Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരപരാധികളുടെ ചോര നിരത്തിൽ വീഴരുത്

ലക്കും ലഗാനുമില്ലാതെയുള്ള മരണപ്പാച്ചിലിൽ ഇരകളാവുന്നവരുടെ കൂട്ടത്തിലേക്ക് ഒരു അമ്മയും കുഞ്ഞും കൂടി. സ്വകാര്യബസിന്റെ അമിതവേഗം ഇക്കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിൽ ഇരുപത്തിമൂന്നുകാരിയായ സുമയ്യയുടെയും ഒൻപതുമാസം പ്രായമുള്ള മകളുടെയും ജീവൻ അപഹരിച്ചു. പനി ബാധിച്ച മകളെ ആശുപത്രിയിൽ കൊണ്ടുപോയി സ്കൂട്ടറിൽ മടങ്ങുകയായിരുന്നു കുടുംബം. ഭ്രാന്തെടുത്തുവന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് പരുക്കുകളോടെ രക്ഷപ്പെട്ടു. സുമയ്യയ്ക്കും മകൾക്കും നേരിട്ടത് ഹൃദയഭേദകമായ അന്ത്യം.

മുന്നിലോടുന്ന എതിരാളിയെ മറികടന്ന് ഏതാനും നാണയത്തുട്ടുകൾ കൂടി നേടിയെടുക്കാനാവും ബസുകൾ മത്സരയോട്ടം നടത്തുക. നിയമവും ചട്ടവും മര്യാദയുമെല്ലാം മറന്നുള്ള ഈ മരണപ്പാച്ചിൽ കാൽനടക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയുമെല്ലാം മരണമുഖത്തെത്തിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഇല്ലാത്ത ദിവസങ്ങളേയില്ല. അതുകൊണ്ടു തന്നെ റോഡിലിറങ്ങിയാൽ ജീവനോടെ വീട്ടിൽ തിരിച്ചെത്താനാകുമെന്ന ഉറപ്പില്ലാത്ത സാഹചര്യം. ഭീകരാക്രമണത്തെക്കാൾ, ഗുരുതരമായ പകർച്ചവ്യാധിയെക്കാൾ ഇന്നു നാം ഭയപ്പെടേണ്ടത് ഓർക്കാപ്പുറത്ത് ജീവനെടുക്കുന്ന റോഡപകടങ്ങളെയാണ്.

ലഭ്യമാവുന്ന സ്ഥിതിവിവരക്കണക്കുകളും ഈ ചിന്തയ്ക്ക് അടിവരയിടുന്നു. മാരകമായ പരുക്കുകൾക്കു കാരണമാവുന്ന റോഡപകടങ്ങളിൽ രാജ്യത്ത് കേരളമാണു മുന്നിലെന്നു 2015ലെ കണക്കുകൾ വിശകലനംചെയ്തു കേന്ദ്ര ഗതാഗതമന്ത്രാലയം നമ്മെ ഓർമിപ്പിക്കുകയുണ്ടായി. ഓരോ അപകടവും നമുക്കുള്ള മുന്നറിയിപ്പാണ്. എന്നാൽ, നിരപരാധികളുടെ ജീവനുകൾ പൊലിഞ്ഞിട്ടും നിർബാധം തുടരുന്ന ഉന്മാദപ്പാച്ചിൽ ഇക്കാര്യത്തിലുള്ള നമ്മുടെ ഉദാസീനത വെ‌ളിപ്പെടുത്തുന്നു.
 
െഎക്യരാഷ്‌ട്രസംഘടന ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചു നടത്തിയ പഠനത്തിൽ, ഉത്തരവാദിത്തബോധത്തോടെയുള്ള ഡ്രൈവിങ് വഴി ഒട്ടുമിക്ക അപകടങ്ങളും ഒഴിവാക്കാമെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. അമിതവേഗം നിയന്ത്രിച്ചാൽ 80% അപകടങ്ങളും ഒഴിവാക്കാമെന്നിരിക്കെ നിയമവും നിയമപാലകരും ഇക്കാര്യത്തിൽ കർശനനടപടികളെടുക്കാത്തത് സമൂഹത്തിനു നേർക്കുള്ള ക്രൂരതയായി തന്നെ കാണണം.

ഡ്രൈവിങ് സാക്ഷരതയിൽ കേരളം ബഹുദൂരം പിന്നിൽ തന്നെയെന്നു നമ്മുടെ നിരത്തുകളിലെ കുത്തഴിഞ്ഞ ഗതാഗത ദൃശ്യം വെളിപ്പെടുത്തുന്നു.

ഡ്രൈവിങ് ലൈസൻസ് പോക്കറ്റിലുണ്ടാവുമെങ്കിലും റോഡുചട്ടങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും ബഹുഭൂരിപക്ഷവും അജ്ഞരാണ്.

അതല്ലെങ്കിൽ ഇത്ര അശ്രദ്ധമായി വാഹനമോടിക്കുമോ, ഇടംവലം നോക്കാതെ മറ്റു വാഹനങ്ങളെ മറികടക്കുമോ, നടുറോഡിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുമോ, ചുവന്ന സിഗ്നലുകളെ അവഗണിച്ചു കുതിച്ചുപായുമോ? സംസ്ഥാനത്ത് ബൈക്കുയാത്രക്കാരാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. പലർക്കും ഡ്രൈവിങ് ലൈസൻസുണ്ടാവില്ല, ഹെൽമറ്റ് ധരിക്കുകയുമില്ല. അമിതവേഗവും യുവാക്കൾക്കു ഹരമാകുന്നു. ഇപ്പോൾ തെരുവുനായ്ക്കളും ഇരുചക്രവാഹനങ്ങൾക്കു മരണക്കെണിയായിത്തീർന്നിരിക്കുന്നു.

റോഡപകടങ്ങൾ 2020നകം പകുതിയായി കുറയ്ക്കണമെന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ റോഡ് സുരക്ഷാനിയമത്തിൽ ഭേദഗതികൾ അവതരിപ്പിച്ചിരിക്കുകയാണ്. റോഡ് നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസിനെ പുതിയ നിയമം കൂടുതൽ ബാധ്യസ്ഥമാക്കുന്നു. അപകടങ്ങളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയ്ക്കു കേരളം കർശനമായ നിയമപാലനത്തിനു മുന്നിട്ടിറങ്ങേണ്ടതല്ലേ?

സ്വന്തം പൗരന്മാരുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. കർശനമായ നിയന്ത്രണമുള്ള രാജ്യങ്ങളിൽ വാഹനസാന്ദ്രത കൂടുതലാണെങ്കിലും അപകടനിരക്കു കുറവാണ്. നിയമപാലനം കർശനമാക്കുന്നതോടൊപ്പം റോഡ് മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള സമഗ്രമായ മാറ്റത്തിനു കൂടി നാം തയാറെടുക്കണം. റോഡ് സുരക്ഷ ആത്യന്തികമായി ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ അതിനുള്ള നടപടികൾ സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാർ പ്രകടമാക്കണം.Your Rating: