Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകത്തിന്റെ ജാതകം തിരുത്തിയ കൃഷ്ണപിള്ള

Krishna-Pillai-N

മൗനംകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയായ എഴുത്തുകാരനാണ് എൻ. കൃഷ്ണപിള്ള. സമാദരണീയനായ അധ്യാപകൻ, പ്രശസ്ത നാടകകൃത്ത്, സൂക്ഷ്മഗ്രാഹിയായ വിമർശകൻ, സമദർശിയായ സാഹിത്യചരിത്രകാരൻ, മിതവാക്കായ പ്രഭാഷകൻ, സരസസംഭാഷണചതുരൻ, അനസൂയ വിശുദ്ധനായ മനുഷ്യസ്നേഹി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

വർക്കലയ്ക്കടുത്ത ചെമ്മരുതി വില്ലേജിലെ മുത്താറ്റ ഗ്രാമത്തിലുള്ള ചെക്കാലവിളാകം വീട്ടിൽ പാർവതിയമ്മയുടെയും ആറ്റിങ്ങൽ കക്കാട്ടുമഠത്തിൽ കേശവരു കേശവരുടെയും പുത്രനായി 1916 സെപ്റ്റംബർ 22നു ജനിച്ച കുഞ്ഞുകൃഷ്ണൻ, നിശ്ചയദാർഢ്യവും അശ്രാന്തപരിശ്രമവുംകൊണ്ട് സാംസ്കാരികാചാര്യനായ എൻ. കൃഷ്ണപിള്ളയായി.

അടിമുടി അധ്യാപകനായിരുന്ന കൃഷ്ണപിള്ള ശിഷ്യരെ നെഞ്ചോടു ചേർത്തുപിടിച്ചു. പാഠ്യപദ്ധതിയിലുള്ള പാഠങ്ങൾക്കപ്പുറമുള്ള ജീവിതപാഠങ്ങൾ ശിഷ്യർ ഗുരുമുഖത്തുനിന്നു വായിച്ചെടുത്തു. കോമാളിത്തങ്ങൾ കണ്ടും കേട്ടും മർത്യദൗർബല്യങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടും നാടകത്തെ തമാശയായി കണ്ടിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് കൃഷ്ണപിള്ള ‘ഭഗ്നഭവനം’ (1942) എന്ന കൃതിയുമായി രംഗത്തെത്തിയത്.

അനുകൂലിച്ചവരും എതിർത്തവരും എല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു, ‘‘ഇതാ ഒരു നാടകം’’ എന്ന്. ‘ഭഗ്നഭവനം’ മലയാള നാടകത്തിന്റെ ജാതകം തിരുത്തുകയായിരുന്നു. തുടർന്ന് ആ തൂലികയിൽനിന്നു കന്യക, ബലാബലം, അനുരഞ്ജനം, മുടക്കുമുതൽ, അഴിമുഖത്തേക്ക്, ദർശനം– അങ്ങനെ പുതുമനിറഞ്ഞ നാടകങ്ങളുടെ പ്രവാഹംതന്നെ ഉണ്ടായി. ‘മലയാളത്തിലെ ഇബ്സൻ’ എന്നു ജനം കൃഷ്ണപിള്ളയെ വിളിച്ചു.

‘ഭഗ്നഭവനം’ നാടകത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു കെപിഎസി ഇരുനൂറിലധികം വേദികളിൽ അവതരിപ്പിക്കുകയുണ്ടായി. ക്ലാസ് മുറികളെ വിമർശനത്തിന്റെ വിളഭൂമിയാക്കിയ എൻ. കൃഷ്ണപിള്ളയുടെ നിരൂപണങ്ങളിൽ സൂക്ഷ്മഗ്രാഹിയായ ഗവേഷകന്റെ കൈയൊപ്പും പതിഞ്ഞിരിക്കുന്നു. സി.വി. രാമൻപിള്ളയെപ്പറ്റി, അദ്ദേഹത്തിന്റെ ചരിത്രാഖ്യായികകളിലെ കഥാപാത്രങ്ങളുടെ ഭാഷണങ്ങളെപ്പറ്റി എൻ. കൃഷ്ണപിള്ള എഴുതിയ ‘പ്രതിപാത്രാ ഭാഷണഭേദം’ എന്ന കൃതി ആ വിമർശപ്രതിഭയുടെ പ്രകാശഗോപുരമാണ്.

എൻ. കൃഷ്ണപിള്ളയുടെ ‘കൈരളിയുടെ കഥ’ എന്ന സാഹിത്യചരിത്രഗ്രന്ഥം, പണ്ഡിതർക്കും പാമരർക്കും ഒരുപോലെ പ്രിയപ്പെട്ട കൃതിയാണ്. കൃഷ്ണപിള്ള സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി രചിച്ച പന്ത്രണ്ടു കൃതികളുണ്ട്. അവയിൽ മൂന്നു ഭാഗമായി എഴുതിയ കൈരളിയുടെ കഥ ബാലപുസ്തകവും ഉൾപ്പെടുന്നു. ചെങ്കോലും മരവുരിയും, ബിന്ദുക്കൾ, ഭാവദർപ്പണം, സീതാപരിത്യാഗം, ഉൽസവാഘോഷങ്ങൾ, ഇരുളും വെളിച്ചവും (രണ്ടു ഭാഗം), സമ്പൂർണ ജീവിതം, മൗലികാവകാശങ്ങൾ എന്നിവയാണ് മറ്റു ബാലസാഹിത്യ കൃതികൾ.

ചെങ്കോലും മരവുരിയും പിന്നീടു മുതിർന്ന കുട്ടികൾക്കുള്ള നാടകമായി വികസിപ്പിച്ചു. പ്രൗഢവും സരസവും സമഗ്രവും ആത്മാർഥവുമായ സംഭാഷണങ്ങൾകൊണ്ട് എൻ. കൃഷ്ണപിള്ള സദസ്സുകളെ കീഴടക്കിയിരുന്നു. 1988 ജൂലൈ 10ന് 72–ാമത്തെ വയസ്സിൽ എൻ. കൃഷ്ണപിള്ള അന്തരിച്ചു; ശിഷ്യരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും മനസ്സിൽ ശൂന്യതാബോധം അവശേഷിപ്പിച്ചുകൊണ്ട്. മൂല്യാധിഷ്ഠിതമായ ആ ജീവിതം ഒരു പ്രാർഥനാഗീതംപോലെ അന്തരീക്ഷത്തിൽ ലയിച്ചു.


(എൻ. കൃഷ്ണപിള്ളയുടെ ശിഷ്യനും പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയുമാണു ലേഖകൻ)

Your Rating: