Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ഒരു അപൂർവ, അദ്ഭുത ജീവി; ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാരൻ

azchakuripukal-image-25-09-2016

മുതലയില്ലാത്ത മുതലക്കുളം, തേക്കില്ലാത്ത തേക്കിൻകാട്, ചുക്കില്ലാത്ത കഷായം തുടങ്ങി ആറു മഹാത്ഭുതങ്ങളാണു കേരളത്തിൽ ഉണ്ടായിരുന്നത്. അതു സപ്തമഹാദ്ഭുതങ്ങളാക്കാൻ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ലെന്നതു വേറെ കാര്യം. തങ്ങൾക്ക് അധികാരം കിട്ടിയാൽ കേന്ദ്രസഹായത്തോടെ സപ്തമഹാദ്ഭുത പദ്ധതി നടപ്പാക്കുമെന്നു ബിജെപി ഉറപ്പു നൽകിയിരുന്നു. അതേസമയം, സംഗതി ‘അച്ഛേ ദിൻ’ പോലെ വെറുംവാക്കാണെന്നു കരുതി ജനം കാര്യമായെടുത്തില്ല.

എന്നാൽ, ഇപ്പോൾ കേരളത്തിന് അഭിമാനിക്കാം. കേരളത്തിൽ പുതിയൊരു മഹാദ്ഭുതത്തെ കണ്ടെത്തിയിട്ടുണ്ട് – ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാരൻ! പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിലെ ഒതളൂർ അംശം ദേശത്തുനിന്നാണ് ഈ അപൂർവ സ്പീഷീസിനെ കണ്ടുപിടിച്ചത്. കണ്ടുപിടിച്ചിട്ടു കാലം കുറച്ചായി. ഡിഎൻഎ, ആർഎൻഎ പരിശോധനകളും ജനറ്റിക് മാപ്പിങ്ങും നടത്തിയശേഷം സംഗതി ഉറപ്പിച്ചു മതി പുറത്തു വിടുന്നതെന്നു ശാസ്ത്രജ്ഞൻമാർ തീരുമാനിച്ചതുകൊണ്ടു മാത്രമാണു കാര്യം പുറത്തറിയാൻ അൽപം വൈകിയത്. പതിവുപോലെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു പേരും പത്രാസുമൊന്നും നേടാൻ ത്യാഗമയികളായ ആ ശാസ്ത്രജ്ഞർ ശ്രമിച്ചില്ല. പകരം ഒരു സാദാ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തെക്കൊണ്ടുതന്നെ അക്കാര്യം പറയിക്കുകയാണു ചെയ്തത്.

കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞൻമാരുടെ പേരുകൾ സുരക്ഷാ കാരണങ്ങളാൽ ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഗ്രൂപ്പ് രഹിത കോൺഗ്രസുകാരന്റെ പേർ ഇപ്പോൾ നാട്ടിലെല്ലാം പാട്ടാണ് – വി.ടി.ബൽറാം. അദ്ദേഹത്തിന്റെ രക്തം കൂലങ്കഷമായി പരിശോധിച്ചിട്ട് അതിനുപോലും ഗ്രൂപ്പില്ലെന്നാണു കണ്ടെത്തിയത്.

ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാർ സിംഹവാലൻ കുരങ്ങിനെക്കാൾ അത്യപൂർവമാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഈ സ്പീഷീസിൽ ബൽറാമിനെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. ശാസ്ത്രസംഘം സംസ്ഥാനവ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. കൂടുതൽപേരെ കണ്ടെത്തുന്ന മുറയ്ക്കു രാജ്യാന്തര സംഘടനകളുടെ സഹായത്തോടെ ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.

പുതിയ സ്പീഷീസിന്റെ അംഗബലം കൂടിയാൽ തലമാറ്റവും തലമുറമാറ്റവുമെല്ലാം യാഥാർഥ്യമായേക്കുമോ എന്ന പേടിയിലാണു കോൺഗ്രസിലെ കാർണോപ്പാടുമാർ. അങ്ങനെ വന്നാൽ ബൽറാം അറിയാതെപോലും ‘തല മാറട്ടെ’, ‘തലമുറ മാറട്ടെ’ എന്നെങ്ങാനും പറഞ്ഞാൽ ആരുടെ തലയാണു മാറുക, ഏതു തലമുറയാണു മാറുക എന്നു ചിന്തിച്ച് ആസ്ഥാനവിദ്വാൻമാരിൽ ആശങ്ക പെരുകിയിട്ടുണ്ട്.

ബലരാമൻ വേല തുടങ്ങിയതിന്റെ ഗുണം യൂത്ത് കോൺഗ്രസുകാർക്കു കിട്ടിത്തുടങ്ങിയിട്ടുണ്ട്. ആദ്യമായി പയ്യന്നൂരിലാണ് അവർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചത്. അടിയുടെ കാര്യത്തിലാണെങ്കിലും അതു കനിഞ്ഞു നൽകിയതു മൂത്ത കോൺഗ്രസുകാർതന്നെയാണ്. ആദ്യം അടിയുടെ കാര്യത്തിൽ അർഹമായ വിഹിതം നൽകും. അതു കഴിഞ്ഞു മതി അധികാരത്തിന്റെ വിഹിതം നൽകാനെന്നാണു കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം.

തൊട്ടുപിന്നാലെ തിരുവനന്തപുരത്തും കിട്ടി ചൂരൽക്കഷായം. അതു പക്ഷേ, പൊലീസ് വകയായിരുന്നു. അടിയോളം വരില്ല അണ്ണൻ തമ്പിയെന്ന് ഇതിനകം യൂത്ത് കോൺഗ്രസുകാർക്കു ബോധ്യമായിക്കാണും. 

നിയമസഭയിലെ അതിഭയങ്കരസംഭവം

‘‘ഇതാ ഇന്ന്, ഇതാ ഇന്ന്, ഇന്ന്, ഇന്ന്...’’

തെറ്റിദ്ധരിക്കരുത്, ഓണം ബംപർ ലോട്ടറി വിൽപനക്കാരന്റെ വായ്ത്താരിയല്ല. ഇന്ന് അതിഭയങ്കരമായ ഒരു സംഭവം നടക്കാൻപോകുകയാണ്. അതിന്റെ സൂചനകൾ അലയടിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. മാണിസാറിന്റെ പാർട്ടിക്കു നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ സ്പീക്കർ അനുമതി നൽകിയിരിക്കുകയാണ്. കാർഗിൽ യുദ്ധത്തിനുശേഷം ഇന്ത്യയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ സംഭവമാണിത് എന്നതിൽ ആർക്കുമില്ല സംശയം. ലോകത്തിലെ ശാക്തികച്ചേരികളുടെ സമവാക്യം ഇതോടെ കീഴ്മേൽ മറിയും. നാറ്റോ രാജ്യങ്ങൾ ഇതു മുന്നിൽ കണ്ടു പ്രതിരോധം തീർക്കാൻ തയാറെടുപ്പു തുടങ്ങി.

യുഡിഎഫിൽ ഏറെക്കാലം തുടർന്നതു ശ്വാസംമുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞതു സത്യം. അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾത്തന്നെ ആ ശ്വാസംമുട്ടൽ വ്യക്തമാകും. കുതിപ്പിനെക്കാൾ കൂടുതൽ കിതപ്പാണ് ആ സംസാരത്തിൽ തെളിയുക. അവസാന ബജറ്റ് അവതരിപ്പിക്കുന്ന ദിവസം മാണിസാർ നിയമസഭയിൽ അനുഭവിച്ച ശ്വാസംമുട്ടൽ ചില്ലറയല്ല. അംഗരക്ഷകരായി നിരന്ന ഉണ്ണിയാടനും റോഷിയും പി.കെ.ബഷീറുമെല്ലാം ചേർന്ന് അക്ഷരാർഥത്തിൽ സാറിനെ ശ്വാസംമുട്ടിക്കുകയായിരുന്നു.

കയ്യാംഗ്യം കാട്ടിയും കടക്കണ്ണെറിഞ്ഞും ഒരുതരത്തിൽ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞു തെല്ലു ശ്വാസംവിടാമെന്നു കരുതിയതാണ്. അപ്പോൾ അതാ വരുന്നു ഒരു കുട്ട ലഡ്ഡു. വഴിയേ പോയവരെല്ലാം മാണിസാറിന്റെ വായിൽ ഓരോന്നെടുത്തു കുത്തിത്തിരുകി. തൊണ്ടയിൽ ലഡ്ഡു കുടുങ്ങിയാലുള്ള തത്രപ്പാട് അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ. യുഡിഎഫിലെ കുടിപാർപ്പ് ഉപേക്ഷിക്കാൻ അന്നു തീരുമാനിച്ചതാണ്. നാട്ടുനടപ്പു മാനിച്ചാണ് അത് ഇത്രയും നീണ്ടുപോയത്.

തട്ടീം മുട്ടീം ഇരുന്നു സഹികെട്ടിട്ടാണു പ്രത്യേക ബ്ലോക്ക് ആകാൻ തീരുമാനിച്ചതെന്നും മാണിസാർ പറയുന്നുണ്ട്. അദ്ദേഹം തീണ്ടലും തൊടീലുമൊന്നും ആചരിക്കുന്നയാളല്ല. ചട്ടീം കലോമല്ലേ, തട്ടീം മുട്ടീമെന്നിരിക്കും എന്നു വിചാരിച്ചാണ് ഇത്രയും കാലം ക്ഷമിച്ചതും സഹിച്ചതും. ഭൂമിയോളമല്ല, പാതാളംവരെ താണിട്ടും ഇതാണു സ്ഥിതിയെങ്കിൽ എന്തു ചെയ്യും?

അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രത്യയശാസ്ത്ര സമ്പത്തുകൊണ്ടാണു തന്റെ പാർട്ടി വളർന്നതെന്നാണു മാണിസാർ പറയുന്നത്. ഇത് ആവർത്തിക്കുന്നത് അപകടമാണ്. വിജിലൻസ് ഡയറക്ടർ കേട്ടാൽ മാണിസാറിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് അടുത്ത കേസ് എടുക്കുമെന്നു തീർച്ച. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.