Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരതയ്ക്കെതിരെ ബ്രിക്സും

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റയ്ക്കല്ലെന്ന് ഒരിക്കൽകൂടി വ്യക്തമായിരിക്കുകയാണ്. പാക്കിസ്ഥാൻ വീണ്ടും ഒറ്റപ്പെടുകയും ചെയ്തു. ഗോവയിൽ രണ്ടു ദിവസങ്ങളായി നടന്ന മൂന്ന് ഉച്ചകോടികളുടെ പരിണതഫലം അതാണ്.
ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടി, എട്ടാമതു ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടി, ബ്രിക്സും ഇന്ത്യയുടെ ആറു സമീപരാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിക്സ് – ബിംസ്ടെക് ഉച്ചകോടി എന്നീ സുപ്രധാന ഉന്നതതല സമ്മേളനങ്ങൾക്കാണ് ഗോവ വേദിയായത്.

പാക്ക്തലസ്ഥാനമായ ഇസ്‌ലാമാബാദിൽ അടുത്ത മാസം നടക്കാനിരുന്ന ദക്ഷിണേഷ്യൻ മേഖലാ സഹകരണ സംഘടനയുടെ (സാർക്) ഉച്ചകോടി മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിൽ വിശേഷിച്ചും ബ്രിക്സ്, ബിംസ്ടെക് ഉച്ചകോടികൾക്ക് ഇത്തവണ പ്രസക്തിയും പ്രാധാന്യവും വർധിക്കുകയായിരുന്നു. അവ വിജയകരമായി നടന്നത് ഇന്ത്യക്ക് ഏറെ സംതൃപ്തിക്കു വകനൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയിൽ റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാൻ വഴിയൊരുങ്ങിയതും ഇന്ത്യക്കു വൻനേട്ടമായി.

പുടിനുപുറമേ മറ്റൊരു വൻശക്തിനേതാവായ ചൈനീസ് പ്ര‌സിഡന്റ് ഷി ചിൻപിങ്ങുകൂടി പങ്കെടുത്ത ബ്രിക്സ് ഉച്ചകോടിയുടെ മുഖ്യ ചർച്ചാവിഷയംതന്നെ ഭീകരതയായിരുന്നു. പാക്കിസ്ഥാൻ രൂക്ഷമായ വിമർശനത്തിനു പാത്രമായി. ആരും അതിന്റെ പേരെടുത്തുപറഞ്ഞില്ലെന്നുമാത്രം. എങ്കിലും ഭീകരരെ സഹായിക്കുന്നവരും ഭീകരരെപ്പോലെതന്നെ ലോകത്തിനു ഭീഷണിയാണെന്നു മോദി പറഞ്ഞപ്പോൾ ആരെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിരുന്നു.

ഭീകരതയെ പിന്തുണയ്ക്കുന്നവരോടു സന്ധിയില്ലെന്നാണ് ശനിയാഴ്ച മോദി–പുടിൻ ചർച്ചയ്ക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും എടുത്തു പറഞ്ഞത്. പാക്ക് സഹായത്തോടെ നട‌ക്കുന്ന ഭീകരാക്രമണങ്ങൾ ഇന്ത്യയെ ഉത്കണ്ഠാകുലമാക്കുന്നത് ഇതാദ്യമല്ല. എന്നാൽ, അതിനെതിരെ രാജ്യാന്തരസഹകരണം തേടുകയും ഭീകരതയുടെ ഉറവിടമായ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മുൻപൊരിക്കലും ഇത്രയും തീവ്രമായി അനുഭവപ്പെട്ടിരുന്നില്ല.

കഴിഞ്ഞ മാസം കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഉറിയിലെ കരസ‌േനാതാവളത്തിൽ നടന്ന പാക്ക് ഭീകരാക്രമണമാണ് അതിനു കാരണമായിത്തീർന്നത്. നമ്മുടെ 19 ജവാന്മാരാണ് അന്നു കൊല്ലപ്പെട്ടത്. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ സൈന‌ികവും നയത‌ന്ത്രപരവുമായ ഒട്ടേറെ നടപടികൾ പരിഗണിക്കപ്പെട്ടു. നിയന്ത്രണരേഖ മുറിച്ചുകടന്ന് ഭീകരതാവളങ്ങൾക്കെതിരെ നമ്മുടെ സൈ‌ന്യം നടത്തിയ മിന്നലാക്രമണം അതിലൊന്ന‌ായിരുന്നു.

നയതന്ത്രനീക്കങ്ങളുടെ ഭാഗമായി ഇസ്‌ലാമാബാദിലെ സാർക് ഉച്ചകോടി ബഹിഷ്കരിക്കാനും തീരുമാനിച്ചു. ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവയും ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ സാർക്കിലെ എട്ട് അംഗരാജ്യങ്ങളിൽ അഞ്ചിന്റെയും നേതാക്കൾ ഇസ്‌ലാമാബാദിൽ എത്തില്ലെന്ന് ഉറപ്പായതിനാൽ ഉച്ചകോടി മാറ്റിവയ്ക്കുകയല്ലാതെ പാക്കിസ്ഥാനു നിവൃത്തിയില്ലാതായി.

ഇന്ത്യ–പാക്ക് ബന്ധം മെച്ചപ്പെടാത്ത കാലത്തോളം സാർക് ഉച്ചകോടി നടക്കില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സാർക്കിന്റെതന്നെ ഭാവി സംശയത്തിലാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ സാർക് അംഗങ്ങളും മ്യാൻമർ, തായ്‌ലൻഡ് എന്നിവയും ഉൾപ്പെടുന്ന കൂട്ടായ്മയ്ക്കു പ്രസക്തി വർധിച്ചിരിക്കുന്നത്.

ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടിസെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ എന്ന നീണ്ട പേരാണ് ഇതിനുള്ളതെങ്കിലും വാക്കുകളിലെ ആദ്യാക്ഷരങ്ങൾ ചേർത്തു ബിംസ്ടെക് എന്നു വിളിക്കുന്നു. ഇരുപതു വർഷം മുൻപാണു ബിംസ്ടെക് രൂപം കൊണ്ടതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോൾമാത്രം. സമീപകാലത്തായി തണുപ്പു ബാധിച്ചുകിടന്നിരുന്ന ഇന്ത്യ–റഷ്യ ബന്ധം വീണ്ടും ഊഷ്മളമാകാൻ തുടങ്ങിയതും പുതിയ സാഹചര്യത്തിൽ ഇന്ത്യക്ക് ഏറെ സംതൃപ്തിയും ആശ്വാസവും പകരുന്നു.

ഉറിയിലെ ഭീകരാക്രമണ‌ത്തിനു ശേഷംപോലും പാ‌ക്കിസ്ഥാനുമായി ചേർന്നു റഷ്യ സൈനി‌കാഭ്യാസം നടത്തിയത് ഇന്ത്യയിൽ സംശയവും ഉത്കണ്ഠയും ജനിപ്പിച്ചിരുന്നു. എന്നാൽ പുടിന്റെ പുതിയ സന്ദർശനത്തോടെ അതെല്ലാം അസ്ഥാനത്തായി, നമ്മുടെ സായുധ സേനകളുടെ കരുത്തു വർധിപ്പിക്കാൻ സഹായകമായ 43,200 കോടിയിലേറെ രൂപയുടെ കരാറുകളിലാണ് ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവച്ചത്. പുതിയ രണ്ടു സുഹൃത്തു‌ക്കളെക്കാൾ നല്ലതു പഴയ ഒരു സുഹൃത്താണ് എന്നു മോദി റഷ്യൻ ഭാഷയിൽ പറഞ്ഞതും അതുകേട്ട് പുടിൻ പുഞ്ചിരിച്ചതും ശ്രദ്ധേയമായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.