Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് സ്വപ്നത്തിൽ നേതാക്കൾ

cricket-logo

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) സുപ്രീം കോടതിയും മുഖാമുഖം വരാനിരിക്കേ അധികാരത്തിന്റെ ബാറ്റ് വീശാൻ ഒരുങ്ങുകയാണു മുതിർന്ന രാഷ്ട്രീയ നേതാക്കൾ. ബോർഡിലും സംസ്ഥാന അസോസിയേഷനുകളിലും നിയന്ത്രണം പിടിക്കുകയാണ് അവരുടെ ലക്ഷ്യം.

നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നേതാക്കളുടെ പിടിയിലാണ് ഏറെനാളായി ബോർഡും അസോസിയേഷനുകളും. ബിജെപി നേതാവായ അനുരാഗ് ഠാക്കൂറാണ് ഇപ്പോൾ ബിസിസിഐ അധ്യക്ഷൻ. ഭാരവാഹികളെ നിശ്ചയിക്കുന്നതിലെ നിബന്ധനകൾ ഉൾപ്പെടെ പുതിയ ചട്ടം പാലിക്കാൻ നിർബന്ധിതരായിരിക്കുകയാണു ബിസിസിഐ. പ്രായപരിധി നിയമം ബാധകമാകുന്നതോടെ പവാറിനെയും ഫാറൂഖ് അബ്ദുല്ലയെയും പോലുള്ള മുതിർന്ന നേതാക്കൾ പുറത്താകും. എന്നാൽ ഭരണത്തിന്റെ റിമോട്ട് കൺട്രോൾ കയ്യിലൊതുക്കാനുള്ള ശ്രമത്തിലാണു വിവിധ പക്ഷങ്ങൾക്കു നേതൃത്വം നൽകുന്ന പവാറും ജയ്റ്റ്ലിയും.

ക്രിക്കറ്റ് ഭരണത്തിന്റെ പിച്ച് വൃത്തിയാക്കാൻ സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റി അംഗത്വത്തിന്റെ കാര്യത്തിലും ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ചു ഗുജറാത്തിനെ പ്രതിനിധീകരിച്ച് ഇപ്പോഴത്തെ മൂന്ന് അസോസിയേഷനുകൾക്കു പകരം ഒന്നു മാത്രമേയുണ്ടാകൂ. രണ്ട് അസോസിയേഷനുകളായി പ്രവർത്തിക്കുന്ന മുംബൈയും മഹാരാഷ്ട്രയുടെ ബാക്കി ഭാഗങ്ങളും ഒന്നിനു കീഴിലാകും, അവർക്കു തിരഞ്ഞെടുപ്പിൽ ഒരു വോട്ടു മാത്രമേയുണ്ടാകൂ. ഹൈദരാബാദിനും തെലങ്കാനയ്ക്കുമൊക്കെ ഇതു ബാധകമാണ്.

ക്രിക്കറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ബോർഡിനും അസോസിയേഷനുകൾക്കും സുപ്രീം കോടതിക്കും വിട്ട് നരേന്ദ്രമോദി സർക്കാർ മാറിനിൽക്കുന്നതാണു കൗതുകകരമായ കാഴ്ച. സർബാനന്ദ സോനോവൽ കായിക മന്ത്രിയായിരിക്കേ കായിക സംഘടനകൾക്കു മാർഗനിർദേശവുമായി മാതൃകാ ബില്ലുണ്ടാക്കാൻ താൽപര്യം കാട്ടിയിരുന്നു. അരുൺ ജയ്റ്റ്ലിയോടു വളരെ അടുപ്പമുള്ള ഇപ്പോഴത്തെ മന്ത്രി വിജയ് ഗോയൽ അതിലൊന്നും കൈകടത്തേണ്ട എന്ന നയമാണു സ്വീകരിച്ചിരിക്കുന്നത്. ഒന്നുകൂടി ഗോയൽ ചെയ്തു. സൗരാഷ്ട്ര, ബറോഡ ക്രിക്കറ്റ് അസോസിയേഷനുകൾ ലയിച്ചാലും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ കരുത്തനായ അമിത് ഷായുടെയും മകന്റെയും കയ്യിലുണ്ടാകുമെന്ന് ഉറപ്പുവരുത്തി. താ‍ൻ ഏറെക്കാലം നിയന്ത്രിച്ച വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഇല്ലാതാവുകയാണെന്ന യാഥാർഥ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ ശശാങ്ക് മനോഹറും ഉൾക്കൊണ്ടു.

വിവാദങ്ങളുടെ ഗൂഗ്ലി കണ്ടതു ഡൽഹിയുടെ പിച്ചിലാണ്. ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിലെ വിമതരുടെയും ബിഷൻ സിങ് ബേദി, കീർത്തി ആസാദ് എന്നീ മുൻതാരങ്ങളുടെയും പ്രേരണയാൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അസോസിയേഷനെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനു ഡൽഹി ലഫ്റ്റനന്റ് ഗവർണർ തടയിട്ടു.

അതേസമയം, അസോസിയേഷനിലെ ദുഷിപ്പുകൾ കണ്ടു ഞെട്ടിയ ഡൽഹി ഹൈക്കോടതി ഭാരവാഹികളെ അവഗണിച്ച്, മൽസരങ്ങൾ നടത്താൻ ജസ്റ്റിസ് മുകുൾ മുദ്ഗലിനെ ചുമതലപ്പെടുത്തി. മുദ്ഗലിന്റെ ദൗത്യം വിജയമായി. ഇതോടെ ബിസിസിഐയെ നേരെയാക്കാൻ അദ്ദേഹത്തിനു സ്വാതന്ത്ര്യം കൊടുക്കണമെന്ന് ആവശ്യമുയർന്നിരിക്കുകയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.