Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം ഇനി ഇന്ത്യയ്ക്കു പ്രശ്നമല്ല !

gs മിഷൻ ഡയറക്ടർ ആർ. ഉമാമഹേശ്വറിന് ജിഎസ്‍എൽവി റോക്കറ്റിന്റെ മാതൃക ഐഎസ്ആർഒ ചെയർമാൻ എ. എസ്. കിരൺകുമാർ സമ്മാനിക്കുന്നു. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം ഡയറക്ടർ എസ്. സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. കെ. ശിവൻ, ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ പ്രോജക്ട് ഡയറക്ടർ അലോക് ശ്രീവാസ്തവ, സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടർ പി. കുഞ്ഞിക്കൃഷ്ണൻ എന്നിവർ സമീപം. ചിത്രം: വിബി ജോബ്

ഭാരമേറിയ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ശേഷി അർഥശങ്കയില്ലാതെ തെളിയിക്കുന്നതായി ഇന്നലെ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒ നടത്തിയ വിക്ഷേപണം. വൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് അന്യരാജ്യങ്ങളെ ഇനി ആശ്രയിക്കേണ്ടതില്ലെന്നതിനു പുറമേ ‘വിക്ഷേപണ വിപണി’യിൽ ആധിപത്യം ഉറപ്പിക്കാനും നമുക്കു കഴിയുമെന്നത് ഇതിന്റെ നേട്ടം.

യുഎസ്എയുടെ ഡൽറ്റ, ഫ്രാൻസിന്റെ ഏരിയൻ എന്നീ റോക്കറ്റുകളാണു മുൻപത്തേ ഇൻസാറ്റ് ശ്രേണിയിലെ ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ത്യയുടെ ജിഎസ്എൽവി വിക്ഷേപണങ്ങൾ ഓരോന്നായി പരാജയപ്പെട്ടതായിരുന്നു കാരണം. ഇന്നലത്തെ വിക്ഷേപണത്തിന്റെ വിജയത്തോടെ 2000 – 2500 കിലോ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ നമുക്കു ശേഷിയായി.

ഇന്നലത്തെ വിക്ഷേപണത്തിൽ 2211 കി.ഗ്രാം ഭാരമുള്ള ഇൻസാറ്റ് 3 ഡിആർ ഉപഗ്രഹത്തെയാണ് ആദ്യ ഭ്രമണപഥത്തിലെത്തിച്ചത്. ഇനി ഉപഗ്രഹത്തിൽത്തന്നെയുള്ള ഇന്ധനം ഉപയോഗിച്ച് അതു 36000 കിലോമീറ്റർ ഉയരമുള്ള ഭൂസ്ഥിരപഥത്തിൽ എത്തും. ഇന്ത്യയിൽ വികസിപ്പിച്ച ക്രയോജെനിക് എൻജിനായ സിഇ 7.5 ആണ് റോക്കറ്റിന്റെ മൂന്നാം ഘട്ടമായി ഉപയോഗിച്ചത്. ഓക്സിജൻ ദ്രാവകരൂപത്തിലാകുന്നതു മൈനസ് 183 ഡിഗ്രി സെൽഷ്യസിലും ഹൈഡ്രജൻ മൈനസ് 253 ഡിഗ്രി സെൽഷ്യസിലുമാണ്. ഈ പ്രൊപ്പല്ലന്റുകളെ താഴ്ന്ന താപനില നിലനിർത്തി ടർബോ പമ്പുകളുപയോഗിച്ചു 40000 ആർപിഎമ്മിൽ പമ്പുചെയ്ത് ഇതിൽ പ്രവർത്തിപ്പിക്കുന്നു. 720 സെക്കൻഡാണ് ഈ എൻജിൻ ജ്വലിക്കുന്നത്.

ഇൻസാറ്റ് 3 ഡിആർ ഉപഗ്രഹത്തിൽ ഒരു ഇമേജറും ഒരു സൗണ്ടറുമുണ്ട്. ഈ മൾട്ടി സ്പെക്ട്രൽ ഇമേജറിൽ (ഒപ്റ്റിക്കൽ റേഡിയോ മീറ്റർ) ആറു തരംഗദൈർഘ്യങ്ങളിൽ കാലാവസ്ഥാ നിരീക്ഷണം സാധ്യമാകും. ഓരോ 26 മിനിറ്റിലും 36000 കി.മീ ഉയരത്തിൽനിന്നു ഭൂമിയുടെ ചിത്രങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കും.

ഉപഗ്രഹത്തിലെ ഡേറ്റാ റിലേ ട്രാൻസ്പോണ്ടർ കാലാവസ്ഥ, സമുദ്രവിജ്ഞാനീയം, ജലവിജ്ഞാനീയം എന്നിവയ്ക്കാവശ്യമായ വിവരങ്ങൾ നൽകും. സ്വയം പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ, ഓട്ടോമാറ്റിക് റെയ്ൻഗേജുകൾ, കൃഷി സംബന്ധമായ കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കും. ഉപഗ്രഹം ഉപയോഗിച്ചുള്ള സേർച് ആൻഡ് റെസ്ക്യു ട്രാൻസ്പോണ്ടർ സമുദ്രം, വായു, കര എന്നിവയിലെ ഗതാഗതത്തിനും അപകടസന്ധികളിൽ സിഗ്നൽ തിരിച്ചറിയാനും പ്രാപ്തി നൽകും. കോസ്റ്റ് ഗാർഡ്, എയർപോർട്സ് അതോറിറ്റി, സൈനികാവശ്യങ്ങൾ, മത്സ്യബന്ധനം എന്നിവയ്ക്ക് ഇതു പ്രയോജനപ്പെടും. ബംഗ്ലദേശ്, ഭൂട്ടാൻ, മാലദ്വീപുകൾ, നേപ്പാൾ, സെയ്ഷൽസ്, ശ്രീലങ്ക, ടാൻസനിയ എന്നീയിടങ്ങൾ ഉൾപ്പെടുന്ന ഇന്ത്യാ മഹാസമുദ്രത്തിലെ ഭാഗങ്ങൾ ഉപഗ്രഹത്തിന്റെ പരിധിയിൽ വരും. മഞ്ഞ്, കാട്ടുതീ, അന്തരീക്ഷത്തിലെ ധൂളിശകലങ്ങൾ എന്നിവയും കൂടാതെ ചുഴലിക്കാറ്റുകളുടെ സ്ഥാനവും തീവ്രതയും ഇതുവഴി കണ്ടെത്താനാകും.

നേരത്തേ ഫ്രാൻസിന്റെ ഏരിയൻ റോക്കറ്റുവഴി ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ 550 – 600 കോടി രൂപ വിക്ഷേപണത്തിനുമാത്രം ചെലവു വരുമായിരുന്നു. ഇന്നലത്തെ വിക്ഷേപണത്തിന്റെ വിജയം വഴി ഇതിൽ വലിയ ലാഭം വരുകയാണ്. കൂടാതെ 300 ബില്യൻ ഡോളർ വരുന്ന ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയുടെ ഗണ്യമായ പങ്ക് ഭാവിയിൽ സ്വന്തമാക്കാനും ഇതു കാരണമാകും. ഇപ്പോൾത്തന്നെ യൂറോപ്യൻ രാജ്യങ്ങളുടെയും യുഎസിന്റെയും ചെറിയ ഉപഗ്രഹങ്ങൾ പിഎസ്എൽവി വഴി ഐഎസ്ആർഒ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ മറ്റനേകം രാജ്യങ്ങളുടെ ചെറുതും വലുതുമായ ഉപഗ്രഹങ്ങൾ പിഎസ്എൽവിയിലേറി ഭ്രമണപഥത്തിൽ എത്തിയിട്ടുണ്ട്. വിക്ഷേപണത്തിന്റെ ചെലവ് വളരെ കുറവെന്നതാണ് ഈ രാജ്യങ്ങളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.

Your Rating: