Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാജനു വിനയായത് സ്വന്തം ഓഫിസ് ഇറക്കിയ പത്രക്കുറിപ്പ്

ep-jayarajan-12

ജയരാജനു വിനയായത് അദ്ദേഹത്തിന്റെ ഓഫിസ് ഇറക്കിയ ഒരു പത്രക്കുറിപ്പാണ്. തന്റെ ഭാര്യാസഹോദരിയായ പി.കെ.ശ്രീമതിയുടെ പുത്രൻ സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ച വിവരം മന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും നിയമനം റദ്ദാക്കിയതു പത്രക്കുറിപ്പായി വിതരണം ചെയ്തു. കേസിൽ ഏറ്റവും നല്ല തെളിവുകളിലൊന്നായി അത്. സുധീറിന്റെ അപേക്ഷ പരിഗണിച്ചു നിയമനം നൽകിയെന്നും പിന്നീടു റദ്ദാക്കിയെന്നുമെല്ലാം അതിലുണ്ടായിരുന്നു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജനെ വിമർശിച്ച ചിലർ ചൂണ്ടിക്കാട്ടിയതും ഈ മണ്ടത്തരമായിരുന്നു.

പത്രക്കുറിപ്പ് സ്വയം ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്:

1. സുധീറിനു കെഎസ്ഐഇ എംഡി സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടോ?

2. നിശ്ചിത യോഗ്യതയില്ലാത്തയാളുടെ അപേക്ഷ എങ്ങനെ സ്വീകരിച്ചു?

3. പരീക്ഷ നടത്തി തിരഞ്ഞെടുപ്പു നടത്തുന്നതു റിയാബ് ആണെന്നിരിക്കെ അവിടെയായിരുന്നില്ലേ അപേക്ഷിക്കേണ്ടിയിരുന്നത്?

4. റിയാബിന്റെ അഭിമുഖ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലാത്തയാളെ എന്തടിസ്ഥാനത്തിൽ നിയമിച്ചു?

5. ചുമതലയേൽക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണോ സുധീർ കത്തു നൽകേണ്ടത്?

ചോദ്യങ്ങളിലെ കുരുക്കു മുറുകുന്നതു ജയരാജൻ അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. 

ഇ–മെയിൽ നൽകി നിയമനം

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷന്റെ ഉപസ്ഥാപനത്തിൽ എംഡിയെ നിയമിച്ച കഥ കേട്ടാലറിയാം, നിയമനങ്ങളിലെ തട്ടിപ്പിന്റെ ആഴം. നിയമനം സ്വപ്നം കണ്ടു സ്ഥാപനത്തിൽ എംഡിയുടെ അധികച്ചുമതല വഹിക്കുന്ന വനിതാ ജനറൽ മാനേജരും കൊച്ചിയിൽ ബിസിനസ് നടത്തുന്നയാളും റിയാബിന്റെ പരീക്ഷയ്ക്ക് അപേക്ഷിച്ചു. യോഗ്യത, പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന പതിവു റിയാബിനില്ല. പകരം പാനൽ തയാറാക്കും. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ പാനലിൽനിന്ന് ആരെ വേണമെങ്കിലും നിയമിക്കാം.

പരീക്ഷയ്ക്ക് ഇരിക്കാത്തവരും നിയമനം നേടുന്നതു വേറെ. ഈ സംഭവത്തിൽ, മികച്ച സിഇഒയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേരത്തേ നേടിയ, 32 വർഷത്തെ പ്രവർത്തനപരിചയമുള്ള വനിത നിയമനം ഉറപ്പിച്ചതാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായ എളമരം കരീം വ്യവസായമന്ത്രിയായിരിക്കെ, ഈ വനിതയുടെ ഭർത്താവ് പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നു. ആ ബന്ധവും തുണയായില്ല. സ്ഥാപനത്തിന്റെ ബിസിനസുമായി പരിചയമില്ലാത്ത ബിസിനസുകാരനെ ഇ–മെയിൽ സന്ദേശം നൽകി വരുത്തി ചുമതല ഏറ്റെടുപ്പിച്ചു! എളമരം കരീം ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിച്ചത് ഇതും മനസ്സിൽ വച്ചായിരിക്കും. നിയമനത്തിനു പിന്നിലെ ഇടപാടുകളെക്കുറിച്ചു വിജിലൻസിനു വേണമെങ്കിൽ അന്വേഷിക്കാം. 

വെള്ളം കോരിയവർ നോക്കി നിൽക്കട്ടെ

എസ്എഫ്ഐയിൽനിന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി ഈയിടെ വന്ന കൊല്ലത്തെ വനിതാ നേതാവ് മന്ത്രി ഇ.പി.ജയരാജനിൽനിന്നു യുവജനകാര്യ വകുപ്പിനു കീഴിലെ കമ്മിഷന്റെ ചെയർപഴ്സൻ സ്ഥാനത്തേക്കുള്ള നിയമന ഉത്തരവ് ഏറ്റുവാങ്ങുമ്പോൾ ഡിവൈഎഫ്ഐയുടെ തീപ്പൊരി വനിതാ നേതാക്കൾ കാഴ്ചക്കാരായി നിന്നതേയുള്ളൂ. സംഘടനയ്ക്കുവേണ്ടി പൊലീസിന്റെ അടി കൊള്ളുകയും വർഷങ്ങളായി സംഘടനയുടെ തലപ്പത്തു തുടരുകയും ചെയ്യുന്ന കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ വനിതാ സഖാക്കൾ പുതിയ സഖാവിന്റെ സ്ഥാനലബ്ധി കണ്ടു ചിന്തയറ്റവരായി.

പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ഔദ്യോഗിക പക്ഷത്തോടൊപ്പം നിൽക്കുകയും ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വിഎസിനു ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നു വാദിക്കുകയും ചെയ്ത കൂട്ടത്തിൽപെട്ട ആളെന്ന യോഗ്യത മാത്രം മതിയായിരുന്നു മുതിർന്ന വനിതാ സഖാക്കളെയൊക്കെ വെട്ടി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാറിലേക്ക് ഈ പെൺകുട്ടിക്കു കാലെടുത്തുവയ്ക്കാൻ. 

പ്ലീഡർ പദവി വീതംവച്ചു

ആലപ്പുഴയിൽ ഗവ. പ്ലീഡർ പദവി വീതംവച്ചതിന്റെ കഥയാണു രസം. രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങൾ ബന്ധുക്കൾക്കു പ്ലീഡർ പദവിക്കുവേണ്ടി വാശിപിടിച്ചപ്പോൾ പാർട്ടി ജില്ലാ നേതൃത്വം പരിഹാരമില്ലാതെ വലഞ്ഞു. ഒടുവിൽ ഇരുവരുടെയും ബന്ധുക്കൾക്കു രണ്ടര വർഷംവീതം നൽകാമെന്ന ഫോർമുല ഉരുത്തിരിഞ്ഞു. ആദ്യ ടേം ആർക്കെന്നായി തർക്കം. മാവേലിക്കരയ്ക്ക് ആദ്യം ടേം, ചെങ്ങന്നൂരിന് അവസാന ടേം എന്ന ഫോർമുലയ്ക്കു നേതാക്കൾ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി! 

കഥാശിഷ്ടം

യോഗ്യതയുള്ള ബന്ധുക്കൾക്കു നിയമനം കൊടുക്കുന്നതിനെ ആരും എതിർക്കില്ല. പുറത്തുവന്ന പേരുകളിൽ പലർക്കും അത്യാവശ്യം യോഗ്യതകൾ ഉണ്ടെന്നതും ശരി. പക്ഷേ, നടപടിക്രമങ്ങൾ പാലിച്ചോ, പാർട്ടിയിലും പുറത്തുമുള്ള കൂടുതൽ അർഹതപ്പെട്ടവർക്ക് അവസരം നിഷേധിച്ചോ എന്നതാണു പ്രശ്നം. സിപിഎമ്മിനുള്ളിൽനിന്നുതന്നെ ആ ചോദ്യമുയരുന്നു. യുഡിഎഫ് കാലത്തെ നിയമനങ്ങളുംകൂടി അന്വേഷിക്കുമെന്നു പറഞ്ഞു മറതീർക്കാനാണു സർക്കാർശ്രമം. ബന്ധുനിയമനങ്ങൾ ആരു നടത്തിയാലും ശരിയല്ല; സത്യപ്രതിജ്ഞാ ലംഘനവുമാണ്. പക്ഷേ, അന്നത്തെ പ്രതിപക്ഷം എന്തുകൊണ്ട് ഇക്കാര്യങ്ങൾ ഉന്നയിച്ചില്ല എന്ന ചോദ്യം ബാക്കിയാകുന്നു. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചല്ലേ നിങ്ങളെ കൊണ്ടുവന്നതെന്ന ചോദ്യത്തിനു മുന്നിൽ നേതാക്കൾക്ക് ഉത്തരവും മുട്ടുന്നു.

ഇ.പി.ജയരാജൻ രാജിവയ്ക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ്, എസ്എപി ക്യാംപിലെ പാസിങ് ഔട്ട് പരേഡിൽ പ്രസംഗിക്കവേ പൊലീസിന്റെ മൂന്നാംമുറയെയും അഴിമതിയെയും ബന്ധിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു: ‘‘വേലിതന്നെ വിളവു തിന്നുന്നതു വച്ചുപൊറുപ്പിക്കില്ല.’’ എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാരിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതാണ്; മറ്റൊരു വിവാദത്തിന്റെ ഇടവേള വരെയെങ്കിലും.

ep-jayarajan-roll-model-cartoon

മന്ത്രിപോലും അറിയാതെ നിയമനം!

ബന്ധുക്കളെ നിയമിക്കാൻ വഴിവിട്ട് ഇടപെട്ടതിന്റെ പേരിലാണല്ലോ ഇ.പി.ജയരാജൻ പുറത്തായത്. എന്നാൽ, മന്ത്രിപോലും അറിയാതെ വകുപ്പിൽ പഴ്സനൽ സ്റ്റാഫ് നിയമനം നടത്തിയാലോ? പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ മന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ഇൗ സാഹസം കാട്ടിയത്. 11 കോടി രൂപയുടെ സ്റ്റാംപ് തട്ടിപ്പു കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെ സാമൂഹിക സുരക്ഷാ മിഷനിൽ കോഓർഡിനേറ്ററായി നിയമിക്കാൻ സാമൂഹികനീതി സെക്രട്ടറിക്കു പ്രൈവറ്റ് സെക്രട്ടറി കത്തു നൽകി. കത്തു പരിശോധിച്ച സെക്രട്ടറി, നിയമനം തേടുന്നതു തട്ടിപ്പുകേസിൽ ആരോപണവിധേയനായതിനാൽ സാധ്യമല്ലെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതേ ഉദ്യോഗസ്ഥന്റെ കൂട്ടുപ്രതി ഇതിനിടെ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി വകുപ്പിൽ നിയമനം നേടുകയും ചെയ്തു. ഇദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദൻ ഇടപെട്ടതോടെ നിൽക്കക്കള്ളിയില്ലാതെ മന്ത്രി നടപടിക്കു തയാറായി. അങ്ങനെ എക്സിക്യൂട്ടീവ് ഡയറക്ടർ പടിയിറങ്ങി. പക്ഷേ, പോകുന്നതിനു മുൻപ് അദ്ദേഹം ഒരു കാര്യം മറന്നില്ല: വകുപ്പു സെക്രട്ടറിയുടെ മുന്നറിയിപ്പുപോലും അവഗണിച്ചു മുൻ തീയതിവച്ച് കോഓർഡിനേറ്റർ നിയമനം കാത്തിരുന്ന കൂട്ടുപ്രതിയെ നിയമിച്ച് ഉത്തരവിറക്കി. 

വീട് ഒന്ന്, സർക്കാർ കാറുകൾ രണ്ട്

ബന്ധുനിയമനങ്ങളെക്കുറിച്ചു പുറത്തുവരുന്ന കണക്കുകൾ കേട്ട് അമ്പരക്കുന്നവർ ഒരു വീട്ടിൽ രണ്ടു സർക്കാർ കാറുകൾ കണ്ടാൽ ബോധംകെടരുത്. ഈ സർക്കാർ വന്നശേഷം ആ അനുഗ്രഹം ലഭിച്ച രണ്ടു വീടുകളുണ്ട് തലസ്ഥാനത്ത്.

യൂണിവേഴ്സിറ്റി കോളജിന്റെ ശതോത്തര സുവർണജൂബിലി ഉദ്ഘാടനവേദിയിൽ സ്വാഗതപ്രസംഗം അൽപം നീണ്ടുപോയതിൽ, ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി നീരസം പ്രകടിപ്പിച്ചതു രണ്ടു മാസം മുൻപാണ്. അന്നു സ്വാഗതപ്രസംഗം നീട്ടിപ്പറഞ്ഞ കോളജ് അധ്യാപിക ഡോ. പി.എസ്.ശ്രീകലയുടെ രാഷ്ട്രീയഭാവി ശോഭനമല്ലെന്നു പലരും അടക്കംപറഞ്ഞു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ‌ സർക്കാർ ഉത്തരവിറങ്ങി: പി.എസ്.ശ്രീകല സാക്ഷരതാ മിഷൻ ഡയറക്ടർ. ഭർത്താവ് വഞ്ചിയൂർ ബാബു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർ‌പറേഷൻ മേയർ സ്ഥാനത്തിനടുത്തുവരെ എത്തിയെങ്കിലും ഒടുവിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി.

വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർഥി ടി.എൻ.സീമ മൂന്നാം സ്ഥാനത്തായതിനെക്കുറിച്ചു പാർട്ടി പഠിച്ചുവരികയാണെങ്കിലും സീമയ്ക്കു നൽകേണ്ട സ്ഥാനത്തെക്കുറിച്ചു പാർട്ടിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഹരിതകേരളം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനമാണു സീമയ്ക്കായി പാർട്ടി ഒരുക്കിവച്ചിരിക്കുന്നത്. ഭർത്താവാകട്ടെ, സി–ഡിറ്റ് റജിസ്ട്രാറും.

ഐഎഎസ് ഉദ്യോഗസ്ഥരോ ടെക്നോക്രാറ്റുകളോ ചെയർമാൻ പദവിയിലെത്താറുള്ള അങ്കമാലിയിലെ ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരളയുടെ (ടെൽക്ക്) 52 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രാഷ്ട്രീയ നേതാവ് ചെയർമാനായെത്തി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സി.മോഹനൻ. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഗവ. പ്ലീഡറായി മോഹനന്റെ ഭാര്യ രേഖ സി.നായരെയും നിയമിച്ചതോടെ ഒരു മാസത്തിനിടെ ഈ വീട്ടിലേക്കു സർക്കാരിന്റെ വക രണ്ടു നിയമനങ്ങളെത്തി.

എറണാകുളം ജില്ലയിൽനിന്നുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മോഹിച്ചതു കെടിഡിസി ചെയർമാൻ സ്ഥാനം. ലഭിച്ചതു കൊച്ചിയിലെ മറ്റൊരു കോർപറേഷൻ ചെയർമാൻ പദവി. ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതിനുള്ള സമാശ്വാസ സമ്മാനം കഴിഞ്ഞ ദിവസമെത്തി: സഹോദരനു ഹൈക്കോടതിയിൽ ഗവ. പ്ലീഡറായി നിയമനം.

(അവസാനിച്ചു)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.