Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേൽപാലങ്ങൾ ഉയർന്നേതീരൂ

പ്രഖ്യാപനങ്ങളും ഉറപ്പുകളും ഗതാഗതക്കുരുക്കു പരിഹരിക്കുമായിരുന്നുവെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ജംക്‌ഷനുകളായ വൈറ്റിലയിലൂടെയും കുണ്ടന്നൂരിലൂടെയുമുള്ള യാത്ര എത്രയോ മുൻപു സുഗമമാകേണ്ടതായിരുന്നു. കൊച്ചിയിലെ ഇൗ രണ്ടു ജംക്‌ഷനുകളിലും മേൽപാലം നിർമിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് ഒന്നര പതിറ്റാണ്ടെങ്കിലും പ്രായമുണ്ടാവും. പ്രതിദിനം ഒരു ലക്ഷത്തിലേറെ വാഹനങ്ങൾ കടന്നുപോകുന്ന ഇൗ ജംക്‌ഷനുകളിൽ ഇപ്പോഴും മേൽപാലങ്ങൾ നിർമിക്കാൻ കഴിഞ്ഞിട്ടില്ലെന്നതു കേരളത്തിന് അപമാനമല്ലേ?

രണ്ടിടത്തെയും മേൽപാലങ്ങളുടെ കാര്യം ചർച്ചചെയ്യാൻ പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ തിങ്കളാഴ്ച വിളിച്ച യോഗത്തിലാണ് ഇനിയുള്ള പ്രതീക്ഷ. പദ്ധതിക്ക് ആവശ്യമായ ധനസമാഹരണത്തെക്കുറിച്ചും നിർമാണത്തിനു ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ സഹകരണം ലഭിക്കുന്നതിനെക്കുറിച്ചുമൊക്കെ യോഗത്തിൽ ചർച്ച ചെയ്യും. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ കൊച്ചിയുടെ മാത്രം പ്രശ്നമല്ല.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയിൽ വെറും മൂന്നര കിലോമീറ്റർ ദൂരത്തിനുള്ളിൽ വരുന്ന ഇൗ രണ്ടു ജംക്‌ഷനുകളിലും ദീർഘനേരം കുരുക്കിൽപെട്ടു കിടക്കുന്ന വാഹനങ്ങളിൽ അധികവും ഇതരജില്ലകളിൽനിന്നുള്ളവയാണ്. കേരളത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു കടന്നുപോകുന്ന വഴിയാണെന്നിരിക്കെ, രണ്ടു ജംക്‌ഷനുകളിലും ഗതാഗതക്കുരുക്ക് അഴിക്കുകയെന്നതു കേരളത്തിന്റെതന്നെ ആവശ്യമാണ്.

വൈറ്റിലയിൽ മേൽപാലത്തിനു 105 കോടി രൂപയും കുണ്ടന്നൂരിൽ 85 കോടി രൂപയും വേണം. രണ്ടിടത്തും സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നതു വലിയ ആശ്വാസമാണ്. ഒന്നര ദശാബ്ദം മുൻപു വൈറ്റില മേൽപാലം സജീവ പരിഗണനയിലെത്തിയപ്പോൾ പണം കണ്ടെത്തലായിരുന്നു പ്രധാന കടമ്പയെങ്കിൽ, ഇപ്പോൾ പദ്ധതി ബജറ്റിൽപോലും ഇല്ലെന്നതാണു നിർഭാഗ്യകരം.

ദേശീയപാതയിൽ കുണ്ടന്നൂർമുതൽ ഇടപ്പള്ളിവരെയുള്ള പത്തു കിലോമീറ്ററിലാണു കേരളത്തിലെ ഏറ്റവും തിരക്കേറിയ നാലു ജംക്‌ഷനുകൾ. ഇതിൽ മെട്രോ നിർമാണത്തിന്റെ പിന്തുണയോടെ ഇടപ്പള്ളിയിൽ മേൽപാലം ഉയർന്നു. പാലാരിവട്ടം മേൽപാലം ഉദ്ഘാടനസജ്ജമായി. ഇൗ രണ്ടു മേൽപാലങ്ങളെക്കാൾ അടിയന്തര പരിഗണന വേണ്ടതായിരുന്നു വൈറ്റില മേൽപാലം.

കുണ്ടന്നൂർ ജംക്‌ഷന്റെ പ്രാധാന്യവും വലുതാണ്. നാലു ജംക്‌ഷനുകളിലും മേൽപാലം നിർമിക്കാൻ ദേശീയപാത വിഭാഗം തയാറായതായിരുന്നു. എന്നാൽ, നാലു പാലങ്ങൾക്കുംകൂടി വൻതുക ടോൾ നൽകേണ്ടിവരുമെന്നതിനാൽ സംസ്ഥാന സർക്കാർ നാലു മേൽപാലങ്ങളുടെയും നിർമാണം ഏറ്റെടുത്തു. ഇതിൽ രണ്ടെണ്ണം പൂർത്തിയാക്കി എന്നതിലെ സന്തോഷത്തെ പ്രധാനപ്പെട്ട രണ്ടു ജംക്‌ഷനുകളിൽ പാലം ഉയർന്നില്ലെന്ന നിരാശ ചെറുതാക്കുന്നു.

മെട്രോ റെയിൽ നിർമാണത്തിന്റെ ആനുകൂല്യത്തിൽ ഇടപ്പള്ളി മേൽപാലത്തിനു സർക്കാർ പണം നൽകി. പാലാരിവട്ടം മേൽപാലം റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ നിർമിച്ചു. ഇന്ധന സെസ് ഏർപ്പെടുത്തി വൻകിട പദ്ധതികൾക്കു പണം കണ്ടെത്താൻ യുഡിഎഫ് സർക്കാർ ശ്രമിച്ചതിലൂടെ 400 കോടി രൂപ ഇതുവരെ പിരിച്ചെടുത്തിട്ടുണ്ട്. അതിൽനിന്നു മറ്റു രണ്ടു പദ്ധതികളും പൂർത്തിയാക്കാമായിരുന്നു.

എന്നാൽ, ഭരണകാലാവധി അവസാനിക്കുന്നതിനു തൊട്ടുമുൻപു രണ്ടിടത്തും നിർമാണോദ്ഘാടനം നടത്താനേ ആ സർക്കാരിനു കഴിഞ്ഞുള്ളു. ഇന്ധന സെസ് ഉപയോഗിച്ചുതന്നെ മേൽപാലം നിർമിക്കാനായിരുന്നു ഇടതു സർക്കാരിന്റെയും തീരുമാനം. 2680 കോടി ചെലവിൽ നിർമിക്കാൻ തിരഞ്ഞെടുത്ത ആദ്യ 10 പദ്ധതികളിൽ വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.

സംസ്ഥാന ബജറ്റിൽ കുണ്ടന്നൂർ മേൽപാലത്തിന് 20 കോടി രൂപ നീക്കിവച്ചെങ്കിലും വൈറ്റിലയുടെ കാര്യത്തിൽ അതുമുണ്ടായില്ല. മെട്രോ റെയിൽ നിർമാണം വൈറ്റിലയിലേക്കെത്തുന്ന ഘട്ടത്തിൽ മേൽപാലത്തിന്റെ നിർമാണംകൂടി ആരംഭിക്കാനായാൽ, ഗതാഗതക്രമീകരണംമൂലമുള്ള തടസ്സങ്ങൾ ഒന്നിച്ചു ജനം അനുഭവിച്ചാൽ മതി എന്ന സൗകര്യവുമുണ്ട്. ഏതായാലും, തിങ്കളാഴ്ചത്തെ ചർച്ചയോടെ രണ്ടു മേൽപാലങ്ങളുടെയും കാര്യത്തിൽ ശാപമോക്ഷം ഉണ്ടായേതീരൂ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.