Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗിയാക്കും മരുന്നുകൾ

medical-visual

പണമെറിഞ്ഞാൽ പറയുന്ന പേരി‍ൽ, പറയുന്ന വിലയ്ക്ക് മരുന്നു നിർമിച്ചുതരുന്ന കമ്പനികൾ... കേരളത്തിൽ മരുന്നിറക്കുന്ന ഇത്തരം ചില തട്ടിപ്പുകാരെപ്പറ്റി പറഞ്ഞുകേട്ടതു നേരിട്ടന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചില സൂചനകൾ വച്ച് ഗുജറാത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഇടത്തട്ടുകാർ വഴി ഒരു ഏജന്റിനെ കണ്ടെത്തി. അഹമ്മദാബാദിൽ നിന്നു മുപ്പതു കിലോമീറ്റർ അകലെ ബാവ്‌ലിയിലുള്ള ‘പ്രൊപ്പഗൻഡ’ മെഡിസിൻ ഏജന്റ് രൂപേഷ്. കടലാസിൽ മാത്രമുള്ള മെഡിക്കൽ കമ്പനിയുടെ പ്രതിനിധികളായി വിസിറ്റിങ് കാർഡും ലെറ്റർപാഡും ഇമെയിൽ അഡ്രസുമെല്ലാം തയാറാക്കിയായിരുന്നു ഞങ്ങളുടെ യാത്ര.

രൂപേഷിനെ വിളിച്ചപ്പോൾ മറ്റൊരാളുടെ പേരും വിവരങ്ങളും (ശൈലേഷ്) നൽകി. എല്ലാം അവർ ഉടൻ ശരിയാക്കിത്തരുമെന്ന ഉറപ്പും. ശൈലേഷിനെ വിളിച്ചു. ഇംഗ്ലിഷ് അത്രവശമില്ല. അല്ലെങ്കിലും ബിസിനസിന് എന്ത് ഇംഗ്ലിഷ്. ‘യു കം, എവരിതിങ് റെഡി. നോ പ്രോബ്ലം’. എന്നു ശൈലേഷ് ക്ഷണിച്ചപ്പോൾ അവിടേക്കു തിരിച്ചു.

ഫാർമ മാനുഫാക്ചറിങ് കമ്പനിയുടെ പേരൊക്കെ പറഞ്ഞെങ്കിലും അയാൾ ഞങ്ങളെ കൊണ്ടുപോയതു കമ്പനി ഓഫിസിലേക്കൊന്നുമല്ല, മരുന്നുകൾ സൂക്ഷിക്കുന്ന ഗോഡൗണിലേക്ക്. മഴയിൽ ഗോഡൗണിനു ചുറ്റും ചെളിക്കുളം. ചെളിമണവും വൃത്തിയില്ലാത്ത ചുറ്റുപാടും. ഇളം മഞ്ഞച്ചായമടിച്ച പഴയ കെട്ടിടങ്ങളിലൊന്നിലേക്കാണു കയറിയത്. കാർഡ്ബോർഡ് ബോക്സുകളിൽ അട്ടിയട്ടിയായി മരുന്ന്. ചെറിയ ഓഫിസ് പോലെയുള്ള മുറിയിൽ ശൈലേഷും സഹായിയും.

Medicine Godown Outside Visual

Medicine Godown Outside Visual

മുഖവുരയൊന്നുമില്ലാതെ അയാൾ തുടങ്ങി:
‘‘പ്രൊപ്പഗൻഡ മെ‍‍ഡിസിനാണ് ഇവിടെനിന്നു നൽകുന്നത്, അറിയാമല്ലോ. എന്താണു നിങ്ങളുടെ ആവശ്യം?’’
ഞങ്ങൾ: ‘‘അതു തന്നെയാണ് ആവശ്യം. ഞങ്ങൾക്കു വസ്ത്രബിസിനസാണ്. അളിയൻ തുടങ്ങുന്ന ഫാർമ കമ്പനിയിൽ പാർട്ണേഴ്സാണ്. അവൻ സെപ്റ്റംബറിൽ ലണ്ടനിൽ നിന്നു വരും. അപ്പോഴേക്കും ചില ഡീലുകൾ റെ‌ഡിയാക്കാൻ വേണ്ടിയാണു വന്നത്. പിന്നെ, ഞങ്ങൾ ഈരംഗത്തു പുതിയതാണ്. സഹായിക്കണം.’’

ശൈലേഷ്: ‘‘സഹായിക്കാനല്ലേ ഞങ്ങൾ. എന്തു വേണമെന്നു പറഞ്ഞാലും റെഡി’’ (അവരുടെ ബ്രോഷറുകൾ എടുത്തു കാണിക്കുന്നു. മരുന്നുകളുടെ പട്ടിക).
ഞങ്ങൾ: ‘‘ഇതെല്ലാം ഇവിടെ ഉണ്ടാക്കുന്നതാണോ?’’
ശൈലേഷ്: ‘‘അല്ല. ഞങ്ങൾക്കു കുത്തിവയ്പിനുള്ള മരുന്നുണ്ടാക്കാനേ ലൈസൻസുള്ളൂ. ഇതൊക്കെ ഓർഡറെടുത്തു വേറെ ചെയ്യിക്കുകയാണ്.’’
ഞങ്ങൾ: ‘‘അപ്പോൾ പരിശോധനയും മറ്റും?’’

ശൈലേഷ്: ‘‘അതൊക്കെ ഞങ്ങൾ റെഡിയാക്കും. നിങ്ങൾക്കു വേണ്ട മരുന്നുകളുടെ ലിസ്റ്റ് അയച്ചാൽ റേറ്റും മറ്റും അയച്ചു തരാം. ‌ഡ്രഗ് ലൈസൻസ് കിട്ടിയതിനു ശേഷം ഞങ്ങളെ വിളിച്ചാൽ ഉടൻ തന്നെ മാനുഫാക്ചറിങ് തുടങ്ങാം.’’
‍ഞങ്ങൾ: ‘‘ഞങ്ങളുടേതായ മരുന്ന് മാർക്കറ്റിലിറക്കാനും പദ്ധതിയുണ്ട്. അതിന്...’’
ഇടയ്ക്കു കയറി ശൈലേഷ്: ‘‘അതിനെന്താ. എന്തു പേരു വേണം, എത്ര എംആർപി അടിക്കണം, ഏതു സിംബൽ വയ്ക്കണമെന്നൊക്കെ അയച്ചു തന്നാൽ മതി. എല്ലാം ഡബിൾ ഓകെ.’’

Medicine Series Audio

Medicine Series Audio

ഞങ്ങൾ: ‘‘ഞങ്ങൾ പറയുന്ന പേരിൽ അടിച്ചു തരണം.’’
ശൈലേഷ്: ‘‘അതിനല്ലേ ഞങ്ങൾ. ഉറപ്പായും ചെയ്തിരിക്കും.’’
ഞങ്ങൾ: ‘‘അപ്പോൾ കേരളത്തിൽ ഇതിന്റെ ടെസ്റ്റിങ് ഒക്കെ നടത്തേണ്ടേ?’’
ശൈലേഷ്: ‘‘കേരളയിൽ അതിനുള്ള സിസ്റ്റം ഇല്ലല്ലോ. ഇവിടത്തെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി. പിന്നെ, നിങ്ങളുടെ കയ്യിൽ ആവശ്യത്തിനു ഡോക്ടർമാരുണ്ടോ?’’
ഞങ്ങൾ: ‘‘പത്തുപതിനഞ്ചു പേരുണ്ട്.’’

ശൈലേഷ്: ‘‘അവരെ പിടിത്തമിട്ടു മരുന്നെഴുതിച്ചാലേ ലാഭമുള്ളൂ.’’
ഞങ്ങൾ: ‘‘അതു ചെയ്യാം. ഇവിടെ ഗോഡൗൺ ആണോ. മരുന്നുകൾ ഇങ്ങനെ വച്ചാൽ കൃത്യമായ ടെംപറേച്ചർ ഒക്കെ നോക്കണ്ടേ?’’
ശൈലേഷ്: ‘‘അതൊക്കെ പറ്റുന്ന കാര്യമാണോ? റീട്ടെയ്‌ലുകാർക്കു സാധിച്ചേക്കും. ഗോഡൗണുകളിലൊന്നും പറ്റില്ല.’’

drug-company-gujrath അഹമ്മദാബാദിനടുത്ത ബാവ്‌ലിയിലെ മരുന്നു ഗോഡൗണിലേക്കുള്ള കവാടം.

(സാംപിളായി ചില മരുന്നുകളും തന്ന്, കേരളത്തിലെ പ്രവർത്തനത്തിന്റെ വിശദാംശങ്ങളും നൽകിയ ശേഷമാണ് അവർ ഞങ്ങളെ വിട്ടത്. നാട്ടിലെത്തിയ ശേഷം വേണ്ട മരുന്നുകളുടെ പട്ടിക അയച്ചു കൊടുത്തു. അതിന്റെ വിലയും അവർക്കു കൊടുക്കേണ്ട തുകയുമെല്ലാം മറുപടിയായി അയച്ചുതരികയും ചെയ്തു.)

ഗുജറാത്തിലെത്തിയപ്പോൾ മറ്റുചില ഏജന്റുമാരെ വിളിച്ചു. അവർ നൽകിയതു കേരളത്തിലെ ‘സഹായി’കളുടെ നമ്പരുകൾ. കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലെ നമ്പരുകളിൽ വിളിച്ചപ്പോൾ മനസ്സിലായി, ശൃംഖല എത്രവലുതാണെന്ന്. വ്യാജമരുന്നുകൾ ഏറെ കിട്ടുന്ന മുംബൈയിലെ സ്ട്രീറ്റിന്റെ പേരും പലരും പറഞ്ഞുതന്നു.

അതിനിടയിൽ ഒരാളുടെ വാഗ്ദാനം: ‘‘നിങ്ങൾ എവിടെ നിന്നു മരുന്നുണ്ടാക്കിയാലും അതിലും ഒരു രൂപ കുറച്ചു ഞാൻ തന്നിരിക്കും.’’
കേരളത്തിലേക്കുള്ള മരുന്നുകൾ പൂർണമായും സംസ്ഥാനത്തിനു പുറത്തുനിന്നാണു വരുന്നത്. അക്കൂട്ടത്തിൽ ഇത്തരം തട്ടിപ്പുമരുന്നുകൾ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കടന്നുവരുമ്പോൾ നമ്മുടെ ആരോഗ്യത്തിന്റെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ.

എന്താണ് പ്രൊപ്പഗൻഡ മെഡിസിൻ?

ബ്രാൻഡഡ് കമ്പനികളുടേതല്ലാത്ത മരുന്നുകൾ എന്ന് ഒറ്റവാചകത്തിൽ പറയാം. ചെലവുകുറച്ചുള്ള ഉൽപാദനമാണ് ഇതിൽ ലാഭത്തിലേക്കുള്ള വഴി. ചെലവുകുറയ്ക്കാനുള്ള പ്രധാന മാർഗം നിലവാരം താഴ്ത്തുക തന്നെ.

പലമടങ്ങു ലാഭം ലഭിക്കത്തക്ക രീതിയിൽ മാക്സിമം റീട്ടെയ്ൽ പ്രൈസ് (എംആർപി) അടിച്ചു വിപണിയിലെത്തിക്കാം. ഡോക്ടർമാരെ സ്വാധീനിച്ച് ഈ മരുന്നുകൾ എഴുതിച്ചാൽ വിപണിയിൽ കാലുറപ്പിക്കാം. ചില കമ്പനികൾ നേരിട്ട് ആശുപത്രികളുമായി വരെ ഡീലുറപ്പിക്കാറുണ്ട്. ബ്രൈബിങ് കമ്പനികളെന്നും ഇവയ്ക്കു പേരുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് പോലും ഇത്തരം കമ്പനികളുടെ വലയിൽ വീഴുന്നുണ്ട്.

നിലവാരം കുറഞ്ഞതാണെന്നു കണ്ടെത്തിയതിനെ തുടർന്നു ‘കാരുണ്യ’യിൽ കോടികളുടെ മരുന്നു കത്തിച്ചു കളഞ്ഞെന്ന വാർത്ത‌‌യെ ഇതിനോടു ചേർത്തുവയ്ക്കാം. എസ്എടി ആശുപത്രിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ ഇത്തരം മരുന്നുകൾ തിരുകാൻ ഫോൺവിളികളെത്തിയിരുന്നത് ഉന്നതതലങ്ങളിൽ നിന്നുവരെയാണ്. ശക്തമായ നിലപാടെടുത്തതു കൊണ്ടു മാത്രം അവർക്ക് അവിടെ കയറിപ്പറ്റാനായില്ല.

മരുന്നുകമ്പനികളുടെ തട്ടിപ്പുകളും കൊള്ളയും അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മരുന്നുകളുടെ രാസനാമം (ജെനറിക് നെയിം) എഴുതണമെന്നു ഡോക്ടർമാർക്കു സർക്കാർ നിർദേശം നൽകിയത്. രോഗികൾക്ക് അനുഗ്രഹമാകും ഈ തീരുമാനമെന്നാണ് കരുതിയിരുന്നത്. എന്നാൽ, വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്നതായി അവസ്ഥ. അതേക്കുറിച്ചു നാളെ

Your Rating: