Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് മറുപടി

പാക്കിസ്ഥാനിൽനിന്നുള്ള നിരന്തരമായ ഭീകരാക്രമണങ്ങൾക്കു തിരിച്ചടിയായി ഇന്ത്യയ്ക്ക് എന്തു ചെയ്യാനാകുമെന്നതിന് ഉദാഹരണമാണ് ജമ്മു – കശ്മീരിലെ നിയന്ത്രണരേഖ മുറ‌ിച്ചുകടന്നുള്ള നമ്മുടെ സൈനിക നടപടി. പന്ത്രണ്ടു ദിവസം മുൻ‍പു നിയന്ത്രണരേഖയ്ക്കടുത്തുള്ള ഉറിയിൽ 18 ജവാന്മാരുടെ മരണത്തിനിടയാക്കി പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനുള്ള മറുപടി മാത്രമല്ല ഇത്.

പുതിയ ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള ഭീകരരുടെ ശ്രമത്തെ ഇന്ത്യ മുൻകൂട്ടി ചെറുക്കുകകൂടിയാണു ചെയ‌്തത്. ആ നിലയിൽ ഈ സൈനിക നടപടിയുടെ ഉത്തരവാദിത്തവും പാക്കിസ്ഥാനുതന്നെയാണ്. നിയന്ത്രണരേഖയിൽനിന്നു രണ്ടു കിലോമീറ്റർവരെ ഉള്ളിൽ കടന്നാണു നമ്മുടെ സൈന്യം ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തത്. ഏതാനും പാ‌ക്ക് ഭടന്മാർ കൊല്ലപ്പെടുകയും ചെയ‌്തു.

പാക്കിസ്ഥാൻ ഇതിൽ പ്രതിഷേധിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായി, കൂടുതൽ അപകടകരമായ അതിസാഹസികതയ്ക്കും ഒരുപക്ഷേ പാക്കിസ്ഥാൻ ഒരുമ്പെട്ടുകൂടായ്കയില്ല. ആ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ പാക്ക് അതിർത്തിക്കടുത്തുള്ള കശ്മീരിലെയും പഞ്ചാബിലെയും ഗ്രാമങ്ങളിൽനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന പ്രതീതി ജനിപ്പിക്കുന്ന ഇത്തരമൊരു സ്ഥിതിവിശേഷം കുറെ വർഷങ്ങൾക്കുശേഷം ഇതാദ്യമാണ്. പാക്ക് പ്ര‍ധാനമന്ത്രി നവാസ് ഷരീഫിനുനേരെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ സൗഹൃദഹസ്തം നീട്ടിയതിനെക്കുറിച്ചുള്ള ഓർമകളും ഇരുവരുംകൂടി ഇന്ത്യ – പാക്ക് ബന്ധത്തെ ഊഷ്മളതയുടെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷകളും ഇതോടെ തകിടംമറിയുന്നു.

നിയന്ത്രണരേഖയിൽ ഇന്ത്യ ഇപ്പോൾ നടത്തിയതുപോലുള്ള സൈനിക നടപടി ഇതിനു മുൻപു നടന്നതു കഴിഞ്ഞ വർഷം ജൂണിൽ മ്യാൻമറുമായുള്ള അതിർ‌ത്തിയിലാണ്. നാഗാ ഭീകരർ മ്യാൻമർ താവളമാക്കി നട‌ത്തുന്ന ‌ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു അത്.

അതിന് അഞ്ചു ദിവസം മുൻപാണു ഭീകരർ സൈന്യത്തിന്റെ ഒരു വാഹനവ്യൂഹം ആക്രമിക്കുകയും 18 ഭടന്മാരുടെ മരണത്തിനിടയാക്കുകയും െചയ്തത്. ഇത്തരമൊരു സൈനിക നടപടി പാ‌ക്കിസ്ഥാന്റെ കാര്യത്തിലും ആവാമെന്ന് അന്നുമുതൽക്കേ പലരും നി‌ർദേശിക്കുകയായിരുന്നു. ഉറിയിലെ ആക്രമണ‍ത്തോടെ ആ മുറവിളി ശക്തമാവുകയും ചെയ്തു.

ഇന്ത്യാവിരുദ്ധ ഭീകരരെ സഹായിക്കുന്നതിൽനിന്നു പാ‌ക്കിസ്ഥാനെ പിന്തിരിപ്പി‌ക്കാൻ പലവിധ നയതന്ത്രമാർഗങ്ങളും ഇന്ത്യ പരിഗണിച്ചുവരുന്നുണ്ട്. രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനെ പ്രതിക്കൂട്ടിലാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമം ഇതി‌ന്റെ ഭാഗമാണ്. അതിന്റെ തുടർച്ചയാണ് ഇസ്‌ലാമാബാദിൽ നവംബറിൽ നടത്താനിരുന്ന ദക്ഷിണേഷ്യൻ മേഖലാ സഹകരണ സംഘടനയുടെ (സാർക്) ഉച്ചകോടി ബഹിഷ്കരിക്കാനുള്ള തീരുമാനം.

ഇ‌ന്ത്യയോടു പിന്തുണ പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എ‌ന്നീ രാജ്യങ്ങളും സമാനമായ തീരുമാനം കൈക്കൊണ്ടതോടെ ഉച്ചകോടിതന്നെ അനിശ്ചിതത്വത്തിലായത് പാക്കിസ്ഥാനു വലിയ തിരിച്ചടിയായി. ബലൂചിസ്ഥാൻ, പാക്ക് അധീന കശ്മീർ, ഗിൽഗിത് ബാൽത്തിസ്ഥാൻ എന്നിവിടങ്ങളിൽ പാക്ക് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടാനും ഇന്ത്യ ശ്രമിച്ചുവരുന്നു.

പാക്കിസ്ഥ‌ാനുമായി 1960ൽ ഒപ്പുവച്ച സിന്ധുനദീജല കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ, നദീജലം നിഷേധിക്കുന്നതോടെ കഷ്ടപ്പെടുന്നത് പാക്കിസ്ഥാനിലെ ജനങ്ങളായിരിക്കുമെന്ന കാരണത്താൽ ആ നിർദേശം സജീവമായി പരിഗണിക്കപ്പെടുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

പരമ്പരാഗതമായി ഇന്ത്യാവിരുദ്ധ നിലപാടു സ്വീകരിച്ചുവരുന്ന പാക്ക് സൈ‌നിക നേതൃത്വത്തിന്റെയും അവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റിന്റെയും തെറ്റുകുറ്റങ്ങൾക്ക് അവിടത്തെ ജന​ങ്ങളെ ശിക്ഷി‌ക്കാൻ ഇന്ത്യയ്ക്കു താൽപര്യമില്ല. മാത്രമല്ല, ഭീകരതയ്ക്കെതിരെ പോരാടാനുള്ള യജ്ഞത്തിൽ പാക്ക് ജനതയുടെ പിന്തുണകൂടി ഇന്ത്യ ആഗ്രഹിക്കുന്നുമുണ്ട്. ഈയിടെ കോഴിക്കോട്ടു ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അക്കാര്യം സൂചിപ്പിക്കുകയുണ്ടായി.

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാ‌ക്കിസ്ഥാൻ ഇന്നത്തെ നിലയിലായത് എന്തുകൊണ്ടാണെന്നു പാക്ക് ജനത ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ബന്ധം വഷളാവുകയും അന്തരീക്ഷം കലുഷമാവുകയും ചെയ്യുമ്പോൾ ഇരുരാജ്യങ്ങളിലെയും ജനകോടികൾ ആശങ്കാകുലരാകുന്നതു സ്വാഭാവികം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.