Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരൂറ്റാൻ ഓരോ വഴികൾ

leader-sketch-1

ഒരേ കാര്യത്തിനു പല സർക്കാർ സ്ഥാപനങ്ങൾ രംഗത്തെത്തുമ്പോൾ എങ്ങനെ ഒരു വലിയ സ്വപ്നം തന്നെ തടസ്സപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് നീര. കേന്ദ്രസർക്കാരിനു കീഴിലെ നാളികേര വികസന ബോർഡിന്റെ പദ്ധതിയായിരുന്നു നീര ഉൽപാദനവും വിപണനവും. അതു വിപണിയിലെത്തുന്ന ഘട്ടമായപ്പോൾ 16 വർഷം മുൻപു പൂട്ടിപ്പോയ നാളികേര വികസന കോർപറേഷൻ നീര വിപണനം ചെയ്യാനെന്ന പേരിൽ സംസ്ഥാന സർക്കാർ പുനരുജ്ജീവിപ്പിച്ചു. നാളികേര വികസന കോർപറേഷന്റെ അതേ ലക്ഷ്യങ്ങളുമായി സഹകരണവകുപ്പിനു കീഴിൽ കേരഫെഡ് തുടങ്ങിയപ്പോഴാണു കോർപറേഷൻ പൂട്ടിപ്പോയതെന്നും ഓർക്കാം.

കമ്പനി റജിസ്ട്രാറുടെ രേഖകളിൽ ഇപ്പോഴും പൂട്ടിയ പട്ടികയിലുള്ള കോർപറേഷൻ വീണ്ടും തട്ടിക്കൂട്ടിയെടുത്തതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? നീരയുടെ വിപണനം എന്ന പേരിൽ രംഗത്തിറങ്ങി നീരയ്ക്കായി സർക്കാർ നീക്കിവച്ചിട്ടുള്ള പണം സ്വന്തമാക്കുക – അല്ലാതെന്ത് ?
വകുപ്പുമന്ത്രിയുടെ പാർട്ടിയുടെ മലപ്പുറത്തുനിന്നുള്ള നേതാവ് കോർപറേഷൻ ചെയർമാനായി പ്രത്യക്ഷപ്പെട്ടു. കർഷകരുടെ നേതൃത്വത്തിലുള്ള തേങ്ങാ ഉൽപാദക സംഘങ്ങൾക്കും കമ്പനികൾക്കുമായി നീരവിപണനത്തിനു ബജറ്റിൽ നീക്കിവച്ച 15 കോടിക്കായി പല ശ്രമങ്ങളും തുടങ്ങി. കോർപറേഷൻ പുനരുജ്ജീവിപ്പിക്കൽ പദ്ധതി എന്ന പേരിൽ 15 കോടി രൂപയുടെ പദ്ധതിരേഖ കൊടുത്തു.

എന്നാൽ, വിവാദമായതോടെ നീരയുടെ ഫണ്ട് വകമാറ്റാൻ കഴിയില്ലെന്നായി. പകരം സ്വന്തം ആസ്തി ഉപയോഗിച്ചു ഫണ്ട് കണ്ടെത്തിക്കൊള്ളാൻ നിർദേശം വന്നു. അങ്ങനെ എറണാകുളം ഇടപ്പള്ളിയിൽ ദേശീയപാതയോടു ചേർന്നുള്ള നാലേക്കർ സ്ഥലം പാട്ടത്തിനു കൊടുക്കാൻ തീരുമാനമെടുത്തു. ഇതിൽ അഴിമതിയാരോപിക്കപ്പെട്ടതോടെ പിൻമാറി. കോർപറേഷൻ വീണ്ടും തട്ടിക്കൂട്ടിയ സ്ഥിതിക്ക് എന്തെങ്കിലും ചെയ്യാതെ പറ്റില്ലല്ലോ. അങ്ങനെ അൽപസ്വൽപം നീര വിതരണം തുടങ്ങി. ഇതിനായി സർക്കാരിൽനിന്നു 35 ലക്ഷം രൂപ വാങ്ങിയെടുത്തു. ഇതിനിടെ കൃഷിവകുപ്പുവക രണ്ടു കോടി രൂപ കിട്ടി.

ഇതുപയോഗിച്ചു കൊരട്ടിയിലെ വാടക മില്ലിൽനിന്നു വെളിച്ചെണ്ണയുൽപാദനവും തുടങ്ങി. ഒന്നും ക്ലച്ച് പിടിക്കാതായതോടെ എങ്ങനെയെങ്കിലും കേരഫെഡിൽ ലയിച്ചാൽ മതിയെന്നായി. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഉത്തരവുമിറങ്ങി. എന്നാൽ, കോർപറേഷനെ തങ്ങൾക്കു വേണ്ടെന്ന നിലപാടിലാണു കേരഫെഡ്. ലയനം സംബന്ധിച്ചു കേസ് നടക്കുകയാണ്. ഒരേ കാര്യത്തിനു പല ഏജൻസികൾ രംഗത്തുവന്നതു മൂലമുള്ള ആശയക്കുഴപ്പത്തിൽ നീരവിപണനം കുറെക്കാലം പ്രതിസന്ധിയിലുമായി.

ശ്വാസം മുട്ടിക്കുന്ന നീരാളിപ്പിടിത്തം

ഒരു മേഖലയുടെ വികസനത്തിന് എത്ര സർക്കാർ ഏജൻസികൾ വരെയാകാം? ഈ കണക്കുകൾ ശ്രദ്ധിക്കുക. വ്യവസായ മേഖലയെ പരിപോഷിപ്പിക്കാനായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി), സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷൻ (സിഡ്കൊ), കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തുടങ്ങി 20 സ്ഥാപനങ്ങളാണ് ഇന്നു കേരളത്തിൽ പ്രവർത്തിക്കുന്നത്.

കെമിക്കൽ ഇൻഡസ്ട്രീസ് എന്ന പേരിൽ 10. ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എന്ന ലേബലിൽ നാല്, ഇലക്ട്രോണിക്സിൽ മൂന്ന്, എൻജിനീയറിങ് ആൻഡ് മാനുഫാക്ചറിങ് എന്ന പേരിൽ ഒൻപത്, സെറാമിക്സ് മേഖലയിൽ രണ്ട് തുടങ്ങി കുറഞ്ഞത് 50 ഏജൻസികളാണ് കേരളത്തിലെ വ്യവസായ മേഖലയെ ശ്രദ്ധിക്കാനുള്ളത്. പുറമേ, പരമ്പരാഗത വ്യവസായങ്ങൾ പരിപോഷിപ്പിക്കാൻ ഏഴു സ്ഥാപനങ്ങൾ വേറെ.
കൃഷിയും മോശമല്ല.

ഹോർട്ടികോർപ്, കേരഫെഡ്, ഓയിൽപാം, കോക്കനട്ട് ഡവലപ്മെന്റ് ബോർഡ് തുടങ്ങി മുപ്പതോളം ഏജൻസികളാണു കേരളത്തിന്റെ കൃഷിമേഖലയിൽ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങൾ എല്ലാംകൂടി നമ്മുടെ കൃഷി നന്നാക്കിയിട്ടും രാവിലെ ദോശയും ചമ്മന്തിയും കഴിക്കാൻ മലയാ‌ളി അയൽ സംസ്ഥാനത്തേക്കു വായ് പൊളിച്ചിരിക്കുന്നത് എന്തിന് എന്നു ചോദിക്കരുത്. ഏറ്റവും പുതിയ സാമ്പത്തിക സർവേ പ്രകാരവും നമ്മുടെ കൃഷി പോകുന്നതു താഴോട്ടു തന്നെ.

സഹകരണ വകുപ്പിനു കീഴിൽ പതിനഞ്ചും ക്ഷേമനിധി സംഘങ്ങൾ പതിനൊന്നുമുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. മൽസ്യമേഖലയും മോശമല്ല. സഹകരണ സംഘങ്ങളുടെ അപക്സ് ബോഡിയായ മൽസ്യഫെഡും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സാഫും ഉൾപ്പെടെ ‘മീൻപിടിക്കാൻ ചൂണ്ടയുമായി’ ഏഴ് ഏജൻസികളാണു സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

ഈ ധൂർത്തിനു പിന്നിൽ രാഷ്ട്രീയതാൽപര്യം മാത്രം

ബിസിനസ് ലാഭവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ടു വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളാണു പൊതുമേഖലാ സ്ഥാപനങ്ങൾ. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും ചെയർമാനെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളെയും എംഡിയെയും സർക്കാരിനു നിയമിക്കാം. ഓരോ സർക്കാർ വരുമ്പോഴും ഭരണസമിതി പിരിച്ചുവിട്ടു പുതിയ ആൾക്കാരെ കുടിയിരുത്തും. എംഡിക്ക് യോഗ്യത നിർണയിച്ചിട്ടുണ്ടെങ്കിലും ചെയർമാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങളില്ല.

ഇവയ്ക്കു പുറമെയാണു പൊതുമേഖലാ സ്ഥാപനങ്ങൾക്കു സഹായമൊരുക്കുക, മെച്ചപ്പെട്ട വ്യവസായ സാഹചര്യം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഏജൻസികൾ. കേന്ദ്ര, സംസ്ഥാന നിയമങ്ങളുടെ പിൻബലത്താൽ സർക്കാർ രൂപീകരിക്കുന്ന ഏജൻസികളാണു ബോർഡുകൾ. ചില ബോർഡുകൾക്കു ചെയർമാനും വൈസ് ചെയർമ‍ാനും ഭരണസമിതിയും ഉണ്ടാകും. പ്ലാനിങ് ബോർഡ് പോലുള്ളവയുടെ അധ്യക്ഷൻ മുഖ്യമന്ത്രി തന്നെയാകും.

ഇവിടെയും നടക്കുന്നതു രാഷ്ട്രീയ നിയമനങ്ങൾ തന്നെ. ക്ഷേമനിധി ബോർഡുകളിലും സർക്കാരുകൾ മാറുമ്പോൾ ഭരണസമിതി മാറും. സഹകരണ വകുപ്പിനു കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ കേന്ദ്ര സംവിധാനമാണു ഫെഡറേഷനുകൾ.

മൂന്നുതരം കമ്മിഷനുകളുമുണ്ട് കേരളത്തിൽ. സ്ഥിരം കമ്മിഷനുകളും താൽക്കാലിക കമ്മിഷനുകളും ജുഡീഷ്യൽ കമ്മിഷനുകളും. ഓരോ സർക്കാർ അധികാരമേൽക്കുമ്പോഴും പഴയ കമ്മിഷൻ അധ്യക്ഷനും അംഗങ്ങളും രാജിവയ്ക്കുകയും പുതിയ സർക്കാരിന്റെ ഇഷ്ടക്കാരെ പകരം നിയമിക്കുകയുമാണ് പതിവ്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയ്ക്കു പുറമെ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ വികസന അതോറിറ്റികളും രൂപീകരിക്കാറുണ്ട്. രാഷ്ട്രീയ താൽപര്യത്തോടെയാണ് ഇവയിലും നിയമനങ്ങൾ.

ഓരോ വർ‌ഷവും നഷ്ടക്കണക്കു മാത്രം ഉൽപാദിപ്പിക്കുന്ന ഇതുപോലുള്ള കമ്മിഷനുകളും കോർപറേഷനുകളും ബോർഡുകളും അതോറിറ്റികളും ഒക്കെ ഗുണമുണ്ടാക്കുന്നതു തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടാതെയും മുന്നണിയിൽ സ്ഥാനം ലഭിക്കാതെയും കഴിയുന്ന രാഷ്ട്രീയക്കാർക്കു തന്നെ. ഇത്തരം സ്ഥാപനങ്ങളിലെ അഴിമതിയുടെയും ധൂർത്തിന്റെയും ഞെട്ടിക്കുന്ന കണക്കുകൾ കണ്ട് നമ്മൾ അമ്പരന്നു നിൽക്കുന്നു. എന്നാൽ, ഓരോ സർക്കാർ വരുമ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം കൂട്ടുന്നതേയുള്ളൂ. ഇൗ കെടുകാര്യസ്ഥതയ്ക്കെതിരെ ആരും അനങ്ങില്ല. അനങ്ങാൻ രാഷ്ട്രീയ നേതൃത്വം അനുവദിക്കില്ല.

വേണമെങ്കിൽ ചക്ക...

ഉദ്യോഗസ്ഥർ മാത്രം ഭരിച്ച്, ലാഭം നേടുന്ന ഒരു സ്ഥാപനം കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ്. 2014-15ലെ വാർഷിക അക്കൗണ്ട്സ് പ്രകാരം വരവ് 67.09 കോടി രൂപ, ചെലവ് 50.03 കോടി രൂപ. ലാഭം 17.06 കോടി. പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണു കെബിപിഎസ്. ഇവിടെയുള്ളതു 170 ജീവനക്കാർ. പ്രതിമാസം അച്ചടിക്ക് ഉപയോഗിക്കുന്നതു 17,000 ടൺ കടലാസ്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 സർക്കാർ പ്രസുകളിലായുള്ളത് 2200 ജീവനക്കാർ. പ്രതിമാസം അച്ചടിക്കുന്നതു മൊത്തം 800 ടൺ കടലാസ് മാത്രം.

കുറച്ചു ജീവനക്കാരെയും ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഏതാനും കുടുംബശ്രീ പ്രവർത്തകരെയും ഉപയോഗിച്ചാണു കെബിപിഎസ് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നത്.
സംസ്ഥാനത്തിന് ആവശ്യമായ മുഴുവൻ അച്ചടിയും നിർവഹിക്കാനുള്ള ശേഷിയും യന്ത്രങ്ങളും കെബിപിഎസിലുണ്ട്. കെബിപിഎസിനെ മാത്രം ആശ്രയിക്കാൻ സർക്കാർ തീരുമാനിച്ചാൽ, സർക്കാർ പ്രസുകൾ അപ്രസക്തമാവും.

അവസാനിച്ചു

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.