Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലസമൃദ്ധി വീണ്ടെടുക്കാൻ

ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്കു താഴുന്നതും പലയിടങ്ങളും ഇപ്പോഴേ കൊടുംവരൾച്ചയിലേക്കു നീങ്ങുന്നതും വൈദ്യുതിപ്രതിസന്ധി രൂക്ഷമാകുന്നതുമൊക്കെ കേരളത്തിന്റെ മുന്നിലുള്ള സങ്കീർണസമസ്യകളായിരിക്കുകയാണ്. ഇക്കുറി കാലവർഷം പെയ്തൊഴിയുന്നതിനു മുൻപു തന്നെ നാടിന്റെ പലഭാഗത്തും വരൾച്ച വേരാഴ്ത്തിത്തുടങ്ങിയിരുന്നു.

കാലവർഷത്തിനും തുലാവർഷത്തിനും ഇടയ്ക്കു വന്ന വരൾച്ച അടുത്ത വേനൽക്കാലം നാം എങ്ങനെ കടന്നുകൂടുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. 59% മഴ‍ക്കുറവുമായി സംസ്‍ഥാനത്ത് ഏ‍റ്റവും മോശം മഴ ലഭിച്ച ജില്ലയ‍ായി വയനാട് മാറ‍‍ിക്കഴിഞ്ഞു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലും മഴ കാര്യമായി കുറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന അവലോകന യോഗം വരൾച്ച നേരിടാനും ജലത്തിന്റെ ദുരുപയോഗം തടയാനുമുള്ള അടിയന്തര നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. കാലവർഷത്തിൽ 34% കുറവുണ്ടായ സാഹചര്യത്തിലാണ് വരൾച്ച അവലോകനയോഗം ചേർന്നത്. ജലത്തിന്റെ അളവിനോടൊപ്പം ഗുണനിലവാരത്തിലും അപകടകരമായ ഇടിവു സംഭവിച്ചുകഴിഞ്ഞു.

ഇത്രയും കാലം കുടിവെള്ളം മലിനമായി എന്ന് ആശങ്കപ്പെട്ടിരുന്ന നാം ഇനി മുതൽ നമ്മുടെ ജീവജലത്തിൽ വിഷത്തിന്റെ അംശമുണ്ടോ എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥ ഞെട്ടിക്കുന്നതാണ്. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കൈവിടുന്ന ജലസൗഭാഗ്യം’ പരമ്പര ഈ ദിശയിലുള്ള അന്വേഷണമായിരുന്നു. തടാകങ്ങളിലെയും അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പു ക്രമാതീതമായി താഴുന്നതു നമ്മുടെ കൺമുന്നിലാണ്. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട് അടുത്ത കൃഷിക്കു വെള്ളമില്ലാതെ വലയുകയാണു കർഷകർ.

മറ്റൊരു നെല്ലറയായ കുട്ടനാട്ടിൽ കീടബാധയും കളശല്യവും വ്യാപിച്ചു. കൊടുംവരൾച്ചയെയാണ് ഇടുക്കി നേരിടുന്നതെന്നാണു വിലയിരുത്തൽ. മഴയില്ലാത്തതിനാൽ, കേരളത്തിന്റെ സമ്പദ്ഘടനയുടെ ആണിക്കല്ലായ തോട്ടങ്ങൾ കുഴൽക്കിണറിൽനിന്നു വെള്ളം ഉപയോഗിച്ചു നനയ്ക്കേണ്ട ഗതികേടാണ്. വൈദ്യുതി പുറത്തുനിന്നു വൻതോതിൽ വാങ്ങിയാൽ മാത്രമേ മുന്നോട്ടുപോകാനാകൂവെന്നു വൈദ്യുതി ബോർഡ് പറയുമ്പോൾ അതു മറ്റൊരു വലിയ ചോദ്യമായി മാറുന്നു.

വരൾച്ച ഒരുഭാഗത്തു ഭീഷണി ഉയർത്തുമ്പോഴാണു കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലെ ചോർച്ച ജീവനു തന്നെ വില പറയുന്നത്. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാനും പല്ലു തേക്കാൻ പോലും ഉപയോഗിക്കാൻ പാടുള്ളുവെന്ന മുന്നറിയിപ്പ് മലിനീകരണ നിയന്ത്രണ ബോർഡ് ജനങ്ങൾക്കു നൽകുന്നു. നേരിട്ടു കുടിക്കാവുന്ന ശുദ്ധമായ വെള്ളം കേരളത്തിലെ ഒരു നദിയിൽ പോലുമില്ലെന്ന കണ്ടെത്തൽ മലിനീകരണ ബോർഡിന്റെ പഠനറിപ്പോർട്ടിലുണ്ട്.

കോളിഫോം ബാക്ടീരിയയുടെ അപകടകരമായ സാന്നിധ്യമാണു കിണർവെള്ളത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാഡ്മിയം, ലെഡ്, നിക്കൽ അടക്കമുള്ള ലോഹങ്ങളും വെള്ളത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മഴയിൽ ലഭിക്കുന്ന 93% വെള്ളം ആറു മാസം കൊണ്ടു തീർക്കുന്ന കേരളം ശിഷ്ടകാലം ജീവിക്കുന്നത് വെറും ഏഴു ശതമാനം വെള്ളം കൊണ്ടാണ്.

ജനപ്പെരുപ്പത്തിന്റെ തോതു കണക്കിലെടുക്കുമ്പോൾ സമീപഭാവിയിൽ ഈ വെള്ളം നമുക്കു കുടിക്കാൻപോലും തികയാതെ വരുമെന്നു തീർച്ച. മഴവെള്ളം സംഭരിക്കാനും മണ്ണിലിറക്കാനും പരമാവധി ശ്രമങ്ങൾ നടത്തേണ്ട അവസരമാണിത്. കേടുപാടുകളും കയ്യേറ്റവും ഒഴിവാക്കിയെടുത്ത് കുളങ്ങൾ ജലസംഭരണത്തിന് ഉപയുക്തമാക്കണം. കിണറ്റിലേക്കു മഴവെള്ളം ഇറക്കി റിചാർജ് ചെയ്യുന്ന സംവിധാനം വ്യാപകമാക്കാൻ ബോധവൽക്കരണവും പ്രോൽസാഹനവും നൽകണം.

ഇതോടൊപ്പം, നമ്മുടെ ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കുന്നതിനും സർക്കാർതലത്തിൽ നടപടികളുണ്ടാകണം. നദികൾ മലിനമാക്കുന്നവർക്കെതിരെ കർശനനടപടികൾ വേണം. കീടനാശിനികളുടെ ഉപയോഗംമൂലം നദീജലം മലിനമാകാതിരിക്കാനുള്ള കരുതലും നാടുണർത്തലും ഉണ്ടാകണം. കാലവർഷം വരും, പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും എന്ന തരത്തിലുള്ള അലസസമീപനം എല്ലാ തലങ്ങളിലും മാറിയേതീരൂ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.