Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി നമുക്കു വേണം, കൂടുതൽ ജാഗ്രത

INDIA-KASHMIR-PAKISTAN-UNREST

അക്ഷരാർഥത്തിൽ ഇന്ത്യൻ സൈന്യം ലോകത്തെ ഞെട്ടിച്ചു. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ ഭീകരരിൽനിന്നു പലതവണ അടികളേറ്റുവാങ്ങിയ ഇന്ത്യൻ സൈന്യം കഴിഞ്ഞയാഴ്ച തിരിച്ചടിച്ചു – രഹസ്യമായി, ശക്തമായി, കിറുകൃത്യം ലക്ഷ്യം വേധിച്ച്.

ഇന്ത്യൻ കമാൻഡോകൾ ആദ്യമായല്ല അതിർത്തികടന്നുള്ള മിന്നലാക്രമണങ്ങൾ നടത്തുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഞ്ചു തവണ മ്യാൻമർ അതിർത്തിക്കുള്ളിൽ കടന്ന് അവർ ഓപ്പറേഷനുകൾ നടത്തി. എന്നാൽ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം അടക്കമുള്ള ഭീകരസംഘടനകളിൽപെട്ടവരെ ലക്ഷ്യമിട്ടുള്ള ഈ മിന്നലാക്രമണങ്ങൾക്കെല്ലാം ഒന്നുകിൽ മ്യാൻമറിന്റെ മൗനസമ്മതമുണ്ടായിരുന്നു, അല്ലെങ്കിൽ അവർ സൗകര്യപൂർവം കണ്ണടച്ചു.

എന്നാൽ, പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) പൂഞ്ച് കാടുകളിൽ സംഭവിച്ചതു തീർത്തും വ്യത്യസ്തമാണ്. അവിടെ നമ്മുടെ സൈനികർ നേരിട്ടതു ചാവേറുകളായി പൊട്ടിത്തെറിച്ചു ചുറ്റുമുള്ളതിനെയെല്ലാം ചുട്ടെരിക്കാൻ മടിയില്ലാത്ത ലഷ്കർ ഭീകരരെയാണ്. ഭീകരരെ മാത്രമല്ല, അവർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന പാക്ക് സൈന്യത്തെയും.

പിഒകെയിൽ കടന്നുചെന്നുള്ള ഓപ്പറേഷനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ അനുമതി ലഭിച്ചതോടെ സൈന്യത്തിന്റെ ഓപ്പറേഷൻ കമാൻഡർമാർ ജോലി തുടങ്ങി. ഭയലേശമില്ലാത്ത കമാൻഡോകൾ രാത്രിയുടെ മറവിൽ നിയന്ത്രണരേഖ കടന്നു. അവർ പാളിച്ചകളൊന്നുമില്ലാതെ ലക്ഷ്യം കാണുകയും ചെയ്തു. നൂറോളം കമാൻഡോകൾ നടത്തിയ ആ ഓപ്പറേഷൻ സാധ്യമാക്കിയതിനു പിന്നിൽ തന്ത്രജ്ഞർ, ആശയവിനിമയ സംവിധാനങ്ങൾ, ഹെലികോപ്ടറുകൾ, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ വലിയ സൈനിക സംവിധാനങ്ങളുമുണ്ടായിരുന്നു. ഇവയുടെയെല്ലാം കൂട്ടായ പ്രവർത്തനത്തിലൂടെ നടന്ന സൈനികനടപടി ഇന്ത്യയുടെ സുരക്ഷാ സമീപനത്തിൽ തന്ത്രപ്രധാനമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് – പ്രതിരോധത്തിൽ ഊന്നിയിരുന്ന നമ്മുടെ സൈന്യം, മുന്നേറിക്കളിക്കുന്ന, തിരിച്ചടിക്കുന്ന ഒരു സേനയായി മാറുന്നു, അതും ശത്രുവിന്റെ അതിരുകൾക്കുള്ളിൽപോലും കടന്ന്.

ശസ്ത്രക്രിയപോലെ സൂക്ഷ്മമായി, പിഴവുകളില്ലാതെ നടത്തിയ സൈനികനടപടി വ്യക്തമാക്കുന്നത് ഇതാണ്: മൂന്നര പതിറ്റാണ്ടായി ഭീകരരുടെ നിഴൽയുദ്ധത്തിന് ഇരകളായിരുന്ന ഇന്ത്യ നയം മാറ്റുകതന്നെയാണ് – ഭീകരതയുടെ വേരറുക്കാൻ സൈനിക മാർഗം മാത്രമല്ല, മറ്റു വഴികളും ഇന്ത്യ തേടും.

ഇന്ത്യൻ സൈന്യത്തിന്റെ കൂടുതൽ മിന്നലാക്രമണങ്ങൾ ഭയന്ന് ഭീകരർ പിഒകെയിലെ ഇടത്താവളങ്ങളിൽനിന്ന് ഉൾപ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലേക്കു മാറിയെന്നു റിപ്പോർട്ടുണ്ട്. താലിബാൻ കേന്ദ്രങ്ങൾ കണ്ടെത്താൻ അമേരിക്ക തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഉപയോഗിച്ചതുപോലെ, പിഒകെയിലെ ഭീകരകേന്ദ്രങ്ങൾ കണ്ടെത്താൻ ഇന്ത്യ ആളില്ലാ ചെറുവിമാനങ്ങൾ (‍ഡ്രോൺ) അയയ്ക്കുമെന്നും അവർ കണക്കുകൂട്ടുന്നു. ഇന്ത്യയെ ഭീകരർ ഭയന്നുതുടങ്ങിയിരിക്കുന്നു. മറ്റൊരു സുപ്രധാന നേട്ടംകൂടിയുണ്ടായി സൈനിക നടപടിയിലൂടെ –  ഇന്ത്യൻ സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ആത്മവിശ്വാസം ഉയർന്നിരിക്കുന്നു.

രാഷ്ട്രീയതലത്തിൽ, വലിയ നേട്ടമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായത്. എല്ലാ രാഷ്ട്രീയ കക്ഷികളും സൈനിക നടപടിയെ പൂർണമായും അനുകൂലിച്ചു. മോദിയുടെ കടുത്ത വിമർശകരായ കോൺഗ്രസും ആം ആദ്മി പാർട്ടിയും പോലും പിന്തുണ പ്രഖ്യാപിച്ചു. സൈനികനടപടിയുടെ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാരും ശ്രമിച്ചു. ഇതു പുതിയൊരു രാഷ്ട്രീയ രീതിയാണ് – പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും. ഓഗസ്റ്റിൽ ജിഎസ്ടി ബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കാനും ബിജെപി തിരഞ്ഞെടുത്തത് ഇതേ മാർഗമായിരുന്നു.

സുരക്ഷാതലത്തിൽ നമ്മൾ പ്രത്യേക ജാഗ്രത പുലർത്തേണ്ട നാളുകളാണ് ഇനിയുള്ളത്. ഇന്ത്യൻ മിന്നലാക്രമണത്തിൽ പകച്ചുപോയ ഭീകരർ വീണ്ടും സംഘടിക്കുകയും പ്രത്യാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യാം. കർശനമായ നിരീക്ഷണവും അതീവജാഗ്രതയും വേണം. ഒപ്പം, മാസങ്ങളായി അശാന്തമായ കശ്മീരിന് രാഷ്ട്രീയമായ സാന്ത്വനസ്പർശം എത്തിക്കാനുള്ള ശ്രമങ്ങളുമുണ്ടാകണം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.