Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാജൻ മുഖ്യമന്ത്രിയെ പറ്റിച്ചോ...?

bandhukkale-ningalku-vendi-image-13

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാൻ പോയതിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടു. അതിൽ കയറി ലൈക്കടിച്ച യുവാവ് മറുപടിയായി ഇങ്ങനെ കുറിച്ചു: ‘വെരി ഗുഡ്... അയൽ സംസ്ഥാനങ്ങളുമായി നല്ല ബന്ധം എപ്പോഴും നിലനിർത്താൻ ഇതുപോലുള്ള സൗഹൃദ നീക്കങ്ങൾക്കേ സാധിക്കൂ. അതൊക്കെ വിടാം, ഇനി കാര്യത്തിലേക്ക്... ജയരാജനെ എപ്പോൾ പുറത്താക്കും...?’

ബന്ധുനിയമന വിവാദം പുതിയ ക്ലൈമാക്സിലേക്കു കടക്കുമ്പോൾ, സൈബർ ലോകത്ത് ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ആക്രമണങ്ങൾക്കാണു പാർട്ടിയും ഭരണവും വിധേയമാകുന്നത്. പാർട്ടി പറയുന്ന കണക്കു ശരിയാണെങ്കിൽ പാർട്ടിയുടെ അംഗത്വത്തിൽ 78 ശതമാനവും കർഷകത്തൊഴിലാളികൾ ഉൾപ്പെടുന്ന തൊഴിലാളി വർഗം. സർക്കാർ പറയുന്ന കണക്കു ശരിയാണെങ്കിൽ 30 ലക്ഷത്തോളം തൊഴിലില്ലാത്ത ചെറുപ്പക്കാരുള്ള സംസ്ഥാനം. അവിടെ പൊതുമേഖലാ സ്ഥാപനങ്ങളിലെയും മറ്റും നിയമനങ്ങളിൽ നല്ലൊരു പങ്കും മന്ത്രിമാരുടെയും നേതാക്കളുടെയും മക്കൾക്കു തീറെഴുതി വച്ചപ്പോൾ ഉന്നത ബിരുദ സർട്ടിഫിക്കറ്റുകളുമായി ജോലി സ്വപ്നം കണ്ടിരിക്കുന്ന ചെറുപ്പക്കാരുടെ (ഇതിൽ പാർട്ടിക്കു വേണ്ടി യുവത്വം ഹോമിച്ചവർ ഏറെ) തലയ്ക്കടിയേറ്റ പോലെയായി. പാർട്ടിയുടെ നവ ആയുധപ്പുരയായ സോഷ്യൽ മീഡിയയിൽ ആ ചെറുപ്പക്കാർ ഉറഞ്ഞുതുള്ളി. 

ജയരാജൻ മുഖ്യമന്ത്രിയെ പറ്റിച്ചോ...?

ഇന്നലെ ഞങ്ങൾ സംസാരിച്ച ആ സിപിഎം മന്ത്രിയുടെ വാക്കുകളിൽ നിരാശ മാത്രമായിരുന്നില്ല, ഭരണത്തിന്റെ ഹണിമൂൺ പീരിയഡിൽ തന്നെ ഉത്തരം മുട്ടി നിൽക്കേണ്ടിവരുന്നതിന്റെ ജാള്യവുമുണ്ടായിരുന്നു. മന്ത്രി പറഞ്ഞു: ‘പുള്ളിക്ക് (ഇ.പി. ജയരാജന്) എന്താണു പറ്റിയത്... ? മുഖ്യമന്ത്രി ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാകില്ല...’

പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർമാരെ നിയമിക്കുമ്പോൾ ആ ഫയൽ മുഖ്യമന്ത്രി കാണണമെന്നാണു കീഴ്‌വഴക്കം. സർവീസിലുള്ള ഉദ്യോഗസ്ഥനെയാണു നിയമിക്കുന്നതെങ്കിൽ വകുപ്പുമന്ത്രി കൈമാറുന്ന ഫയൽ മുഖ്യമന്ത്രി വിജിലൻസിന്റെ ക്ലിയറൻസിനു വിടും. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിയുടെ കയ്യിൽ തന്നെയായതിനാൽ നടപടി വേഗത്തിലുമാകും. വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചാലുടൻ മുഖ്യമന്ത്രി ഓകെ പറയും. തുടർന്നാണ് മന്ത്രിയുടെ നിർദേശ പ്രകാരം ഉത്തരവിറങ്ങുക. പുറത്തുനിന്നുള്ള ആളെയാണു നിയമിക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയേ പറ്റൂ.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരുടെ നിയമനം താനറിഞ്ഞായിരുന്നില്ലെന്നു മുഖ്യമന്ത്രി പറയുന്നു. എങ്കിൽ, ഒന്നുകിൽ ജയരാജൻ മുഖ്യമന്ത്രിയിൽ നിന്നു വിവരം മറച്ചുവച്ചു, അല്ലെങ്കിൽ ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ‘യെസ്’ മൂളി. പക്ഷേ, സുധീറിന്റെ നിയമനവിവരം മാധ്യമങ്ങൾക്കു വൈകാതെ ചോർന്നു കിട്ടിയിരുന്നു. മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള മാധ്യമസമ്മേളനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയോട് അവർ നേരിട്ടു ചോദിച്ചേനെ.  

രേഖകൾ പലതും പറയും, തെറ്റുവരുത്തൽ തുടരും

സിപിഎമ്മിന്റെ പാലക്കാടൻ പ്ലീനം അംഗീകരിച്ചു പുറത്തിറക്കിയ രേഖ സാമാന്യം തടിച്ച പുസ്തകമാണ്. രേഖ ഇങ്ങനെ പറഞ്ഞു: ‘താനൊരു ബഹുജന സേവകനാണെന്ന തിരിച്ചറിവോടെ വേണം ആരോടും പെരുമാറാൻ. എല്ലാ കാര്യങ്ങളിലും സുതാര്യതയും സത്യസന്ധതയും പുലർത്തിപ്പോരണം. ഒരു കാര്യത്തിലും വഞ്ചനയോ കാപട്യമോ കാണിക്കാൻ പാടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് ഓരോ പാർട്ടി അംഗത്തെയും സമൂഹവും നാട്ടുകാരും വിലയിരുത്തുന്നുണ്ട് എന്ന തിരിച്ചറിവു വേണം. ആരോടും അപമര്യാദയായി പെരുമാറാൻ പാടില്ല...’

പ്ലീനം കഴിഞ്ഞിറങ്ങി വന്ന ഇ.പി. ജയരാജൻ, മാധ്യമങ്ങളുടെ ചോദ്യത്തോടു പൊട്ടിത്തെറിച്ചതു തൊട്ടുപിന്നാലെ നാടു കണ്ടു. ഈ സർക്കാർ അധികാരമേൽക്കുന്ന വേളയിൽ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം പാർട്ടിയുടെ മന്ത്രിമാർക്കായി പ്രത്യേക പെരുമാറ്റച്ചട്ടം തന്നെ അവതരിപ്പിച്ചു. അടുത്ത ബന്ധുക്കളെ പഴ്സനൽ സ്റ്റാഫിലോ മറ്റു തസ്തികകളിലോ നിയമിക്കരുത് എന്ന ചട്ടമായിരുന്നു കൂട്ടത്തിൽ ശക്തം. ഭരണം തുടങ്ങി മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ആ രേഖകൾ സ്വയം അലിഞ്ഞില്ലാതായി. തെറ്റുതിരുത്തൽ രേഖയുടെ ബലത്തിൽ ‘തെറ്റു വരുത്തൽ’ നിർബാധം തുടരുന്നു ! 

പാർട്ടിക്കാർക്കും അസൂയ

ബവ്റിജസ് കോർപറേഷന്റെ കേസുകൾ നടത്തുന്ന സ്റ്റാൻഡിങ് കോൺസൽ സ്ഥാനം പല അഭിഭാഷകരും ശർക്കരക്കുടമായി കാണുന്നു. മദ്യം വാങ്ങുന്നതു സംബന്ധിച്ച് വൻകിട കമ്പനികളുമായി തർക്കം ഉടലെടുക്കുമ്പോൾ നിയമോപദേശം നൽകേണ്ടത് ഇദ്ദേഹമാണല്ലോ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റാൻഡിങ് കോൺസലായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരീ പുത്രൻ ടി. നവീന് ബവ്റിജസ് കോർപറേഷന്റെ കേസുകൾ നടത്തുന്നതിനുള്ള ചുമതലയും കൂടി കൈമാറിയപ്പോൾ പാർട്ടി അനുഭാവികളായ അഭിഭാഷകർ തന്നെ നെറ്റി ചുളിച്ചതിൽ അദ്ഭുതമില്ല. ഒറ്റയടിക്കു രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതല.

അതേസമയം, ഇ.പി. ജയരാജൻ ബന്ധുക്കളെ കൂട്ടത്തോടെ നിയമിച്ചു ‘മിടുക്ക്’ കാട്ടി. ഭാര്യാ സഹോദരി പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ (നിയമനം പിന്നീട് റദ്ദാക്കി), സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി നിഷാദ് (ദീപ്തി രാജി നൽകി) എന്നിവരെ നിയമിച്ചതിനു പിന്നാലെ കിൻഫ്രയ്ക്കു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ മന്ത്രി ഇ.പി. ജയരാജന്റെ സഹോദരീ ഭർത്താവിന്റെ അനുജന്റെ മകൻ എം.കെ. ജിൽസനെ കാക്കനാട്ടെ കിനെസ്കോ പവർ ആൻഡ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ച വിവരവും പുറത്തായി. വിവാദ നിയമനം നേടിയവർ‌ ഓരോരുത്തരായി രാജിവയ്ക്കുന്നുണ്ടെങ്കിലും ജിൽസന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാറിനെ കൊല്ലത്ത് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ചതു കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ഈ സർക്കാർ വന്നപ്പോൾ കസേര ഒന്നുകൂടി ഉറച്ചു. എംഡിയാകാനുള്ള വിനയകുമാറിന്റെ യോഗ്യത സംബന്ധിച്ചു പാർട്ടിയിൽ ചർച്ച സജീവം.

നേതാക്കൾക്കു നിയമനങ്ങൾ വീതം വയ്ക്കാമെങ്കിൽ പങ്കു കിട്ടണമെന്നു സംസ്ഥാന കമ്മിറ്റിയംഗങ്ങൾ മുതൽ ലോക്കൽ സെക്രട്ടറി വരെയുള്ളവർ ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻ നായർ എന്നിവരുടെ മക്കൾക്കു പുറമേ മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജേന്ദ്രന്റെ ഭാര്യ, സഹകരണ സ്ഥാപനത്തിലെ ജീവനക്കാരി മന്ത്രി എ.സി. മൊയ്തീന്റെ പഴ്സനൽ സ്റ്റാഫിലും ഇടംകണ്ടെത്തി.

കാസർകോട് ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ (ബിആർഡിസി) മാനേജിങ് ഡയറക്ടറായി ടി.കെ. മൻസൂറിനെ നിയമിച്ചതു പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിർദേശം മറികടന്നായിരുന്നു. കാസർകോട് ജില്ലാപഞ്ചായത്ത് അംഗവും സിപിഎം ജില്ലാകമ്മിറ്റി അംഗവുമായ വി.പി.പി. മുസ്തഫയുടെ ഭാര്യയുടെ ബന്ധുവാണ് ടി‍.കെ. മൻസൂർ.

കോഴിക്കോട്ടെ മുൻ മേയറും ഏരിയ കമ്മിറ്റിയംഗവുമായ എ.കെ. പ്രേമജത്തിന്റെ മകൻ പ്രേംനാഥ് രവീന്ദ്രനാഥിനെ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചതു കഴിഞ്ഞ വിഎസ് സർക്കാർ. എൻജിനീയറിങ് ബിരുദവും ഏതെങ്കിലും സ്ഥാപനത്തിൽ പത്തുവർഷത്തെ പരിചയവും വേണമെന്ന നിബന്ധന കാറ്റിൽപ്പറന്നു. പിണറായി സർക്കാർ അധികാരമേറ്റ ശേഷം എംഡിയുടെ ചുമതല കൂടി നൽകിയതോടെ കെഎഫ്സി പൂർണമായി പ്രേംനാഥിന്റെ കൈപ്പിടിയിലായി. നിയമനം ക്രമവിരുദ്ധമാണെന്നു കണ്ടെത്തി പിരിച്ചുവിടാൻ ധനവകുപ്പു നിർദേശിച്ചതാണെന്നതു ചരിത്രം.

മറ്റൊരു ബംഗാൾ ആവാതിരിക്കാൻ...

ജഹാംഗീർ, എസ്എഫ്ഐ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി (ഫെയ്സ്ബുക് പോസ്റ്റ്)

ഇ.പി. ജയരാജനെ ബംഗാളിൽ കൊണ്ടുപോയി സിംഗൂർ വഴിയൊക്കെ ഒന്നു യാത്ര ചെയ്യിച്ചു തിരികെ തിരുവനന്തപുരത്ത് ഇറക്കി പതുക്കെ രാജിക്കത്തു വാങ്ങി കണ്ണൂരിലേക്കു ട്രെയിൻ കയറ്റി വിടുകയാണ് വേണ്ടത്. കൊണ്ടു പോകുമ്പോൾ കുറച്ചു ഡിവൈഎഫ്ഐക്കാർ കൂടെ പോകണം. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അവസാന ശ്വാസവായുവും ആശ്രയവുമായ കേരളം മറ്റൊരു ബംഗാൾ ആവാതിരിക്കാനാണു തന്റെ രാജിയെന്ന് ജയരാജനു മനസ്സിലാകാൻ ഈ ബംഗാൾ യാത്ര ഉപകരിക്കും. ജയരാജനു വേണ്ടെങ്കിലും ഈ മഹാരാജ്യത്തിന് ഇടതുപക്ഷം പ്രാണവായു തന്നെയാണ്.!

കുടുംബത്തിനുള്ളതല്ല സ്റ്റേറ്റ് കാർ

ഇ.എം. രാധ, മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ

1967ൽ അച്ഛൻ വീണ്ടും മുഖ്യമന്ത്രി ആയപ്പോൾ ക്ലിഫ് ഹൗസിൽ താമസിക്കാൻ അമ്മ ആര്യ അന്തർജനം വിസമ്മതിച്ചു. അന്ന് എകെജി വന്നു പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല. പൊലീസിന്റെ കാവലിൽ എന്റെ മക്കൾ വളരേണ്ട എന്നായിരുന്നു അമ്മയുടെ പക്ഷം. കോട്ടൺഹിൽ സ്കൂളിലായിരുന്നു എന്റെ പഠനം. വീട്ടിൽ നിന്നു ഞാൻ നടന്നു പോകും. സ്റ്റേറ്റ് കാർ കുടുംബത്തിനു വേണ്ടിയുള്ളതല്ല എന്നായിരുന്നു അച്ഛന്റെ പോളിസി. ഞങ്ങൾ മക്കളും അച്്ഛന്റെ സൗകര്യങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാൽ ലഭിച്ചിട്ടുമില്ല. അന്നു പക്ഷേ, മന്ത്രിമാരായിരുന്ന പലരുടെയും മക്കൾ സ്റ്റേറ്റ് കാറിലായിരുന്നു സ്കൂളിൽ വന്നിരുന്നത്. 

ബന്ധുനിയമനങ്ങളുടെ പട്ടിക പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങില്ല. കോടതികളിലെ ഗവ. പ്ലീഡർ നിയമനം മുതൽ സർക്കാരിന്റെ ഓരോരോ തലങ്ങളിലും നേതാക്കളും മന്ത്രിമാരും അധികാരം പ്രയോഗിച്ചു നിയമന ഉൽസവം തന്നെ നടത്തി. അതു സിപിഎമ്മിൽ ഉണ്ടാക്കിയിട്ടുള്ള പൊട്ടിത്തെറിയും ധ്രുവീകരണവും ചില്ലറയല്ല. 

(അതേക്കുറിച്ചു നാളെ )

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.