Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമം വഴിമാറും, ചിലർക്കായി

series-2

കഴിഞ്ഞ നിയമസഭാ സമ്മേളനം പിരിയാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കേ ഒരു ബിൽ വന്നു. പേര് നിയമസഭാ (അയോഗ്യതകൾ നീക്കംചെയ്യൽ) ഭേദഗതി ബിൽ‌ 2016. ബിൽ അവതരിപ്പിച്ച മന്ത്രി എ.കെ.ബാലൻ അതിലെ രണ്ടാം പേജിൽ ഇങ്ങനെ കുറിച്ചു: ‘‘ഇൗ ബിൽ നിയമമാകുകയും പ്രാബല്യത്തിൽ വരുകയും ചെയ്താൽ സംസ്ഥാന സഞ്ചിത നിധിയിൽനിന്നു യാതൊരു ചെലവും ഉണ്ടാകുന്നതല്ല.’’ സഭ കൂലങ്കഷമായി ചർച്ചചെയ്ത് പ്രതിപക്ഷത്തിന്റെ എതിർപ്പോടെ ജൂലൈ ഏഴിനു ബിൽ പാസാക്കി.

54 ദിവസങ്ങൾക്കുശേഷം സംസ്ഥാന ഭരണപരിഷ്കരണ വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിലേക്കു നോക്കാം: ‘‘സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന്റെ സുഗമമായ പ്രവർത്തനത്തിനു താഴെപ്പറയുന്ന ജീവനക്കാരെ നിയമിക്കുന്നു: അഡീഷനൽ സെക്രട്ടറി – ഒന്ന്, ഡപ്യൂട്ടി കലക്ടർ – ഒന്ന്, ഫിനാൻസ് ഓഫിസർ – ഒന്ന്, അണ്ടർ സെക്രട്ടറി – രണ്ട്, സെക്‌ഷൻ ഓഫിസർ – ഒന്ന്, അസിസ്റ്റന്റുമാർ – മൂന്ന്, കോൺഫിഡെൻഷ്യൽ അസിസ്റ്റന്റുമാർ – മൂന്ന്, ദിവസക്കരാറുകാരായി ഡ്രൈവർ അടക്കം അഞ്ചുപേർ, പഴ്സനൽ സ്റ്റാഫിലേക്കു വേറെ 12 പേർ.’’ ‌‌‌‌

ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനു കാബിനറ്റ് റാങ്കും രണ്ട് അംഗങ്ങൾക്കു ചീഫ് സെക്രട്ടറി റാങ്കും. അധ്യക്ഷന് ഓഫിസും കാറും ബംഗ്ലാവും. ഭരണം മെച്ചപ്പെടുത്താനും ചെലവു ചുരുക്കാനും നിയോഗിച്ച കമ്മിഷനെ തീറ്റിപ്പോറ്റാൻ സർക്കാർ ഖജനാവിൽനിന്ന് ഒഴുക്കുന്ന തുക കേട്ടാൽ ഞെട്ടും – എങ്ങനെ കൂട്ടിയാലും മാസം രണ്ടുകോടി രൂപ! ഭരണപരിഷ്കാര കമ്മിഷനുവേണ്ടി ഇനിയുള്ള നാലേമുക്കാൽ വർഷം സർക്കാർ ഖജനാവിൽനിന്നു ചോരുന്നതു നൂറു കോടിയോളം രൂപ.

ഇനി, അൽപം ഫ്ലാഷ്ബാക്ക്:

കുടുംബ വിവാദങ്ങളുടെ പേരിൽ മന്ത്രി കെ. ബി.ഗണേഷ്കുമാർ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്നു രാജിവച്ചു. മന്ത്രി പുറത്തായെങ്കിലും ഘടകകക്ഷിയെന്ന നിലയിൽ സർക്കാരിൽ പ്രാതിനിധ്യം വേണമല്ലോ. പിള്ളയുടെ പാർട്ടിയെ എന്തു ചെയ്യുമെന്ന ആലോചന ചെന്നു നിന്നതു മുന്നാക്ക വികസന കോർപറേഷനു മുന്നിൽ. അങ്ങനെ, അന്നുവരെ ഒരു വെറും ചെയർമാൻ ഇരുന്ന കസേരയിൽ പിള്ള കാബിനറ്റ് പദവിയോടെ ഇരിപ്പുറപ്പിച്ചു. കാബിനറ്റ് പദവിയുണ്ടെങ്കിൽ ഒരു മന്ത്രി അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം ഒപ്പം വരുമല്ലോ. വീട്, ലൈറ്റ് വച്ച കാർ, പഴ്സനൽ സ്റ്റാഫ് അങ്ങനെയങ്ങനെ...

കോർപറേഷനിൽ ചുമതലയേറ്റപ്പോഴാണു സർക്കാരിനും പിള്ളയ്ക്കും ഒരു കാര്യം പിടികിട്ടിയത്: ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ പറ്റില്ല! അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കു വിലക്കുള്ളതായിരുന്നു അതിനു കാരണം. അതിനും വഴിയുണ്ടായി: പിള്ളയ്ക്കു ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ പാകത്തിൽ നിയമം ഭേദഗതി ചെയ്യുക.

ഇനി ഇതുകൂടി ഓർക്കുക: പിള്ളയ്ക്കുവേണ്ടി നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ അന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ആഞ്ഞടിച്ചിരുന്നു. ‘‘ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ യോഗ്യതയില്ലാത്തയാളും യോഗത്തിൽ അധ്യക്ഷനായിരിക്കാൻ യോഗ്യതയില്ലാത്തയാളും എങ്ങനെയാണു ചെയർമാനായിരിക്കുക? ഔദ്യോഗിക കാറും ഓഫിസും മറ്റ് ആനുകൂല്യങ്ങളും നൽകി ഇതിനായി സർക്കാർ പണം ധൂർത്തടിക്കുന്നത് എന്തിനുവേണ്ടിയാണ്?’’

ഇതേ ചോദ്യം ഇന്നു പിള്ള തിരികെ വിഎസിനോടു ചോദിച്ചാൽ എങ്ങനെയുണ്ടാകും? പക്ഷേ, പിള്ള ചോദിക്കില്ല. കാരണം, ഇടതുമുന്നണിയിൽ ബോർഡ് – കോർപറേഷൻ വിഭജനം പൂർത്തിയായിട്ടില്ല! കമ്മിഷനുകളും കോർപറേഷനുകളും ബോർഡുകളും അതോറിറ്റികളും ഒക്കെ പിറന്നതും പിറക്കാൻപോകുന്നതും ഇങ്ങനെയാണ്. ജനക്ഷേമത്തിനെന്നു വാദിച്ചു നിയമനിർമാണത്തിലൂടെ തട്ടിക്കൂട്ടുന്ന ഇൗ സ്ഥാപനങ്ങൾ ചില നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ മാത്രം ഉതകുന്നു.

പദവി തന്നെ കാര്യം

പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് എത്താൻ എന്താണ് ഇത്ര ഇടി? ഏതായാലും ചെയർമാനു ലഭിക്കുന്ന ഓണറേറിയം അഥവാ ശമ്പളം കണ്ടു മോഹിച്ചാവാനിടയില്ല.
അത് 20,000 രൂപ മാത്രം.
സിറ്റിങ് ഫീസ് 500 രൂപ.
മൊബൈൽ ഫോൺ അലവൻസ്: വർഷം 18,000 രൂപ.
ഈ ‘ചില്ലറ’ ആർക്കു വേണം? പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാനു ലഭിക്കുന്ന ‘പദവി’തന്നെയാണു കാര്യം.

പ്രോട്ടോക്കോൾ പ്രകാരം മന്ത്രി, എംഎൽഎ, എംപി എന്നിവരുടെ തൊട്ടടുത്താണു ചെയർമാൻ. സർക്കാർ വക ഗെസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ്, ടൂറിസ്റ്റ് ബംഗ്ലാവ്, കേരള ഹൗസ് എന്നിവിടങ്ങളിൽ സൗജന്യ താമസം. ഓഫിസ് കാര്യങ്ങളിൽ സഹായിക്കാൻ ഒരു സെക്രട്ടറിയെ നിയമിക്കാം. കാറും കാറിലെ ബോർഡും ചെയർമാൻമാരുടെ ഗെറ്റപ് വല്ലാതെ ഉയർത്തും. ചില സ്ഥാപനങ്ങളിൽ ഇഷ്ടമുള്ള കാർ സ്വന്തമായി വാങ്ങാം.

മാസം 15,000 കിലോമീറ്റർവരെ സഞ്ചരിക്കാമെന്നാണു നിയമമെങ്കിലും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതിയോടെ അതിൽ കൂടുതൽ എത്ര ദൂരംവരെയും പോകാം.
സ്വന്തമായി കാർ ഇല്ലെങ്കിൽ കാർ വാടകയ്ക്കെടുക്കാം. അതാണു കൂടുതൽ ലാഭം! ഇതിനെല്ലാം പുറമേയാണു വിദേശയാത്ര. കരാർ നിയമനം വഴി കിട്ടുന്ന പണം വേറെ. പർച്ചേസ് ഇനത്തിൽ ലഭിക്കുന്ന കമ്മിഷൻ ഇവിടെ കണക്കാക്കുന്നില്ല. അതൊക്കെ അവരവരുടെ മിടുക്കുപോലെ!

കാർ മാത്രമല്ല, വീടും വാടകയ്ക്കാണു ലാഭം

കാർഷികോൽപന്നങ്ങൾ സംഭരിച്ചു വിൽക്കാനും കർഷകർക്കു സബ്സിഡി നിരക്കിൽ രാസവളം വിതരണം ചെയ്യാനുമായി സഹകരണ മേഖലയിൽ കൊച്ചിയിൽ ആരംഭിച്ച സ്ഥാപനം. വർഷങ്ങൾക്കു മുൻപേ സർവീസിൽനിന്നു വിരമിച്ച ഐഎഎസുകാരനെ ചില താൽപര്യങ്ങളുടെ പേരിൽ ഇവിടെ കുടിയിരുത്തുകയായിരുന്നു. എംഡിക്കു സ്ഥാപനം വക ഫ്ലാറ്റുണ്ട്. എന്നാൽ, ഇദ്ദേഹത്തിനു കായൽക്കരയിൽ കാറ്റുകൊണ്ടുതന്നെ താമസിക്കണമെന്നു നിർബന്ധം. അതിനായി സ്ഥാപനം നൽകിയ ഫ്ലാറ്റ് ഒഴിച്ചിട്ട്, മറൈൻ ഡ്രൈവിൽ കായലിന് അഭിമുഖമായി ഫ്ലാറ്റ് വാടകയ്ക്കെടുത്തു.

30,000 രൂപ മാസവാടക സ്ഥാപനം കൊടുത്തുകൊണ്ടിരിക്കുന്നു. സ്ഥാപനത്തിനുള്ളതു നാലു കാറുകൾ. ഇതിൽ രണ്ടെണ്ണം ഓടുന്നത് എംഡിയുടെ ഫ്ലാറ്റിലെ ആവശ്യത്തിനുവേണ്ടി മാത്രം. മകനും മരുമകളുമാണ് ഒരെണ്ണം ഉപയോഗിക്കുന്നത്. എന്നാൽ, സ്ഥാപനത്തിനുവേണ്ടി ഓടുന്നുവെന്നാണു രേഖകളിൽ. സ്ഥാപനത്തിന്റെ ആവശ്യത്തിനു യാത്രചെയ്യുമ്പോൾ എംഡിക്കു വിമാനക്കൂലി എഴുതിയെടുക്കാമെന്നുണ്ട്. എന്നാൽ, ഇവിടെ നടക്കുന്നത് അതല്ല. ത

മിഴ്നാട്ടിലെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സമയത്തു രണ്ടു സാമ്പത്തിക ക്രമക്കേടുകേസിൽ പ്രതിയായി ഇദ്ദേഹം. സിബിഐ അന്വേഷിച്ച രണ്ടു കേസുകളുടെയും വിചാരണ ചെന്നൈയിൽ നടക്കുകയാണ്. വിചാരണയ്ക്കു ഹാജരാകാനുള്ള ഇദ്ദേഹത്തിന്റെ വിമാനയാത്രയെല്ലാം കൊച്ചിയിലെ സ്ഥാപനത്തിന്റെ ചെലവിൽ. മാസത്തിൽ കുറഞ്ഞതു രണ്ടു തവണയെങ്കിലുമുണ്ട് ഇത്തരം യാത്രകൾ. പൊതുമുതൽ ധൂർത്തടിക്കുന്നതിൽ ആർക്കുമില്ല മനസ്സാക്ഷിക്കുത്ത്. അതിനായി തീപ്പെട്ടിക്കൊള്ളിയോ കാട്ടുവള്ളിയോ ആയാലും മതി.

ജർമൻ യന്ത്രത്തിൽ മുട്ട വിരി​ഞ്ഞില്ല !

LP-PAULTRY-GERMAN-DC ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കുടപ്പനക്കുന്നിലെ ഷെഡിൽ.

പൂർണമായും യന്ത്രസഹായത്തോടെ മുട്ട വിരിയിച്ചു കോഴിക്കുഞ്ഞുങ്ങളെ വളർത്തി വിൽക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ ആവിഷ്കരിച്ച പദ്ധതിയിൽ മുട്ട പൊട്ടിക്കുന്ന ലാഘവത്തോടെ 10 കോടി രൂപയാണു പൊട്ടിച്ചുകളഞ്ഞത്.
കേന്ദ്ര സർക്കാർ നൽകിയ പത്തുകോടി വിനിയോഗിച്ചു ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ തലസ്ഥാനത്തു കുടപ്പനക്കുന്നിലെ ഷെഡിനുള്ളിൽ തുരുമ്പെടുത്തു തുടങ്ങി.

പദ്ധതി ചെലവിന്റെ 4.7 ശതമാനമായിരുന്നു കൺസൽറ്റൻസി തുക. യന്ത്രങ്ങൾ സ്ഥാപിക്കാനാവശ്യമായ കെട്ടിടം പോലും നിർമിക്കാതെയാണ് കൺസൽറ്റൻസി സ്ഥാപനം വഴി 4.61 കോടിക്കു യന്ത്രങ്ങൾ വാങ്ങാൻ 2014ൽ അന്നത്തെ മാനേജ്െമന്റ് തിടുക്കം കാട്ടിയത്. യന്ത്രങ്ങൾ കൊച്ചി തുറമുഖത്തെത്തിയപ്പോൾ സൂക്ഷിക്കാനിടമില്ല.

കോർപറേഷന്റെ തൃശൂർ മാളയിലുള്ള പ്ലാന്റിൽ ഇറക്കിവച്ചു. അവിടെ നിന്നു 12 ലക്ഷത്തോളം രൂപ വെയർഹൗസിങ് കോർപറേഷനു നൽകി പിന്നീട് യന്ത്രങ്ങൾ കുടപ്പനക്കുന്നിലേക്കു കൊണ്ടുവന്നു. ഇവിടെ 13 ലക്ഷത്തിലേറെ രൂപ ചെലവാക്കി രണ്ടു ഷെഡുകൾ നിർമിച്ച് അവയിലാണ് യന്ത്രങ്ങൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

യന്ത്രങ്ങൾ അടങ്ങിയ പെട്ടികൾ ഇതുവരെ തുറന്നുനോക്കിയിട്ടില്ല. ഇനി എന്നെങ്കിലും ഇവ സ്ഥാപിക്കാൻ പുറത്തെടുക്കുമ്പോൾ ഏതെങ്കിലും ഒരു ഭാഗം കുറവുണ്ടെങ്കിൽ ആരോടു ചോദിക്കുമെന്നു പോലും മാനേജ്മെന്റിന് അറിയില്ല.

പുതിയ ചെയർമാൻ അധികാരമേറ്റശേഷം പദ്ധതിയിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെ ഇതുസംബന്ധിച്ച നിർണായക ഫയലുകൾ ഓഫിസിൽ നിന്നു കാണാതായി ! കേന്ദ്രം നൽകിയ 10 കോടി രൂപ അങ്ങനെ സ്വാഹ...!

ഡോക്ടർക്ക് അറിയാം ചികിൽസയുടെ ചെലവ്

കഴിഞ്ഞ സർക്കാരിന്റെ ആരംഭകാലത്ത് ഒരു കമ്മിഷനിൽ സർക്കാർ സർവീസിൽ നിന്നു വിരമിച്ച ഡോക്ടർ കമ്മിഷണറായി ചുമതലയേറ്റു. അദ്ദേഹം നോക്കിയപ്പോൾ പഴയ കമ്മിഷണർ ശമ്പളമായി പറ്റിയിരുന്നതു പ്രതിമാസം വെറും 10,000 രൂപ. ശമ്പളം പോരെന്നും ഒരു ലക്ഷം രൂപയാക്കണമെന്നും ആവശ്യപ്പെട്ടു സർക്കാരിലേക്കു ശുപാർശ പോയി.

പതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് ഒരു ലക്ഷത്തിലേക്കുള്ള വർധനയ്ക്ക് ഒരു തടസ്സവുമുണ്ടായില്ല. സ്ഥാനമൊഴിയും മുൻപ് അദ്ദേഹം ഭാര്യയുടെ ചികിൽസാ ചെലവിനായി എഴുതിയെടുത്ത തുക 25 ലക്ഷം രൂപ! കമ്മിഷന്റെ ഒരുവർഷത്തെ പ്രവർത്തനത്തിനായി ബജറ്റിൽ വകയിരുത്തിയതു പോലും 12 ലക്ഷം രൂപയേയുള്ളൂ.

ഗ്രൂപ്പ് കളിയിൽ ഒഴിച്ചിട്ട് ബാംബു കോർപറേഷൻ

എൽഡിഎഫ് ഭരിക്കുമ്പോൾ സിപിഎം കയ്യാളുന്ന കോർപറേഷനാണ് അങ്കമാലിയിലെ ബാംബു കോർപറേഷൻ. എന്നാൽ, ഇത്തവണ ഇവിടെ ചെയർമാനെ നിശ്ചയിക്കാൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ല. എറണാകുളം ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയാണു കാരണം. വിഎസ് സർക്കാരിന്റെ കാലത്തു കടുത്ത വിഎസ് പക്ഷക്കാരനായ കെ.എ. ചാക്കോച്ചനായിരുന്നു ചെയർമാൻ.

ചാക്കോച്ചൻ വിഭാഗീയതയുടെ പേരിൽ നടപടി നേരിടുകയും ചെയ്തു. അങ്കമാലി മേഖലയിൽനിന്നുള്ള സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പേരുയർന്നെങ്കിലും ഇദ്ദേഹവും വിഎസ് പക്ഷക്കാരൻ തന്നെ. അങ്കമാലി മേഖലയിൽ പിണറായി പക്ഷത്തിനു നേതാക്കളുടെ ക്ഷാമമുണ്ടെന്നതാണു പ്രശ്നം.

നാളെ: 
നടത്താനറിയില്ല; ഒരു തീപ്പെട്ടിക്കമ്പനിപോലും

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.