Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയോര ഹൈവേക്ക് വഴിമുട്ടരുത്

by മുഖപ്രസംഗം

നാടിന്റെ വികസനത്തിനായി കുടിയേറ്റ ജനത അനുഭവിച്ച ത്യാഗങ്ങൾക്കു വിലയിടാൻ ആർക്കുമാവില്ല. കണ്ണൂർ ജില്ല കൈവരിച്ച വികസനത്തിളക്കത്തിനു പിന്നിലെ കണ്ണീരും വിയർപ്പും അവരുടേതു കൂടിയാണ്. എന്നിട്ടും, ഫണ്ടില്ലെന്ന പേരിൽ ആ ജനതയുടെ സ്വപ്നപദ്ധതിയായ മലയോര ഹൈവേ നിർമാണം കണ്ണൂരിൽ സർക്കാർ നിർത്തിവച്ചിരിക്കുകയാണ്.

തീരുമാനം പിൻവലിക്കണമെന്നും നിർമാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ ഒരാഴ്ചയായി കടുത്ത പ്രതിഷേധത്തിലാണ്. ഹർത്താലും അടുപ്പുകൂട്ടി സമരവുമൊക്കെ നടന്നു കഴിഞ്ഞു. ‌കേരളത്തിലെ മലയോരങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനും കാർഷിക വിപണി മെച്ചപ്പെടുത്താനുമായി മലയോരങ്ങളെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

കാസർകോട് ജില്ലയിലെ നന്ദാരപടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ 1332 കിലോമീറ്ററിൽ, ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്നതാണു നിർദിഷ്ട മലയോര ഹൈവേ. ഇതിൽ, മുഖ്യമായും കാസർകോട്, കണ്ണൂർ ജില്ലകളിൽ നിർമാണം തുടങ്ങിക്കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ ആകെയുള്ള 109 കിലോമീറ്ററിൽ 59.4 കിലോമീറ്ററിലെ നിർമാണമാണു നിർത്തിവച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ചെറുപുഴ മുതൽ വള്ളിത്തോട് വരെ 237.2 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇത്രയും കിലോമീറ്ററിന്റെ ജോലി നിർത്തിവയ്ക്കാൻ മരാമത്തു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഈ മാസം മൂന്നിനു കേരള റോഡ് ഫണ്ട് ബോർഡിനോടു നിർദേശിക്കുകയാണു ചെയ്തത്. മതിയായ ഫണ്ട് കണ്ടെത്തുന്നതുവരെ പ്രവൃത്തി നിർത്താനാണു നടത്തിപ്പു ചുമതലയുള്ള ബോർഡിനു നൽകിയ നിർദേശം.

മലയോര ഹൈവേ വിവിധ ജില്ലകളിൽ പല പദ്ധതികളിലായാണു നിർമിക്കാനുദ്ദേശിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ നടപ്പാക്കിയ ജില്ലാതല വികസന പദ്ധതിയിലാണു കണ്ണൂർ ജില്ലയിൽ മലയോര ഹൈവേ ഉൾപ്പെടുത്തിയിരുന്നത്. പദ്ധതിക്കു ബജറ്റിലോ മറ്റേതെങ്കിലും പദ്ധതിയിലോ പണം മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്നും, സാമ്പത്തിക തടസ്സമുണ്ടാകില്ലെന്നും, സംസ്ഥാനത്ത് ഒരു ലീറ്റർ പെട്രോൾ, ഡീസൽ വിൽപന നടത്തുമ്പോൾ ലഭിക്കുന്ന സെസിൽ നിന്ന് 50 പൈസ ഈ പദ്ധതിക്കു വേണ്ടിയാണു മാറ്റിവയ്ക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ വാദിക്കുന്നു.

അതേസമയം, മലയോര ഹൈവേക്കു പ്രത്യേക പണമൊന്നും മുൻ സർക്കാർ നീക്കിവച്ചിട്ടില്ലെന്നും അതുകൊണ്ടു സാമ്പത്തിക പ്രതിസന്ധി നീങ്ങുംവരെ പണി നിർത്തിവയ്ക്കുന്നു എന്നുമാണു പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ നൽകുന്ന വിശദീകരണം. വാദപ്രതിവാദമല്ല, മലയോര ജനതയുടെ ആവശ്യം കണക്കിലെടുത്തു പണി പുനരാരംഭിക്കണമെന്നാണു കണ്ണൂർ ജില്ലയുടെ പൊതുവേയുള്ള ആവശ്യം.

1954ൽ മലയോര ഹൈവേ എന്ന ആശയത്തിന് കേന്ദ്ര ധനകാര്യ കമ്മിഷന്റെ അനുമതി ലഭിച്ചെങ്കിലും പിന്നീട് എത്രയോ കാലം കഴിഞ്ഞാണു പദ്ധതി യഥാർഥത്തിൽ റോഡിലിറങ്ങുന്നത്. നയങ്ങളുടെയും ഫയലുകളുടെയും പേരിൽ വിവിധ സർക്കാരുകൾ ഒട്ടേറെ തവണ മലയോര ജനതയുടെ ക്ഷമ പരീക്ഷിച്ചിട്ടുണ്ട്. പല കാരണങ്ങളുടെ പേരിൽ പണി നീളുന്തോറും മലയോരത്തിനു നഷ്‌ടമാകുന്നത് സമഗ്ര വികസനത്തിനുള്ള സാധ്യതകൾ മാത്രമല്ല, വിനോദസഞ്ചാരം വഴി ലഭിക്കേണ്ട കോടികളുടെ വരുമാനം കൂടിയാണെന്ന് അധികൃതർ ഓർക്കണം.

മലയോരം കാത്തിരിക്കുന്ന വലിയ വികസന സ്വപ്നങ്ങളിലേക്കുള്ള യാത്ര കൂടുതൽ ദുഷ്കരമാകും എന്നതിനപ്പുറം പാതിയിലായ റോഡിലെ അപകടക്കെണിയിൽ എത്ര ജീവനുകൾ കുരുതി കൊടുക്കേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. ഏറെ നഷ്ടം സഹിച്ചു സ്വന്തം ഭൂമി റോഡ് പണിയാൻ വിട്ടുനൽകിയ കർഷകരോടുള്ള വെല്ലുവിളി കൂടിയാണു പുതിയ തീരുമാനം. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും കണ്ണൂരിന്റെ ആശങ്കകൾ ഒഴിയുന്നില്ല.

Your Rating: