Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളേ, രാജ്യം വീണ്ടും തലതാഴ്ത്തുന്നു

കൊൽക്കത്തയിലെ ബാലികയിൽനിന്ന് കൊടുംവേദനയോടെ ഉയർന്നുപൊങ്ങി, അമർന്നുമാഞ്ഞ നിസ്സഹായനിലവിളി ഇനി എത്രയോ കാലം ഈ രാജ്യത്തിന്റെ ഉറക്കംകെടുത്തും. തുടരുന്ന സ്ത്രീപീഡനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരയായിത്തീർന്ന ഈ പന്ത്രണ്ടുകാരിയോട് നാം എങ്ങനെയാണു മാപ്പിരക്കുക?

രാജ്യ മനസ്സാക്ഷിയെത്തന്നെ മുറിവേൽപ്പിച്ച ഡൽഹിയിലെ ‘നിർഭയ’ സംഭവത്തിന്റെ കനലുകൾ വ്യാപകമായ പ്രതിഷേധങ്ങളിലൂടെയും സ്‌ത്രീസുരക്ഷയെക്കുറിച്ചുള്ള ആകുലതകളിലൂടെയും ഇപ്പോഴും ജ്വലിച്ചുകൊണ്ടേയിരിക്കുമ്പോൾ അതിന്റെ തനിയാവർത്തനം രാജ്യത്തെ ഞെട്ടിക്കുക മാത്രമല്ല, ലജ്ജിപ്പിക്കുകയും ചെയ്യുന്നു. കൊൽക്കത്തയിലെ തെരുവിൽ താമസിക്കുന്ന കുടുംബത്തിലെ ബാലികയെ മദ്യലഹരിയിലായിരുന്ന ടാക്സി ഡ്രൈവർമാർ ബുധനാഴ്ച പുലർച്ചെ തട്ടിയെടുത്ത്, ഓടുന്ന കാറിന്റെ പിന്നിലിട്ടു ക്രൂരമായി പീഡിപ്പിച്ചശേഷം ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

മൃതദേഹം കനാലിൽ വലിച്ചെറിയുകയും ചെയ്തു. നഗരത്തിൽ പലയിടങ്ങളിൽ കറങ്ങിയശേഷമാണ് ഇവർ നഗരപ്രാന്തത്തിലുള്ള ടോപ്സിയയിലെ കനാലിൽ മൃതദേഹം ഉപേക്ഷിച്ചത്. തുടർച്ചയായ സ്ത്രീപീഡനങ്ങൾ ഭാരതത്തിന്റെ സ്വാഭിമാനം കുറച്ചുകൊണ്ടിരിക്കുന്ന വേളയിലാണു കൊൽക്കത്ത സംഭവം. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ചില നിർഭാഗ്യസംഭവങ്ങളുണ്ട്. അതിലൊന്നായിരുന്നു ഡൽഹിയിൽ ഓടുന്ന ബസിലുണ്ടായ കൂട്ടമാനഭംഗത്തെത്തുടർന്നു പെൺകുട്ടിക്കു ജീവൻ വെടിയേണ്ടിവന്നത്.

അതിനുശേഷം സർക്കാരും പൊതുസമൂഹവും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പുലർത്തുന്നുവെന്നു കരുതിപ്പോരുന്ന ജാഗ്രതയിലാകെ നിഴൽവീഴ്ത്തുന്നതായി കൊൽക്കത്തയിലെ സമാന ക്രൂരത. ഡൽഹിപീഡനത്തിനുശേഷം, പെൺമയുടെ നേർക്കു ദുഷ്ടലാക്കോടെ കയ്യുയർത്താൻ ഇവിടെയാർക്കും ധൈര്യമുണ്ടാവരുത് എന്ന ലക്ഷ്യത്തോടെ വിഭാവനംചെയ്ത സ്ത്രീസുരക്ഷാ പദ്ധതികളെല്ലാം ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്.

പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊലചെയ്ത സംഭവം മലയാളിമനസ്സിൽ ഇപ്പോഴും ഭീതി പടർത്തിക്കൊണ്ടിരിക്കുമ്പോൾ, പെരുമ്പാവൂരിൽനിന്നു ഡൽഹിയിലേക്കോ കൊൽക്കത്തയിലേക്കോ തീരെ ദൂരമില്ലെന്നുകൂടി നാം തിരിച്ചറിയുകയാണ്.
കൊൽക്കത്ത എന്ന മഹാനഗരത്തിലെ പൊലീസ് സുരക്ഷാജാഗ്രതയുടെ വിള്ളലിലാണ് ഈ കൊടിയ ക്രൂരത ഉണ്ടായതെന്നുകൂടി ഓർമിക്കേണ്ടതുണ്ട്.

വേണമെന്നുവച്ചാൽ നഗരത്തിൽ പറക്കുന്ന ഈച്ചയെപ്പോലും നിരീക്ഷിക്കാനുള്ള പ്രാപ്‌തിനേടിയ പൊലീസ് സന്നാഹത്തിന്റെ മൂക്കിൻതുമ്പിലാണ് ഇപ്പോൾ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. വനിതകൾക്കു സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയാത്ത പൊലീസ് മറ്റ് എത്ര അഭിമാനത്തൂവലുകൾ സ്വന്തമാക്കിയാലും അതിനു മാറ്റുണ്ടാവില്ലെന്നു തീർച്ച. രണ്ടാം വട്ടവും ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്‌ഥാനമാണ് ബംഗാളെന്നുകൂടി ഇതോടൊപ്പം ചേർത്തുവയ്ക്കാം.

ഓരോ നാളും പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള അപമാനം അനുഭവിക്കേണ്ടിവരുന്ന ഈ രാജ്യത്ത് സ്‌ത്രീസുരക്ഷയ്‌ക്കു വേണ്ടിയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടായിക്കൂടെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഈ സംഭവം. കാർ ഡ്രൈവർമാരായ രണ്ടുപേരെയും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഈ ക്രൂരതയുടെ ബാക്കിപത്രം അവിടെ അവസാനിക്കുന്നില്ല. മനുഷ്യത്വം എന്ന വാക്കു മറന്ന ആ നരാധമരെ മാതൃകാപരമായി ശിക്ഷിക്കുകകൂടി വേണം.

ഇനിയൊരു മകളുടെയും അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും ദുരന്തകഥ കേട്ട് രാജ്യമനസ്സാക്ഷിക്കു മുറിവേൽക്കാതിരിക്കാൻ നിതാന്ത ജാഗ്രതയും അടിയന്തര നടപടികളും ഉണ്ടായേ തീരൂ. നിയമങ്ങളുണ്ടാക്കുന്നതിലല്ല അവ നടപ്പാക്കുന്നതിലുള്ള ആത്മാർഥതയിലാണു കാര്യം. കൊൽക്കത്ത നഗരത്തിൽ, ഓടുന്ന കാറിൽ ജീവിതത്തിലെ ഏറ്റവും ക്രൂരപീഡനമേറ്റുവാങ്ങി ജീവൻ വെടിയേണ്ടിവന്ന ഈ പന്ത്രണ്ടുകാരിക്കു നാം നൽകേണ്ട പ്രായശ്ചിത്തം, ഇങ്ങനെയൊരു സംഭവം ഇനിയൊരിക്കലും ഇവിടെ നടക്കില്ലെന്ന് ഉറപ്പാക്കുക തന്നെയാണ്.

Your Rating: