Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അടി കണ്ട് ആരും പനിക്കേണ്ട !

azchakuripukal-image-05-09-2016

കമ്യൂണിസ്റ്റ് പാർട്ടികളിൽ ചാരസന്തതികളും ജാരസന്തതികളുമുണ്ടെന്നു പറഞ്ഞുകേട്ടപ്പോൾ വിശ്വസിക്കാനായില്ല. പക്ഷേ, പറയുന്നതു ‘ജനയുഗം’ ആകുമ്പോൾ വിശ്വസിക്കാതിരിക്കാനും വയ്യ. ആകപ്പാടെ തള്ളണോ കൊള്ളണോ, എന്തു ചെയ്യണമെന്ന സംശയം ഇപ്പോഴും ബാക്കിനിൽക്കുന്നു.

നമ്മുടെ സ്വന്തം സ്വരാജ് സഖാവ് എന്തോ പറഞ്ഞെന്നു കേട്ടപ്പോഴാണു ‘ജനയുഗ’ത്തിനു കലിപ്പായത്. സിപിഐയുടെ ചെങ്കൊടിയെ പീറത്തുണി എന്നു വിളിച്ചെന്നാണ് ഒരു ആരോപണം. എന്നാൽ, വിളിച്ചതു കോൺഗ്രസിന്റെ മൂവർണക്കൊടിയെ ആണെന്നു സ്വരാജൻ വിശദീകരിച്ചിട്ടും സിപിഐക്കാരുടെ കലിപ്പു തീരുന്നില്ല. കോൺഗ്രസിന്റെ കൊടിയെ പീറത്തുണിയെന്നു വിളിച്ചിട്ടും ഒന്നാംനിര കോൺഗ്രസ് നേതാക്കൾക്കൊന്നും വലിയ പ്രതിഷേധമൊന്നും ഉള്ളതായി തോന്നിയില്ല. സ്വന്തം പാർട്ടിയുടെ കൊടിയെക്കുറിച്ചു കോൺഗ്രസുകാർക്കു വലിയ മതിപ്പൊന്നും പണ്ടുമുതലേ ഇല്ലെന്നതാണു സത്യം.

എന്തൊക്കെ പറഞ്ഞാലും സിപിഐയും സിപിഎമ്മും സഹോദര പാർട്ടികളാണെന്നതു മറക്കാൻ പറ്റില്ല. എന്നെങ്കിലും പാർട്ടികൾ ഒന്നാകുമെന്ന പ്രതീക്ഷയിലാണു സിപിഐ. എന്നാൽ, അക്കാര്യത്തിൽ സിപിഎം വലിയ പ്രതീക്ഷയൊന്നും വച്ചുപുലർത്തുന്നില്ല. സിപിഐ മുജ്ജന്മത്തിൽ ചെയ്ത പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു നൂറ്റൊന്നുവട്ടം ഏത്തമിട്ടാൽ ലയനകാര്യം ആലോചിക്കാമെന്നാണു സിപിഎമ്മിന്റെ നിലപാട്.

മലപ്പുറം ജില്ലയിലെ പോത്തുകൽ പഞ്ചായത്തുകാരനായ സ്വരാജകുമാരൻ ആദ്യമായി ഒരു സിപിഐക്കാരനെ കണ്ടതു തൃശൂരിൽ കാലിക്കറ്റ് സർവകലാശാലാ യുവജനോൽസവത്തിനു പോയപ്പോഴാണെന്ന് അബദ്ധവശാൽ പറഞ്ഞുപോയി. തൃശൂർ മൃഗശാലയിലാണു സിപിഐക്കാരനെ കണ്ടതെന്നൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മലപ്പുറം ജില്ലയിൽ, പ്രത്യേകിച്ചു പോത്തുകൽപോലുള്ള പ്രദേശങ്ങളിൽ സിപിഐക്കാരെ കാണണമെങ്കിൽ മറ്റു രാജ്യങ്ങൾ സന്ദർശിക്കണമെന്നു പറയുന്നതിൽ അതിശയോക്തിയില്ല. ലക്ഷണമൊത്തെ സിപിഐക്കാരും മലപ്പുറം ജില്ലക്കാരുമായ കെ.എൻ.എ.ഖാദറും എം.റഹ്മത്തുല്ലയും ഇപ്പോൾ ‘പച്ചച്ചെങ്കൊടി സിന്ദാബാദ്’ എന്നു വിളിക്കുന്ന കാലമാണെന്നു മറക്കരുത്.

കാക്കത്തൊള്ളായിരം കമ്യൂണിസ്റ്റ് പാർട്ടികൾ ഉള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (കപ്പലണ്ടി) എന്നൊരു പാർട്ടികൂടി ഉണ്ടെന്നു മനസ്സിലായത് ‘ജനയുഗം’ വായിച്ചപ്പോഴാണ്. സ്വരാജകുമാരനെ ഭാഷ പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ബിനോയ് വിശ്വം വശംകെടുന്ന ലക്ഷണമാണ്. ഈച്ച, കഴുത, ആഫ്രിക്കൻ ജീവി തുടങ്ങിയ വിശേഷണങ്ങളാണു സിപിഐക്കാർ സ്വരാജകുമാരനു ചാർത്തിക്കൊടുക്കുന്നത്. ബിനോയ് വിശ്വമാകട്ടെ, ഇതിനെല്ലാം പുറമേ ഉളുപ്പില്ലായ്മയെന്ന സ്വഭാവഗുണവും അദ്ദേഹത്തിന് ഓണം ഡിസ്കൗണ്ട് നിരക്കിൽ നൽകിയിട്ടുണ്ട്.

ഇതൊന്നും കണ്ടും കേട്ടും ആരും ഇതിൽ പക്ഷംപിടിക്കാതിരിക്കുന്നതാണു നല്ലത്. പിടിച്ചാൽ ‘സോദരർ തമ്മിലെ പോരൊരു പോരല്ല / സൗഹൃദത്തിന്റെ കലങ്ങിമറിയലാം’ എന്നു പാടി കോടിയേരി സഖാവും കാനം സഖാവും കൈകൊട്ടിക്കളി നടത്താൻ സർവസാധ്യതയുമുണ്ട്.

കോൺഗ്രസും കുറെ വിരിയാത്ത മുട്ടകളും

ഗ്രൂപ്പില്ലാത്ത ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു കോൺഗ്രസിലെ ജരാനര ബാധിച്ചുതുടങ്ങിയ ചെറുപ്പക്കാർ. ജവാഹർ ബാലവേദിയിൽനിന്ന് ഇതിനു തുടക്കമിടണമെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ, യൗവനവും ബാല്യവും ഒരേസമയം തിരിച്ചുകിട്ടിയ ചില യയാതിമാർ വേദിയെ ഹൈജാക് ചെയ്തതോടെ ആ പണി പാളി. എങ്കിൽ പിന്നെ കെഎസ്‌യുവിൽനിന്നു തുടങ്ങാമെന്നായി; അത് ആഘോഷമാക്കുകയും ചെയ്തു.

ആർ.ശങ്കറിനോടു വഴിമാറണമെന്നു പറഞ്ഞവർ ഇപ്പോഴും വഴിമുടക്കി നിൽക്കുകയാണെന്നാണു തലമുറമാറ്റം ആവശ്യപ്പെടുന്ന തലമുറിയൻമാരുടെ പരാതി. ചില്ലറക്കാരല്ല ഗ്രൂപ്പില്ലാത്ത ഗ്രൂപ്പിനുവേണ്ടി രംഗത്തിറങ്ങിയത്. ഫെയ്സ്ബുക് വ്യാഘ്രം വി.ടി.ബൽറാം, ഓൺലൈൻ സിംഹം മാത്യു കുഴൽനാടൻ തുടങ്ങിയ, കേട്ടാൽ അറിയുന്നവരും കണ്ടാലറിയുന്നവരുമായ നൂറോളംപേരാണു കെഎസ്‌യു അഴിച്ചുപണിയാൻ വന്നത്.

ഇതുകൊണ്ടൊന്നും വഴിമുടക്കികളെ മാറ്റാൻ കഴിയുമെന്നു ധരിക്കരുത്. അതിനു നാടൻ കുഴലൊന്നും മതിയാവില്ല. നല്ല ഇരട്ടക്കുഴൽ തുപ്പാക്കിതന്നെ വേണ്ടിവരും. ഏതായാലും, മുട്ടയിൽനിന്നു വിരിയാത്തവരെന്ന് ഇവരെ ആക്ഷേപിച്ചതുകൊണ്ടു വലിയ കാര്യമില്ല. വിരിയാൻ ജനം ഒരിക്കലും അനുവദിക്കാത്തവരാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നവരിൽ പലരും. കോൺഗ്രസിൽ ഏതു മുട്ട അടവയ്ക്കണം, ഏതു മുട്ട പുഴുങ്ങണം, ഏതു മുട്ട പൊരിക്കണം എന്നെല്ലാം തീരുമാനിക്കുന്നതു ഗ്രൂപ്പ് നേതാക്കളാണെന്നതു പരസ്യമായ രഹസ്യമാണ്. ചില മുട്ടകൾ എത്ര തവണ അടവച്ചാലും വിരിയാതെ ചീമുട്ടയാകുമെന്നതും അങ്ങാടിപ്പാട്ടാണ്.

മുട്ട വിരിയിക്കുന്ന തന്ത്രത്തിൽ വിദഗ്ധരായ ചില കോൺഗ്രസ് കുയിലുകൾ സിപിഎം കാക്കകളുടെ കൂട്ടിൽ മുട്ടയിടുന്ന പതിവുമുണ്ട്. ഇത്തരം മുട്ടകൾ വിരിയാനുള്ള സാധ്യത ഏറെയാണെന്നാണു സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്; വിരിഞ്ഞില്ലെങ്കിൽത്തന്നെ ഈ മുട്ടകൾ ചീമുട്ടയാകാറില്ലെന്നും.  

സ്റ്റോപ് പ്രസ്: രക്തസാക്ഷി സഹസ്രങ്ങളുടെ ചോരയിൽ കുതിർന്നു പാടീരശോഭ പകർന്നു പാറിക്കളിക്കുന്ന ചെങ്കൊടി നൽകുന്നത് ഒരു യുഗസന്ദേശമാണ്. ഇരുളലകൾ നീന്തിക്കയറി അരുണോദയത്തിലേക്കു മുന്നേറാനുള്ള ആഹ്വാനം (ജനയുഗം പംക്തി).

ഇതു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നവർക്കു പട്ടും വളയും പണക്കിഴിയും ഇനാം നൽകുന്നതാണ്.

Your Rating: