Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുണാചൽ ‘ആയാറാം ഗയാറാം’; കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിൽ

arunachal-issue

അരുണാചൽ പ്രദേശിൽ രാഷ്ട്രീയ ചരടുവലികൾക്കിടെ കൈവിട്ടുപോയ ഭരണം, ‘നിയമപരമായി’ തിരികെക്കിട്ടിയെങ്കിലും നിലനിർത്താനാവാതെ പോയതിനു മറ്റാരെയും പഴിക്കാനാവാതെ കോൺഗ്രസ് നേതൃത്വം. സമയത്തു രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളാനും അണികളെ സംതൃപ്തരായി നിലനിർത്താനും പാർട്ടിക്കു കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ അപ്പാടെ കൂറുമാറുന്നതു സാധാരണമല്ല. ഉത്തരേന്ത്യയിൽ ‘ആയാറാം ഗയാറാം’ രാഷ്ട്രീയം അടക്കിവാണകാലത്താണു മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. 1980ൽ ഭജൻലാലിന്റെ ജനതാ സർക്കാർ രായ്ക്കുരാമാനം കോൺഗ്രസ് സർക്കാരായതുപോലെ. അന്നു നേട്ടം കോൺഗ്രസിനായിരുന്നെങ്കിൽ ഇന്നു നേട്ടം രാഷ്ട്രീയ എതിരാളികൾക്ക്. നേതൃത്വത്തിന്റെ അവഗണനയെക്കുറിച്ച് അരുണാചലിലെ കോൺഗ്രസ് എംഎൽഎമാർക്കു നേരത്തെ മുതൽ പരാതിയുണ്ടായിരുന്നു. ഉൾപ്പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു യഥാസമയം ഇടപെടുന്നില്ലെന്നായിരുന്നു ആക്ഷേപം. ഹൈക്കമാൻഡുമായി ചർച്ച നടത്താനെത്തി ആരെയും കാണാതെ മടങ്ങേണ്ടിവന്ന അനുഭവവും പലർക്കുമുണ്ടായി. ഒന്നേകാൽ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള പാർട്ടി, പ്രശ്നസങ്കീർണമായ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനത്തു സ്ഥിതിഗതികൾ വഷളാകാൻ അനുവദിക്കുകയായിരുന്നു.

കോടതി ഇടപെട്ടു ഭരണം തിരികെക്കിട്ടിയതിനു പിന്നാലെ പ്രതിസന്ധി തരണം ചെയ്യുന്നതിൽ കോൺഗ്രസ് രാഷ്ട്രീയ നൈപുണ്യം കാട്ടിയതാണ്. ഭൂരിപക്ഷം തെളിയിക്കുന്നതിനു കൂടുതൽ സമയം ചോദിച്ചതു കിട്ടാതെ വന്നപ്പോൾ പേമ ഖണ്ഡുവിനുവേണ്ടി നബാം തുക്കി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതു ബിജെപിയെ അദ്ഭുതപ്പെടുത്തിയ നീക്കമായി. എന്നാൽ, ഒരു മാസം തികയും മുൻപു മുൻ മുഖ്യമന്ത്രി കലികോ പുൽ ജീവനൊടുക്കി. രണ്ടു മാസം തികയും മുൻപു പേമ ഖണ്ഡു 42 കോൺഗ്രസ് എംഎൽഎമാരുമായി പാർട്ടി വിട്ടപ്പോൾ കോൺഗ്രസിൽ ബാക്കിയായതു നബാം തുക്കി മാത്രം.

നേരത്തെ, മുതിർന്ന ബിജെപി നേതാക്കൾ അരുണാചലിലും ഗുവാഹത്തിയിലും ക്യാംപ് ചെയ്തു തന്ത്രങ്ങൾ മെനയുമ്പോൾ അരുണാചലിന്റെ ചുമതല‌യുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സി.പി.ജോഷി ഡൽഹിയിൽത്തന്നെയായിരുന്നു. തനിക്കു നേരിട്ടു കൈകാര്യം ചെയ്യാനുള്ള ഗൗരവം അരുണാചലിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കില്ലെന്ന സന്ദേശമാണു ജോഷി നൽ‌കിയത്. തനിക്കു പകരം സെക്രട്ടറി ജയകുമാറിനെയാണ് അദ്ദേഹം ഇറ്റാനഗറിലേക്കു നിയോഗിച്ചത്.

‘ലോകം ചെറുതാണ്, കാര്യങ്ങൾ നടത്താൻ അരുണാചലിൽ പോക‌ണമെന്നില്ലെ’ന്നായിരുന്നു ന്യായം. ‘കോൺ‌ഗ്രസിനു വ്യക്തമായ രാഷ്ട്രീയതന്ത്രങ്ങളുണ്ട്, അതു മാധ്യമങ്ങളോടു പറയാനുള്ളതല്ലെ’ന്നു തുറന്നടിക്കാനും മൃദുസ്വഭാവിയെങ്കിലും ക്ഷിപ്രകോപിയായ അദ്ദേഹം മടിച്ചില്ല. അരുണാചലിനെ കോൺഗ്രസ് മുക്തമാക്കുകയെന്ന തീവ്രയത്ന പരിപാടിയിൽ ബിജെപി ഉറച്ചുനിന്നപ്പോൾ അണികളെ കൂടെ നിർത്തുന്ന ദീർഘകാല പദ്ധതി ആവിഷ്കരിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായില്ല. എങ്കിലും, അതിർത്തി സംസ്ഥാനത്ത് അനുദിനം മാറിമറയുന്ന രാഷ്ട്രീയ കാലാവസ്ഥ കണ്ടില്ലെന്നു നടിക്കാതിരിക്കുക.

രാഷ്ട്രീയ നാടകം ഇങ്ങനെ

2011 നവംബർ ഒന്ന്: കോൺഗ്രസ് നേതാവ് നബാം തുകി അധികാരത്തിൽ. സഹോദരൻ നബാം റിബിയ സ്പീക്കർ.
2014 മേയ്: തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് വിജയം. തുകി വീണ്ടും അധികാരത്തിൽ.
2014 ഡിസംബർ: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കലിഖോ പുലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി.
2015 ഏപ്രിൽ: പുലിനെ കോൺഗ്രസിൽ നിന്നു പുറത്താക്കി.
ജൂൺ 1: ജ്യോതി പ്രസാദ് രാജ്ഖോവ ഗവർണർ.
ഡിസംബർ 15: 21 വിമത കോൺഗ്രസ് എംഎൽഎമാരിൽ 14 പേരെ അയോഗ്യരാക്കുന്ന നോട്ടിസ് സ്പീക്കർ റദ്ദാക്കി.
ഡിസംബർ 16: തുകി സർക്കാർ നിയമസഭ പൂട്ടി. മറ്റൊരു കെട്ടിടത്തിൽ നിയമസഭാ സമ്മേളനം. സ്പീക്കറെ നീക്കി.
ഡിസംബർ17: ഹോട്ടൽ മുറിയിൽ വിമതരുടെ സമ്മേളനം. തുകിയെ പുറത്താക്കി കലിഖോ പുലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
2016 ജനുവരി അഞ്ച്: 14 കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു.
ജനുവരി 26: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനു കേന്ദ്രമന്ത്രിസഭയുടെ ശുപാർശ.
ജനുവരി 27: കോൺഗ്രസ് സുപ്രീംകോടതിയിൽ. ഗവർണർക്കും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടിസ്.
ജനുവരി 28: രാഷ്ട്രപതിഭരണത്തിനെതിരെ നബാം തുകി സുപ്രീംകോടതിയിൽ.
ഫെബ്രുവരി 4: സുപ്രീംകോടതി പരാമർശം – ജനാധിപത്യം കശാപ്പു ചെയ്യപ്പെടുമ്പോൾ നോക്കിനിൽക്കാനാവില്ല.
ഫെബ്രുവരി 11: സ്പീക്കറുടെ അധികാരങ്ങൾ ഏറ്റെടുക്കാൻ ഗവർണർക്കാവില്ലെന്ന് സുപ്രീം കോടതി.
ഫെബ്രുവരി 19: രാഷ്ട്രപതിഭരണം പിൻവലിക്കുന്നു.
ഫെബ്രുവരി 20: മുഖ്യമന്ത്രിയായി പുൽ അധികാരമേൽക്കുന്നു.
ജൂലൈ 13: ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. തുകി വീണ്ടും മുഖ്യമന്ത്രി.
ജൂലൈ 17: കോൺഗ്രസിനുള്ളിൽ ഒത്തുതീർപ്പു ഫോർമുല. പേമ ഖണ്ഡു പുതിയ മുഖ്യമന്ത്രി.
ഓഗസ്റ്റ് 9: അഞ്ചു മാസം മുഖ്യമന്ത്രിയായിരുന്ന കലിഖോ പുൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജീവനൊടുക്കി.
സെപ്റ്റംബർ 16: മുഖ്യമന്ത്രിയും 42 എംഎൽഎമാരും കോൺഗ്രസ് വിട്ടു പീപ്പിൾസ് പാർട്ടിയിൽ.  

Your Rating: