവങ്ങൾ അസ്സലായി എന്നാണു സദ്യയുണ്ട എംഎൽഎമാർ സാക്ഷ്യപ്പെടുത്തുന്നത്. അടുത്ത സദ്യയ്ക്കു ചൊറിതണം മസാല, ചൊറിതണം തോരൻ, ചൊറിതണം സിക്സിറ്റി ഫൈവ് എന്നിവ കൂടി വേണമെന്നാണ് എംഎൽഎമാരുടെ ഡിമാൻഡ്.

ഇലക്കറിസദ്യ നടത്തിയാൽ എംഎൽഎമാർ ശാന്തസ്വഭാവികൾ ആകുമെന്നു വൈദ്യോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു സ്പീക്കർ ഇതിനു തുനിഞ്ഞതെന്നു കേൾക്കുന്നുണ്ട്. പ്ലാവിലത്തോരനും മഷിത്തണ്ടു സാലഡുമെല്ലാം കഴിച്ചാൽ എംഎൽഎമാർ കുഞ്ഞാടുകളായി മാറുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ, സംഭവിച്ചതു നേരെ തിരിച്ചാണ്. സദ്യയുണ്ട എംഎൽഎമാരുടെ–പ്രത്യേകിച്ച് പ്രതിപക്ഷ എംഎൽഎമാരുടെ– നാക്കു വല്ലാതെ ചൊറിയാൻ തുടങ്ങിയിട്ടുണ്ടെന്നാണു കഴിഞ്ഞ ദിവസങ്ങളിലെ സഭാ നടപടികൾ കണ്ടാൽ തോന്നുക. സദ്യ കഴിഞ്ഞു പിറ്റേദിവസം മുതൽ നടുത്തളത്തിൽ ഇറങ്ങലും വേദിയിൽ കയറലും പോർവിളിയുമെല്ലാം കലശലായി. പോരാത്തതിനു സഭാ കവാടത്തിൽ ഉണ്ണാവ്രതവും. ചൊറിതണ സദ്യയ്ക്കു ഫലമില്ലെന്ന് ഇനിയാരും പറയരുത്. 

അന്തിമതീർപ്പായി, ഇനി ഹർജിയില്ല

ഹാവൂ! ഹമ്മേ! ഹാശ്വാസമായി. ബിജെപി ഫാഷിസ്റ്റ് പാർട്ടിയാണോ സമഗ്രാധിപത്യ പാർട്ടിയാണോ എന്ന കാര്യത്തിൽ ഇപ്പോഴെങ്കിലും ഒരു തീർച്ചമൂർച്ച ഉണ്ടായല്ലോ! നമ്മുടെ സ്വന്തം ബേബിസഖാവാണ് ബിജെപി ഫാഷിസ്റ്റ് പാർട്ടി തന്നെയെന്ന് അന്തിമതീർപ്പു കൽപിച്ചത് എന്നതിനാൽ ഇനി പുനഃപരിശോധനാ ഹർജി, തിരുത്തൽ ഹർജി തുടങ്ങിയവയ്ക്കൊന്നും സ്കോപ്പില്ല. ഇന്ത്യയിൽ മാർക്സിസത്തിന്റെ മഹാപുരോഹിതൻ ആരെന്നു ചോദിച്ചാൽ‍ പ്രാക്കുളം കാസ്ട്രോ എന്ന് ഏതു കൊച്ചുകുട്ടിയും ഉറക്കത്തിൽപോലും പറയും.

ബിജെപിയിൽ ഫാഷിസത്തിന്റെ ജീൻ ഉണ്ടെന്നു ബേബിസഖാവു കണ്ടെത്തിയതു ശാസ്ത്രീയമായ നിരീക്ഷണ പരീക്ഷണങ്ങൾക്കുശേഷമാണ്. അല്ലാതെ കാരാട്ട് സഖാവിനെയും യച്ചൂരി സഖാവിനെയും പോലെ ലേഖനം എഴുതിയല്ല. ഫാഷിസത്തെ കണ്ടെത്തണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് തന്നെ നടത്തണം. അതിനുള്ള ലാബ് ഡൽഹിയിലെ എകെജി ഭവനിൽ സജ്ജീകരിച്ചതു ബേബിസഖാവിനു വേണ്ടിയാണ്. ഡൽഹിയിൽ ഉള്ളപ്പോഴെല്ലാം സഖാവ് മുഴുവൻസമയവും ചെലവഴിക്കുന്നതു ലാബിലാണ്.

ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നുള്ള സാംപിളുകൾ ലാബിലേക്ക് അയയ്ക്കുന്നതു പതിവാണ്. ചിലപ്പോൾ സാർക് രാജ്യങ്ങളിൽ നിന്നും സാംപിളുകൾ വരും. ഇവയെല്ലാം പരിശോധിച്ചു ഫലം പ്രഖ്യാപിക്കണമെങ്കിൽ ഒരായുസ്സ് മതിയാവില്ല. ഡിഎൻഎ, ഫിംഗർപ്രിന്റിങ്, ബാർ കോഡിങ് തുടങ്ങി അത്യന്താധുനിക രീതികളേ സഖാവ് ഉപയോഗിക്കാറുള്ളൂ.

മതങ്ങളുടെ കാര്യത്തിൽ മാർക്സ് പറഞ്ഞതു വിശദീകരിക്കാൻ ബേബിസഖാവു വേണ്ടി വന്നു. മതങ്ങളോടുള്ള നിലപാടിൽ  കമ്യൂണിസ്റ്റുകാർക്കു തെറ്റുപറ്റിയെന്നു കണ്ടെത്താനും അദ്ദേഹമല്ലാതെ മറ്റാരും ഉണ്ടായില്ല. സത്യം പറഞ്ഞാൽ സഖാവിനെ മാർക്സിസത്തിന്റെ മാർപാപ്പയായി അവരോധിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. 

ഈ പാവങ്ങളെ പരിഗണിക്കണം

ഈയിടെ സെക്രട്ടേറിയറ്റിനു മുന്നിൽ പോയപ്പോൾ ഒരുവക സമരക്കാരെക്കണ്ടു. വേഷം അടിമുടി ഖദറാണ്. തലയിൽ ഗാന്ധിത്തൊപ്പിയുമുണ്ട്. ‘എങ്കെയോ പാത്ത മാതിരി’ എന്നു തോന്നിയതുകൊണ്ടു മാത്രമാണ് അടുത്തുപോയി നോക്കിയത്. അപ്പോഴാണു കക്ഷികൾ ആരാണെന്നു മനസ്സിലായത്. നമ്മുടെ രാഹുൽമോൻ യൂത്ത് കോൺഗ്രസിന്റെ ചുമതലക്കാരനായിരുന്ന കാലത്തു നിയമിച്ച സൈനികരാണു ധർണ നടത്തുന്നത്. എന്നുവച്ചാൽ ആം ആദ്മി കി സിപാഹി. പച്ചമലയാളത്തിൽ പറഞ്ഞാൽ സാധാരണക്കാരുടെ പടയാളികൾ.

രാജ്യമെമ്പാടും റിക്രൂട്മെന്റ് റാലി നടത്തിയാണു പടയാളികളെ തിരഞ്ഞെടുത്തത്. നെഞ്ചളവ് 56 ഇഞ്ചിൽ കൂടുതൽ വേണമെന്നു റിക്രൂട്മെന്റ് പരസ്യത്തിലെ യോഗ്യതകളിൽ എടുത്തു പറഞ്ഞിരുന്നു. മോദിജിയുടെ നെഞ്ചളവ് 56 ഇഞ്ചാണെന്ന് ആരോ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ജനറൽ രാഹുൽമോൻ നേരിട്ടാണു സിപാഹിമാർക്കു പരിശീലനം നൽകിയത്. ഓലക്കാൽ, ശീലക്കാൽ എന്നു ജനറൽ പറയുന്നതു കേട്ടാണു സിപാഹിമാർ മാർച്ച് ചെയ്തത്. ബോഫോഴ്സ് പീരങ്കി അടക്കമുള്ള ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ വരെ അവർ പ്രാവീണ്യം നേടിയിരുന്നു.

മഞ്ഞുറയുന്ന മലകളിലും മണലുരുകുന്ന മരുഭൂമികളിലും സിപാഹിമാർ ഒരുപാടു യുദ്ധങ്ങൾ ചെയ്തുവെന്നാണു പറയുന്നത്. ഏതായാലും ഇവരെക്കൊണ്ടു യഥാർഥ യുദ്ധം പോയിട്ട് ഒരു തിരഞ്ഞെടുപ്പു യുദ്ധം പോലും ജയിക്കാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ ജന: രാഹുൽമോൻ ഈ ബ്രിഗേഡ് പിരിച്ചുവിട്ടു എന്നാണു കേട്ടത്.

മിനിമം പെൻഷനു വേണ്ട സേവനം പോലുമില്ലാതെയാണു സിപാഹിമാർ പിരിഞ്ഞത്. വിമുക്ത ഭടൻമാർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നായിരുന്നു റിക്രൂട്മെന്റ് കാലത്തു പറഞ്ഞിരുന്നത്. എന്നാൽ, ഖദർ യൂണിഫോമും ഗാന്ധിത്തൊപ്പിയുമല്ലാതെ ഒരു ആനുകൂല്യവും നൽകാതെയാണു പാവങ്ങളെ പിരിച്ചുവിട്ടത്.

ഇപ്പോൾ വേലയും കൂലിയുമില്ലാതായ ഈ സിപാഹിമാർ വൺ റാങ്ക് വൺ പെൻഷൻ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചാണു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നത്. പക്ഷേ, പുറത്തു പറയുന്നതു സ്വാശ്രയ മെഡിക്കൽ ഫീസ് കുറയ്ക്കാൻവേണ്ടിയാണു സമരമെന്നാണ്. പെൻഷൻ നൽകിയില്ലെങ്കിലും മാസാമാസം ക്വോട്ട കിട്ടിയാൽ സമരം പിൻവലിക്കാൻ തയാറാണെന്നാണു സിപാഹിമാരിലെ തീവ്രവാദികൾ പറയുന്നത്. ജന: രാഹുൽമോൻ ഇനിയെങ്കിലും എന്തെങ്കിലും ചെയ്യണം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.