Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിലെ ആർഎസ്എസിൽ കലഹമുയർത്തി ഭാഷാരാഷ്ട്രീയം

RSS-BJP

രാഷ്ട്രീയ സ്വയം സേവക് സംഘ് ദേശീയതലത്തിലോ മേഖലാതലത്തിലോ ഉള്ള ഭാരവാഹികളെ നീക്കം ചെയ്യുക മിക്കവാറും വൈകാരിക കാരണങ്ങളാലും മറ്റു ചിലപ്പോൾ സാമ്പത്തികകാരണങ്ങളാലുമാണ്. അവിവാഹിതരായി തുടരണമെന്ന വ്യവസ്ഥ പാലിക്കാനാവാതെ പ്രണയത്തിൽപെടുമ്പോൾ അവരെ കുടുംബജീവിതത്തിന്റെ സ്വാസ്ഥ്യത്തിലേക്കു മറയാൻ സൗമ്യമായി അനുവദിക്കുകയാണു പതിവ്. ഉയരുന്ന താരം എന്നു കണ്ടിരുന്ന ഒരു മുതിർന്ന നേതാവ് സമീപകാലത്തു കുടുംബജീവിതം തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കിക്കൊടുത്തു. എന്നാൽ, ഒരു മുതിർന്ന ഭാരവാഹിയെ രാഷ്ട്രീയമോഹങ്ങളുടെ പേരിൽ സംഘടന ശിക്ഷിക്കുന്നത് അപൂർവമാണ്. അതാണ് ആർഎസ്എസിന്റെ ഗോവ മേഖല തലവൻ സുഭാഷ് വെലിങ്കറിനു സംഭവിച്ചത്. ഇംഗ്ലിഷ് മീഡിയം സ്കൂളുകൾക്കു ഗ്രാന്റ് നൽകുന്നതിനെതിരെ ഗോവയിലെ ബിജെപി സർക്കാരുമായി കൊമ്പുകോർത്ത വെലിങ്കറെ ആർഎസ്എസ് നേതൃത്വം പുറത്താക്കുകയായിരുന്നു.

1951ൽ ആർഎസ്എസ് രാഷ്ട്രീയവിഭാഗമായ ഭാരതീയ ജനസംഘ് സ്ഥാപിച്ചതുമുതൽ, പിന്നീട് 1980 ൽ അതു ഭാരതീയ ജനതാപാർട്ടി (ബിജെപി) ആയതിനുശേഷവും രാഷ്ട്രീയമോഹവും കഴിവും ഉള്ളവരെ അവിടേക്ക് അയയ്ക്കുന്ന പതിവാണു സംഘിനുള്ളത്. നരേന്ദ്രമോദിയും രാജ്‌നാഥ് സിങ്ങും നിതിൻഗഡ്കരിയും അടക്കം ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ആർഎസ്എസ് പശ്ചാത്തലത്തിൽ അഭിമാനം കൊള്ളുന്നവരാണ്. ഇങ്ങനെ രാഷ്ട്രീയക്കാരായി മാറിയ ആർഎസ്എസുകാരിൽ വലിയൊരു വിഭാഗം കുടുംബജീവിതവും സ്വീകരിച്ചു. രാഷ്ട്രീയക്കാരായി മാറിയ ചില പ്രചാരകുമാർ വിമതൻമാരുമായി. ഉദാഹരണത്തിനു ജനസംഘം പ്രസിഡന്റായിരുന്ന ബൽരാജ് മധോക്, ബിജെപി ജനറൽ സെക്രട്ടറിമാരായിരുന്ന കെ.എൻ.ഗോവിന്ദാചാര്യ, സഞ്ജയ് ജോഷി എന്നിവർ. മധോക് ആർഎസ്എസിനു പുറത്തായപ്പോൾ, ഗോവിന്ദാചാര്യയും സഞ്ജയ് ജോഷിയും ആർഎസ്എസ് ബന്ധം തുടർന്നു. ജോഷി ഒടുവിൽ സംഘിൽ തിരിച്ചെത്തുകയും ചെയ്തു.

എന്നാൽ വെല്ലിങ്കറെ നീക്കിയത് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതോടെയാണ്– അതാകട്ടെ അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗോവയിൽ  ഭരണകക്ഷിയായ ബിജെപിക്കെതിരെ സ്വന്തം പാർട്ടിയുണ്ടാക്കിക്കൊണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടക്കം തലമുതിർന്ന നേതാക്കൾ രംഗത്തിറങ്ങി ഉപദേശിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണു വെല്ലിങ്കർ എല്ലാ പരിധികളും ലംഘിച്ചതായി ആർഎസ്എസ് വിചാരിച്ചത്. കോൺഗ്രസിൽനിന്നും പ്രാദേശികപാർട്ടികളിൽനിന്നും വോട്ടർമാരെ ബിജെപിയിലേക്ക് ആകർഷിച്ച് ഗോവയിൽ പാർട്ടിയെ അധികാരത്തിലേറ്റാൻ നേതൃത്വം നൽകിയ സംഘത്തിലെ അംഗമായിരുന്നു വെല്ലിങ്കറും. എന്നാൽ രണ്ടുവട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുമായി വെല്ലിങ്കർ കടുത്ത ഭിന്നതയിലാണ്.

ക്രൈസ്തവ സഭകൾ നടത്തുന്ന ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വെല്ലിങ്കർ രംഗത്തിറങ്ങിയപ്പോൾ നിലവിലെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേകറും അതിനു വഴങ്ങിയില്ല. സംഘ് പാരമ്പര്യത്തിലുറച്ചുനിന്നാണു വെല്ലിങ്കർ ഇംഗ്ലിഷിനു പകരം കൊങ്കണിയും മറാത്തിയും പ്രോൽസാഹിപ്പിക്കാനായി ഭാരതീയ ഭാഷ സുരക്ഷാമഞ്ച് ഉണ്ടാക്കിയത്.

ക്രിസ്ത്യാനികൾക്ക് ഇംഗ്ലിഷ് മാതൃഭാഷയാണെന്നും ഇപ്പോൾ സ്കൂളുകളിൽ പ്രവേശനം കിട്ടാൻ ഹിന്ദുക്കളും ഇംഗ്ലിഷ് മാതൃഭാഷയായി പ്രഖ്യാപിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രാഥമിക സ്കൂൾതലത്തിൽ ഇംഗ്ലിഷ് നിരോധിക്കണമെന്നാണ് അദ്ദേഹം പരീക്കറോടും പർസേക്കറോടും ആവശ്യപ്പെട്ടത്. എന്നാൽ 2012ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ക്രൈസ്തവവിഭാഗങ്ങളുടെ പിന്തുണ കൂടി നേടി അധികാരത്തിലേറിയ ബിജെപി വെല്ലിങ്കറുടെ ആവശ്യം തള്ളി.

നിരാശനായ വെല്ലിങ്കർ, തന്റെ അനുയായികളോടു ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാട്ടാനും ആവശ്യപ്പെട്ടു. കാര്യങ്ങൾ അവിടെനിന്നില്ല. ശിവസേനയുമായി സഹകരിച്ചു ഭാരതീയ ഭാഷ സുരക്ഷാമഞ്ച് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തോടെ സംഘിന്റെ പടിക്കു പുറത്തായി. എന്നാൽ, അങ്ങനെയങ്ങ് ഇറങ്ങിപ്പോകാൻ വെല്ലിങ്കർ തയാറായിരുന്നില്ല. ആർഎസ്എസിന്റെ ഗോവ ഘടകം തീരമഹാരാഷ്ട്രയുടെ ഭാഗമായ കൊങ്കൺ യൂണിറ്റിനു കീഴിലാണ്. തന്നെ പുറത്താക്കിയതോടെ ഗോവയിലേക്കു വേറെ ആർഎസ്എസ് ആണെന്നും അതു കൊങ്കൺ യൂണിറ്റിനു കീഴിലല്ലെന്നുമുള്ള നിലപാടിലായി വെല്ലിങ്കർ. താനും അനുയായികളും  ഗോവയിലെ ആർഎസ്എസ് ആസ്ഥാനത്തു നേരിട്ടു റിപ്പോർട്ടു ചെയ്യുമെന്നു പ്രഖ്യാപനത്തോടെ ആർഎസ്എസിൽ വലിയ വിമതകലഹത്തിനാണ് അദ്ദേഹം തിരികൊളുത്തിയത്. എന്നാൽ, തീരമഹാരാഷ്ട്രയിൽനിന്നു ഗോവ ഘടകം സ്വതന്ത്രമായി നിൽക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് വെല്ലിങ്കർ അയച്ച 300 പേജുകളുള്ള രേഖ വായിച്ചുനോക്കാൻ പോലും ആർഎസ്എസ് നേതൃത്വം മെനക്കെട്ടില്ല.

ഗോവയിൽ ബിജെപിയുടെ പരാജയത്തിനു കാരണമായാലും വേണ്ടില്ല വെല്ലിങ്കറെ ഒറ്റപ്പെടുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആർഎസ്എസ് നേതൃത്വം. അതേസമയം, സംഘിനുള്ളിലെ ആഭ്യന്തര അച്ചടക്കത്തിന്റെ ദൂരവ്യാപകമായ വിവക്ഷകൾ ഈ മാസം സൂരജ്ഖണ്ഡിൽ നടക്കുന്ന ഉന്നതയോഗത്തിൽ മോഹൻ ഭാഗവതും ഉന്നതനേതൃത്വവും ചർച്ച ചെയ്യും. ബിജെപിയുടെ മുതിർന്ന നേതാക്കളായ നരേന്ദ്രമോദി, അമിത്ഷാ, രാജ്നാഥ്സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവരും പങ്കെടുക്കും.  ഗോവയിലെ വിമതകലാപം താൽക്കാലിക പ്രശ്നം മാത്രമായി ആർഎസ്എസ് തള്ളിക്കളയുന്നു. എന്നാൽ, ഇനിയും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സമഗ്ര പരിശോധന സംഘടനയിൽ ആവശ്യമാണെന്നും വിലയിരുത്തലുണ്ട്.

Your Rating: