Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാസ്ഥയുടെ മരണത്തൊട്ടിൽ

ആദ്യം അലൻ, പിന്നാലെ പ്രിയങ്കയും. മലയോരഗ്രാമമായ ചിറ്റാറിന് ഈ ഓണം ദുഃഖമല്ലാതൊന്നും നൽകിയില്ല. ഓണാഘോഷത്തിന്റെ ആകാശം മുട്ടുന്ന ഉയരത്തിൽനിന്നുള്ള രണ്ടു കുരുന്നു സഹോദരങ്ങളുടെ വീഴ്ച ഒരു വീടിനെയല്ല, നാടിനെയാകെ ഇരുട്ടിലാഴ്ത്തി. പത്തനംതിട്ട ജില്ലയിലെ ചിറ്റാറിൽ ഓണാഘോഷത്തോടനുബന്ധിച്ചു സ്ഥാപിച്ച ജയന്റ് വീലിൽനിന്നു വീണ അഞ്ചു വയസ്സുകാരൻ അലനും പന്ത്രണ്ടുവയസ്സുകാരി ചേച്ചി പ്രിയങ്കയും ആഹ്ലാദത്തിന്റെ ഉയരങ്ങളിൽനിന്നാണ് മരണത്തിലേക്കു പതിച്ചത്. അതിന് ആരെയാണു പഴിക്കേണ്ടത്?

ചേറ്റുകണ്ടത്തിൽ ഒരുവിധ സുരക്ഷയുമൊരുക്കാതെ പെട്ടിയിൽ‌ വീഴുന്ന കാശു മാത്രം കണക്കുകൂട്ടിയ വിനോദ ലാഭക്കൊതിയെയോ? അതല്ല, ഒന്നും നോക്കാതെ അത്തരം ആർത്തികൾക്ക് അനുമതിയുടെ കടലാസു കൊടുക്കുന്ന അധികാരികളെയോ? രണ്ടു കുരുന്നു ജീവനുകൾ പറന്നുപോയിട്ടും നിർത്താത്ത പഴിചാരലുകളും ഒട്ടും മാപ്പർഹിക്കുന്നില്ല.

കുട്ടികൾ ആകാശം മുട്ടുന്നവിധത്തിൽ തൊട്ടിയാട്ടം നടത്തുന്നതാണോ വിനോദമെന്ന് എല്ലാവരും ചിന്തിക്കണം. അപകടത്തിന്റെ ആകാശത്തേക്കു കൂറ്റൻ ചക്രങ്ങൾ ഉയർത്തുന്നവർക്കു സുരക്ഷയുടെ ബാലപാഠങ്ങളെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? ചിറ്റാർ ഏതു വിനോദ കേന്ദ്രത്തിനും പാ​ഠമാകേണ്ടതുണ്ട്. തൊട്ടിയാട്ടം എന്ന ജയന്റ് വീൽ യഥാർഥത്തിൽ കുട്ടികൾക്കുള്ളതാണോ? കുട്ടികൾ അതിൽ കയറുന്നെങ്കിൽ അവർക്കതു തൊട്ടിൽ പോലെ സുരക്ഷിതമായിരിക്കണം. ചിറ്റാറിൽ‍ അതൊക്കെ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നു സംശയമാണ്.

പ്രിയങ്കയുടെ മടിയിലിരുന്നാണ് അലൻ തൊട്ടിയാടിയത്. ആളുകൾ കുറവായിരുന്നെന്നും ജയന്റ് വീലിനു വേഗം കൂടുതലായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. അമിതവേഗത്തിൽ തൊട്ടികൾ കൂട്ടിയിടിച്ചപ്പോൾ കൈവിട്ടു പോയ അനുജനെ പിടിച്ചു നിർത്താനുള്ള ശ്രമത്തിൽ പിന്നാലെ പ്രിയങ്കയും വീഴുകയായിരുന്നു.

വയൽ നികത്തിയ സ്ഥലത്ത്, സുരക്ഷാ സംവിധാനമൊന്നുമില്ലാതെ ഒരുക്കിയ ജയന്റ് വീലിനു സംഘാടകരായ സ്വകാര്യ സ്ഥാപനത്തിനു പരിശോധനയൊന്നും കൂടാതെയാണ് പഞ്ചായത്ത് അധികൃതർ അനുമതി കൊടുത്തതെന്ന ആരോപണം നിലനിൽക്കുന്നു. സുരക്ഷയില്ലെന്നു പറഞ്ഞ് അഗ്നിശമനസേന എതിർപ്പു പ്രകടിപ്പിച്ചെങ്കിലും എല്ലാ കരുതലും എടുത്തുകൊള്ളാമെന്ന ഉറപ്പിൽ അനുമതി കൊടുക്കുകയായിരുന്നു. പരിശോധനകളുടെ റിപ്പോർട്ട് കിട്ടുന്നതിനു മുൻപേ അനുമതിയുടെ കടലാസുകൾ തയാറാവുകയും ചെയ്തു.

കൊച്ചുകുട്ടികളെ സാധാരണ ഇത്തരം സാഹസിക വിനോദങ്ങളിൽ പങ്കെടുപ്പിക്കാറില്ല. ചിറ്റാറിൽ അതൊന്നും ആരും ശ്രദ്ധിച്ചില്ലെന്നാണു മനസ്സിലാകുന്നത്. വയൽ പ്രദേശത്താണ് ജയന്റ് വീൽ ഉയർത്തിയത്. തൊട്ടടുത്തു കൂടി 11 കെവി വൈദ്യുതി ലൈൻ ഉള്ളതിനാൽ വൈദ്യുതി ബോർഡും അനുമതി നൽകിയിരുന്നില്ല. അതിനാൽ നടത്തിപ്പുകാർ ജനറേറ്റർ വച്ചു പ്രവർത്തിപ്പിച്ചെന്നും അറിയുന്നു.

ഇത്തരം വാശികൾക്കു തടയിടാൻ നമ്മുടെ അധികാരികൾക്കു കഴിയണമായിരുന്നു.
കാർണിവലുകൾ ഇനിയും വരും. ഓണത്തിനും ക്രിസ്മസിനും വേനലവധിക്കുമൊക്കെ. ആസ്വദിക്കാൻ ഒട്ടേറെ കുടുംബങ്ങളുമുണ്ടാവും. അവിടെയെല്ലാം സുരക്ഷയുടെയും നിയന്ത്രണത്തിന്റെയും അരപ്പട്ടകൾ ഉറപ്പാക്കണം. ചട്ടങ്ങൾ അതിനുള്ളതാണ്. കുഞ്ഞുങ്ങൾ വീണുപോകുന്ന ഈ സുരക്ഷിതമല്ലാത്ത ഉയരങ്ങളെയും വലിയ കാര്യങ്ങൾക്കിടയിൽ അധികാരികൾ കണ്ണു തുറന്നു കാണണം.

പലതരത്തിലുള്ള സുരക്ഷാ അനുമതികൾ ഉത്സവങ്ങൾക്കും പെരുന്നാൾ ആഘോഷങ്ങൾക്കും മേളകൾക്കുമെല്ലാം ആവശ്യമാണ്. വിവിധ വകുപ്പുകൾ ഇത്തരം അനുമതികൾ നൽകുന്നതിൽ ഏകോപനമില്ലാതിരുന്നതാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിനു കാരണമായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ കനലുകൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. എന്നിട്ടും, പൊതുജനസുരക്ഷയിൽ കടുത്ത വിള്ളലുകൾ ആവർത്തിക്കുന്നതു ബന്ധപ്പെട്ടവർ അറിഞ്ഞുകൊണ്ടുള്ള വീഴ്ച തന്നെ.

Your Rating: