Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്കുസേവനനികുതി; ആശങ്കയും ഒപ്പം, ആശ്വാസവും

GST

ചരക്കുസേവനനികുതി (ജിഎസ്ടി) നിലവിൽ വരുമ്പോൾ ഇപ്പോഴത്തെ സൂചനകൾ പ്രകാരം, താഴേക്കിടയിലുള്ളവരുടെയും മധ്യവർഗക്കാരുടെയും ഉപഭോഗ പട്ടികയിലുള്ള വസ്തുക്കളുടെ വിലയിൽ ആശ്വാസമുണ്ടാകും. ഉപരിവർഗത്തിന്റെ ഉപയോഗപ്പട്ടികയിൽപെട്ട ആഡംബര ഉൽപന്നങ്ങൾക്കു വില കൂടാനാണു സാധ്യത.

എന്നാൽ, ഉൽപന്ന വേർതിരിവിന്റെയും നികുതി വേർതിരിവിന്റെയും ശരിയായ രൂപരേഖ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. വ്യാപാരി വ്യവസായികൾക്കു നികുതി സങ്കീർണതകൾ മാറുന്നു എന്നത് ആശ്വാസകരമാണ്. മെച്ചപ്പെട്ട നികുതിഘടന വ്യവസായ വാണിജ്യ സംരംഭങ്ങൾ നടത്താനുള്ള സങ്കീർണത കുറയ്ക്കും. നികുതി വരുമാനത്തിലെ ഏറ്റക്കുറച്ചിലും കേന്ദ്രത്തിന്റെ പങ്കുവയ്ക്കൽ രീതിയും ചില സംസ്ഥാനങ്ങൾക്കു ദോഷകരവും മറ്റുചിലർക്കു ഗുണകരവുമാകും.

റവന്യു ന്യൂട്രൽ റേറ്റ് നടപ്പാക്കുമെന്നും നഷ്ടം സംഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് അഞ്ചുവർഷത്തേക്കു നഷ്ടം കേന്ദ്രസർക്കാർ നികത്തിക്കൊടുക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
ജിഎസ്ടി നടപ്പാക്കുകവഴി ഇന്ത്യയുടെ ജിഡിപി 1–2 ശതമാനം ഉയരും എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ വിദേശനിക്ഷേപം കൂടുതൽ ആകർഷിക്കാനും കഴിയും.

ഇന്ത്യയിൽ എവിടെയും നിക്ഷേപം നടത്തുവാനും എവിടേക്കും ഉൽപന്നങ്ങൾ കൊണ്ടുപോകുവാനും ഒറ്റ നികുതിവഴി എളുപ്പമാകും. തടസ്സങ്ങൾ മാറിവരുന്ന സാഹചര്യത്തിൽ ആഭ്യന്തര നിക്ഷേപകരും കൂടുതൽ നിക്ഷേപങ്ങൾക്കു തയാറാകും. ഇതുവഴി ബഹുഭൂരിപക്ഷം ഉൽപന്നങ്ങൾക്കും വില കുറയുകയും അതുവഴി ഉപഭോഗം കൂടി അധികനികുതി വരുമാനം ലഭ്യമാക്കുമെന്നുമാണു പ്രതീക്ഷ.

ജിഎസ്ടിയും കേരളവും

ഉൽപാദന അടിത്തറ തികച്ചും കുറവായതിനാൽ കേരള സംസ്ഥാനത്തെ മികച്ച ഉപഭോക്തൃ സംസ്ഥാനമായിട്ടാണു ദേശീയ, ബഹുരാഷ്ട്ര വ്യവസായ സംരംഭകർ വിലയിരുത്തുന്നത്. എന്നാൽ, പരോക്ഷ നികുതി വരുമാനത്തിൽ ഗുണകരമായ മാറ്റം ഉണ്ടാകുമോ, ചെറുകിട വ്യവസായങ്ങളെ എങ്ങനെ ബാധിക്കും എന്നീ ചോദ്യങ്ങൾ വിശകലനം ചെയ്യേണ്ടതാണ്.

കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചുനിൽക്കുന്ന ചെറുകിട – മധ്യ വ്യവസായ യൂണിറ്റുകൾക്ക് എന്തു സംഭവിക്കും, കശുവണ്ടി, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ പരമ്പരാഗത മേഖലയ്ക്കു കൂടുതൽ ഉണർവ് ഉണ്ടാകുമോ എന്നിങ്ങനെയുള്ള സംശയങ്ങളുമുണ്ട്.

ഉൽപാദന പ്രക്രിയയ്ക്കുള്ള സാമഗ്രികൾ സുലഭമായി ലഭ്യമാക്കാനും വിതരണ ശൃംഖലകൾക്കു തടസ്സം മാറ്റാനും പുതിയ സംവിധാനത്തിൽ കഴിയുമെന്നാണു പ്രതീക്ഷ. അന്തർ സംസ്ഥാന ഇൻപുട്ട് – ഔട്പുട്ട് അധിഷ്ഠിത വ്യവസായ യൂണിറ്റുകൾക്കു ബഹുമുഖ നികുതി പ്രശ്നങ്ങളിൽ നിന്നുള്ള പല നിയമ കുരുക്കുകളും ഒഴിവാക്കാം.

മൂല്യവർധിത നികുതി കൊണ്ടുവന്ന സമയത്തു വ്യാപാരി വ്യവസായ സമൂഹം പ്രകടിപ്പിച്ച അത്രയും ആശങ്ക ഇപ്പോൾ ഇല്ല.
സുതാര്യവും മെച്ചപ്പെട്ടതുമായ നികുതിഘടന വലിയതോതിൽ ഗുണകരമാകുമെന്ന പ്രതീക്ഷയുണ്ട്. അതേസമയം നികുതി പിരിവിലുണ്ടാകുന്ന ഉയർന്ന സുതാര്യതയിൽ ആശങ്കയുള്ളവരും ഉണ്ടാകാം.

വ്യവസായ സമൂഹത്തെ ഏറെ അലട്ടുന്നതു കേരളത്തിലെ ചെറുകിട – ഇടത്തര വ്യവസായങ്ങൾ നേരിടേണ്ട അന്തർ സംസ്ഥാന മത്സരത്തെയാണ്. ചെറുകിട വ്യവസായ ഉൽപന്നങ്ങൾക്ക് ഇപ്പോഴുള്ള കുറഞ്ഞ നിരക്ക്, ജിഎസ്ടി വരുന്നതോടെ മറ്റു വ്യവസായ ഉൽപന്നങ്ങളുടെ നികുതി നിരക്കായി മാറും.

ഇത് ഇപ്പോൾ തന്നെ പീഡിത ഗണത്തിൽപ്പെടുന്ന മിക്ക ചെറുകിട വ്യവസായങ്ങൾക്കും നിലനിൽപിന്റെ പ്രശ്നമായി മാറാൻ സാധ്യതയുണ്ട്. ആയതിനാൽ ഇവയെ പ്രത്യേക ഇളവുകൾ കൊടുത്ത് ഉത്തേജിപ്പിക്കേണ്ടിവരും. ഇപ്പോഴുള്ള ജിഎസ്ടി രൂപരേഖയിൽ ഇതിനുള്ള വക കാണുന്നില്ല. കേരളത്തിന്റേതു മാത്രമായ ചില വ്യവസായങ്ങൾക്കു മികവുണ്ടായേക്കാം (ആയുർവേദം, കൈത്തറി).

ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം വരാൻ സാധ്യതയേറും. കൂടാതെ കേരളത്തിലുള്ള മിക്ക വ്യവസായ സംരംഭങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചുള്ളതാണ്. പുതിയ നികുതിഘടനയിൽ ഇതു ഗുണകരമാകും. ഇതുവഴി സംസ്ഥാനത്തിന്റെ തൊഴിലവസരവും നികുതി വരുമാനവും ഉയർന്നു സമ്പദ്ഘടനയ്ക്ക് പുതിയ സഞ്ചാരപഥം ഉണ്ടായേക്കാം.

ജിഎസ്ടിയിൽ ഉൾക്കൊള്ളിക്കാത്ത ഉൽപന്നങ്ങൾ വിലയിരുത്തുമ്പോൾ സംസ്ഥാനത്തിന്റെ പരോക്ഷ നികുതി വരുമാനം കാര്യമായതോതിൽ വർധിക്കാനാണു സാധ്യത. മദ്യം, പെട്രോളിയം ഉൽപന്നങ്ങൾ, പുകയില ഉൽപന്നങ്ങൾ എന്നിവ ജിഎസ്ടി പരിധിക്കു പുറത്താണ്. സംസ്ഥാനത്തിന്റെ 45 – 55 ശതമാനം പരോക്ഷ നികുതിയും മുഖ്യമായും ലഭിക്കുന്നതു മദ്യം, പെട്രോളിയം വിൽപനയിൽ നിന്നാണ്.

ഇതു യഥേഷ്ടം കൂട്ടിയും കുറച്ചും വരുമാന കമ്മി ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചേക്കും. കൂടാതെ നികുതിയൊഴിവു പട്ടിക (ബ്രെഡ്, മുട്ട, പച്ചക്കറി, പാൽ) ജിഎസ്ടി വരുമ്പോൾ 300ൽ നിന്നു 90 ആക്കി കുറച്ചേക്കും. ഇതും കേരള സർക്കാരിനു കൂടുതൽ ജിഎസ്ടി വിഹിതത്തിന് ഇടയാക്കും.

ഇപ്പോൾ ഉൽപന്നങ്ങൾക്കു നികുതികൾ എല്ലാംകൂടി 20–36 ശതമാനത്തോളം വരും. ഇതു കുറഞ്ഞു 18–20 ശതമാനമാകുകയാണെങ്കിൽ ഗുണം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരിക്കും. പക്ഷേ, വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താവിനു കൊടുക്കാതെ എംആർപി എന്ന പേരിൽ കീശയിലാക്കുകയായിരുന്നു മൂല്യവർധിത നികുതി നടപ്പാക്കിയപ്പോൾ ചിലർ ചെയ്തത്.

ജിഎസ്ടി വരുമ്പോഴും ഉപഭോക്താവിനു കിട്ടുമെന്നു പറയുന്ന വിലക്കുറവ് എംആർപി എന്ന ജാലവിദ്യ വഴി തട്ടിയെടുക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. ഇപ്പോഴുള്ള കേന്ദ്ര സേവന നികുതിയെക്കാൾ കൂടുതൽ ആകാൻ സാധ്യതയുള്ള സേവന നികുതി കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെയും അനുബന്ധ വ്യവസായത്തെയും എങ്ങനെ ബാധിക്കുമെന്നതും ആശങ്കയുളവാക്കുന്നു.


(കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ കെ. എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)

Your Rating: