Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ ഭൂമിക്ക് കുളിരേകാൻ

ആഫ്രിക്കയിലെ റുവാണ്ടയുടെ തലസ്ഥാനനഗരമായ കഗാലിയിൽ കഴിഞ്ഞ ദിവസം ഇന്ത്യയും യുഎസും ചൈനയുമടക്കം ഇരുനൂറോളം രാജ്യങ്ങൾ ഒപ്പുവച്ച ഉടമ്പടി ഭൂമിക്കുവേണ്ടിയുള്ള പുതിയൊരു കൈകോർക്കലായി. ഹരിതപ്രതീക്ഷകളിലേക്കു വാതിൽതുറക്കുന്നതാണ് ഈ ആഗോളതീരുമാനം.

റഫ്രിജറേറ്ററുകളിലും എയർ കണ്ടീഷനറുകളിലും ഉപയോഗിക്കുന്ന ഫാക്ടറി നിർമിത ഹൈഡ്രോഫ്ലൂറോ കാർബൺ (എച്ച്എഫ്‌സി) വാതകങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഈ സുപ്രധാന നിയമ ഉടമ്പടി ഭൂമിയുടെ നിലനിൽപ്പും അതുവഴി മനുഷ്യന്റെ നിലനിൽപ്പും ഉറപ്പാക്കാനുള്ള ചുവടുവയ്പായി വിശേഷിപ്പിക്കപ്പെടുന്നു; കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനു വേണ്ടിയുണ്ടായ പാരിസ് ഉടമ്പടിയുടെ ഉചിതമായ തുടർച്ചയായും.

ലോകം ഒത്തൊരുമിച്ചു പ്രവർത്തിച്ച്, ആഗോളതാപനത്തിനു കാരണമാവുന്ന ഹൈഡ്രോഫ്ലൂറോ കാർബണുകളുടെ ഉപയോഗവും ഉൽപാദനവും നിയന്ത്രിക്കണമെന്നും നമ്മുടെ കാലാവസ്ഥയെ തിരിച്ചുപിടിക്കണമെന്നുമുള്ള ഓർമപ്പെടുത്തലുമായാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനാറിന് നാം ഓസോൺ ദിനം ആചരിച്ചത്.

കഴിഞ്ഞവർഷം ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പാരിസിൽ നടന്ന ആഗോള ഉച്ചകോടിയുടെ ലക്ഷ്യം കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉൽപാദനവും ബഹിർഗമനവും കുറച്ച് അന്തരീക്ഷ ഊഷ്മാവിലെ വർധന കുറയ്ക്കുക എന്നതായിരുന്നു.

ഉടമ്പടി പ്രകാരം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ തോത് കുറയ്ക്കുന്നതിനുള്ള നിയമനിർമാണം ഇന്ത്യ നടപ്പാക്കിത്തുടങ്ങിയത് ഈ മാസം രണ്ടിനാണ്. കാലാവസ്ഥാവ്യതിയാനം തടയാനുള്ള വഴികൾതേടി കഗാലിയിൽ നടന്ന ആഗോള കൂട്ടായ്മയും കാലത്തിന്റെ ആവശ്യത്തിനുതന്നെയാണു മറുപടി പറഞ്ഞിരിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന കാർബൺ ഡയോക്സൈഡിനെക്കാൾ ആയിരക്കണക്കിനു മടങ്ങ് മലിനീകരണമുണ്ടാക്കുന്ന, ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും അപകടകാരിയാണ് എച്ച്എഫ്‌സി. മോൺട്രിയൽ പ്രോട്ടോക്കോളിൽ (1987) വരുത്തിയ ഭേദഗതികളോടെയുള്ള കഗാലി ഉടമ്പടി 2019 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും.

ഇതു പ്രകാരം, 2045 ആകുമ്പോഴേക്കും ആഗോളതലത്തിൽ എച്ച്എഫ്സി ഉപയോഗം 85% കുറയ്ക്കുകയാണു ലക്ഷ്യം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൗമ താപനില അര ഡിഗ്രി സെൽഷ്യസ് കുറയ്ക്കാനുള്ള വഴിതേടുകയാണു കരാർ. ലോകരാഷ്ട്രങ്ങളെ മൂന്നായി തിരിച്ചാണ് ഉപയോഗം പടിപടിയായി കുറയ്ക്കാൻ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങൾ ആദ്യം ഉപയോഗം കുറയ്ക്കും; പിന്നാലെ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളും.

ഇന്ത്യ, ഇറാൻ, ഇറാഖ്, പാക്കിസ്ഥാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവയ്ക്ക് 2028 ആണ് സമയപരിധി. വളരുന്ന വ്യവസായങ്ങൾക്കു പൊടുന്നനെയുള്ള നിയന്ത്രണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇന്ത്യ സമയപരിധി 2028 ആക്കി നീട്ടിയത്. പാരിസ് കരാറിലെന്നതുപോലെ, ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ വികസനാവകാശം അംഗീകരിച്ചുള്ളതാണ് കഗാലി കരാറെന്നതു നമുക്കു പ്രതീക്ഷ തരുന്നു.

കൊടിയ വേനലും വരൾച്ചയും സൂര്യാതപമേറ്റു പിടഞ്ഞുവീഴുന്നവരും ഇറ്റു ദാഹജലത്തിനായി പരക്കംപായുന്നവരും പുതിയതരം കാലാവസ്ഥാ പ്രതിഭാസങ്ങളുമൊക്കെ പ്രകൃതിയുടെ ശിക്ഷയെന്നപോലെ നമുക്കു മുന്നിലുണ്ട്. കാലാവസ്ഥയുടെ അതിതീവ്രത അപരിചിതമായിരുന്ന കേരളത്തിനുപോലും കഴിഞ്ഞ വേനലിന്റെ അസഹ്യമായ തീപ്പൊള്ളൽ അനുഭവിക്കേണ്ടിവന്നു, ഈ വർഷമാകട്ടെ, സംസ്ഥാനത്തു പലയിടത്തും നേരത്തേതന്നെ വേനൽ വരവറിയിച്ചിരിക്കുകയുമാണ്.

കാർബൺ ബഹിർഗമനം നിയന്ത്രിതനിലയിൽ നിർത്തുന്നതിനും മാനുഷികനടപടികൾ വഴി ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതു തടയുന്നതിനും സമ്പന്നമെന്നോ ദരിദ്രമെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളും ഒന്നുചേരുന്നതു ഭൂമിക്കുവേണ്ടിയുള്ള പോരാട്ടംതന്നെയാണ്. അതുകൊണ്ടുതന്നെ ഈ യുദ്ധം ലോകരാഷ്ട്രങ്ങളുടെ മുഴുവൻ പങ്കാളിത്തം ആവശ്യപ്പെടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.