Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് മോഡൽ പാഠമാകട്ടെ

ഭരണത്തിലുള്ളപ്പോഴും ബന്ദും ഹർത്താലും നടത്തി ശക്തികാണിക്കാൻ മടിയില്ലാത്ത രാഷ്ട്രീയ കക്ഷികളുടെ നാട്ടിൽ വേറിട്ട മാതൃകയാവുകയാണ് തമിഴ്നാട് സർക്കാർ. നദീജലത്തർക്കം ഉയർത്തുന്ന വികാരങ്ങൾ മുതലാക്കാൻ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ആവേശപൂർവം പിന്തുണച്ച തമിഴ്നാട് ബന്ദിനെതിരെ ജയലളിത സർക്കാർ സ്വീകരിച്ച ശക്തമായ നിലപാട് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു.

ഫാക്ടറികളെയോ ഓഫിസുകളെയോ ബാങ്കുകളെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ ബന്ദ് ബാധിച്ചതേയില്ല. സർക്കാർ ബസുകൾ പതിവുപോലെ സർവീസ് നടത്തി. ടാക്സികളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ഐടി കമ്പനികൾ മുടങ്ങാതെ പ്രവർത്തിച്ചു. തുറമുഖങ്ങളെയും ബന്ദ് ബാധിച്ചില്ല. കടകളും ഹോട്ടലുകളും മാത്രമാണ് തുറക്കാതിരുന്നത്. ബന്ദ് ആഹ്വാനം ചെയ്തത് പ്രധാനമായും വ്യാപാരി സംഘടനകളാണെന്നിരിക്കെ അവ തുറക്കുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല.

കാവേരി ജലത്തിൽ തമിഴ്നാടിന് അർഹമായ വിഹിതം ഉറപ്പുവരുത്താൻ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ നടത്തുമ്പോഴും അക്കാര്യമുന്നയിച്ചു നടത്തിയ ബന്ദ് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് അണ്ണാ ഡിഎംകെ സർക്കാർ ഒരുക്കിയത്. ചെന്നൈയിൽ മാത്രം ഇരുപതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചു.

കാവേരി നദീജലത്തർക്കത്തിന്റെ പേരിൽ തൊട്ടപ്പുറത്തു കർണാടകയിൽ കഴിഞ്ഞയാഴ്ച നടന്ന പ്രക്ഷോഭത്തിൽ പ്രമുഖ ഐടി കമ്പനികൾക്കും ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കും മാത്രം രണ്ടു ദിവസം കൊണ്ട് 25,000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന കണക്ക് രാജ്യം ആശങ്കയോടെ കേട്ടതിനു പിന്നാലെയാണിത്. അവിടെ ബന്ദ് വരുത്തിവച്ച കെടുതികൾ ഇതിനുപുറമേയാണ്. സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിയാതെവന്നാൽ വൻ നഷ്ടമുണ്ടാകുന്ന ഐടി കമ്പനികളും വാഹനനിർമാണ സ്ഥാപനങ്ങളുമൊക്കെയുള്ള തമിഴ്നാട്ടിൽ കർണാടക സംഭവങ്ങൾ ആവർത്തിക്കരുതെന്നു ജയലളിത സർക്കാർ നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ കൊല്ലം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടു നടത്തിയ ആഗോള നിക്ഷേപക സംഗമത്തിൽ (ജിം) 2.42 ലക്ഷം കോടിയുടെ വാഗ്ദാനങ്ങളെത്തിയത് സർക്കാരിനെ വിശ്വസിച്ചാണ്. നിക്ഷേപകർക്കു മാത്രമല്ല, അതുണ്ടാക്കുന്ന തൊഴിലവസരങ്ങളിൽ കണ്ണുനട്ടു നിൽക്കുന്ന സാധാരണ ജനങ്ങൾക്കും ആശ്വാസം പകരുന്നതായി തമിഴ്നാട് സർക്കാരിന്റെ നിലപാട്.

ഹർത്താലിനെതിരെ നിലപാടെടുക്കരുതെന്നു വ്യവസായികൾക്കു കേരള വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കഴിഞ്ഞയാഴ്ച ഉപദേശം നൽകിയത് ഇതിനോടു ചേർത്തുവായിക്കാം. ഹർത്താലിനെ എതിർക്കുന്നതു തൊഴിലാളികളെ പിണക്കുമെന്നും ആവശ്യങ്ങൾ നേടിയെടുക്കാൻ അത്തരം സമരരീതി വ്യവസായികൾക്കും വേണ്ടിവരുമെന്നുമാണ് വ്യവസായ വളർച്ചയ്ക്കു വഴിയൊരുക്കാൻ ബാധ്യസ്ഥനായ വ്യവസായ മന്ത്രി പറഞ്ഞത്. ഉൽപാദനക്ഷമതയും കാര്യശേഷിയും മാനദണ്ഡമാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഹർത്താലിനെ ന്യായീകരിക്കുന്നവർ തമിഴ്നാട്പാഠം കാണേണ്ടതല്ലേ? രണ്ടാഴ്ച മുൻപു നടന്ന അഖിലേന്ത്യാ പണിമുടക്കിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ തന്നെ കേരളത്തെ നിശ്ചലമാക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ രാജ്യത്തിന്റെ ഇതരഭാഗങ്ങൾ മുഴുവൻ സമയവും ജോലിചെയ്യുകയായിരുന്നു എന്നുകൂടി ഇവിടെ ഓർമിക്കാം.

Your Rating: