Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി നിയന്ത്രണം കരുതലോടെ

Dr B Ashok IAS ഡോ.ബി.അശോക്

കേന്ദ്ര–സംസ്ഥാന സർക്കാരുകളിലും സർവകലാശാലയിലും മറ്റും പ്രവർത്തിച്ച അനുഭവത്തിൽ പറയട്ടെ; അഴിമതി നിയന്ത്രണപ്രവൃത്തി വളരെ സൂക്ഷിച്ചു കല്ലും പതിരും തിരിച്ചറിഞ്ഞു ചെയ്തില്ലെങ്കിൽ എക്സിക്യൂട്ടീവിന്റെ പ്രവർത്തനം അപ്പാടെ മരവിപ്പിക്കുന്നതിനും സംസ്ഥാനത്തു കടുത്ത ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുന്നതിനുമേ വഴിവയ്ക്കൂ. അഴിമതിയും അതിന്റെ ഉപോൽപന്നമായ കള്ളപ്പണവും ക്രമാതീതമായ തോതിൽ വളരുന്നതു ജനങ്ങളിൽ വലിയ ധാർമികരോഷവും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്.

മുൻ സർക്കാരിന്റെ ചില തീരുമാനങ്ങളുടെ മാധ്യമചിത്രീകരണം, വസ്തുതയെന്തായാലും തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നിശ്ചയമായും സ്വാധീനിച്ചു. അവയിലെ ഗൗരവതരമായ ആരോപണങ്ങളുടെ സത്യം ചികയേണ്ടത് അത്യാവശ്യംതന്നെ. എന്നാൽ, പൊതുമേഖലാ കമ്പനികളിലെയോ ഇതര പൊതു ഏജൻസികളിലെയോ സർക്കാരിലെതന്നെയോ ഭരണപരമായ വീഴ്ചയോ അഥവാ എന്തെങ്കിലും പ്രതികൂല ഓഡിറ്റ് പരാമർശമോ ആയി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടനടി പ്രതിചേർത്തു വലിയ പരസ്യത്തോടെ എഫ്ഐആർ സമർപ്പിക്കുന്ന ശൈലിയെപ്പറ്റി ഏറെ ചിന്തിക്കേണ്ടതാണ്.

അഴിമതി നിരോധന നിയമപ്രകാരം സ്ഥാപിച്ച പ്രത്യേക കോടതികളിൽ സമർപ്പിക്കപ്പെടുന്ന അഴിമതിയാരോപണങ്ങൾ പലതും ഉദ്യോഗസ്ഥരോടുള്ള പ്രതികാരമോ അവർക്കിടയിലെ പടലപിണക്കങ്ങളോ മൂലം ഉണ്ടാകുന്നവയാണ്. നേതൃത്വ/നിയന്ത്രണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ വലിയ സാമ്പത്തിക പ്രാധാന്യമുള്ള ഡസൻകണക്കിനു തീരുമാനങ്ങൾ ദിനംപ്രതി എടുക്കുന്നു. ലഭിക്കുന്ന വിവരങ്ങളുടെയും അന്നന്നു നിലവിലുള്ള ചട്ടങ്ങളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണുഫയലുകളിൽ തീരുമാനങ്ങൾ ഉണ്ടാവുക. 

സാങ്കേതികോപദേശം അൽപം കാലഹരണപ്പെട്ടതാകാം; നിയമപരമായ വിശകലനം ചിലപ്പോൾ പാളിപ്പോകാം; ഉപദേശത്തിനു വിരുദ്ധമായ തീരുമാനം രാഷ്ട്രീയതലത്തിൽ ഉണ്ടാകാം. ഇവയെല്ലാംതന്നെ മനപ്പൂർവമായ അഴിമതിയായി കണക്കാക്കപ്പെടുന്നതു വലിയ അനീതിയാണ്. ഇവയിൽ പലതിലും അഴിമതി നിയന്ത്രണ നിയമത്തിന്റെ വകുപ്പ് 13(d)iii ആണ് ഉപയോഗിക്കുന്നത്. പൊതുസേവകന്റെ പ്രവൃത്തികൊണ്ട് ഒരു വ്യക്തിക്കും ധനപരമോ അല്ലാതെയുള്ളതോ ആയ ഒരു നേട്ടവും ഉണ്ടാവരുത് എന്നതാണ് ഈ ചട്ടം.

ടെൻഡറുകൾ, വാങ്ങൽ, ക്രയവിക്രയം, ലൈസൻസിങ് എന്നിങ്ങനെ സാമ്പത്തിക ധ്വനിയുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത് അസാധ്യമാകുന്നു. ഏറ്റവും വക്രീകരിച്ച് വ്യാഖ്യാനിച്ചാൽ ഇങ്ങനെ ഒരു നിയമം നിലനിൽക്കുന്നിടത്തോളം, ഇതര കക്ഷികൾക്കു നഷ്ടം വ്യക്തമായി ഉണ്ടാകും അഥവാ ലാഭമുണ്ടാവില്ല എന്നുറപ്പുള്ള കരാറുകളിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടാനാവൂ.

ഉദ്യോഗസ്ഥർക്കാകെ ആശങ്കയുള്ള നടപടിയാണ്, ഉമാദേവി കേസിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിൻ കീഴിലുള്ള പ്രഥമ വിവര റിപ്പോർട്ടുകൾ സർക്കാരിന്റെ മുൻകൂർ അഭിപ്രായവും അനുമതിയും കൂടാതെ തുരുതുരാ റജിസ്റ്റർ ചെയ്യപ്പെടുന്നത്. കൈക്കൂലി കയ്യോടെ വാങ്ങി പിടിയിലായ ‘ട്രാപ്പ്’ കേസുകളെപ്പറ്റി തർക്കമില്ല. പ്രാഥമികമായി തന്നെ വരുമാനത്തിൽ കവിഞ്ഞ് വളരെ കൂടുതൽ സ്വത്തുള്ള കേസുകളിലും കേസെടുക്കേണ്ടതായുണ്ട്.

എന്നാൽ, ഫയലുകളിലെ ഉപദേശം അടിസ്ഥാനപ്പെടുത്തിയ, പിന്നീടു മാറാവുന്ന താൽക്കാലിക അനുമാനങ്ങളുടെ അടിസ്ഥാനത്തിലെടുക്കുന്ന കേസുകൾ കേവലം പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ എടുക്കുമ്പോൾ നിയമന ഏജൻസിക്ക്/ സർക്കാരിന് അതിലഭിപ്രായം പറയാൻ കഴിയാതെ വരുന്നു.

ചട്ടലംഘനം ഉണ്ടോ ഇല്ലയോ എന്നത് പലപ്പോഴും വിജിലൻസ് സിഐയ്ക്കോ ഡിവൈഎസ്പിക്കോ ഡയറക്ടർക്കു തന്നെയോ തീർപ്പാക്കാനാകാതെ വരുന്നു. ഈ എഫ്ഐആറുകളിൽ ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന സംവിധാനത്തിന്റെ ഏതെങ്കിലും വകുപ്പ് ലംഘിച്ചതിനു തെളിവുണ്ടെങ്കിൽ ചാർജ് ഷീറ്റ് നൽകാം. എന്നാൽ, അന്വേഷണം വർഷങ്ങൾ ഇഴഞ്ഞാൽ പ്രത്യേകിച്ച്, അഖിലേന്ത്യാ സർവീസ് ഓഫിസർമാരുടെ ഔദ്യോഗിക ഭാവിയെ അതു ബാധിക്കുന്നു. ഫാക്ട് മേധാവിയായിരുന്ന എം.കെ.കെ.നായർ മുതൽ പാമോലിൻ–ലാവ്​ലിൻ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർ വരെ കരിയറിന്റെ സുപ്രധാന ഘട്ടത്തിൽ ഇത്തരം കേസുകൾ നിമിത്തം കഷ്ടതയനുഭവിച്ചവരാണ്.

സഹപ്രവർത്തകർ വിരമിച്ചശേഷം പെൻഷൻ തുക പോലും ചെലവിട്ട് ഔദ്യോഗിക തീരുമാനങ്ങൾ പ്രതിരോധിക്കാൻ കഷ്ടപ്പെടേണ്ടിവരുമ്പോൾ ഉന്നത ഉദ്യോഗസ്ഥരാകെ സാമ്പത്തിക പരിഗണനയുള്ള, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ജനനന്മയുള്ള തീരുമാനങ്ങളെടുക്കാൻ അറയ്ക്കും. ഇപ്പോൾതന്നെ വിവരാവകാശ നിയമവും അഴിമതി നിരോധന നിയമവും പലപ്പോഴും കാര്യമറിയാതെ കടന്നാക്രമണം നടത്തുന്ന ദൃശ്യമാധ്യമങ്ങളും ഒക്കെക്കൂടി ഭരണസംവിധാനത്തിൽ ‘നയ–നിർവഹണ പക്ഷാഘാതം’ രൂക്ഷമാക്കിയിരിക്കുകയാണ്.

സർക്കാരിന്റെ എല്ലാ തലത്തിലും മുൻകൂർ അനുമതിയില്ലാതെ പ്രസിഡന്റും ഗവർണറുമൊഴികെ ആർക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാം, കേസെടുക്കാം. എന്നാൽ, ഉമാദേവി കേസിലെ വിധി ഉപയോഗിച്ചു ജുഡീഷ്യൽ ഓഫിസർമാർക്കെതിരെ പ്രകടമായ അഴിമതിക്കുപോലും ഹൈക്കോടതി അനുമതി കൂടാതെ എഫ്ഐആർ ഇപ്പോഴും എടുക്കുന്നില്ല. ഉമാദേവി കേസിൽ ഇത്തരം ഒരു സംരക്ഷണം വ്യവസ്ഥ ചെയ്യുന്നില്ലതാനും.

ഇനി എഫ്ഐആർ ഒരു ശിക്ഷയല്ല, പരാതിക്കാരന്റെ മൗലിക അവകാശമാണ് എന്നാണു വാദമെങ്കിൽ അതിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഉദ്യോഗസ്ഥരുടെ പ്രമോഷൻ, കേന്ദ്രനിയമനം, ഉന്നത നിയമനം എന്നിവ തടയുന്നതും സർക്കാർ നിർത്തണം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് തെളിയിക്കപ്പെടാത്ത ഏതെങ്കിലും തെറ്റായ ആരോപണങ്ങളുടെ പേരിൽ ചുമത്തുന്നത്. ഉദ്യോഗസ്ഥനെ വിചാരണ കൂടാതെ ‘ഔദ്യോഗിക’തടവിലിടുന്ന വിചിത്രാവസ്ഥ ഉണ്ടാവുന്നു.

അഴിമതി നിരോധന അന്വേഷണ ഏജൻസിയെ ശക്തിപ്പെടുത്തുകയും പ്രഫഷനലൈസ് ചെയ്യുകയും ചെയ്യേണ്ട അത്യാവശ്യമുണ്ട്. പൊലീസ് ട്രെയിനിങ് മാത്രം കഴിഞ്ഞവർക്കു ഫലപ്രദമായി ചെയ്യാൻ കഴിയുന്നതിലുമേറെ എൻജിനീയറിങ്ങും ധന–നികുതി ചട്ടവും വസ്തുനിയമവും ഒക്കെയറിയുന്ന പ്രഫഷനലുകളുള്ള ഒരു മൾട്ടി ഡിസിപ്ലിനറി ഏജൻസിയായി വിജിലൻസിനെ പുനഃക്രമീകരിക്കേണ്ടതുണ്ട്.

കേന്ദ്ര മാതൃകയിൽ സംസ്ഥാനത്തിന് ഒരു ത്രയാംഗ വിജിലൻസ് കമ്മിഷൻ നിയമംമൂലം രൂപീകരിക്കാവുന്നതാണ്. വിരമിച്ച ന്യായാധിപനോ സീനിയർ ഉദ്യോഗസ്ഥനോ അധ്യക്ഷനായ സംസ്ഥാന വിജിലൻസ് കമ്മിഷനു കേന്ദ്ര മാതൃകയിൽ സ്വയംഭരണവും ഉപദേശക/പ്രോസിക്യൂഷൻ അനുമതിയവകാശവും നൽകിയാൽ ഇന്നത്തെ ദൈനംദിന രാഷ്ട്രീയ നിയന്ത്രണം അന്വേഷണ ഏജൻസിക്കുമേൽ ഇല്ലാതെയാകും. അന്വേഷണ ഏജൻസിക്കു കൂടുതൽ വിശ്വാസ്യതയുണ്ടാവും.

(ആയുഷ് വകുപ്പ് സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.