Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാജന്റെ ബന്ധുവിന് ഉന്നത പദവി നൽകിയത് എന്തിന് ? പരമ്പര തുടങ്ങുന്നു

bandhukkale-ningalku-vendi-series-image-1

മലബാർ സിമന്റ്സിനുള്ള അസംസ്കൃത വസ്തുക്കൾ നൽകുന്ന കാസർകോട് ജില്ലയിലെ കരിന്തളത്തെ ലാറ്ററൈറ്റ് ഖനനകേന്ദ്രം തുറക്കാനുള്ള ചർച്ചകൾക്ക് കഴി‍ഞ്ഞ ദിവസം മന്ത്രി ഇ.പി. ജയരാജൻ നേരിട്ടെത്തി. ഈ ഖനനത്തിനു നേതൃത്വം നൽകുന്ന കേരള ക്ലേസ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിൽ ഇ.പി. ജയരാജന്റെ ബന്ധു അപ്പോഴേക്കും ജനറൽ മാനേജരായി ചുമതലയേറ്റിരുന്നു!  ഖനനം പുനരാരംഭിക്കുന്നതിനുള്ള മന്ത്രിയുടെ താൽപര്യവും ബന്ധുവിന്റെ നിയമനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇപ്പോൾ സംശയമുന്നയിക്കുന്നതു ജയരാജന്റെ സ്വന്തം പാർട്ടിക്കാർ തന്നെ.

നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സ്ഥാപനത്തിൽ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് ഇ.പി. ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യയെ ജനറൽ മാനേജരായി നിയമിച്ചതിനു പിന്നിൽ ‘ബന്ധു താല്‍പര്യം’ മാത്രമല്ലത്രെ.  സ്ഥാനക്കയറ്റം വഴി മാത്രം നിയമനം നടത്തുന്ന ജനറൽ മാനേജർ തസ്തികയിലേക്കാണ് എംകോം ബിരുദധാരിയായ ദീപ്തി നിഷാദിനെ നാൽപതിനായിരം രൂപ ശമ്പളത്തിൽ നേരിട്ടു നിയമിച്ചത്. ഇവിടെ ജനറൽ മാനേജരായിരുന്ന ബാലകൃഷ്ണൻ ആനക്കായിയെ മാറ്റിയ ശേഷം ആ ഒഴിവു നികത്തുന്നുവെന്ന ന്യായവും കണ്ടെത്തി.

deepthi-nishad ദീപ്തി നിഷാദ്

ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ദീപ്തി. അപേക്ഷ ക്ഷണിക്കൽ, അഭിമുഖം തുടങ്ങിയ കടമ്പകളൊന്നും സ്വന്തം വകുപ്പുമന്ത്രിയുള്ളപ്പോൾ ദീപ്തിക്കു താണ്ടേണ്ടിവന്നില്ല. പ്രാദേശിക സിപിഎം നേതൃത്വം പോലും സംഗതി അറിഞ്ഞില്ല. ദീപ്തിയുടെ ഭർതൃപിതാവും ഇ.പി. ജയരാജന്റെ സഹോദരനുമായ ഇ.പി. ഭാർഗവൻ പാർട്ടി അനുഭാവിയല്ല. പാർട്ടി അനുഭാവിയല്ലാത്തയാളുടെ വീട്ടിലേക്കുള്ള നിയമനം പാർട്ടി അറിയണമെന്ന് ഒരു രേഖയിലും പറയുന്നുമില്ല. മൊറാഴ ലോക്കൽ കമ്മിറ്റി പരാതിയുമായി നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമില്ല.

മുൻപ് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നഷ്ടത്തിലേക്കു നീങ്ങുന്ന വേളയിൽ തന്നെ ഈ രംഗത്തു മുൻപരിചയമില്ലാത്തയാളെ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ മാത്രമല്ല; നിയമനം പാർട്ടിയുമായി സഹകരിക്കാത്തവർക്കു നൽകിയതിലും സിപിഎമ്മിൽ പ്രതിഷേധമുണ്ട്. പാപ്പിനിശേരി ആസ്ഥാനമായ കേരള ക്ലേസ് ആൻഡ് സിറാമിക്സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന് കണ്ണൂർ, കാസർകോട് ജില്ലകളിലായി അഞ്ചു യൂണിറ്റുകളാണുള്ളത്. മാടായിയിലെ ചൈനാ ക്ലേ ഫാക്ടറിയും കരിന്തളത്തെ അലുമിനിയം ലാറ്ററൈറ്റ് ഖനനകേന്ദ്രവുമായിരുന്നു കമ്പനിക്ക് ഏറ്റവും ലാഭമുണ്ടാക്കിക്കൊടുത്തിരുന്ന രണ്ടു യൂണിറ്റുകൾ. ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ നാട്ടുകാർ സമരത്തിനിറങ്ങിയതോടെ ഒന്നര വർഷത്തോളമായി ഈ രണ്ടു യൂണിറ്റുകളും പ്രവർത്തിക്കാതായി. ഈ രണ്ടു യൂണിറ്റുകളിലെ വരുമാനം ഉപയോഗിച്ചു മറ്റു യൂണിറ്റുകളിലെ തൊഴിലാളികൾക്കു കൂടി ശമ്പളം നൽകിയിരുന്ന സ്ഥാപനം ഒറ്റ വർഷം കൊണ്ടു നഷ്ടക്കണക്കിലേക്കു കൂപ്പുകുത്തി.

വർഷങ്ങളായി സംസ്ഥാന സർക്കാരിനു ലാഭവിഹിതം നൽകിയിരുന്ന സ്ഥാപനം നഷ്ടത്തിലായിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. കമ്പനിക്ക് വൻ ലാഭമുണ്ടാക്കി നൽകിയ പാർട്ടി അനുഭാവി കൂടിയായ ജനറൽ മാനേജർ ബാലകൃഷ്ണനെ മാറ്റിയത് എന്തിനാണെന്ന ചോദ്യവും പാർട്ടിയിൽ ഉയരുമ്പോൾ ഇ.പി. ജയരാജനും കണ്ണൂരിന്റെ സ്വന്തം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മിണ്ടുന്നില്ല. ധൃതിപിടിച്ചു നടത്തിയ ഈ ബന്ധുനിയമനത്തിലും കരിന്തളത്തെ ഖനനം തുടങ്ങാൻ മന്ത്രി നേരിട്ടു നടത്തിയ ചർച്ചയിലും ഖനനം ചെയ്തെടുക്കാവുന്ന രഹസ്യങ്ങളുടെ കലവറയുണ്ടോ?

നിർത്തിയ ഖനനം തുടങ്ങാൻ മന്ത്രി

കേരള ക്ലേ ആൻഡ് സിറാമിക്സ് പ്രോ‍ഡക്ട്സ് ലിമിറ്റഡിന്റെ (കെസിസിപിഎൽ) കരിന്തളം പാറയിൽ 50 ഏക്കർ സ്ഥലത്തായിരുന്നു ഖനനം. സിമന്റ് നിർമിക്കാനുള്ള അസംസ്കൃത വസ്തുവായ അലുമിനിയം ലാറ്ററൈറ്റായിരുന്നു ഉൽപാദനം. സിമന്റ് നിർമിക്കുന്നതിനായി മലബാർ സിമന്റ്സിലേക്കു മാത്രം ലാറ്ററൈറ്റ് എത്തിക്കാനായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനം. എന്നാൽ പിന്നീട് യൂണിറ്റ് ലാഭകരമായി പ്രവർത്തിക്കുന്നതിനു മലബാർ സിമന്റിനു പുറമേ കേരളത്തിനു പുറത്തുള്ള മറ്റു സ്വകാര്യ സിമന്റ് നിർമാണ കേന്ദ്രങ്ങളിലേക്കു കൂടി ലാറ്ററൈറ്റ് നൽകുന്നതിന് വൻതോതിൽ ഖനനം നടത്താൻ തീരുമാനിച്ചതോടെയാണു പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. കരിന്തളത്തെ വ്യാപകമായ ലാറ്ററൈറ്റ് ഖനനം പരിസ്ഥിതിക്കു ദോഷമാണെന്നു കണ്ടു 2015 ജൂലൈയിൽ യൂണിറ്റ് താൽക്കാലികമായി പൂട്ടി.

നാൽപത്തഞ്ചു തൊഴിലാളികൾ ജോലി ചെയ്തിരുന്ന യൂണിറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഉൾപ്പെടെ സമരരംഗത്തുവന്നു. ഇതിനെതിരെ സിപിഎം ഭരണം നടത്തുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണസമിതിയും രംഗത്തെത്തിയതോടെ പാർട്ടിക്കുള്ളിലും കരിന്തളം ഖനനം തർക്കത്തിനു വഴിവച്ചു. ഈ ഖനനം പുനരാരംഭിക്കാനുള്ള ചർച്ചകൾക്കാണു കഴിഞ്ഞ ദിവസം മന്ത്രി ഇ.പി. ജയരാജൻ കരിന്തളത്തെത്തിയത്. യൂണിറ്റ് തുറക്കുന്നതു സംബന്ധിച്ചു മന്ത്രിയുടെ നേതൃത്വത്തിൽ തൊഴിലാളി പ്രതിനിധികളും ഖനന വിരുദ്ധ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. എങ്ങനെയെങ്കിലും ഖനനം തുടങ്ങണമെന്ന ജയരാജന്റെ നിർദേശം പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും എതിർത്തു. 100 പശുക്കളെ കൊണ്ടുവന്നു കന്നുകാലി ഫാം തുടങ്ങി പ്രദേശത്തു പരിസ്ഥിതി സംരക്ഷണ പ്രവർത്തനം തുടങ്ങണമെന്നും പകരം പ്രതിദിനം അഞ്ചു ലോഡ് ലാറ്ററൈറ്റ് ഖനനം ചെയ്യാൻ വഴിയൊരുക്കണമെന്നും മന്ത്രി ഫോർമുല വച്ചപ്പോൾ സമരസമിതിക്ക് അതു തള്ളാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ചർച്ച അതോടെ പൊളിഞ്ഞു.

അന്യസംസ്ഥാന കമ്പനിയെ സഹായിക്കാനോ?

കരിന്തളത്തെ ലാറ്ററൈറ്റ് ഖനനം വീണ്ടും തുടങ്ങാൻ കാണിക്കുന്ന അത്യുൽസാഹം കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനം നടത്തുന്ന ഉത്തരേന്ത്യൻ കമ്പനിയെ സഹായിക്കാനാണെന്നാണ് പാർട്ടിയിൽ ഉയർന്നിട്ടുള്ള ആരോപണം.കരിന്തളത്തു സർക്കാർ തന്നെ ഖനനം തുടങ്ങിയാൽ സമീപത്തുള്ള കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനം നടത്താൻ വഴിയൊരുങ്ങുെമന്നാണു വിലയിരുത്തൽ.  കാസർകോട് കരിന്തളം കടലാടിപ്പാറയിൽ 200 ഏക്കറിൽ ബോക്സൈറ്റ് ഖനനം നടത്താൻ പദ്ധതിയുമായി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രംഗത്തുണ്ട്. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് കടലാടിപ്പാറ സംരക്ഷണ സമിതി രൂപീകരിച്ച് അനിശ്ചിതകാല സമരം തുടങ്ങി. ഖനനം അനുവദിക്കില്ലെന്ന് അന്നത്തെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിൽ അറിയിച്ചു. 

കടലാടിപ്പാറയിലെ ഖനനത്തിന് അനുമതി ലഭിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളും കരിന്തളത്തെ ലാറ്ററൈറ്റ് ഖനനം ആരംഭിക്കാനുള്ള ചിലരുടെ അമിത താൽപര്യവും ചേർത്തുവായിക്കണമെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ലാറ്ററൈറ്റ് ഖനനത്തിനു നേതൃത്വം നൽകുന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരായി മന്ത്രിയുടെ അടുത്ത ബന്ധുവിനെ നിയമിക്കുമ്പോൾ സംശയിക്കുന്നവരെ കുറ്റം പറയാൻ എന്തുണ്ട്... ?

സിപിഎമ്മിന്റെ ഏറ്റവുമൊടുവിലത്തെ തെറ്റു തിരുത്തൽ രേഖ പറഞ്ഞു: ‘ചില കാര്യങ്ങൾ ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ട ഗുണങ്ങളില്ലാത്ത ഒരു പാർട്ടിയായി മാറിപ്പോകും...’  പാർട്ടിയുടെ പാലക്കാടൻ പ്ലീനം അംഗീകരിച്ച രേഖ നേതാക്കൾ പാലിക്കേണ്ട ശൈലികളും മര്യാദകളും അക്കമിട്ടു പറഞ്ഞു. അതിനും രണ്ടു പതിറ്റാണ്ടു മുൻപ് പാർട്ടി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പുകൾ മാത്രമായി ഇവ രണ്ടും അവശേഷിച്ചു.

പ്ലീനം കഴിഞ്ഞിറങ്ങി വന്ന ഇ.പി. ജയരാജൻ തന്നെ തൊട്ടുമുൻപ് അകത്തു പഠിച്ച പാഠം മറന്ന് ‘ഉഗ്രരൂപം’ കാട്ടി. രേഖകളും പ്ലീനങ്ങളും അങ്ങനെ പലതും പറയും. നേതാക്കളും മന്ത്രിമാരും ‘തെറ്റു വരുത്തൽ പ്രക്രിയ’ തുടർന്നു കൊണ്ടേയിരിക്കും. വീട്ടിലേക്കൊരു അതിഥി വന്നാൽ വെള്ളം കൊടുക്കാൻ കൊള്ളാവുന്ന ഒരു ഗ്ലാസ് പോലും കരുതാൻ കഴിയാതിരുന്ന ഇഎംഎസ് ഇന്ന് ആർക്കാണു പാഠപുസ്തകം... ?

sudheer-nambiar പി.കെ. സുധീർ നമ്പ്യാർ

ബന്ധുനിയമനങ്ങൾ ഇതൊക്കെ

പി.കെ.സുധീർ നമ്പ്യാർ: മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ സഹോദരി പി.കെ. ശ്രീമതിയുടെ മകൻ.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ.

ദീപ്തി നിഷാദ്: മന്ത്രി ഇ.പി.ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ.

കണ്ണൂരിലെ ക്ലേ ആൻഡ് സെറാമിക്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ

സൂരജ് രവീന്ദ്രൻ: മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ ചെറുമകൻ. കിൻഫ്രാ ഫിലിം ആൻ‍ഡ് വിഡിയോ പാർക്ക് മനേജിങ് ഡയറക്ടർ 

ജീവ ആനന്ദ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദന്റെ മകൻ. കിൻഫ്രാ അപ്പാരൽപാർക്ക് മാനേജിങ് ഡയറക്ടർ

ഉണ്ണിക്കൃഷ്ണൻ: സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ. കിൻഫ്ര ജനറൽ മാനേജർ

ടി. നവീൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ മകൻ   (മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റാൻഡിങ് കോൺസൽ)

ഗവ. പ്ലീഡർമാർ

കോലിയക്കോടിന്റെ സഹോദര പുത്രൻ നാഗരാജ് നാരായണൻ, സി.എം. ദിനേശ്മണിയുടെ സഹോദരൻ സി.എം.സുരേഷ് ബാബു, സി.എൻ.മോഹനന്റെ സഹോദരൻ സി.എൻ.പ്രഭാകരൻ, സിപിഎം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ സഹോദരന്റെ മകളുടെ ഭർത്താവ്, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യ, കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.വി.ശ്രീനിജന്റെ ഭാര്യയും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകളുമായ സോണി. 

കട്ടൻ ചായയും പരിപ്പുവടയും 

പാർട്ടിയുടെ ‘മെനു കാർഡിൽ’ നിന്നു

പുറത്താക്കപ്പെട്ടപ്പോൾ ഒപ്പം 

മറ്റെന്തൊക്കെയോ കൂടി

പുറത്തേക്കു പോയി. 

അതേക്കുറിച്ചു നാളെ...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.