Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനിക്കപ്പെടട്ടെ മഹാദാനങ്ങൾ

അവയവദാന സന്ദേശത്തിന്റെ എത്രയോ മഹനീയ മാതൃകകൾ ഉണ്ടായ നാടാണു നമ്മുടേത്. അവയവദാനം ദൈവം കയ്യൊപ്പിടുന്ന മഹാദാനമാണെന്നു പതിവായി നാം വിശേഷിപ്പിക്കാറുമുണ്ട്. നമ്മിൽ മിക്കവർക്കും ഈ വലിയ നന്മ ചെയ്യാൻ കഴിയാതെവരുമ്പോഴും അങ്ങനെ ചെയ്യുന്നവരെ ആദരംകൊണ്ടും െഎക്യദാർഢ്യംകൊണ്ടും അഭിവാദ്യംചെയ്യുന്നതാണു മാനുഷികത. അതിനു പകരം, മറ്റൊരു ജീവൻ നിലനിർത്താനായി സ്വന്തം ശരീരത്തിന്റെ ഒരു ഭാഗംതന്നെ പൂർണമനസ്സോടെ നൽകുന്ന ദാതാവിനെതിരെ ആരോപണങ്ങൾ നിരത്തി നിന്ദിക്കുമ്പോൾ ചെറുതാവുന്നതു സമൂഹം മുഴുവനുമാണ്.

ഇത് 2014 ജൂലൈ ഏഴിനു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ തുടക്കമാണ്: ‘‘മുൻപ് ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത പെൺകുട്ടിക്കു വൃക്കദാനം ചെയ്യാൻ തയാറായി കോട്ടയത്തുനിന്നൊരു കായികാധ്യാപിക. പാറമ്പുഴ ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപികയായ മിനി എം.മാത്യുവാണ് വൃക്കദാനത്തിൽ മാതൃകയാവുന്നത്.

ഒരു സന്നദ്ധ സംഘടനയുടെ ഓഫിസിൽ യാദൃച്‌ഛികമായി കണ്ട ആയിരക്കണക്കിനു ഡയാലിസിസ് ധനസഹായ അപേക്ഷകൾ മിനിയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. തന്റെ വൃക്കകളിലൊന്ന് അർഹിക്കുന്ന ഒരാൾക്കു ദാനംചെയ്യണമെന്ന ഉറച്ച തീരുമാനവുമായാണ് അന്ന് ഓഫിസിൽനിന്നു മടങ്ങിയത്. അങ്ങനെ, കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മലിന്റെ അടുത്തെത്തി. അദ്ദേഹമാണു രമ്യ എന്ന കൊട്ടാരക്കരക്കാരിയെ പരിചയപ്പെടുത്തിയത്.’’

മുൻപ് ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരാൾക്കുവേണ്ടി 2014 നവംബറിലായിരുന്നു മിനിയുടെ വൃക്കദാനം. 16 ദിവസം നീണ്ട ആശുപത്രിവാസത്തിൽ നാലു ദിനം അബോധാവസ്ഥ. നൂറിലധികം പരിശോധനകൾ, എണ്ണിയാലൊടുങ്ങാത്ത കുത്തിവയ്പുകൾ. 20 കുത്തിക്കെട്ടുകൾ തെളിവായി ബാക്കിവച്ചു മടക്കം. എന്നാൽ, ആ 16 ദിവസങ്ങൾ കഴിഞ്ഞു പുറത്തു വന്നശേഷം കണ്ടതും അനുഭവിച്ചതുമൊന്നും ഇനിയൊരിക്കലും ആർക്കുമുണ്ടാകരുതേ എന്നു മിനിക്കു പ്രാർഥിക്കേണ്ടിവന്നു.

മിനി വൃക്കദാനം നടത്തിയിട്ടേയില്ല എന്നമട്ടിലുണ്ടായ ആരോപണങ്ങളും നാട്ടിലെ ചുവരുകളിലെ എഴുത്തുകളും അവരുടെ മനസ്സിലേൽപിച്ച ആഘാതത്തിനു പുറമേ, നമ്മുടെ രോഗഗ്രസ്തമായ സാമൂഹികാവസ്ഥയുടെ പ്രതിഫലനംകൂടിയാവുകയും ചെയ്തു. 

ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്, വൃക്ക നൽകിയോ എന്നറിയാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് മെഡിക്കൽ ബോർഡ് ചേർന്നു മിനിയെ പരിശോധനകൾക്കു വിധേയയാക്കി. മിനിയുടെ ഇടതു വൃക്ക നീക്കംചെയ്തതായി കണ്ടെത്തി മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

ബോർഡ് നടത്തിയ ശാരീരിക പരിശോധനയിലും തുടർന്നു ബോർഡിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലും മിനി മാത്യുവിന് ഒരു വൃക്ക മാത്രമാണുള്ളതെന്നു ബോധ്യപ്പെട്ടു. നീണ്ട ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ, താൻ വൃക്കദാനം നടത്തിയെന്നു രണ്ടു വർഷത്തിനുശേഷം ഇക്കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡിനു മുന്നിൽ വീണ്ടും തെളിയിക്കുമ്പോൾ മിനി മാത്യുവിന്റെ ഉള്ളിൽ ഇരമ്പിമറിയുന്ന സങ്കടത്തിന്റെ കടൽ നമുക്കു സങ്കൽപിക്കാം.

ഇനിയെങ്കിലും കുറ്റബോധത്തോടെ തലകുനിച്ചു നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. നിസ്വാർഥമായ അവയവദാനം നടത്തിയ മിനി മാത്യുവിന് ഈ സംഘർഷവും അപമാനവും നിന്ദയുമാണോ പരിഷ്കൃതസമൂഹം തിരിച്ചു കൊടുക്കേണ്ടിയിരുന്നത്? മറ്റൊരാൾക്കു ജീവനോ കാഴ്‌ചയോ പകർന്ന് നമ്മുടെ അവയവം നാം ഓരോരുത്തരുടെയും ആയുസ്സിനപ്പുറത്തേക്കു ജീവിക്കുന്ന അനശ്വരതയിലേക്ക് അവയവദാന മുന്നേറ്റം വളരണമെങ്കിൽ ദാതാക്കളുടെ സന്മനസ്സിനൊപ്പം, നമ്മളൊക്കെ ചേരുന്ന സമൂഹത്തിന്റെ നന്മയുടെ കയ്യൊപ്പുകൂടി ഉണ്ടാവണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.