Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഭദിശയിലേക്ക് ബസ് ഓടട്ടെ

സംസ്ഥാനത്തിന്റെ സ്വന്തം പൊതുഗതാഗതസംവിധാനം ശുഭവാർത്തകൾ കേൾപ്പിക്കുന്നേയില്ല. നഷ്ടക്കണക്കുകളിലൂടെ മാത്രം ദീർഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധി കേരളത്തിന്റെ മുഴുവൻ ആശങ്കയായിരിക്കുകയാണ്. ശമ്പളവും പെൻഷനും മുടങ്ങിയതിനെ തുടർന്നു ബുധനാഴ്ച ജീവനക്കാർ നടത്തിയ മിന്നൽസമരത്തിൽ കെഎസ്ആർടിസി സർവീസുകൾ പാതിയും നിലയ്ക്കുകയുണ്ടായി.

ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് 2360 ഷെഡ്യൂളുകളാണ് സംസ്ഥാനത്തൊട്ടാകെയായി മുടങ്ങിയത്. അന്നു വൈകിട്ട് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു സർക്കാർ ഗാരന്റിയിൽ 70 കോടി രൂപ വായ്പയെടുത്തു ശമ്പളപ്രശ്നം പരിഹരിച്ചതായി അധികൃതർ പറയുന്നുണ്ടെങ്കിലും പെൻഷനും ഇന്ധനച്ചെലവിനുമുള്ള ബാധ്യതകൾ പിന്നെയും അവശേഷിക്കുകയാണ്.

കഴിഞ്ഞ മാസവും ശമ്പള പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് പെരുമ്പാവൂർ ഡിപ്പോ പണയപ്പെടുത്തി 80 കോടിയുടെ വായ്പ സംഘടിപ്പിച്ചിരുന്നു. ഈ തുകയിൽ കാര്യമായ നീക്കിയിരിപ്പ് ഉണ്ടായിരുന്നതിനാൽ ഇത്തവണ ശമ്പളം മുടങ്ങില്ലെന്നാണു പ്രതീക്ഷിച്ചിരുന്നത്. പണയം വയ്ക്കാൻ ഡിപ്പോകളോ വായ്പ ലഭിക്കാൻ മറ്റു മാർഗങ്ങളോ ഇല്ലാതെ കെഎസ്ആർടിസിയിലെ ശമ്പളം ഈ മാസം അഞ്ചു ദിവസമായിട്ടും കൊടുത്തു തീർക്കാൻ സാധിച്ചിരുന്നില്ല. കോർപറേഷന്റെ 93 ഡിപ്പോകളിൽ 68 എണ്ണം ഇപ്പോഴേ പണയത്തിലാണ്. അഞ്ചു വർക്‌ഷോപ്പുകളിൽ നിന്നു വരുമാനം ഇല്ലാത്തതിനാൽ പണയം വയ്ക്കാൻ സാധിക്കില്ല.

ശേഷിക്കുന്ന ഡിപ്പോകൾക്കാകട്ടെ പട്ടയമോ മറ്റു രേഖകളോ ഇല്ല. ഈ ഘട്ടത്തിൽ സർക്കാർ സഹായിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന നില വന്നു. ശമ്പളത്തിനും പെൻഷനും വേണ്ടിവരുന്ന ചെലവും കെഎസ്‌ആർടിസിയുടെ വരുമാനവും തമ്മിലുള്ള അന്തരം തന്നെയാണ് ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചുവരുന്നതെന്നതിൽ സംശയമില്ല. പ്രതിദിനവരുമാനം രണ്ടു കോടി കൂടി വർധിപ്പിച്ചാൽ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു രക്ഷിക്കാമെന്നാണു കരുതുന്നത്.

കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന കലക്‌ഷൻ അഞ്ചു കോടി രൂപയാണ്. ഉത്സവകാലങ്ങളി‍ൽ ആറു കോടിയും ചിലപ്പോൾ ഏഴു കോടിയും കടക്കുന്നു. 2015ലെ ക്രിസ്മസ് അവധി കഴിഞ്ഞ് ജനം തിരികെപ്പോയ ഡിസംബർ അവസാനമാണ് 7.8 കോടി എന്ന റെക്കോർഡ് നേടിയത്. ഇത്തവണ ഓണക്കാലത്ത് അയൽസംസ്ഥാനങ്ങളിൽ നിന്നു നാട്ടിലേക്കു വരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായതിനാൽ റെക്കോർഡ് മറികടക്കാനായില്ല.


കെഎസ്ആർടിസി കേരളീയജീവിതത്തിന്റെ അവിഭാജ്യ ഘടകമായിട്ടു ദശാബ്ദങ്ങളായി. തിരുവിതാംകൂറിൽ സർക്കാർ ബസുകൾ ഹോണടിച്ചു കയറിയ 1938 ഫെബ്രുവരി 20 മുതൽ നമ്മുടെ ഗതാഗതചരിത്രം തുടങ്ങുന്നു. അറുപതോളം ബസുകളാണ് ഇതിനായി ലണ്ടനിൽനിന്ന് ഇറക്കിയത്. തുടക്കം ലാഭത്തിലായിരുന്നു. ജനകീയഭരണം വന്നിട്ടും ലാഭം തുടരുകയും ചെയ്‌തു. ടി.വി. തോമസ് മന്ത്രിയായപ്പോഴാണു ട്രാൻസ്‌പോർട്ടിൽ ആദ്യമായി ബോണസ് കൊടുത്തത്.

ഇതിനുശേഷമുള്ള ലാഭത്തിന്റെ കിലുക്കം പക്ഷേ, അധികകാലം നീണ്ടുനിന്നില്ല.
തുടർച്ചയായി കട്ടപ്പുറത്തായിക്കൊണ്ടിരിക്കുന്ന ബസുകൾ ഇപ്പോൾ കെഎസ്ആർടിസിയെ കൃത്യമായി പ്രതീകവൽക്കരിക്കുന്നുണ്ട്. മാസംതോറും കടം വാങ്ങി ശമ്പളവും പെൻഷനും നൽകേണ്ട ഈ ദുരവസ്ഥയിൽ അധികകാലം മുന്നോട്ടുപോകാൻ പറ്റില്ലെന്നതു നാം മനസ്സിലാക്കിയേതീരൂ. അതുകൊണ്ടുതന്നെ, കെഎസ്ആർടിസിയുടെ പ്രവർത്തനത്തിൽ സമഗ്രമായ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്.

സ്ഥാപനത്തിനു നവോർജം നൽകാനുള്ള കർമപദ്ധതി ആവിഷ്കരിച്ച്, ജീവനക്കാരുടെയും യൂണിയനുകളുടെയും സർക്കാരിന്റെയും സജീവമായ പങ്കാളിത്തത്തിൽ ലക്ഷ്യബോധത്തോടെ മുന്നോട്ടുനീങ്ങേണ്ടതു കാലത്തിന്റെ ആവശ്യംതന്നെ. നാൽപതിനായിരത്തിലേറെ പേരുടെ ജീവിതമാർഗമായ ഈ സ്ഥാപനം അന്തസ്സായും ലാഭത്തിലും പ്രവർത്തിക്കേണ്ടതു സംസ്ഥാനത്തിന്റെയാകെ ആവശ്യമാണെന്ന തിരിച്ചറിവോടെ, നമ്മുടെ പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനത്തിനു ജീവവായു നൽകാൻ ഇനിയും വൈകിക്കൂടാ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.