Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യരംഗത്തിനും ചികിൽസ വേണം

ജീവിതശൈലീരോഗങ്ങൾ കേരളത്തെ കീഴ്പ്പെടുത്തുന്നു, ഇല്ലാതായെന്നു കരുതിയ രോഗങ്ങൾ തിരിച്ചുവരുന്നു, പകർച്ചപ്പനികൾ അടിക്കടി ആക്രമിക്കുന്നു, നിലവാരം കുറഞ്ഞ മരുന്നുകൾ വിപണി കീഴടക്കുന്നു, ലാഭം മാത്രം ലക്ഷ്യമിടുന്ന ചില സ്വകാര്യ ആശുപത്രികൾ ചികിൽസകളെ തകിടംമറിക്കുന്നു, മൾട്ടിസ്പെഷ്യൽറ്റികൾ പെരുകുമ്പോഴും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു – എല്ലാം ഗൗരവശ്രദ്ധ തേടുന്ന അടയാളങ്ങൾതന്നെ.

അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ നമ്മുടെ ആതുരസേവനരംഗം പൂർണമായും രോഗശയ്യയിലാകുമെന്നതിന്റെ മുന്നറിയിപ്പാണു മലയാള മനോരമ പ്രസിദ്ധീകരിച്ച ‘മരുന്ന്, മനസ്സാക്ഷിയില്ലാതെ’ എന്ന അന്വേഷണ പരമ്പര. ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രാരബ്ധങ്ങൾ അലട്ടുന്ന സർക്കാർ ആശുപത്രികൾ, അമിതനിരക്കുമൂലം രോഗികളുടെ കുടുംബത്തെ കടക്കെണിയിലാക്കുന്ന ചില സ്വകാര്യ ആശുപത്രികൾ, ജനങ്ങളെ പറ്റിക്കുന്ന വ്യാജചികിൽസകർ എന്ന മുക്കെണിയിൽ നട്ടംതിരിയുകയാണു ജനം.

പൊതു ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയും ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുകയും ചെയ്യുക, സ്വകാര്യ മേഖലയിലെ നിരീക്ഷണവും ഇടപെടലും കാര്യക്ഷമമാക്കുക, വ്യാജചികിൽസകരെ കർശനമായി നിയന്ത്രിക്കുക എന്നിവതന്നെയാണു പ്രശ്നപരിഹാരം. സ്വകാര്യ ആശുപത്രികൾ ലാഭം ഉറപ്പാക്കണമെന്നതിൽ സംശയമില്ല. എന്നാൽ, മൂല്യങ്ങൾ കാറ്റിൽപറത്തി കൊള്ളലാഭം കൊയ്യുന്നതിനാണു തടയിടേണ്ടത്.

രോഗികൾക്കു പരമാവധി വിലയിലും കുറഞ്ഞ തുകയ്ക്കു മരുന്നു കിട്ടാൻ ആത്മാർഥമായി ഇടപെട്ടും പലപ്പോഴും സ്വന്തം കയ്യിൽനിന്നുവരെ പണം മുടക്കി അവരെ സഹായിച്ചും മാതൃകകളാകുന്ന ഡോക്ടർമാർ നൂറുകണക്കിനുണ്ട് നമുക്കിടയിൽ. എന്നാൽ, കാലാവധി തീർന്നതും തീരാറായതുമായ മരുന്നുകൾ സംഭരിച്ചു രോഗികൾക്കു നൽകുന്നവരും പരീക്ഷണത്തിനായി സൗജന്യമായി ലഭിക്കുന്ന മരുന്നുകൾ മെഡിക്കൽ റപ്രസന്റേറ്റീവുമാരുമായി ഒത്തുകളിച്ചു പണം വാങ്ങി രോഗികൾക്കു നൽകുന്നവരും ഇവിടെ ഉണ്ടെന്നു മനോരമ സംഘത്തിന്റെ അന്വേഷണത്തിൽ തെളിയുകയുണ്ടായി.

മെഡ‍ിക്കൽ കമ്പനികളിൽനിന്നു വൻതോതിൽ ഉപഹാരം വാങ്ങുന്നവരുമേറെയാണ്. ലാഭം കൂട്ടാനായി ഡോക്ടർമാർക്കു ‘ടാർഗറ്റ്’ നിശ്ചയിക്കുകയും അനാവശ്യശസ്ത്രക്രിയയ്ക്കടക്കം അവരെ നിർബന്ധിക്കുകയും ചെയ്യുന്ന ചില ആശുപത്രി മാനേജ്മെന്റുകളും ആതുരസേവനത്തിന്റെ നിറംകെടുത്തുന്നു.

മൾട്ടിസ്പെഷ്യൽറ്റികൾ ആവശ്യം തന്നെ. എന്നാൽ, അവയുടെ ബാഹുല്യം സമഗ്രചികിൽസയ്ക്കു വിഘാതമുണ്ടാക്കരുതെന്നു മാത്രം. സ്വകാര്യ ചികിൽസാ മേഖലയിൽ നിശ്ചിത ഗുണനിലവാരവും സേവനവും ഉറപ്പാക്കുന്നതിനും ചൂഷണം ഒഴിവാക്കുന്നതിനുമായി വിഭാവനം ചെയ്ത ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്തെ സമഗ്രമാറ്റം ലക്ഷ്യമിട്ടു പ്രഖ്യാപിച്ച ഹെൽത് പ്രൊട്ടക്‌ഷൻ ഏജൻസി പ്രവർത്തനം ആരംഭിച്ചാൽ ജനങ്ങൾക്ക് അനുഗ്രഹമാകുമെന്നു തീർച്ച.

സംസ്ഥാനത്തു പ്രതിവർഷം 7200 കോടിയുടെ മരുന്ന് ഉപയോഗമുണ്ടെന്നിരിക്കെ, മികച്ച മരുന്നു കമ്പനികൾ ഇവിടെ നിലവിലില്ലെന്നതു പോരായ്മയാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഫാർമ പാർക്ക് നടപ്പാക്കി ഇതിന് ഒരളവോളം പരിഹാരം കാണാം. ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ നവീകരണം യാഥാർഥ്യമാക്കുകയും കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു സംഭരണം കൂടുതൽ സുതാര്യമാക്കുകയും വേണം.

19,000ത്തിൽ പരം മരുന്നുകടകളുള്ള സംസ്ഥാനത്തു 47 ഡ്രഗ് ഇൻസ്പെക്ടർമാർ മാത്രമാണുള്ളത്. ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിനൊപ്പം നൂതന പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തിയാലേ കാര്യക്ഷമത ഉണ്ടാകൂ. മെഡിക്കൽ പഠനരംഗത്തെ മൂല്യച്യുതിയെക്കുറിച്ചു മുതിർന്ന ഡോക്ടർമാർതന്നെ പരാതി പറയുമ്പോൾ കേട്ടില്ലെന്നു നടിക്കുന്നതു കണ്ണടച്ച് ഇരുട്ടാക്കലാകും.

രോഗിയുടെ അവകാശങ്ങൾ, ലഭ്യമാകുന്ന സഹായങ്ങൾ, സേവനങ്ങൾ എന്നിവ സംബന്ധിച്ചു വിപുലമായ നാടുണർത്തൽ ഉണ്ടാകണം. ഡോക്ടർമാർ നേരിടുന്ന സമ്മർദം ചർച്ച ചെയ്യപ്പെടുകയും അതിനു പരിഹാരമുണ്ടാകുകയും വേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്. ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ എന്നതുപോലെ പൊതു ആരോഗ്യകേന്ദ്രങ്ങളും ജനസൗഹൃദമാകണം.

Your Rating: