Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിൽ നല്ല കാൽവയ്പ്

ആഭ്യന്തരയുദ്ധം ഇടിച്ചുനിരത്തിയ സിറിയയിൽനിന്ന് അഞ്ചരവർഷമായി പുറത്തുവന്നുകൊണ്ടിരുന്നതു ചോരയുടെയും കണ്ണീരിന്റെയും കഥകളാണ്. അതിനാൽ, അവിടെ നാലു ദിവസമായി വെടിനിർത്തൽ നടപ്പായിരിക്കുകയാണെന്നതു ലോകം മുഴുവൻ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്.

വൻശക്തികളായ അമേരിക്കയുടെയും റഷ്യയുടെയും സംയുക്ത ശ്രമഫലമായി ഇക്കഴിഞ്ഞ ബലിപെരുന്നാൾദിനത്തിൽ നിലവിൽ വന്ന ഈ വെടിനിർത്തൽ സിറിയൻ പ്രശ്നത്തിനു പരിഹാരം കാണാനുള്ള ക്ലേശകരമായ യത്നത്തിലെ ആദ്യത്തെ സുപ്രധാന ചുവടുവയ്പാണ്. വെടിനിർത്തൽ കരാറിന്റെ ശിൽപികളിൽ ഒരാളായ യുഎസ് സെക്രട്ടറി ജോൺ കെറിയുടെ അഭിപ്രായത്തിൽ. ‘‘ഏകീകൃത സിറിയയെ രക്ഷി‌ക്കാനുള്ള അവസാനത്തെ അവസരം’’. ഇതിനകം മൂന്നു ലക്ഷം മുതൽ നാലേകാൽ ലക്ഷംവരെ സിറിയക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണു കണക്ക്.

48 ലക്ഷം പേർ ജീവരക്ഷാർഥം വിദേശരാജ്യങ്ങളിലേക്ക് ഓടിപ്പോയി. യൂറോപ്പിലേക്കുള്ള പലായനത്തിനിടയിൽ മെഡിറ്ററേനിയൻ കടലിൽ ബോട്ടുകൾ മറിഞ്ഞു മുങ്ങിമരിച്ചവരും ഒട്ടേറെ. നാട്ടിനകത്തുതന്നെ അഭയാർഥികളായവർ 65 ലക്ഷം. ആഭ്യന്തരയുദ്ധത്തിനു മുൻപ് താരതമ്യേന ഭേദപ്പെട്ട ജീവിതനിലവാരമുണ്ടായിരുന്ന രാജ്യത്താണ് ഇങ്ങനെ ജീവിതം തീർത്തും അസാധ്യമോ നരകതുല്യമോ ആയിത്തീർന്നത്.

പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഏകാധ‌ിപത്യത്തിനെതിരെ 2011 മാർച്ചിൽ തുട‍ങ്ങിയ ജനകീയ പ്രക്ഷോഭം കാലക്രമത്തിൽ ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു. ചില അയൽരാജ്യങ്ങളും വൻശക്‌തികളും അതിൽ പക്ഷംചേരുകയും അവരുടെ താൽപര്യങ്ങൾ സിറിയയിൽ ഏറ്റുമുട്ടുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി.

ഇതിനിടയിൽ തന്നെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള മതതീവ്രവാദി സംഘടനകളും രംഗത്തിറങ്ങുകയും സിറിയൻ പ്രശ്നത്തിനു ഭീകരതയുടെ പുതിയൊരു മാനംനൽകുകയും ചെയ്തത്. സിറിയയിലെ റഖ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ‌് ലോകത്തിനു തന്നെ ഭീഷണിയായതോടെ സിറിയൻ പ്രശ്നപരിഹാരം രാ‌ജ്യാന്തരസമൂ‌ഹത്തിന്റെ അടിയന്തരാവശ്യമായിത്തീരുകയും ചെയ്തു.

എന്നിട്ടും അതിനുള്ള ശ്രമങ്ങൾ അടിക്കടി പരാജയപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ വെടിനിർത്തലിന്റെ പ്രാധാന്യം വിലയിരുത്തപ്പെടുന്നത്. കെറിയും റഷ്യൻ വിദേശമന്ത്രി സെർജി ലാവറോവും തമ്മിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകളാണ് വെടിനിർത്തലിനു വഴിയൊരുക്കിയത്. വെടിനിർത്തൽ നടപ്പിലായശേഷവും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. പക്ഷേ, ആളപായമില്ല.

ഒരാഴ്ചത്തേക്കു വെടിനിർത്തൽ നിലനിൽക്കുകയാണെങ്കിൽ അമേരിക്കയും റഷ്യയും അടുത്ത നടപടികളിലേക്കു നീങ്ങും. ആഭ്യന്തരയുദ്ധം മൂലം രാജ്യത്തിന്റെ പലഭാഗങ്ങളിലും കുടുങ്ങിക്കിടക്കുകയും ഭക്ഷണംപോലും കിട്ടാതെ നരകിക്കുകയും ചെയ്യുന്ന ആയിരക്കണക്കിനാളുകൾക്ക് എത്രയും വേഗം ഭക്ഷണവും മ‌റ്റ് അവ‌ശ്യസാധനങ്ങളും എത്തിച്ചുകൊടുക്കുകയെന്നതാണ് ഇതിലൊന്ന്.

ഇതിനുവേണ്ടി യുഎൻ ആഭിമുഖ്യത്തിൽ ശേഖരിച്ച സാധനസാമഗ്രികളുമായി ലോറികൾ സിറിയയുടെ അതിർത്തികളിൽ ഒരുങ്ങിനിൽക്കുന്നുണ്ട്. ഐഎസിനെപ്പോലുള്ള ഭീകരസംഘടനകൾക്കെതിരെ അമേരിക്കയും റഷ്യയും ഒന്നിച്ചു നടത്തുന്ന വ്യോമാക്രമണമായിരിക്കും മറ്റൊരു സു‌പ്രധാന നടപടി. സിറിയയിൽ സമാധാനം പുനഃസ്ഥാപിതമാകണമെങ്കിൽ ആദ്യം തന്നെ ഇത്തരം സംഘടനകളെ ഉന്മൂലനം ചെയ്തേ പറ്റൂ എന്ന നിഗമനമാണ് ഈ തീരുമാനത്തിന് അടിസ്ഥാനം.

അമേരിക്കയും മറ്റും പിന്തുണയ്ക്കുന്ന വിമത സൈന്യങ്ങളും റ‌ഷ്യൻ പിന്തുണയുള്ള പ്രസിഡന്റ് അസദിന്റെ സൈന്യവും തമ്മിൽ മാത്രമാണ് വെടിനിർത്തൽ നടപ്പായിട്ടുള്ളത്. ഐഎസും മറ്റു മതാധിഷ്ഠിത ഭീകരസംഘടനകളും അതിന്റെ പരിധിയിൽ വരുന്നില്ല. അവർക്കെതിരായ യു‌ദ്ധം പൂർവാധികം ശക്തിയോടെ തുട‌രുമെന്നർഥം. യുദ്ധം അവസാനിച്ചാലും സിറിയൻ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരം എന്ന വെല്ലുവിളി അവശേഷിക്കും.

ഇക്കാര്യത്തിലും ഒത്തുതീർപ്പിനുള്ള സാധ്യതകൾ ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. പ്രസിഡന്റ് അസദ് ഉടൻ അധികാരമൊഴിയണമെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ ആവശ്യം. അമേരിക്കയും മ‌റ്റും അവരുടെ പക്ഷത്താണ്. എന്നാൽ സിറിയയുമായി ദീർഘകാലമായി സഖ്യമുള്ള റഷ്യ അദ്ദേഹത്തെ അത്ര പെട്ടെന്നു കൈയൊഴിയാൻ ഒരുക്കമില്ല. ഈ നിലപാടുകൾ തമ്മിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തിയാലേ സിറിയൻ പ്രശ്നപരിഹാരം സാധ്യമാകൂ.

Your Rating: